DCBOOKS
Malayalam News Literature Website

കുട്ടികൂട്ടങ്ങള്‍ക്കായി മധുരം കിനിയുന്ന കഥകളുടെ ലോകമൊരുക്കി DC Books online store Children’s Tuesdays

വായന ഇഷ്ടവിനോദമാക്കിയ കുട്ടികള്‍ക്ക് ചൊവ്വാഴ്ചകള്‍ ഇനി മധുരമൂറുന്നതാ​ണ്. DC BOOKS ONLINE STORE CHILDREN’S TUESDAYS ആണ് ഈ മധുര ദിനത്തിന് പിന്നില്‍. കുട്ടി വായനക്കാര്‍ക്കായി മധുരം കിനിയുന്ന കഥകളുടെ ലോകമാണ് DC BOOKS ONLINE STORE CHILDREN’S TUESDAYS തുറന്നിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള 16 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം.

പുസ്തകങ്ങള്‍ പരിചയപ്പെടാം

തേന്മാവ്- വൈക്കം മുഹമ്മദ് ബഷീര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥകളിലൊന്നാണു തേന്മാവ്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു തേന്മാവിനെക്കുറിച്ചുള്ളതാണ് ഈ ചെറുകഥ. വളരെ ലളിതവും സരസവുമായാണു ബഷീർ ഇതു രചിച്ചിരിക്കുന്നത്. ഒരു വൃക്ഷത്തോടുള്ള സ്നേഹം വൃക്ഷാരാധനയായി കല്പിക്കപ്പെടുന്നതിലുള്ള ബഷീറിന്റെ അതൃപ്തിയും ഈ കഥയിൽ കാണാവുന്നതാണ്. കഥാകാരൻ തന്നെ കഥാപാത്രമായി വരുന്ന ശൈലി മറ്റു പല ബഷീർ കൃതികളിലെയുംപോലെ ‘തേന്മാവിലും’ സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല, കഥാപാത്രത്തെക്കൊണ്ടു കഥ പറയിക്കുകയും ചെയ്തിരിക്കുന്നു.

അമ്മയും മകനും- മാധവിക്കുട്ടി നെയ്പ്പായസം, കോലാട്, അമ്മയും മകനും, കീറിപ്പൊളിഞ്ഞ ചകലാസ്, അമ്മ, മുത്തച്ഛന്‍, അടുക്കള തീപിടിച്ച രാത്രി തുടങ്ങി മാധവിക്കുട്ടിയുടെ 21 കഥകളുടെ സമാഹാരം.

വിഘ്‌നേശ്വരന്‍- എസ് കെ പൊറ്റെക്കാട്ട് മലയാളകഥാസാഹിത്യത്തില്‍ സഞ്ചാരപാതയിലൂടെ പുതുയുഗം സൃഷ്ടിച്ച എഴുത്തുകാരനാണ് എസ്.കെ. പൊറ്റെക്കാട്ട്. കാല്പനിക പ്രവണതയാണ് പൊറ്റെക്കാട്ടിന്റെ കഥകളുടെ മുഖമുദ്ര. സങ്കീര്‍ണമായ ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങള്‍ അദ്ദേഹത്തിന്റെ കഥകളില്‍ ദര്‍ശിക്കാം. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നില്‍ക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകള്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

 

ഉതുപ്പാന്റെ കിണര്‍, കാരൂര്‍ മലയാളകഥാസാഹിത്യത്തില്‍ സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങള്‍കൊണ്ടു വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് കാരൂര്‍. ആത്മാര്‍ഥത, ശുദ്ധമായ പ്രതിപാദനശൈലി, മിതത്വം എന്നി സവിശേഷതകളാല്‍ വേറിട്ടു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍.

101 റെഡ്ഇന്ത്യന്‍ നാടോടിക്കഥകള്‍- ശൂരനാട് രവി തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു.

