DCBOOKS
Malayalam News Literature Website

മരിച്ചവരുടെ നോട്ടുപുസ്തകം

നമുക്കേവര്‍ക്കും ഉണ്ടാകും മരിച്ചവരുടെ ഒരു നോട്ടുപുസ്തകം, വിട്ടകന്നുപോയവരെ കുറിച്ചുവെക്കാനും, ഇടക്കിടെ മറിച്ച് നോക്കാനും.

മുസഫര്‍ അഹമ്മദിന്റെ ‘മരിച്ചവരുടെ നോട്ടുപുസ്തകം’ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ വന്നത്. മരിച്ചവരുടെ നോട്ടുബുക്കില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരു പേരുകൂടി. ഏറെ അടുപ്പമുള്ള ഒന്ന്. വംശവൃക്ഷത്തിന്റെ വേരുകളില്‍ ഒരു ഉലച്ചില്‍. അതിന്റെ ചില്ലയില്‍ ഇരുന്ന് ഒരു ബലിക്കാക്ക കരയുന്നു.

തിരക്കുകളുടെ പാതാളത്തില്‍ നിന്നും നാട്ടിലേക്ക് വിരുന്നുപോയ ഓണനാളിലാണ് അവസാനമായി കണ്ടത്. റിപ്പയറിംഗ് ഷോപ്പിലെ മേശയിലേക്ക് കുനിഞ്ഞിരുന്നു മോട്ടോര്‍ വൈന്‍ഡിങ്ങ് ചെയ്യുന്നു. ചീകിവച്ച മുടിപോലെയുള്ള മോട്ടറിന്റെ ചെമ്പ് നൂലുകളുടെ ഒരറ്റം നരച്ച മുടിയിഴകളെ തൊട്ടുനില്‍ക്കുന്നു. വിളിച്ചപ്പോള്‍ തല ഉയര്‍ത്തി നോക്കി. എന്ന് വന്നെന്നു ചിരിച്ചു.

പെട്ടെന്നെനിക്ക് ഫോട്ടോ എടുക്കണം എന്നുതോന്നി. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ എഴുന്നേറ്റ് നിന്ന് പോസ് ചെയ്തുതന്നു. അടുത്ത് ചെന്ന് ചേര്‍ത്തുനിര്‍ത്തി സെല്‍ഫിയും എടുത്തു. ആദ്യമായിട്ടെടുക്കുന്ന ഒരുമിച്ചുള്ള ഫോട്ടോയാണ്. അവസാനമായും.

ഓണത്തിന് ഒന്നുമില്ലേ എന്ന ചോദ്യം ആ മുഖത്തുണ്ടായിരുന്നു. പഴ്‌സിലേക്ക് കൈ പോയതാണ്. പലതവണ പണിമുടക്കിന്റെ സൂചന നല്‍കിയ ഒരു മോട്ടോര്‍ ആ നെഞ്ചില്‍ ഇരുന്ന് വേണ്ടാ എന്ന് പറഞ്ഞു. മദ്യശാലയ്ക്ക് വഴിപാട് നല്‍കേണ്ട, അത് വീട്ടില്‍ കൊടുത്തേക്കാം എന്ന് കരുതി.

മോട്ടോറുകളുടെ ഒരു ഓപ്പറേഷന്‍ തീയറ്ററാണ് ആ പഴയ റിപ്പയറിങ് ഷോപ്പ്. ടേബിളില്‍ നിരവധി മോട്ടോറുകള്‍ നെഞ്ച് തുറന്ന് കിടക്കുന്നു. ഫാനുകളുടെ, മിക്‌സികളുടെ, വാട്ടര്‍ പമ്പുകളുടെ ഹൃദയങ്ങളാണവ. നിലച്ചുപോയ അവയെ പ്രാണന്റെ മിടിപ്പിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നയാള്‍ ഇനിയില്ല. ആ നെഞ്ചിനുള്ളിലെ മോട്ടോര്‍ നിലച്ചിരിക്കുന്നു. ഈ ലോകത്തിലെ ഒരു സര്‍വീസ് ഷോപ്പിലും പരിഹരിക്കാന്‍ ആകാത്തവിധം തകരാറിലായിരിക്കുന്നു ധമനികളും സിരകളും വികാരങ്ങളും ചുറ്റിവിരിഞ്ഞ ആ മോട്ടോര്‍. ലഹരിയുടെ പക്ഷികള്‍ കൂടുകൂട്ടിയ ആ ഹൃദയത്തില്‍ നിന്നും ഒരു രക്തച്ചാല്‍ എന്റെ മരിച്ചവരുടെ നോട്ടുബുക്കിലേക്ക് പടര്‍ന്ന് ‘കൊച്ചച്ചന്‍’ എന്നെഴുതി.

എഴുതാന്‍ ഇരിക്കുമ്പോഴാണ് ഒരാളെക്കുറിച്ച് നമുക്ക് വളരെക്കുറച്ചേ അറിയാവൂ എന്ന് മനസ്സിലാകുന്നത്. കൂടുതലൊന്നുമിനി അറിയാനാകാത്തവിധം അവര്‍ അകന്നുപോയല്ലോ എന്ന് സങ്കടപ്പെടുന്നത്. ഒരിക്കല്‍ നമ്മളും ആരുടെയെങ്കിലും മരിച്ചവരുടെ നോട്ടുപുസ്തകത്തില്‍ എഴുതപ്പെടാനുള്ളതല്ലേ? ഓര്‍ക്കുവാന്‍ എന്തെങ്കിലും നമ്മള്‍ നല്‍കിയിട്ടുണ്ടോ? നല്‍കാനാകുമോ?

ഓര്‍ക്കുമ്പോള്‍, പഴയ തറവാടിന്റെ ഭിത്തിയില്‍ കൊച്ചച്ചന്‍ വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍ മനസ്സിലേക്ക് വന്നു. ആ ചിത്രങ്ങള്‍ ഇന്നില്ല, അവ തൂക്കിയിരുന്ന ഭിത്തികളും. എത്രയെത്ര ഓര്‍മകള്‍ക്ക് മുകളിലാണ് ഓരോ പുതിയവീടും പണിതുയര്‍ത്തുന്നത്!

വേറെയൊന്നും ഓര്‍ക്കാനാകുന്നില്ല. അനാഥമായിക്കിടക്കുന്ന കുറെ പണിതീരാത്ത യന്ത്രങ്ങള്‍…കണ്ണുകള്‍ നഷ്ടപ്പെട്ട ഒരു കട്ടിക്കണ്ണട…ഇനിയൊരു യാത്രയില്ലെന്നുറപ്പിച്ച, പാതിതേഞ്ഞ ഒരു ജോഡി പാരഗണ്‍ ചെരുപ്പ്…

എല്ലാ ദൃശ്യങ്ങളും മാഞ്ഞുപോയപ്പോള്‍…കൊഴിഞ്ഞ ഇലയുടെ നഷ്ടപ്പെട്ട തണലിലിരുന്ന് ഒരു കുടുംബം കരയുന്നു. ആരൊക്കെയോ യാന്ത്രികമായി വന്നുപോകുന്നു.

 

Comments are closed.