DCBOOKS
Malayalam News Literature Website

കഥയുടെ ഫ്രെയിമിൽ തെളിയുന്ന കാഴ്ചകൾ!

മലബാർ സമരവും , ഭഗത് സിങ്ങും ബാബരി മസ്ജിദും സിറാജുന്നിസയും ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ജുനൈദും പെഹ്ലുഖാനും ഇസ്മാഹിലുമെല്ലാം നാം ഈ കഥകളില്‍ കണ്ടുമുട്ടും

പി ജിംഷാറിന്റെ  ആൺ കഴുതകളുടെ XANADU എന്ന കഥാസമാഹാരത്തിന്  ആസിഫ് കൂരിയാട് എഴുതിയ വായനാനുഭവം 

ജിംഷാറിന്റെ രണ്ടാമത്തെ കഥാസമാഹാരമാണ് ആൺകഴുതകളുടെ XANADU. ആദ്യ സമാഹാരമായ ‘പടച്ചോന്റെ ചിത്രപ്രദർശ’ നത്തിൽ നിന്ന് പുതിയ കഥാസമാഹാരത്തിലേക്ക് വരുമ്പോൾ കഥാപരമായും ആഖ്യാനപരമായും വിഷയാവതരണത്തിലും ഭാഷയിലും തുടർച്ചയും വിഛേദവും ഒരുപോലെ കാണാൻ സാധിക്കും. “സിനിമയുടെ അടുപ്പിൽ വെന്തുലർന്ന കഥകൾ ” എന്നാണ് കഥാകാരി ഇന്ദുമേനോൻ ജിംഷാറിന്റെ കഥകളെ വിശേഷിപ്പിക്കുന്നത്.”സിനിമാ മോഹിയും ഭ്രാന്തനുമായ ഒരുവന് സാധ്യമാകുന്ന കഥാലോകം . ഓരോ ചെറുകഥകളിലും ഓരോ സിനിമകൾ ഒളിച്ചിരിക്കുന്നു.” എന്നും ഇന്ദുമേനോൻ ഈ കഥകളെപ്പറ്റി അഭിപ്രായപ്പെടുന്നുണ്ട്. അക്ഷരാർത്ഥത്തിൽ ഈ വാദം ശരിയാണ്. മിക്ക കഥകളിലും സിനിമയും കഥാപാത്രങ്ങളും ഒക്കെ കടന്നു വരുന്നുണ്ട്. സിനിമയുടെ സാധ്യതകളും പശ്ചാത്തല വിവരണവും ടെക്നിക്കുകളും ജിംഷാർ ഉപയോഗിക്കുന്നുണ്ട്.

സിനിമകൾ കണ്ടും അതിൽ പ്രവർത്തിച്ചും ജീവിച്ചു വരുന്ന ഒരാൾക്ക് അതിൽനിന്ന് വിടുതി നേടുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണ് . ഓരോ കാലഘട്ടത്തിലും ഇറങ്ങുന്ന സിനിമകൾ പിൽക്കാലത്ത് നാം ഓർത്തെടുക്കുമ്പോൾ ആ കാലഘട്ടം കൂടി നമ്മുടെ ഓർമ്മകളിലേക്ക് വന്നെത്തും. അതുകൊണ്ടുതന്നെയാവാം സിനിമയുടെ സ്വാധീനം ജിംഷാറിന്റെ കഥാലോകത്ത് നിറഞ്ഞുനിൽക്കുന്നത്. വെള്ളിത്തിരയിൽ എത്താതെ പോയ സിനിമകളാണ് ജിംഷിറിന്റെ കഥകൾ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.കാരണം ഓരോ കഥയും വ്യത്യസ്ത സിനിമകളുടെ സാധ്യതകൾ തുറന്നിടുന്നു. രണ്ടോ അതിലധികമോ മണിക്കൂർ ഉള്ള ഒരു സിനിമയെ വെട്ടിച്ചുരുക്കി അഞ്ചോ ആറോ പേജിലേക്ക് ഒതുക്കിയാൽ ഉള്ള അവസ്ഥ മിക്ക കഥകളുടെയും ഉള്ളടക്കത്തിൽ ഉണ്ട് . ഈ കഥാസമാഹാരത്തിലെ ചില കഥകളെങ്കിലും അഭ്രപാളികളിൽ കാലങ്ങൾക്കകം തെളിയുമെന്ന് തന്നെയാണ് എന്റെ പ്രത്യാശ.

