DCBOOKS
Malayalam News Literature Website

ഡി സി കിഴക്കെമുറി; സമഗ്രമായ സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായി പ്രസാധനത്തെ കണ്ട പ്രതിഭ: കെ ആര്‍ മീര

ഡി സി കിഴക്കെമുറി സമഗ്രമായ സാമൂഹിക പുരോഗതിയുടെ ചാലകശക്തിയായി പ്രസാധനത്തെ കണ്ട പ്രതിഭയെന്ന് എഴുത്തുകാരി കെ ആര്‍ മീര.
കോട്ടയം ഡിസി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി സി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മീര . 60 വയസ്സ് പ്രായമുള്ള ഒരാള്‍ ഒരു ബിസിനസ് സ്ഥാപനം തുടങ്ങുകയും, അത് ഒന്നാമതാക്കി മാറ്റുകയും ചെയ്തു. അത് സാധ്യമാക്കി കാണിച്ച ആശയം അദ്ദേഹത്തോടൊപ്പം വളര്‍ന്ന് വന്നതും അദ്ദേഹം വളര്‍ത്തിയെടുത്തതുമായ സംസ്‌കാരമാണെന്നും മീര പറഞ്ഞു.

ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയ ബെന്യാമിൻ  എസ് ഹരീഷ് എന്നിവരെ  ചടങ്ങില്‍ അനുമോദിച്ചു.  മനോജ് കുറൂര്‍, അജയ് പി മങ്ങാട്ട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിന്റെ പുരസ്‌കാരം കെ ആർ മീരയിൽ നിന്നും  ശിവന്‍ എടമന ഏറ്റുവാങ്ങി. ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’  യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂറോ ഏരിയയ്ക്ക് പുറമേ ഡാര്‍ക്ക് നെറ്റ് (ആദര്‍ശ് എസ്), ഡോള്‍സ് ( റിഹാന്‍ റാഷിദ്),  കിഷ്‌കിന്ധയുടെ മൗനം (ജയപ്രകാശ് പാനൂര്‍) എന്നീ രചനകളാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.
ഈ നാല് പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്തു. ക്രൈം  ഫിക്ഷന്‍ നോവലിസ്റ്റുകളും ചടങ്ങില്‍ പങ്കെടുത്തു.

Comments are closed.