DCBOOKS
Malayalam News Literature Website

കഥയെഴുത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ച് സുദീപ് ടി.ജോര്‍ജ്

ടൈഗര്‍ ഓപ്പറ എന്ന കഥയില്‍ നിന്നും

‘പുഷ്‌കിന്‍ ദാമോദരന്റെ ഉടലിലൂടെ വേദന ഒരു കടുവയെപ്പോലെ ഓടി. കിടന്ന കിടപ്പില്‍നിന്ന് പണിപ്പെട്ടെഴുന്നേറ്റ്, കൂടാരത്തിനു നടുവില്‍ നട്ടെല്ലുപോലെ നില്‍ക്കുന്ന കമ്പിത്തൂണില്‍ ചാരി അയാള്‍ കട്ടിലില്‍ കാലുനീട്ടിയിരുന്നു. പുറത്തു വീശിയടിക്കുന്ന കാറ്റ് അകത്തേക്കു വരാന്‍ കൂടാരത്തിന്റെ തുണിജാലകം നീക്കി. കാറ്റിനൊപ്പം വെയിലും അകത്തേക്കു ചാടിവീണു. എന്നാല്‍ മേശപ്പുറത്തിരുന്ന, ചുവന്ന ബയന്റിട്ട ‘ഏപ്രില്‍ തീസിസി’നും ബയന്റിളകിപ്പോയ ‘ഉന്മൂലന സിദ്ധാന്തത്തിനും’ അപ്പുറത്തേക്ക് പോകാന്‍ വെയിലിനും കാറ്റിനും കരുത്തുണ്ടായിരുന്നില്ല. വണ്ടികളുടെ ഒച്ച അലോസരപ്പെടുത്തിയെങ്കിലും ഒരിക്കല്‍ക്കൂടിയൊന്നു മുഖം ചുളിച്ചിട്ട് പുഷ്‌കിന്‍ റോഡിലേക്കുതന്നെ നോക്കിയിരുന്നു. ഇപ്പോള്‍ ഇത്തിരി ആശ്വാസമുണ്ട്.

മൂന്നു ദിവസം മുമ്പാണ് അതു സംഭവിച്ചത്. നാല്പതു വര്‍ഷമായി തുടരുന്ന സര്‍ക്കസ് ജീവിതത്തിനിടയില്‍ ഇങ്ങനെയൊരനുഭവം ആദ്യമായിരുന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനത്ത് ലൂണാര്‍ സര്‍ക്കസിന്റെ പതിനെട്ടാമത്തെ നാളായിരുന്നു അത്. രാത്രി പത്തുമണിയുടെ ഷോ. പതിനൊന്നായപ്പോള്‍ നിങ്ങള്‍ കാത്തിരുന്ന ടൈഗര്‍ ഓപ്പറ ഇതാ തുടങ്ങുകയായി’ എന്ന പതിവു അനൗണ്‍സ്‌മെന്റ് മുഴങ്ങി. വൈറും കൈയോടെ പുഷ്‌കിനാണ് ആദ്യം റിങ്ങിലെത്തിയത്…’

കഥയെഴുത്തിലെ അവിസ്മരണീയാനുഭവങ്ങള്‍ പങ്കുവെച്ച് ടൈഗര്‍ ഓപ്പറയുടെ കഥാകൃത്ത് സുദീപ് ടി.ജോര്‍ജ്

കഥാസമാഹാരത്തിലെ സുപ്രധാനമായ ഒരു കഥയാണ് ടൈഗര്‍ ഓപ്പറ. കഥയുടെ ആശയം മനസ്സില്‍ കുറിച്ചപ്പോള്‍ തന്നെ അതൊരു കടലാസിലേക്ക് പകര്‍ത്തിയെഴുതുകയായിരുന്നു. എട്ട് പേജോളം എഴുതി. പിന്നീടുള്ളത് ടൈപ്പ് ചെയ്യുകയായിരുന്നു. കമ്പ്യൂട്ടറില്‍ കമ്പോസ് ചെയ്തു വന്നപ്പോള്‍ ഏകദേശം ഒരു 12 പേജൊക്കെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കഥ പൂര്‍ണ്ണമായും സിസ്റ്റത്തില്‍നിന്നും ഡിലീറ്റ് ആയിപ്പോയി. കമ്പ്യൂട്ടറിന് എന്തോ തകരാര്‍ സംഭവിച്ച് ഫയല്‍ നഷ്ടപ്പെട്ടുപോവുകയായിരുന്നു. ഈ കഥയുടെ വേറെ കോപ്പി ഞാന്‍ എവിടെയും സൂക്ഷിച്ചുവെച്ചിട്ടില്ലായിരുന്നു.

എന്റെ കൈയില്‍ ആകെയുണ്ടായിരുന്നത് എട്ട് പേജോളം കൈകൊണ്ട് എഴുതിയ ഭാഗം മാത്രമായിരുന്നു. കഥ പിന്നീട് കമ്പ്യൂട്ടറിലേക്കാക്കിയപ്പോള്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിരുന്നു. രണ്ടാമത് വായിച്ചു പോലും നോക്കിയിരുന്നില്ല.

അന്ന് രാത്രി ഞാന്‍ വീണ്ടും ആ കഥ ഒരുതവണ കൂടി എഴുതി. ഓര്‍മ്മയില്‍ നിന്ന് മെനഞ്ഞെടുത്ത് വീണ്ടും കടലാസിലേക്ക് പകര്‍ത്തി. പുലര്‍ച്ചെയോടെയാണ് എഴുതിത്തീര്‍ത്തത്. നഷ്ടപ്പെട്ടു പോയ കഥയുടെ ഒരു 95 ശതമാനവും തിരിച്ചുപിടിക്കാന്‍ സാധിച്ചു എന്നാണ് എന്റെ വിശ്വാസം. ചിലതൊക്കെ വിട്ടുപോയി എന്നു തോന്നുന്നു. ചിലപ്പോള്‍ നന്നായിട്ടുണ്ടാവാം. അതിനു ശേഷം എഴുതിക്കഴിയുമ്പോഴെല്ലാം മറ്റൊരു കോപ്പി കൂടി സൂക്ഷിക്കാറുണ്ട്.

Comments are closed.