സിനിമാത്മക(cinematic) മാണ് ജിംഷാറിന്റെ എഴുത്ത്. കാഴ്ചയുടെ ഒരു നോട്ടം ഈ കഥകളിലുണ്ട്. സിനിമയിലെ ദൃശ്യങ്ങളുടെ മികവിനെ അനുഭവിപ്പിക്കുന്നു പല അവതരണങ്ങളും . ഘടനാപരമായും സാങ്കേതികപരമായും സിനിമയോട് ചേർന്ന് നിൽക്കുന്ന അവതരണവും എഴുത്തിലുണ്ട്. ‘അദൃശനായ നിരീക്ഷകൻ’ എന്നാണ് പുഡോസ്കിൻ ഛായഗ്രഹകനെ വിശേഷിപ്പിച്ചിരിക്കുന്നത്.ക്യാമറാലെൻസ് എന്നത് അദൃശ്യ നിരീക്ഷകന്റെ കണ്ണിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജിംഷാറിന്റെ എഴുത്തിലും ഈ ക്യാമറ കണ്ണുണ്ട് .ഒരു ക്യാമറയുടെ നോട്ടം ഈ കഥകളിൽ പതിഞ്ഞുകിടക്കുന്നു. വാക്കും ദൃശ്യവും വായനക്കാരനും കാണിക്കും കൂടി ഇടനൽകുന്നു. വാക്കും ദൃശ്യവും തമ്മിലുള്ള സന്തുലനം കഥകളുടെ സവിശേഷതകളിൽ പ്രധാനപ്പെട്ടതാണ്.പ്രധാനമായും ഒമ്പത് കഥകളാണ് ഈ സമാഹാരത്തിൽ ചേർത്തിരിക്കുന്നത്. പേന , മൂന്നുദിവസംകൊണ്ട് എഴുതാവുന്ന ജീവിതം , ഒട്ടും സ്കോപ്പിലാത്ത പ്രണയകഥ, Chat with ടാബു ഹീറോയിൻ , ആൺ കഴുതകളുടെ XANADU, സാറ, പ്രണയകാലത്തെ നൂഹുമാർ , ചീരുവിന്റെ ഭഗത് സിങ്, കഥ – എന്നിവയാണ് ആ രചനകൾ .

