DCBOOKS
Malayalam News Literature Website

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; ബെസ്റ്റ് ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ അവാര്‍ഡ് രണ്ടാം തവണയും ഡി സി ബുക്‌സിന്

രണ്ടാം തവണയും പുരസ്കാരം സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ പ്രസാധകരാണ് ഡി സി ബുക്‌സ്

ബെസ്റ്റ് ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ അവാര്‍ഡ് രണ്ടാം തവണയും ഡി സി ബുക്സിന്. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബോദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയിൽ നിന്നും ഡി സി ബുക്സ് സിഇഒ രവി ഡിസി പുരസ്കാരം സ്വീകരിച്ചു.  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ 43-ാം പതിപ്പിലാണ് പ്രഖ്യാപനം. ആഗോള സാഹിത്യരംഗത്ത് ഡി സി ബുക്സിന്റെ സംഭാവനകള്‍ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ ബഹുമതി. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തുടക്കമിട്ട ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ അവാര്‍ഡ് പദ്ധതി പ്രസിദ്ധീകരണ രംഗത്തെ മികച്ച നേട്ടങ്ങളെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുന്നു.

‘തുടക്കം ഒരു പുസ്തകം’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തകമേളയുടെ പ്രമേയം. ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് ബുക്ക്‌ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ബെസ്റ്റ് ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ അവാര്‍ഡ് രണ്ടാം തവണയും സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ പ്രസാധകരാണ് ഡി സി ബുക്‌സ്. 2013-ലാണ് ഡി സി ബുക്‌സിന് ആദ്യപുരസ്‌കാരം ലഭിച്ചത്. പ്രസാധക മികവിനും സാഹിത്യരംഗത്ത് ഡി സി ബുക്‌സ് ചെലുത്തുന്ന സ്വാധീനത്തിന്റെ പ്രതിഫലനം കൂടിയാണ് രണ്ടാം വട്ടവും തേടിയെത്തിയ ഈ പുരസ്‌കാരനേട്ടം.

മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി സി ബുക്സ് കടന്നുവന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയായ ഈ വര്‍ഷം തന്നെ ഇങ്ങനെയൊരു അംഗീകാരം ലഭിച്ചുവെന്നതും പുരസ്‌കാരത്തിന്റെ മാറ്റ് കൂട്ടുന്നു. 1974-ല്‍ ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡിസി കിഴക്കെമുറി ഡി സി ബുക്സ് എന്ന പേരില്‍ ഒരു പുസ്തക പ്രസാധനശാല ആരംഭിക്കുന്നത്. ഇന്ത്യയില്‍ പേപ്പര്‍ബാക്ക് വിപ്ലവത്തിന് നേതൃത്വം നല്‍കിയതും ഡി സി കിഴക്കെമുറിയായിരുന്നു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് പ്രസാധകരില്‍ ഒന്നാണ് ഡി സി ബുക്‌സ്. രാജ്യത്തെ ഏറ്റവും വലിയ പുസ്തകശാലകളുടെ ശൃംഖലയും ഡി സി ബുക്‌സിന് സ്വന്തം. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ , അക്കാദമിക്, റീജിയണല്‍, വിവര്‍ത്തനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 1,500-ലധികം പുതിയ പുസ്തകങ്ങള്‍ വര്‍ഷംതോറും ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള പ്രസാധകരാണ് ഡി സി ബുക്സ്. അച്ചടിമികവിനും പ്രസിദ്ധീകരണ മികവിനുമായി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ ഡി സി ബുക്സ് സ്വന്തമാക്കിയിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകരാണ് ഡി സി ബുക്‌സ്. സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷംതോറും ഈ സാഹിത്യോത്സവം അരങ്ങേറുന്നു. നോബല്‍ സമ്മാന ജേതാക്കള്‍, ബുക്കര്‍ പ്രൈസ് ജേതാക്കള്‍, ഓസ്‌കാര്‍ ജേതാക്കള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ എല്ലാവര്‍ഷവും കെഎല്‍എഫിന്റെ ഭാഗമാകുന്നു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട് 500-ലധികം സ്പീക്കേഴ്‌സ് പങ്കെടുക്കും.

Comments are closed.