DCBOOKS
Malayalam News Literature Website

ചലനം എന്ന വാക്കുകൊണ്ട് എന്റെ എഴുത്തിനെ വെളിപ്പെടുത്താനാണ് എനിക്കിഷ്ടം: ഷിനിലാൽ

ഒരു മഹാചലനത്തിന്റെ ഉള്ളിൽ നടക്കുന്ന കമ്പനങ്ങളാണ് മനുഷ്യചലനങ്ങൾ. ഒരു തീവണ്ടിയിൽ രണ്ടുതരം ചലനങ്ങൾ സംഭവിക്കുന്നുണ്ട്

(‘124’ എന്ന പുതിയ നോവലിന്റെ പ്രസാധനത്തോടനുബന്ധിച്ച് ഷിനിലാലുമായി നടത്തിയ സംഭാഷണത്തിൽനിന്ന്)

ഷിനിലാൽ / ദിവ്യ ജാഹ്നവി

മിനിക്കഥയിൽനിന്ന് ചെറുകഥയിലേക്കും അവിടെനിന്ന് നോവലിലേക്കും വളരുന്ന ഒരു ചരിത്രമുണ്ടല്ലോ താങ്കളുടെ പുതിയ രചനയായ ‘124’-ന്. അതുപോലെ നോവലിന്റെ ആഖ്യാനത്തിൽ, തിരക്കഥയും സ്വന്തം കഥകളും വാർത്താശകലങ്ങളും ഫെയിസ് ബുക്ക് പോസ്റ്റുകളും പരാതിക്കത്തുപോലെയുള്ള വ്യവഹാരങ്ങളുമെല്ലാം കൂടിക്കലരുന്നു. സാഹിത്യഗണങ്ങളുടെയും ഭാഷയുടെയും ജൈവപ്രകൃതിയെപ്പറ്റി നമ്മൾ ആലങ്കാരികമായാണ് പറയാറുള്ളത്. എന്നാൽ ഇവിടെ, വളരുന്ന ഒരു ആഖ്യാനശരീരംതന്നെ നോവലിനുണ്ടെന്നല്ലേ ഇതെല്ലാം സൂചിപ്പിക്കുന്നത്?

ഈ നോവൽ മിനിക്കഥയിൽ നിന്നും കഥയായും പിന്നെ നോവലായും വികസിച്ചതിന്റെ ചരിത്രം നോവലിൽ തന്നെ പറയുന്നുണ്ട്. മാധ്യമം വാരികയിൽ കഥ വായിച്ചശേഷം സിവിക് ചന്ദ്രൻ അയച്ച വാട്സാപ് മെസേജ് ആണ് ഇതൊരു നോവലാണല്ലോ, എന്ന് ചിന്തിക്കാൻ കാരണമായത്. ഞാൻ കൃത്യമായി വായിക്കുകയും ഫോളോ ചെയ്യുകയും ചെയ്യുന്ന പത്രപ്രവർത്തകനാണ് ബിജുരാജ്. അദ്ദേഹം മാധ്യമത്തിന്റെ എഡിറ്റർ ആയിരിക്കുന്നു എന്നതും ഒരു കാരണമാണ്.

നോവൽ എന്ന വാക്കിന് പുതുമ എന്നുകൂടി അർത്ഥമുണ്ട്. കൃതികൾ വിഷയപരമായും ഘടനാപരമായും പുതുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. അങ്ങനെയുള്ള ശ്രമം പരാജയപ്പെട്ടാലോ എന്ന ഭീതിയുമില്ല. കാരണം, മുൻഗാമികളായ പലരുടെയും അത്തരം സാഹസശ്രമങ്ങളാണ് ഇന്ന് കാണുന്ന നോവൽ രൂപങ്ങളെ സൃഷ്ടിച്ചത്. നമ്മൾ പരാജയപ്പെട്ടാലും ഇനി വരുന്നവർ അതിനെ ഏറ്റെടുത്തു കൊള്ളും എന്ന ധൈര്യമുണ്ട്. എഴുത്തുകാരൻ തന്നെ കഥാപാത്രമായി വരുമ്പോൾ കിട്ടുന്ന ആഡഡ് ബനിഫിറ്റാണ് തിരക്കഥയും മറ്റും ഉൾപ്പെടുത്താൻ കഴിഞ്ഞത്.

