DCBOOKS
Malayalam News Literature Website

അനുഭവങ്ങളുടെ തുടര്‍ച്ചയാണ് കഥകള്‍: വിവേക് ചന്ദ്രന്‍

വിവേക് ചന്ദ്രന്റെ വന്യം എന്ന കഥയില്‍നിന്ന്

‘ അച്ചോ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനീ വനത്തില്‍ വന്നിറങ്ങുന്നത് എന്റെ നല്ല പാതി സ്‌റ്റെഫിയുടെയും മൂന്നു വയസ്സുള്ള മകന്‍ ക്രിസ്റ്റിയുടെയും കൂടെയാണ്. എന്റെ കയ്യിലന്നേരം ഇടവകപ്പിതാവ് നെട്ടൂരച്ചന്റെ കത്തുണ്ടായിരുന്നു. അടിവാരത്തുള്ള മൈനര്‍ ഇറിഗേഷന്‍ ആപ്പീസിലെ ലിവിങ്സ്റ്റണ്‍ സാറ് ആ കത്ത് മേടിച്ചുവെച്ച് പമ്പ് ഹൗസിന്റെ ചാവിയും സ്പാനര്‍ സെറ്റും എടുത്ത് കയ്യില്‍ തന്നു. ഓവര്‍ ഹെഡ് ടാങ്കിലേക്ക് ദെവസത്തീ മൂന്ന് നേരം വെള്ളമടിച്ചു കയറ്റുകയും മോട്ടോറില്‍ വരുന്ന ചില്ലറ റിപ്പയറുകള്‍ തീര്‍ക്കുകയും ഒക്കെയേ ഉണ്ടാരുന്നുള്ളൂ ആ കാലത്ത് പണിയായിട്ട്.’

സ്റ്റെഫി എന്ന പേരിലുടക്കി ഒരു ഊഹത്തില്‍ അച്ചന്‍ തന്റെ മുന്നിലിരിക്കുന്ന കുമ്പസാരപുസ്തകം മറിച്ചുനോക്കി. പുസ്തകത്തില്‍നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പെ രേഖപ്പെടുത്തി വെച്ച സ്റ്റെഫിയുടെ കുമ്പസാരഭാഷണം തപ്പിയെടുത്ത അച്ചന്റെ മുഖത്ത് ജോഡി തികഞ്ഞ ഒരു റമ്മികളിക്കാരന്റെ ചിരി തെളിഞ്ഞു. ആദമിന്റെ കഥയില്‍നിന്നും ശ്രദ്ധ വിടുവിക്കാതെ തന്നെ അച്ചന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്റ്റെഫി പറഞ്ഞ വരികള്‍ വായിക്കാന്‍ തുടങ്ങി.

‘ഇച്ചായന്റെ കൂടെ വനത്തിലേക്കുള്ള ആദ്യവരവ് മറക്കത്തില്ല. എനിക്കപ്പം രണ്ടാമത്തെ കൊച്ചിന്റെ വ്യക്കൂള് നടപ്പായിരുന്നു. ഞങ്ങളതിനെ തിത്തിരിമോളെന്നാരുന്നു വിളിക്കാനിരുന്നത്. നെടുങ്കന്‍മരങ്ങളുടെ ഇലവട്ടം നിഴല് വന്ന് മൂടി ഇരുട്ടായ വഴീലൂടെ പമ്മിപ്പതുങ്ങി ഞങ്ങടെ ബസ്സ് വളവ് കയറുവാരുന്നേ, പൊടുന്നനേ ഒരു തിരിവേല്‍ വെച്ച് കിട്ടിയ പച്ചച്ചക്കയുടെ മണം നാവിനെ തരിപ്പിച്ചുകളഞ്ഞു. കസവ് നെറമുള്ള വരിക്കച്ചൊളയും സ്വപ്‌നംകണ്ട് പിന്നെയങ്ങോട്ട് കവലയെത്തുന്നവരെ കണ്ണടച്ചിരുന്നു…’

എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് കഥാകൃത്ത് വിവേക് ചന്ദ്രന്‍

അനുഭവങ്ങള്‍ പലപ്പോഴും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. പരിചയമുള്ള ഒരാളെയോ നടന്ന ഒരു സംഭവത്തെയോ അതേപടി എഴുതാന്‍ എനിക്ക് സാധിക്കില്ല. പക്ഷെ, അനുഭവങ്ങളെ മറ്റൊരു തരത്തില്‍ പരുവപ്പെടുത്തി, അവയാണ് കഥകളായി രൂപപ്പെടുക. അനുഭവങ്ങളുടെ തുടര്‍ച്ചകളില്‍ നിന്ന് കഥകളും കഥാപാത്രങ്ങളുമായി രൂപപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊന്നാണ് വന്യം എന്ന കഥ. അതിന് ഇടയായതാകട്ടെ വ്യക്തിപരമായുണ്ടായ ഒരനുഭവവും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂര്‍ വിട്ട് ഗോവയിലേക്ക് ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഞാനും ഗര്‍ഭിണിയായ ഭാര്യയും താമസംമാറി. ഞങ്ങള്‍ താമസിക്കുന്ന ടൗണ്‍ഷിപ്പ് മുന്‍പ് വലിയൊരു ശ്മശാനമായിരുന്നു. ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ നടത്തത്തിന് ഇറങ്ങുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സ്ത്രീ പിന്നില്‍ നിന്ന് വിളിക്കുന്നു ‘കുട്ടീ, സന്ധ്യ കഴിഞ്ഞാല്‍ ഇതിലേ നടക്കുമ്പോള്‍ ഗര്‍ഭിണികള്‍ മുഷ്ടി ചുരുട്ടിപ്പിടിക്കണം, പരേതരായ അനേകം മനുഷ്യരുടെ ചൈതന്യം അലഞ്ഞു നടക്കുന്ന നേരമാണ്, കൈ തുറന്നുപിടിച്ചാല്‍ അവ നിങ്ങളുടെ കൂടെ വീട്ടിലേക്ക് പോരും.’ ആദ്യം കേട്ടപ്പോള്‍ ചിരിച്ചു. പക്ഷെ, പതിയെ അതൊരു ഭയമായി, ഒരു കഥയായി മനസ്സില്‍ രൂപപ്പെടുകയായിരുന്നു. എഴുതാന്‍ ശ്രമിക്കുമ്പോഴൊക്കെ ജനിക്കാനിരിക്കുന്ന കുഞ്ഞിനോട് എന്തോ വലിയ തെറ്റ് ചെയ്യുന്നതുപോലെയൊരു തോന്നലായിരുന്നു. എഴുതി മുഴുമിപ്പിക്കാനും ധൈര്യം വന്നില്ല. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞ് മകള്‍ കമിഴ്ന്ന് തുടങ്ങുമ്പോള്‍, ഉറക്കെ ചിരിച്ച് തുടങ്ങിയപ്പോള്‍ മനസ്സില്‍ രൂപപ്പെടുത്തി വെച്ചത് കുറ്റബോധമില്ലാതെ എഴുതിത്തീര്‍ക്കുകയായിരുന്നു.

Comments are closed.