വേഷം മാറി വന്ന ഖലീഫ ഉമറും മറ്റു ഗുണപാഠകഥകളും- പുല്ലമ്പാറ ഷംസുദ്ദീന്‍ മഹത്തായ ഇസ്‌ലാമിക പാരമ്പര്യത്തില്‍നിന്നും കുട്ടികള്‍ക്കായി തിരഞ്ഞെടുത്ത ഗുണപാഠകഥകള്‍. നീതിബോധവും സത്യസന്ധതയും കരുണയും സ്‌നേഹവും കുട്ടികളിലുറപ്പിക്കാനും അവരെ മികച്ച പൗരന്മാരാക്കി വളര്‍ത്താനും സഹായിക്കുന്ന സമാഹാരം. കുട്ടികളുടെ പ്രിയപ്പെട്ട ചിത്രകാരിയായ കെ. ആര്‍. രാജിയുടെ ചിത്രങ്ങളോടെ…

മണികണ്ഠന്‍- മനോഹരന്‍ കുഴിമറ്റം പന്തളം രാജവംശത്തിലെ രാജേശഖര രാജാവിന് ഒരു ദിവസം കാടിനു നടുവില്‍നിന്നും കഴുത്തില്‍ മിന്നിത്തിളങ്ങുന്ന രത്‌നമ​ണിയോടു കൂടിയ ഒരു ആണ്‍കുഞ്ഞിനെ കിട്ടി.. അദ്ദേഹം ആ കുഞ്ഞിന് മണികണ്ഠന്‍ എന്നു പേരിട്ടു. ആ കുഞ്ഞിന്റെ ജന്മോദ്ദേശ്യം അറിയാതെ രാജാവും രാജ്ഞിയും ആ കുഞ്ഞിനെ വളര്‍ത്തി. മഹിഷിവധത്തിനായി അവതാരമെടുത്ത ധീരനായ മണികണ്ഠന്‍റെ വീരകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്തവതരിപ്പിക്കുന്നു.

പുരാണതീര്‍ത്ഥം: 101 പുരാണ കടംകഥകള്‍- പകല്‍കുറി വിശ്വന്‍ ഹനുമാൻ, അർജുനൻ, ഭീമൻ, പരമശിവൻ, മഹാവിഷ്ണു, മുതലായ നമ്മുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഒട്ടനവധി പുരാണ കഥാപാത്രങ്ങളും കഥകളും കൊച്ചുകൂട്ടുകാർക്കായി കടങ്കഥരൂപത്തിൽ പരിചയപ്പെടുത്തുന്ന പുസ്തകം.

മിഠായിപ്പൊതി, സുമംഗല മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായ സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ശ്രദ്ധേയമായ ചെറുകഥാസമാഹാരമാണ് മിഠായിപ്പൊതി. കാക്കയും പൂച്ചയും അണ്ണാനും മുയലും പ്രാവും പുലിയും കരടിയുമൊക്കെ കഥാപാത്രങ്ങളായിവരുന്ന മുപ്പതോളം കഥകളാണ് മിഠായിപ്പൊതിയിലുള്ളത്.

അത്യാഗ്രഹിക്കു പറ്റിയ അമളിയും മറ്റ് ജാതക കഥകളും കഥകൾ കേൾക്കാനും വായിക്കാനും ഇഷ്ടപെടുന്ന കൊച്ചുകൂട്ടുകാർക്ക് തിരഞ്ഞെടുത്ത പ്രസിദ്ധങ്ങളായ ജാതക കഥകൾ ബഹുവർണ ചിത്രങ്ങളോടെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്നു. കാലങ്ങളോളം സൂക്ഷിച്ച് വെക്കാവുന്ന സമാഹാരം.

നാം ചങ്ങല പൊട്ടിച്ച കഥ, കെ തായാട്ട് പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ആത്മാഹുതിചെയ്ത നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമടങ്ങുന്ന ഒരുജ്ജ്വലകൃതിയാണിത്. കഥ വായിച്ചു പോകുന്ന രസത്തോടെ അനായാസമായി കുട്ടികള്‍ക്ക് ഇത് വായിച്ചുപോകാം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഉദാത്തമായ പല മുഹൂര്‍ത്തങ്ങളെപ്പറ്റിയും മൂര്‍ത്തമായ ധാരണയുണ്ടാക്കാന്‍ ഈ ഗ്രന്ഥത്തിനു കഴിയും.