കിഷോർ ,അക്കന്ത, മൊയ്തീൻകണ്ണ് എന്നിങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെയാണ് ആദ്യ കഥയായ പേന വികസിക്കുന്നത്. സ്ഥല കാലങ്ങളും നോവലും സിനിമയും സ്വപ്നവും യാഥാർത്ഥ്യവും പരസ്പര സമ്മേളിതമായ കഥാഖ്യാനമാണ് ഈ കഥയിൽ ജിംഷാർ പരീക്ഷിക്കുന്നത്. ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകളും കോവിലന്റെ തട്ടകവും കിം കി ഡൂക്കിന്റെ ഡ്രീം, ത്രീ അയൺ എന്നീ സിനിമകളും മറ്റനവധി മലയാള സിനിമകളും പാട്ടുകളും ഒക്കെ കഥയുടെ ഇതിവൃത്തത്തിൽ ഇടം പിടിക്കുന്നുണ്ട്. ഡൂക്കിന്റെ ഡ്രീം എന്നസിനിമയിൽ സ്വപ്നങ്ങളിൽ കുടുങ്ങിപ്പോയി ജീവിതം ദുരന്തമായി നായകനും നായികയുമാണോ തങ്ങളെന്ന് ഈ കഥയിലെ കഥാപാത്രങ്ങൾ സംശയിക്കുന്നുണ്ട്. അടിച്ചമർത്തപ്പെട്ട പ്രതികരണശേഷിയെക്കുറിച്ചുള്ള ആഖ്യാനം കൂടിയാണ് പേന എന്ന കഥ .ഒരുകാലത്ത് തൂലിക പടവാളായിരുന്നെങ്കിൽ( “പേനയും പടവാളുമായി വരൂ മഹത്തായ മാനവ സംസ്കാരത്തിൻ പേരിലെൻ കലാകാരാ ” – വയലാർ) ഇന്ന് മുനയൊടിഞ്ഞ മഷി പടർത്തുന്ന ഉപയോഗശൂന്യമായ ആയുധമായി പേന മാറിപ്പോകുന്നു. ആറ്റൂരിന്റെ കവിതയിലെ ഉപേക്ഷിക്കപ്പെട്ട് ഉപയോഗശൂന്യമായി ട്രങ്കിന്റെ മൂലയിൽ കിടക്കുന്ന പേന പോലെ…. സിനിമ പ്രവർത്തകനായ കിഷോർ കാണുന്ന സ്വപ്നങ്ങളിലൂടെ പല ജീവിതങ്ങളെ കഥാകൃത്ത് ആവിഷ്കരിക്കുന്നു. കഥയിലൂടെയും സിനിമയിലൂടെയും ഇടകലർന്ന് യാത്ര ചെയ്ത് മാവോയിസ്റ്റിന്റെ മരണത്തിൽ കഥയവസാനിക്കുന്നു.സ്വപ്നാഖ്യാനത്തിലൂടെ കഥ പറയുമ്പോൾ തന്നെ ഇന്ത്യയിൽ അരങ്ങേറിയ ചില രാഷ്ട്രീയ സംഭവങ്ങളിലേക്ക് കൂടി കഥാകൃത്ത് വായനക്കാരുടെ ശ്രദ്ധ കൊണ്ടുപോകുന്നുണ്ട്.

ഒരേസമയം കഥയായും ഡയറിക്കുറിപ്പായും വായിക്കാവുന്ന രചനയാണ് മൂന്നുദിവസംകൊണ്ട് എഴുതാവുന്ന ജീവിതം എന്ന കഥ . 2011, 2018 എന്നീ കാലങ്ങളെ പരസ്പരം ഇടകലർത്തിയാണ് ആഖ്യാനം മുന്നേറുന്നത്. ഉപ്പ മരിച്ച ദിവസത്തെ ഡയറികുറിപ്പുകളായിട്ടാണ് കഥാകൃത്ത് ഈ രചനയെ പരിചയപ്പെടുത്തുന്നത്. സുലു ,സിദ്ദീഖ് എന്നിവരുടെ മനോഗതങ്ങളിലൂടെയാണ് ആഖ്യാനം മുന്നേറുന്നത്.അതിലൂടെ ഒത്തിരി ജീവിതങ്ങൾ വായനക്കാർക്ക് മുമ്പിൽ തെളിയുന്നു .ഇറ്റാലിയൻ നാടകകൃത്തായ ലൂയി പിരാന്തല്ലോ എഴുതിയ ‘ആറ് കഥാപാത്രങ്ങൾ നാടകകൃത്തിനെ തേടി’ എന്ന നാടകത്തിൻറെ ഘടനയോട് സാമ്യം തോന്നുന്ന കഥയാണ് Textഇത്. സേവ്യർ സെബാസ്റ്റ്യൻ എന്ന കഥാപാത്രം തന്റെ കഥ പറയുന്നതിന് വേണ്ടി ജാവേദ് എന്ന എഴുത്തുകാരന് പിന്നാലെ സഞ്ചരിക്കുന്ന തരത്തിലാണ് കഥയുടെ അവതരണം. ജാവേദിനെ പോലൊരു എഴുത്തുകാരനെ പരിചയപ്പെട്ട് നഷ്ടപ്പെട്ട തന്റെ പ്രണയത്തെ അയാൾക്കു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കഥാപാത്രത്തിൻറെ ഉദ്ദേശം . ഇതിനിടയിൽ സേവ്യർ , ജാവേദ് , അഷിത എന്നിവരുടെ ജീവിതത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .chat with ടാബു ഹീറോയിൻ എന്ന കഥയിൽ സെലിൻ എന്ന പോൺസ്റ്റാറിന്റെ ജീവിതം ആഖ്യാനം ചെയ്യുന്നു.ഒരു അഭിമുഖത്തിന്റെ രീതിയാണ് കഥയുടെ ആഖ്യാനം. ചലച്ചിത്രതാരങ്ങളുടെ സ്വകാര്യജീവിതം കൂടുതൽ അറിയുക എന്നത് പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കൗതുകമുള്ള കാര്യമാണല്ലോ ?അഭിമുഖ കാരന്റെ ചോദ്യവും അതിനുള്ള നടിയുടെ മറുപടിയും അതിലൂടെ ഇതൾവിരിയുന്ന നായികയുടെ ജീവിതം, സിനിമയുടെ പിന്നാമ്പുറ കഥകൾ ,അണിയറയിലെ രഹസ്യ ജീവിതങ്ങൾ എന്നിങ്ങനെ ചലച്ചിത്രരംഗത്ത് നടക്കുന്ന പല വിഷയങ്ങളും കഥാകാരൻ വായനക്കാരിലേക്ക് എത്തിക്കുന്നു.