തീർച്ചയായും പല രീതിയിൽ വളർന്നാണ് നോവൽ ഇക്കാണുന്ന രൂപത്തിൽ എത്തിയത്. ഇതിന് തുടർച്ചയും എഴുതിയിട്ടുണ്ടായിരുന്നു. പിന്നീട് അതൊഴിവാക്കി.

V SHINILAL – Prathipaksham

ഷിനിലാലിന്റെ കഥകളിലെയും നോവലിലേയും സ്ഥലം സ്ഥിരമല്ല. ഇന്ത്യൻ ശിക്ഷാ നിയമം 124എ, 66എ എന്ന ഐ ടി നിയമം, 118എ പോലീസ് ആക്ട് ഇതെല്ലാം കലാകാലങ്ങളിൽ മനുഷ്യരുടെ അവകാശത്തെയും അഭിപ്രായത്തെയും ചങ്ങലയ്ക്കിടുകയും നശിപ്പിക്കുകയും ചെയ്യാൻ ഉണ്ടായ നിയമങ്ങളാണ്. ഇനിയും അവ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കും എന്നു തോന്നുന്നു.  മനുഷ്യരുടെ നിസ്സഹായതകളെ നിലനിർത്തിക്കൊണ്ട് കാലം സ്ഥിരമായി നിൽക്കുകയും അനുഭവങ്ങളുടെ സ്ഥലരാശിയിലൂടെ മനുഷ്യർ സഞ്ചരിക്കുകയും ചെയ്യുക എന്ന ആഖ്യാനരീതി സ്ഥലകാലങ്ങളുടെ കാര്യത്തിൽ ഒരു മറിച്ചിടലാണല്ലോ. ബോധപൂർവമാണോ ഇത്തരമൊരു അട്ടിമറി?

കാലത്തെ സ്ഥിരമായി നിൽക്കുന്ന ഒന്നായിട്ടാണ് ഞാൻ പരിഗണിക്കുന്നത്. ആപേക്ഷികമായ ഒന്നിനെ അങ്ങനെ പരിഗണിക്കാനേ കഴിയൂ. ബഹിരാകാശത്തെത്തിയ ഒരു കുരങ്ങിന് ഭൂമിയിലെ സമയക്രമം ബാധകമല്ല. അതുകൊണ്ട് വലിയ കാലഘടനയിൽ കാലം ഒരു ആദിമധ്യാന്തങ്ങളില്ലാത്ത ഒരു ഗോളത്തിനകത്ത് സ്ഥിതി ചെയ്യുന്നു. മനുഷ്യ സങ്കൽപ്പത്തിലെ നേർരേഖയല്ല അത്. അതുകൊണ്ടുതന്നെ സ്ഥിരമായി നിൽക്കുന്ന കാലം എല്ലാ മനുഷ്യർക്കു മേലും ഒരേ ആധിപത്യം ചെലുത്തുന്നു. മനുഷ്യന്റെ ആധിപത്യ പ്രവണതയാണ് മേൽപ്പറഞ്ഞ നിയമങ്ങളുടെ സൃഷ്ടിക്ക് കാരണം. അക്കങ്ങളിൽ മാറ്റമുണ്ടാവും എന്നാലും ഇത്തരം ഡ്രക്കോണിയൻ നിയമങ്ങൾ എല്ലാക്കാലത്തും എല്ലാ ഭരണാധികാരികളും പ്രയോഗിക്കുന്നു. എല്ലാ സ്വതന്ത്രമനുഷ്യരും അതിന് ഇരയാവുന്നു. ഇപ്രകാരം, ആയിരം വർഷം മുമ്പ് രാജഭരണത്തിൻ കീഴിൽ ജീവിച്ച ഒരു പ്രജക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനാധിപത്യ വ്യവസ്ഥയിൽ ജീവിക്കുന്ന ആധുനികപൗരനും കാലം നൽകുന്ന പൊളിറ്റിക്കൽ ആഘാതം ഒന്നു തന്നെ. സ്ഥലത്തെ കുറിച്ചാണെങ്കിൽ, ഞാൻ ചലനത്തിൽ വിശ്വസിക്കുന്നു.

