DCBOOKS
Malayalam News Literature Website

ചാള്‍സ് ഡാര്‍വിന്റെ ചരമവാര്‍ഷിക ദിനം

ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12, 1809 ഏപ്രില്‍ 19, 1882). ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമവിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതിനിര്‍ദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്.

ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാര്‍വിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹന്‍ഡ്രഡ് എന്ന പേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978ല്‍ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയില്‍ 16ആം സ്ഥാനം ഡാര്‍വിനാണ്.

പ്രകൃതിചരിത്രത്തില്‍ ഡാര്‍വിന് താത്പര്യം ജനിച്ചത് എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജില്‍ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിള്‍ എന്ന കപ്പലിലെ അഞ്ചുവര്‍ഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാര്‍വിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകള്‍ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വര്‍ത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാള്‍സ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാര്‍വിന്റെ കണ്ടുപിടിത്തങ്ങള്‍.

ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാര്‍വിനെ ഒരെഴുത്തുകാരനെന്ന നിലയില്‍ ജനസമ്മതനാക്കി. ദീര്‍ഘമായ ഈ യാത്രയില്‍ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാശ്മങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണര്‍ത്തിയ കൗതുകം, ജീവജാലങ്ങളുടെ വര്‍ഗപരിവര്‍ത്തനത്തെക്കുറിച്ചന്വേഷിക്കാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിര്‍ദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്. തന്റെ ആശയങ്ങള്‍ അദ്ദേഹം പല പ്രകൃതിശാസ്ത്രജ്ഞന്മാരുമായും ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ, വിശദമായ ഗവേഷണത്തിന് കൂടുതല്‍ സമയം വേണ്ടിയിരുന്നതിനാലും ഭൗമശാസ്ത്ര പഠനങ്ങള്‍ക്ക് കല്പിച്ച മുന്‍ഗണന മൂലവും, പ്രകൃതിനിര്‍ദ്ധാരണസംബന്ധിയായ ഡാര്‍വിന്റെ സിദ്ധാന്തങ്ങളുടെ പ്രസിദ്ധീകരണം വൈകി. എന്നാല്‍ 1858ല്‍ ഡാര്‍വിന്‍ തന്റെ സിദ്ധാന്തം എഴുതിക്കൊണ്ടിരിക്കുമ്പോള്‍, ആല്‍ഫ്രഡ് റസ്സല്‍ വാലേസ്, അതേ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധം അദ്ദേഹത്തിന് അയച്ചുകൊടുത്തത്, ഉടന്‍ രണ്ടു സിദ്ധാന്തങ്ങളുടെയും ഒരുമിച്ചുള്ള പ്രസിദ്ധീകരണത്തിന് കാരണമായി.

1859ല്‍, ഡാര്‍വിന്റെ ജീവിവര്‍ഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തില്‍ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിര്‍ദ്ധാരണവും എന്ന കൃതിയില്‍ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങള്‍ എന്ന കൃതിയാണ് തുടര്‍ന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാര്‍വിന്‍ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. ഡാര്‍വിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തില്‍ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ ഔദ്യോഗികശവസംസ്‌കാരം നല്‍കി ബഹുമാനിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളായിരുന്നു ഡാര്‍വിന്‍ എന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ജോണ്‍ ഹെര്‍ഷലിനും ഐസക് ന്യൂട്ടണും സമീപത്തായാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.

Comments are closed.