ശില്പ ഘടനയിലും അവതരണത്തിലും മികവുപുലർത്തുന്ന കഥയാണ് ആൺകഴുതകളുടെ സാനഡു . ഭ്രമാത്മകമായ അവതരണത്തിലൂടെ വായനക്കാരെയും സാനഡുവിന് അകത്തേക്ക് കുരുക്കിയിടുന്നു ജിംഷാർ.റിയലും ഫിക്ഷണലുമായ ആഖ്യാനരീതിയും കഥാപാത്രങ്ങളും ഭാഷയും ഒക്കെ ഈ രചനയുടെ സവിശേഷതയാണ്. മാന്ത്രികനായ മാൻഡ്രേക്കും, കുഴലൂത്തുകാരനും( പൈഡ് പൈപ്പർ ) പ്ലേഗുമെല്ലാംഇതിവൃത്തത്തിൽ ഇടംപിടിക്കുന്നു. ഖലീൽ , മാർത്ത ,ഡെന്നി എന്നീ മൂന്നുപേർ സാനഡുവിലേക്ക് നടത്തുന്ന യാത്രയും തുടർസംഭവങ്ങളുമാണ് ഈ കഥയുടെ ഉള്ളടക്കം. അവരുടെ യാത്രക്ക് ഒരു ലക്ഷ്യമുണ്ട് . സാനഡുവിനെ കുറിച്ച് കഥാകൃത്ത് തന്നെ പറയുന്നുണ്ട് . ‘അറപ്പുകളുടെ ലോകമാണത്’ . ആൺകഴുതകൾ വിഹരിക്കുന്ന മലമ്പ്രദേശമാണത്. അവിടെക്കുള്ള വഴി കണ്ടുപിടിക്കുക എന്നത് സിനിമയിൽ എന്നവണ്ണം മാത്രം അവതരിപ്പിക്കാൻ സാധിക്കുകയുള്ളു.ആണുങ്ങൾ ഓർമ്മകളിൽ പോലും അധികാരം സ്ഥാപിക്കുന്ന സ്ത്രീ വിരുദ്ധമായ ഇടമാണത്. സാനഡു എന്നാൽ മാൻഡ്രേക് ഹോം എന്നർത്ഥം. പല തലങ്ങളിലായി പ്രവേശന കവാടങ്ങൾ, ഇത്തരമൊരു ഭൂപ്രദേശത്തെ സൃഷ്ടിച്ചുകൊണ്ട് ഈഡിപ്പൽ രതിയുടേയും പാപബോധത്തിന്റെയും പുതിയ അനുഭവങ്ങൾ പകരുകയാണ് ജിംഷാർ.