ചലനം എന്ന പ്രകൃതിനിയമത്തെ വ്യത്യസ്തമായ നിലകളിൽ നോക്കിക്കാണാൻ ഷിനിലാൽ ശ്രമിക്കാറുണ്ടല്ലോ. സമ്പർക്ക ക്രാന്തിയിൽ “മനുഷ്യജീവിയുടെ ഉള്ളിൽ മുറുക്കി വച്ച ഒരു പൽചക്രം ഘടിപ്പിച്ചിരുന്നു അതിനാൽ അത് ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും ചലനമാണ് സത്യമെന്നും” കാണാം. ‘124’ -ൽ ടോം ബ്രദറിനെ ചലനത്തിന്റെ പ്രതിനിധിയായി അവതരിപ്പിക്കുന്നു. അഭയാർത്ഥിത്വത്തിന്റെയും പലായനങ്ങളുടെയും മറുപുറമാണല്ലോ ഇത്. ‘ചലിച്ചുകൊണ്ടേയിരിക്കുക’ മനുഷ്യന്റെ അടക്കാനാവാത്ത ത്വരയും കൂടിയാണോ? അതിന്റെ സർഗാത്മകമായ വശത്തെ താങ്കൾ എങ്ങനെയായിരിക്കും വിശദീകരിക്കുക?

ചലനം എന്ന വാക്കുകൊണ്ട് എന്റെ എഴുത്തിനെ വെളിപ്പെടുത്താനാണ് എനിക്കിഷ്ടം. പലതരം ചലനങ്ങളാണ് എന്റെ എഴുത്തിനെയും ജീവിതത്തെത്തന്നെയും രൂപപ്പെടുത്തിയിട്ടുണ്ടാവുക. ആത്യന്തികമായി ചലിച്ചുകൊണ്ടിരിക്കാൻ ഇഷ്ടമുള്ള മനുഷ്യനാണ് ഞാൻ. ‘ചലനമാണ് സത്യം.’ എന്നും ‘മനുഷ്യ ജീവിയുടെ ഉള്ളിൽ മുറുക്കി വെച്ച ഒരു പൽച്ചക്രം ഘടിപ്പിച്ചിരിക്കുന്നു. അതിനാൽ അത് ചലിച്ചുകൊണ്ടിരിക്കുന്നു.’ എന്നെല്ലാം സമ്പർക്ക ക്രാന്തിയിൽ എഴുതിയത് എന്റെതന്നെ ഉള്ളിലേക്കു നോക്കിയിട്ടാണ്.

ഒരു മഹാചലനത്തിന്റെ ഉള്ളിൽ നടക്കുന്ന കമ്പനങ്ങളാണ് മനുഷ്യചലനങ്ങൾ. ഒരു തീവണ്ടിയിൽ രണ്ടുതരം ചലനങ്ങൾ സംഭവിക്കുന്നുണ്ട്.  ഒന്ന് അതിനുള്ളിലെ മനുഷ്യരുടെ. രണ്ട് ആ മനുഷ്യരെയും വഹിച്ചുകൊണ്ടോടുന്ന തീവണ്ടിയുടെ. ഒരു രാജ്യത്തിനും ഉണ്ട് പലതരം ചലനങ്ങൾ. ചരിത്രത്തിലൂടെയും കാലത്തിലൂടെയും സഞ്ചരിക്കുമ്പോൾ, അതിന് ഉടവുകളും കൂട്ടിച്ചേർക്കലുകളും ഉണ്ടാവുന്നു.

