DCBOOKS
Malayalam News Literature Website

തകഴി ശിവശങ്കരപ്പിള്ള ചരമവാര്‍ഷികദിനം

നോവല്‍, ചെറുകഥ എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള.  ജീവത്സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവര്‍ സമകാലികരായിരുന്നു.

ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകള്‍ നല്‍കിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. വ്യക്തിയേക്കാള്‍ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകള്‍. സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്.

ജീവിതരേഖ

1912 ഏപ്രില്‍ 17ന് (കൊല്ലവര്‍ഷം:1087 മേടം 5ആം തീയതി) പൊയ്പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റെയും പടഹാരംമുറിയില്‍ അരിപ്പുറത്തുവീട്ടില്‍ പാര്‍വ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടന്‍ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരന്‍ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാന്‍ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.

അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടര്‍ന്ന് വൈക്കം ഹൈസ്‌ക്കൂളില്‍ ചേര്‍ന്നെങ്കിലും ഒന്‍പതാം ക്ലാസ്സില്‍ തോറ്റതിനെത്തുടര്‍ന്ന് കരുവാറ്റ സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയില്‍ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റര്‍. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് പ്ലീഡര്‍ഷിപ്പ് പരീക്ഷയില്‍ ജയിച്ചു. പ്ലീഡര്‍ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തില്‍ റിപ്പോര്‍ട്ടറായി. 1934ല്‍ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കല്‍ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു.

തകഴി, അമ്പലപ്പുഴ മുന്‍സിഫ് കോടതിയില്‍ പി. പരമേശ്വരന്‍ പിള്ള വക്കീലിന്റെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വ്വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. 1999 ഏപ്രില്‍ 10-ാം തീയതി തന്റെ 87-ാം വയസ്സില്‍ കേരളം കണ്ട മഹാനായ ആ സാഹിത്യകാരന്‍ ജന്മനാട്ടിലെ തറവാട്ടുവീട്ടില്‍ വച്ച് അന്തരിച്ചു.

13-ാം വയസ്സില്‍ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകള്‍ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.  തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തില്‍ ജോലിക്കു ചേര്‍ന്നതോടെയാണ് തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്. കേസരിയുമായുള്ള സമ്പര്‍ക്കമാണ് തകഴിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഈ കാലയളവില്‍ ചെറുകഥാരംഗത്ത് സജീവമായി.

1934ല്‍ ത്യാഗത്തിനു പ്രതിഫലം എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ചെമ്മീന്‍ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്. എന്നാല്‍ രചനാപരമായി ഈ നോവലിനേക്കാള്‍ മികച്ചു നില്‍ക്കുന്ന ഒട്ടേറെ ചെറുകഥകള്‍ തകഴിയുടേതായുണ്ട്. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തകഴിയുടെ ചെമ്മീന്‍ 1965ല്‍ രാമു കാര്യാട്ട് എന്ന സംവിധായകന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, കയര്‍ എന്നീ നോവലുകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതികള്‍

തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, കയര്‍ തുടങ്ങി 39 നോവലുകളും അറുനൂറില്‍പ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. തകഴി ആദ്യകാലത്ത് കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകള്‍ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്. വളരെ പരപ്പാര്‍ന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന.

Comments are closed.