1921ലെ മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൽ സ്വാതന്ത്ര്യസമര സേനാനികളായ മുസ്ലിം ജീവിതങ്ങൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് എഴുതപ്പെട്ട കഥയാണ് സാറ .അയർലന്റിൽ നിന്നും കേരളത്തിൽ എത്തുന്ന സാറയിലൂടെ മലബാർ സമര കാലഘട്ടത്തിലേക്കും ചരിത്രത്തിലേക്കുമെല്ലാം വീണ്ടും വായനക്കാർ പുനർസന്ദർശനം നടത്തുന്നു. മലബാർ സമരവും അതിൽ പങ്കെടുത്ത സമരസേനാനികളും വീണ്ടും ചർച്ച ചെയ്യപ്പെടുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഈ കഥ കാലികപ്രസക്തമായിത്തീരുന്നുണ്ട്.  ബലാൽസംഗം ചെയ്ത് ഒരുത്തിയെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നൂഹിന്റെ ചിന്തകളിലൂടെ ആഖ്യാനം ചെയ്തിരിക്കുന്ന കഥയാണ് പ്രളയകാലത്തെ നൂഹുമാർ .ഖുർആനിൽ പേരെടുത്ത് പറഞ്ഞ 25 പ്രവാചകരിൽ ഒരാളാണ് ഹസ്രത്ത് നൂഹ് നബി.പ്രളയകാലത്ത് ദൈവത്തിന്റെ ആജ്ഞ പ്രകാരം കപ്പൽ നിർമിച്ച് സർവ ജീവജാലങ്ങളെയും കൊണ്ട് സഞ്ചരിച്ച നൂഹ് നബിയുടെ ചരിത്രത്തേയും, നൂഹ് എന്ന കഥാപാത്രത്തിന്റെ ജീവിതം അതുമായി ബന്ധിപ്പിക്കുകയും ചെയ്തു കൊണ്ട് വേറിട്ട് പാരായണം സാധ്യമാക്കി തരുന്നു ഈ രചന .

വലിയ ക്യാൻവാസിൽ ചലച്ചിത്ര സാധ്യതകൾ തുറന്നിടുന്ന കഥയാണ് ജിംഷാറിന്റെ ചീരുവിന്റെ ഭഗത് സിങ് എന്ന കഥ . പീരിയഡ് ഡ്രാമാ വിഭാഗത്തിൽ ഉൾപ്പെടുത്തി ആവിഷ്കരിക്കാവുന്ന കഥാതന്തു. റിയലും ഫിക്ഷണലുമായ കഥാപാത്രങ്ങൾ .1926 ൽ ലാഹോറിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഭഗത് സിങ് അറസ്റ്റ് ചെയ്യപ്പെട്ടതും 1928 ൽ ലാലാ ലജ്പത് റായ് വധിക്കപ്പെട്ടതും, സ്വാതന്ത്ര്യ സമരവും , വിപ്ലവ പ്രവർത്തനവും ഉത്തരേന്ത്യൻ പശ്ചാത്തലവും ബ്രിട്ടീഷ് അധിനിവേശവുമെല്ലാം ഒരു സിനിമ കാണുന്ന മട്ടിൽ വായനക്കാർക്ക് മുൻപിൽ തെളിയുന്നു .ഒരു കാലഘട്ടത്തെ പുനരാവിഷ്കരിക്കുകയാണ് കഥാകൃത്ത് . ഇന്ത്യൻ രാഷ്ട്രീയ-മത- ജീവിതങ്ങളിലേക്കും മുസ്ലിം സമൂഹം നേരിടുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കും ഫാസിസവും സമൂഹത്തിൽ നടക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങളിലേക്കും ശ്രദ്ധ ചെലുത്തുന്നു ‘കഥ ‘ എന്ന രചന. വ്യക്തമായ രാഷ്ട്രീയം തുറന്നാവിഷ്കരിക്കുന്ന രചനയാണിത്.