ആർക്കമെഡീസ്  ആ കമ്പനം കണ്ട മനുഷ്യനാണ്. ശാസ്ത്രജ്ഞനായതും കണ്ടുപിടുത്തം നടത്തിയതും കൊണ്ടല്ല, എനിക്കയാളെ ഇഷ്ടം. അയാൾ അപാര ഭാവനാശാലി ആയിരുന്നു. ഭൂമിയുടെ പുറത്തിറങ്ങി നിന്നുകൊണ്ട് ഭൂമിയെ നോക്കിക്കാണാൻ അയാൾക്ക് കഴിഞ്ഞിരുന്നു. ‘കാലുറപ്പിക്കാൻ ഒരിടവും ഒരു ഉത്തോലകവും തന്നാൽ ഞാനീ ഭൂമിയെ ഇളക്കും.’ എന്ന് പ്രഖ്യാപിക്കണമെങ്കിൽ ആ ചലനങ്ങളെ, ചലനങ്ങൾക്കിടയിലുള്ള ഇടങ്ങളെ അയാൾ കണ്ടിരിക്കണം.

‘124’ നോവലിന്റെ ഒരു പ്രധാന സവിശേഷത, മകളായ സൂര്യകാന്തി ഉൾപ്പെടെ നോവലിസ്റ്റിനു ചുറ്റുമുള്ള ധാരാളം മനുഷ്യർ അതിൽ കഥാപാത്രങ്ങളാവുന്നു എന്നതാണ്. എന്നാൽ രാജ്കുമാറിനെപ്പോലുള്ള യഥാർത്ഥത്തിലുള്ള വ്യക്തികളുടെ ഛായയിലുള്ള കഥാപാത്രങ്ങളും തീർത്തും കല്പിതരായ കഥാപാത്രങ്ങളും എല്ലാം ചേർന്നാണ് കഥാപാത്രസൃഷ്ടി പൂർണമാകുന്നത്. ‘സമ്പർക്കക്രാന്തി’ യിലെ ധബോൽക്കറുടെ സൃഷ്ടിയിൽ കുറച്ചു ഭാവനയും ഉണ്ടായിരുന്നു. ‘124’ – ലെ പല കഥാപാത്രങ്ങളിൽ നിന്നും അത് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നു തോന്നി. ഒരാൾക്കു ചുറ്റുമായി രൂപപ്പെടുന്ന രാഷ്ട്രീയമായ അരക്ഷിതത്വം അയാളെയും ചുറ്റുപാടുകളെയും മാത്രമല്ല ഭാവനയെപ്പോലും ബാധിക്കുന്ന കാര്യമാണെന്ന വാസ്തവത്തെ പങ്കുവയ്ക്കുകയാണോ ഈ കഥാപാത്രങ്ങൾ?

Textഎഴുത്തുകാരൻ തന്നെ സ്വയം കഥാപാത്രമായി മാറിയപ്പോൾ ലഭിച്ച സൗകര്യമാണത്. ചെറിയ പ്രായം മുതൽ തന്നെ സമൂഹത്തിൽ ഇടപെട്ട് നിൽക്കുന്ന ഒരാളാണ്. നിരന്തരം മനുഷ്യരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു. ഒരു കാലത്തിന്റെ രാഷ്ട്രീയാഘാതം ആ തലമുറയുടെ മേൽ ഒന്നിച്ച് തന്നെ പതിക്കുന്നു. ഉദാഹരണത്തിന് അടിയന്തിരാവസ്ഥ, അത് പല രീതിയിൽ പല ഗ്രാവിറ്റിയിൽ വ്യക്തികൾക്ക് മേൽ വന്ന് പതിക്കുകയാണുണ്ടായത്. അപ്പോൾ എല്ലാ മനുഷ്യനും അതിന്റെ ഇരയാവുന്നു. സ്വാഭാവികമായും എല്ലാ മനുഷ്യരെയും ഈ നോവലിന് ഉൾക്കൊള്ളാൻ കഴിയുന്നു.

ജീവിച്ചിരിക്കുന്നവർ, മരിച്ചവർ, ജനിക്കാത്തവർ എന്നിങ്ങനെ എഴുത്തിൽ പലതരം മനുഷ്യരില്ല. നോവലിൽ കടന്നുകൂടുന്നതോടുകൂടി ഒരാൾ കഥാപാത്രമായി മാറുന്നു. ഈ നോവലിലെ ഷിനിലാലും രാജ്കുമാറും ഒക്കെ കഥാപാത്രങ്ങൾ മാത്രമാണ്. എട്ടുകാലി മമ്മൂഞ്ഞ് അതിപ്രശസ്തനായ കഥാപാത്രമാണ്. അയാളുടെ കാലത്ത് ജീവിച്ച് മരിച്ചുപോയ ഒരു മനുഷ്യനും അയാളും തമ്മിൽ, പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല. മരിച്ച ഒരാൾ കഥയായി മാറുന്നു. മരിച്ച മനുഷ്യനും ജനിക്കാത്ത മനുഷ്യനും ഇപ്രകാരം തുല്യരായിരിക്കുന്നു.

