DCBOOKS
Malayalam News Literature Website

എ.അയ്യപ്പന്‍ ; ഉന്മാദത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നഗ്നപാദനായി അലഞ്ഞ കവി

ഉന്മാദത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നഗ്നപാദനായി അലഞ്ഞ കവി  എ.അയ്യപ്പന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. ആധുനിക കവിതയുടെ ഭാവുകത്വം പേറുന്ന കവി പാരമ്പരയിലെ ശ്രദ്ധേയനായ കവിയായിരുന്നു അദ്ദേഹം. 1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സില്‍ അമ്മയും ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭര്‍ത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയില്‍ നേമത്ത് വളര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

തെരുവില്‍ ചിതറി വീണ ജീവിതങ്ങളുടെ പകര്‍ത്തെഴുതായിരുന്നു എ അയ്യപ്പന്റെ കവിതകള്‍. കവിതയില്‍ അലഞ്ഞും ജീവിതത്തില്‍ അലിഞ്ഞും കാവ്യാത്മകമായി മരണംവരിച്ച അയ്യപ്പന്‍. ഉന്മാദതുല്യമായ സ്‌നേഹാതുരതയോടെ രോഗഗ്രസ്തമായ സമൂഹത്തോട് കലഹിച്ചതിെന്റ നേര്‍സാക്ഷ്യങ്ങളായിരുന്നു അദ്ദേഹം കുറിച്ച ഓരോ വരിയും.

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്, യജ്ഞം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സാക്ഷി, ബുദ്ധനും ആട്ടിന്‍കുട്ടിയും, ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍, മാളമില്ലാത്ത പാമ്പ്, മുറിവേറ്റ ശീര്‍ഷകങ്ങള്‍, ഗ്രീഷ്മവും കണ്ണീരും തുടങ്ങിയവയാണ് എ അയ്യപ്പന്റെ പ്രധാന കൃതികള്‍.

1999-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എ. അയ്യപ്പന് 2010-ലെ ആശാന്‍ കവിതാ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടിരുന്നു. 2010 ഒക്ടേബര്‍ 21-നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. മരിക്കുമ്പോള്‍ 61 വയസ്സായിരുന്നു അയ്യപ്പന്.

Comments are closed.