DCBOOKS
Malayalam News Literature Website

സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഏറെ ദൗർഭാഗ്യകരം : പ്രകാശ് രാജ്

സ്വാതന്ത്ര്യലബ്ധിക്ക് കൊല്ലങ്ങൾക്ക് ഇപ്പുറവും രാജ്യം ഇന്ന് കടന്നുപോകുന്ന ഭീകരമായ അവസ്ഥ ഏറെ ദൗർഭാഗ്യകരമെന്ന് പ്രകാശ് രാജ്. ‘ഭാവിയുടെ പുനര്‍വിഭാവനം’ എന്ന വിഷയത്തില്‍ 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

“വ്യക്തിപരമായ വളർച്ചയ്ക്കല്ല രാജ്യത്തിന്റെ വളർച്ചയ്ക്കാണ് എന്നും പ്രാധാന്യം നൽകേണ്ടത്. ഓരോ പൗരനും അവരുടെ അഭിപ്രായം ഉറക്കെ വിളിച്ചു പറയാനുള്ള സാഹചര്യം രാജ്യത്തുണ്ടാകണം. നമ്മുടെ ചരിത്രം നമ്മളെ പലതും പഠിപ്പിക്കുന്നുണ്ട്. ചരിത്രം സമ്മാനിച്ച ഓരോ മുറിവുകളും ഓരോ പാഠങ്ങൾ ആണ്. അവ ഉൾക്കൊണ്ടു വേണം മുന്നോട്ട് പോകാൻ “- പ്രകാശ് രാജ് പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് ആവര്‍ത്തിച്ചുപറയുന്നവര്‍ ഒരു രാജ്യം തുല്യവിദ്യാഭ്യാസം എന്നോ ഒരു രാജ്യം തുല്യ ആരോഗ്യം എന്നോ ഇന്നേവരെ പറഞ്ഞില്ലല്ലോ എന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി.

കുരുക്ഷേത്ര യുദ്ധത്തിൽ ഉറ്റവർക്കും ഉടയവർക്കുമായി ആളുകൾ തിരഞ്ഞു നടക്കുന്ന കഥകൾ നാം വായിച്ചിട്ടുണ്ടെന്നും യുദ്ധങ്ങളും മറ്റും ഏറ്റവും അധികം വേദനകൾ സമ്മാനിക്കുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണെന്നും പ്രകാശ് രാജ് പറഞ്ഞു. മണിപ്പൂർ കലാപം ഉൾപ്പെടെയുള്ള സംഭവങ്ങൾ വലിയ പാഠങ്ങളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.   കലാപം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാവുന്നതെന്നും 15 -ും 17 -ും വയസ്സ് പ്രായമുള്ള ആൺകുട്ടികൾ മാരകായുധങ്ങളുമായി തെരുവിലിറങ്ങിയപ്പോൾ തനിക്കുണ്ടായ ഹൃദയവേദന വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ രാജ്യത്തെ തൊഴിലില്ലായ്‌മയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അവയ്ക്കെതിരെ എന്തുകൊണ്ട് ആരും പ്രതികരിക്കുന്നില്ല എന്നും രാജ്യത്തെ ജനങ്ങൾ ഒരു ഏകാധിപത്യ ഭരണത്തിന് കീഴിൽ അനീതികളെ ചോദ്യം ചെയ്യാതെ കഴിഞ്ഞുകൂടുകയാണെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇന്നേ വരെ ദൈവം കടന്നുകയറാത്തത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യം വിളിച്ചു പറയുന്നവരെ ഇല്ലാതാക്കുന്ന, അവരുടെ ആശയങ്ങളെ ഇല്ലാതാക്കുന്ന അവസ്ഥയാണ് രാജ്യത്ത് സംജാതമായിരിക്കുന്നത് എന്ന് ഗൗരി ലങ്കേഷിന്റെ മരണത്തെ ഉദാഹരിച്ചുകൊണ്ട് പ്രകാശ് രാജ് പറഞ്ഞു. അധികാരത്തെ ജനങ്ങൾ ഭയന്ന് തുടങ്ങി എങ്കിൽ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് നിങ്ങൾ പുനർചിന്തിച്ചു തുടങ്ങണം എന്നും പ്രകാശ് രാജ് പറഞ്ഞു.

 

Comments are closed.