നോവലിൽ ഉൾപ്പെടുത്തിയിട്ടുള്ള 124, സമാന്തരൻ തുടങ്ങിയ കഥകളിലെ വസ്തുതകൾ കല്പനയാണെന്ന് ആശ്വസിക്കാൻ പറ്റാത്തവിധത്തിൽ യാഥാർഥ്യമായി തീർന്നിട്ടുണ്ട്. ‘സമാന്തരൻ’ എന്ന കഥയിൽ സ്റ്റേറ്റ് എന്നാൽ ഒരു പിതാവിന്റെ ‘കരുതലാണ്’ എന്നൊരു പ്രസ്താവനയുണ്ട്. ‘സ്റ്റേറ്റ്സ്മാനി’ൽ  മനുഷ്യരുടെ സ്വകാര്യവും പൊതുവുമായ എല്ലാ ഇടപാടുകളെയും സസൂക്ഷ്മം ശ്രദ്ധിക്കുക മാത്രമല്ല, ഇടപെട്ട് തിരുത്തുകയും ചെയ്യുന്ന, സമാഗ്രാധിപത്യസ്വഭാവമുള്ള ഭരണകൂട ഏജൻസികളെ ഭീതിദമായ അവസ്ഥയിൽ വിഭാവന ചെയ്യുന്നുണ്ട് എന്നും തോന്നുന്നു. ആസൂത്രിതമായ ഏറ്റുമുട്ടൽ കൊലപാതകങ്ങളേക്കാൾ ഭീകരമല്ലേ ആ അവസ്ഥ?

യാഥാർത്ഥ്യങ്ങൾക്ക് പലപ്പോഴും കല്പനയെക്കാൾ മുറ്റാണ്. കഥയിൽ ഒരു വെള്ളപ്പൊക്കം പ്രവചിക്കുന്നു. ആ പ്രവചനം ഫലിക്കുന്നു. സ്വാഭാവികമായും വായനക്കാർ എഴുത്തുകാരന്റെ പ്രവചനശേഷിയെ പ്രശംസിക്കുന്നു. എന്നാൽ മറ്റൊന്നു കൂടി ഇവിടെ സംഭവിക്കുന്നുണ്ട്. വെള്ളപ്പൊക്കം വന്നതോടെ അയാളുടെ കഥ കഥയല്ലാതായി മാറുന്നു. അതൊരു സംഭവമായിത്തീരുന്നു. ആ കഥ അപ്രസക്തമാവുന്നു. അതൊക്കെ കൊണ്ടുതന്നെ ‘124’ എന്ന നോവൽ ഉൾപ്പെടെ മേൽപ്പറഞ്ഞ കഥകൾക്ക് ഫിക്ഷന്റെ സ്റ്റാറ്റസ് ഏത് നിമിഷവും നഷ്ടപ്പെടാം. ഏതു നിമിഷവും അതൊരു സംഭവവിവരണമായി മാറാം. അപ്പോഴും ചരിത്രത്തിന്റെ സാങ്കേതികതയിൽ നിന്നും വഴിമാറി ഇക്കാലത്തെ മനുഷ്യരുടെ വൈകാരിക രേഖയായി അതു നിന്നേക്കാം.

