DCBOOKS
Malayalam News Literature Website

എ.ആര്‍. രാജരാജവര്‍മ്മയുടെ ചരമവാര്‍ഷിക ദിനം

മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരള പാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആര്‍. രാജരാജവര്‍മ്മ (ജീവിതകാലം:1863 ഫെബ്രുവരി 20-1918 ജൂണ്‍ 18, മുഴുവന്‍ പേര്: അനന്തപുരത്ത് രാജരാജവര്‍മ്മ രാജരാജവര്‍മ്മ). കിടങ്ങൂര്‍ പാറ്റിയാല്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടേയും കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മാതൃ സഹോദരീ പുത്രിയായ ഭരണിതിരുനാള്‍ അമ്മത്തമ്പുരാട്ടിയുടേയും പുത്രനായി ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തില്‍ കൊല്ലവര്‍ഷം 1038 കുംഭമാസം 8നാണ് അദ്ദേഹം ജനിച്ചത്.

വ്യാകരണകാരന്‍ എന്നതിനു പുറമേ, നിരൂപകന്‍, കവി, ഉപന്യാസകാരന്‍, സര്‍വ്വകലാശാലാ അദ്ധ്യാപകന്‍, വിദ്യാഭ്യാസപരിഷ്‌കര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മലയാളഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദിവ്യവസ്ഥകള്‍ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്‌കൃതവൈയാകരണനായ പാണിനി, അഷ്ടാദ്ധ്യായി ഉള്‍പ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്‌കൃതവ്യാകരണത്തിനു ശാസ്ത്രീയമായ ചട്ടക്കൂടുകള്‍ നിര്‍വ്വചിച്ചതിനു സമാനമായി കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആര്‍. രാജരാജവര്‍മ്മയുടെതായിട്ടുണ്ട്.

മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതില്‍ ഏ.ആറിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസറായിരിക്കുന്ന കാലത്ത്, സാധാരണ ജലദോഷപ്പനിയായി ആരംഭിച്ച അസുഖം സന്നിപാതജ്വരമായി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് 1093 മിഥുനം 4ന് (1918 ജൂണ്‍ 18ന്) മാവേലിക്കര ശാരദാലയത്തില്‍ വെച്ച് 56ാം വയസ്സില്‍ എ.ആര്‍. രാജരാജവര്‍മ്മ മരണമടഞ്ഞു.

രാജരാജവര്‍മ്മയുടെ ജീവിതത്തിലെ വിശദാംശങ്ങള്‍ ഊള്‍ക്കൊള്ളിച്ച് അദ്ദേഹത്തിന്റെ മക്കളായ ഭാഗീരഥിഅമ്മത്തമ്പുരാനും എം. രാഘവവര്‍മ്മയും ചേര്‍ന്ന് ‘രാജരാജവര്‍മ്മ’ എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

Comments are closed.