നല്ല അയല്‍ക്കാരനും മറ്റു ബൈബിള്‍കഥകളും, സിപ്പി പള്ളിപ്പുറം ബൈബിളിലെ അനശ്വരമായ കഥ സഞ്ചയത്തിൽ നിന്നും കുട്ടികൾക്കായി സമാഹരിച്ച സാരോപദേശ കഥകൾ.

മഴവില്ലുകളുടെ ലോകം, റസ്‌കിന്‍ ബോണ്ട് റസ്‌കിൻ ബോണ്ടിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഏതു പ്രായത്തിലുള്ളവർക്കും വായിച്ചാസ്വദിക്കാൻ കഴിയുന്ന വൈവിദ്ധ്യമാർന്ന കഥകളാണ് ഇതിലുള്ളത്. കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളായി ഓർമ്മയിൽ സൂക്ഷിക്കാനും ചിന്തിക്കാനും പറ്റിയ കഥകളും കഥാപാത്രങ്ങളും നമുക്കു സമ്മാനിച്ച ആളാണ് റസ്‌കിൻ ബോണ്ട്. മനോഹരങ്ങളായ രേഖാചിത്രങ്ങളും രസകരമായ നിരവധി കഥാപാത്രങ്ങളും നിറഞ്ഞുനില്ക്കുന്ന ഇതിലെ ഓരോ കഥകളും കുട്ടികൾ വായിച്ചിരിക്കേണ്ടവയാണ്.

പഞ്ചതന്ത്രകഥകള്‍, സുമംഗല അമരശക്തി എന്ന രാജാവിന്റെ മണ്ടന്മാരായ മക്കളെ ബുദ്ധിമാന്മാരും വിവേകശാലികളുമാക്കാൻ വിഷ്ണുശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്ന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ…കാലം ഓർത്തുവച്ച അനേകം കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആർജ്ജവത്തോടെ ജീവിക്കാൻ ഈ കഥകൾ കുട്ടികളെ സജ്ജരാക്കുന്നു.

രണ്ടു കാന്താരിക്കുട്ടികള്‍ അഗ്നിപര്‍വ്വതത്തില്‍, പ്രൊഫ. എസ്. ശിവദാസ് ഈ യാത്രാവിവരണം നിങ്ങളെ അത്ഭുതങ്ങളിലേക്കാണ് ക്ഷണിക്കുന്നത്; ഒരിടത്തും കേട്ടിട്ടില്ലാത്ത കണ്ടിട്ടില്ലാത്ത അഗ്നിപര്‍വ്വതത്തില്‍ രണ്ടു കാന്താരിക്കുട്ടികളുണ്ട്, അവരുടെ ആകാംക്ഷകളെയും ചിന്തകളെയും തൊട്ടുണര്‍ത്തുന്ന ഹൃദ്യമായ ആഖ്യാനം. കണ്ടിട്ടില്ലാത്ത വിസ്മയലോകത്തേക്ക്. ഇന്‍ഡോനേഷ്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌കാരവും അവിടത്തെ ജീവിതവുമെല്ലാം ഒരു മാന്ത്രിക കഥപോലെ എസ്. ശിവദാസ് വിവരിക്കുന്നു. കുട്ടികളുടെ മനസ്സറിഞ്ഞുകൊണ്ട്, വായിച്ചാലും വായിച്ചാലും കൊതിതീരാത്ത യാത്രാവിവരണം!

365 കുഞ്ഞുകഥകള്‍, അഷിത മലയാളത്തിന്റെ കുഞ്ഞുങ്ങള്‍ക്ക് കൊല്ലത്തില്‍ 365 ദിവസവും ഒരുമ്മയും ഒരു കഥയുമായി ചായുറങ്ങാനുള്ള കഥകള്‍. കുട്ടികളുടെ ഭാവനയെ ജ്വലിപ്പിക്കുന്ന കൃതി.

പുസ്തകങ്ങള്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

 

Comments are closed.