‘ഭരണകൂടങ്ങൾക്ക് തീവ്രവാദികളെ ആവശ്യമുണ്ട്. ഭീഷണികളില്ലാത്ത സാഹചര്യം, നിലനിൽക്കാനുള്ള തങ്ങളുടെ കാരണങ്ങളെ ചോദ്യം ചെയ്യുന്നുവെന്ന പ്രാകൃതമായ ആശങ്കയിൽനിന്നും അവ മുക്തമായിട്ടില്ല’ – ഇത് അപകടകരമായ തരത്തിലുള്ള വാസ്തവക്കാഴ്ചയാണല്ലോ. ഭരണകൂടം ഭീകരസംഘടനയാവുകയും അതിനെതിരെ പ്രവർത്തിക്കുന്ന എല്ലാ മനുഷ്യരേയും തീവ്രവാദികളാക്കുകയും ഇരകളാക്കി ഒടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാലാവസ്ഥ ലോകത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും നിലനിൽക്കുന്ന ഒരവസ്ഥയിൽ, ‘124’ –ലേത് നടുക്കുന്ന പ്രമേയമാണെന്നും അത് ഒരു ഭാവനാസൃഷ്ടിമാത്രമല്ലെന്നും വിചാരിക്കുന്നതിൽ സാംഗത്യമില്ലേ?

ശാന്തമായ ഗ്രാമങ്ങളിലേക്ക് ചാരൻമാരെ അയച്ച് രാത്രികാലങ്ങളിൽ പലതരം ശബ്ദങ്ങളും ഭീഷണികളും മുഴക്കി ജനങ്ങളെ പരിഭ്രാന്തരാക്കണം. ഭയന്ന ഗ്രാമവാസികളെ രക്ഷിക്കാനായി ഉടൻ തന്നെ പട്ടാളക്കാരെ അയക്കണം. ഭരണകൂടത്തിന് ശല്യമുണ്ടാക്കുന്നവരെ മുൻപറഞ്ഞ കുറ്റങ്ങൾ ചുമത്തി തുറുങ്കിലാക്കണം. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ ഇപ്രകാരം രാജോപദേശം ഉള്ളതായി വായിച്ചതോർക്കുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായ ഒരാശയം മറ്റൊരു രൂപത്തിൽ സ്റ്റേറ്റുകൾ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നതായി മനസ്സിലാവും. കാരണം, വ്യക്തി തന്റെ സ്വാതന്ത്ര്യങ്ങളിൽ ചിലത് സ്റ്റേറ്റിന് സറണ്ടർ ചെയ്ത് കൊടുത്തിട്ടുണ്ട്. സംരക്ഷണമാണ് സ്റ്റേറ്റ് പകരം നൽകുന്ന വാഗ്ദാനം. കൊട്ടാരങ്ങളും കോട്ടകളും സന്ദർശിച്ചാൽ അതിനുള്ളിലെ കൽത്തുറുങ്കുകളും തൂക്കുമരങ്ങളും നിങ്ങൾക്ക് കാണാനാവും. അവയാണ് കൊട്ടാരങ്ങളെ / സ്റ്റേറ്റിനെ ഉറപ്പിച്ചു നിർത്തുന്നത്.

സ്റ്റേറ്റിനെ ഒരു മനുഷ്യനായി സങ്കൽപ്പിക്കുക. സ്റ്റേറ്റിന് താൻ സംരക്ഷിക്കുന്നുണ്ടെന്ന് പൗരനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പ്രശ്നങ്ങളില്ലാതാവുമ്പോൾ സ്വാഭാവികമായും ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് സ്റ്റേറ്റിന്റെ നിലനിൽപ്പാണ്. അപ്പോൾ, നിങ്ങൾ മൊത്തത്തിൽ പ്രശ്നത്തിലാണ്. ഞാനില്ലെങ്കിൽ കാണാമായിരുന്നു എന്ന് പൗരനെ ബോധ്യപ്പെടുത്തണം. അതിന് പ്രശ്നവും പ്രശ്നക്കാരും വേണം. ശത്രു വേണം. തീവ്രവാദികൾ വേണം. തീവവാദികളെ സൃഷ്ടിക്കുന്ന നിയമങ്ങൾ വേണം.

ഇതൊന്നും ഒരു പുതിയ കാര്യമല്ല. ആനന്ദ് ഉൾപ്പെടെയുള്ള മുൻഗാമികൾ പല തരത്തിൽ സ്റ്റേറ്റിനെ/ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്.

വി ഷിനിലാലിന്റെ ‘124’ എന്ന  പുസ്തകം വാങ്ങാൻ സന്ദർശിക്കുക

 

 

Comments are closed.