DCBOOKS
Malayalam News Literature Website

ഓര്‍മ്മകളില്‍ അഴീക്കോട് മാഷ്

ഗംഭീര പ്രസംഗങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന അഴീക്കോട് മാഷ് എന്ന സുകുമാര്‍ അഴീക്കോട്   നമ്മെ വിട്ടുപിരിഞ്ഞിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുന്നു. 2012 ജനുവരി 24-നാണ് അദ്ദേഹം സാഹിത്യലോകത്തോട് വിടപറഞ്ഞത്.

രാഷ്ട്രീയരംഗത്തായാലും സാംസ്‌കാരികരംഗത്തായാലും വര്‍ത്തമാനകാല സംഭവവികാസങ്ങളില്‍ ആ സര്‍ഗധനന്റെ പ്രതികരണം കേള്‍ക്കാന്‍ കൊതിപൂണ്ട് അദ്ദേഹമുണ്ടായിരുന്നെങ്കില്‍ എന്നു ചിന്തിച്ച ധാരാളം സഹൃദയരുണ്ട്. അതായിരുന്നു അദ്ദേഹത്തിനു സഹൃദയലോകത്തുണ്ടായിരുന്ന സ്വാധീനം. സാഹിത്യ-സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1948-ല്‍ കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി കോളജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളില്‍ ലക്ചററായും എസ്.എന്‍.എം ട്രെയ്‌നിംഗ് കോളേജില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോവൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986-ല്‍ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു.

ആശാന്‍ നിരൂപണത്തിലൂടെയും ശങ്കരക്കുറുപ്പ് വിമര്‍ശനത്തിലൂടെയും തുടങ്ങിയ അദ്ദേഹത്തിന്റെ സാഹിത്യസപര്യ തത്വമസിയോളം ഉയര്‍ന്നു. പത്രങ്ങളിലെ ലേഖനകാരനായി തുടക്കമിട്ട അദ്ദേഹത്തിന്റെ പത്രബന്ധം ഒരു പംക്തികാരനും പത്രാധിപരുമാക്കി ഉയര്‍ത്തി. സാഹിത്യപരിഷത്തു പോലുള്ള സാഹിത്യസംഘടനകളുമായുള്ള ബന്ധം സാഹിത്യഅക്കാദമി ചെയര്‍മാന്‍ സ്ഥാനം വരെയും നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കപ്പെടുന്നിടം വരെയുമെയെത്തി. വാഗ്ഭടാനന്ദ ഗുരുവിന്റെയും ശ്രീനാരായണഗുരുവിന്റെയും അനുയായിയായിരുന്ന അഴീക്കോട് മാഷ് ഒരു ഘട്ടത്തില്‍ ശിവഗിരി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ഭാരവാഹിയായും നിയോഗമേറ്റെടുത്തു.

എഴുത്തുകാരന്‍ എന്ന നിലയ്ക്കപ്പുറം ഒരു പ്രഭാഷകന്‍ എന്ന നിലയിലാണ് സുകുമാര്‍ അഴീക്കോട്  ഏറെ പ്രചാരം നേടിയത്. വി.കെ.എന്‍ ശൈലിയില്‍ പറഞ്ഞാല്‍ പ്രഭാഷണത്തെ അദ്ദേഹം സുകുമാരകലയാക്കി മാറ്റി. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരങ്ങളിലുമെല്ലാമെത്തി മാഷ് പ്രഭാഷണയജ്ഞം തന്നെ നടത്തി. മാഷിന്റെ പ്രഭാഷണശൈലി പ്രത്യേകതയാര്‍ന്നതായിരുന്നു. കേള്‍വിക്കാരെ വശീകരിച്ച് വലിച്ചടുപ്പിച്ച് കൂടെ നിര്‍ത്തുന്ന ആ ശൈലി ഒന്നു വേറെതന്നെയായിരുന്നു. തന്റെ അഭിപ്രായം ഒരു മറയുമില്ലാതെ വെട്ടിത്തുറന്നു പറയാന്‍ ഒരു മടിയും കാട്ടാത്ത പ്രസംഗകനായിരുന്നു അദ്ദേഹം. എതിരാളിയെ അരിഞ്ഞു വീഴ്ത്തുന്നതിനുള്ള തന്റേടവും അദ്ദേഹം നിര്‍ലോഭം കാട്ടിയിരുന്നു.

ധാരാളം ബഹുമതികളും അവാര്‍ഡുകളും സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. അവയില്‍ ഡിലിറ്റ് ബിരുദവും അക്കാദമി അവാര്‍ഡുകളും പത്മസ്ഥാനവും ഒക്കെ ഉള്‍പ്പെടും. അവയില്‍ പത്മഭൂഷണ്‍ സ്ഥാനത്തോട് അദ്ദേഹം കൈക്കൊണ്ട നിലപാട് വിവാദം സൃഷ്ടിച്ചിരുന്നു.

Comments are closed.