DCBOOKS
Malayalam News Literature Website

അലക്‌സാണ്ടര്‍ ഗ്രഹാംബെലിന്റെ ചരമവാര്‍ഷികദിനം

ടെലിഫോണിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്ന അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോയില്‍ 1847 മാര്‍ച്ച് മൂന്നിനാണ് ജനിച്ചത്. കേള്‍വിസംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങളാണ് ഗ്രഹാംബെല്ലിനെ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.

ചെറുപ്പം മുതല്‍ പരീക്ഷണങ്ങളോടും കണ്ടുപിടിത്തങ്ങളോടും താത്പര്യം പ്രകടിപ്പിച്ചിരുന്നു ഗ്രഹാംബെല്‍. ഒപ്പം കല, കവിത, സംഗീതം എന്നിവയിലും താത്പര്യമുണ്ടായിരുന്നു. ബെല്ലിന്റെ അമ്മക്ക് കേള്‍വിശക്തി കുറയുന്ന അസുഖം ബാധിച്ചിരുന്നു. ഇത് അദ്ദേഹത്തെ വല്ലാതെ ഉലച്ച ഒരു പ്രശ്‌നമായിരുന്നു. അദ്ദേഹം കൈ കൊണ്ടുള്ള ഒരു ഭാഷ പഠിച്ച് അമ്മയുടെ അടുത്തിരുന്നു അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു. മാത്രമല്ല, അമ്മയുടെ നെറ്റിയില്‍ സംസാരിക്കാനുള്ള ഒരു വിദ്യയും അദ്ദേഹം വികസിപ്പിച്ചെടുത്തു. ഇങ്ങനെ സംസാരിക്കുമ്പോള്‍ അവര്‍ക്ക് അത്യാവശ്യം നല്ല രീതിയില്‍ കേള്‍ക്കാമായിരുന്നു. അമ്മയുടെ കേള്‍വികുറവിനോടുള്ള വ്യഗ്രതയാണ് അദ്ദേഹത്തെ Acoustics (ശബ്ദക്രമീകരണശാസ്ത്രം) പഠിക്കാന്‍ പ്രേരിപ്പിച്ചത്. 1876-ല്‍ അദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി.

75-ാം വയസില്‍ 1922 ഓഗസ്റ്റ് രണ്ടിന് കാനഡയിലെ നോവ സ്‌കോട്ടിയയില്‍ വെച്ചായിരുന്നു അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ അന്ത്യം.

Comments are closed.