ഒരു എഴുത്തുകാരുടെ പ്രധാനപ്പെട്ട മാധ്യമം ഭാഷയാണ്. ഭാഷയിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ കഥാകൃത്തുക്കൾ പണ്ടും ഇന്നും മലയാളത്തിലുണ്ട്. ജിംഷാറിനെ സംബന്ധിച്ചിടത്തോളം കാൽപനികമായ ഭാഷ അദ്ദേഹം ചില കഥകളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതൊരിക്കലും ചെടിപ്പ് സൃഷ്ടിക്കുന്നില്ല. മനോഹരമായ ദൃശ്യബിംബങ്ങളും വാക്യപ്രയോഗങ്ങളും ജിംഷാറിന്റെ കഥാലോകത്ത് നാം കണ്ടുമുട്ടുന്നു .ചില ഉദാഹരണങ്ങൾ നോക്കാം:

* “ലീക്കടിച്ചു മഷി പടർന്ന് ഉപയോഗശൂന്യമായി പോയ പേന കണക്കേ ; തന്റെ പുരുഷ അഹന്തകൾ ഒന്നൊന്നായി കൊഴിഞ്ഞുവീണതിന്റെ ഓർമ്മയിൽ ആറാമത്തെ പെഗ്ഗ് മോർഫിയടിച്ച് അയാൾ സോഫയിലേക്ക് മറിഞ്ഞുവീണുറങ്ങി”( പേന )

* മഷിയുറഞ്ഞ് കട്ടപിടിച്ച പേനയുടെ നിബ്ബ് പുലർത്തുന്ന വാക്കു തെളിയായ്മയുടെ മൗനം കണക്കേ , പ്രതികരണങ്ങളെല്ലാം കട്ടപിടിച്ച് കടലാസിലെ വെള്ളപോലെ വെളുത്ത് വിളർത്തു കിടന്നു …. ( പേന )

*രാത്രിരുചികളുടെ ഉപ്പും മുളകും ചേരുംപടി ചേർത്ത് ജീവിതങ്ങളെ സ്വാദിഷ്ഠമാക്കാൻ വെമ്പൽകൊള്ളുന്ന ആൾക്കൂട്ടത്താൽ സമ്പന്നമായിരുന്ന നഗരമിപ്പോൾ നിശ്ചലമാണ്. (മൂന്നുദിവസംകൊണ്ട് എഴുതാവുന്ന )

*വരാനിരിക്കുന്ന വെള്ളിയാഴ്ചയിൽ ഉദിക്കാനിരിക്കുന്ന ഒരു താരത്തിന് കുടപിടിച്ച ആകാശംപോലെ ഇപ്പോൾ എന്റെ മാറിടം ത്രസിക്കുകയും നിലാവ് ചുരത്തുകയും ചെയ്യുന്നു”(chat with ടാബു ഹീറോയിൻ )

* ക്രിസ്തുവിന്റെ വിലാപുറത്തെ കുന്ത പാടിൽ നിന്നും രക്തം കിനിയും പോലെ മനസ്സിലേക്ക് നിസ്സഹായതയും വെറുപ്പും കിനിഞ്ഞിറങ്ങുന്നു ( ആൺകഴുതകളുടെ സാനഡു)

– ഇത്തരത്തിൽ അനവധി ഉദാഹരണങ്ങൾ ഇനിയും ജിംഷാറിന്റെ കഥാലോകത്ത് കണ്ടെത്താനാവും.

പൊതുവിൽ തിരക്കഥയുടെ ഘടനയോട് ചേർന്നു നിൽക്കുന്നതും സിനിമയുടെ ദൃശ്യഭാഷയോട് സാധർമ്യം പുലർത്തുന്നതുമാണ് ജിംഷാറിന്റെ രചനകൾ . ചരിത്രത്തിൽ നിന്നും ജീവിതത്തിൽ നിന്നും കണ്ടെടുക്കപ്പെട്ട നാട്ടുമനുഷ്യരും കൽപ്പിത കഥാപാത്രങ്ങളും ജിംഷാറിന്റെ കഥാലോകത്ത് നാം കണ്ടുമുട്ടുന്നു.പ്രണയവും രതിയും അഗമ്യഗമനവും വിഷാദവും ഏകാന്തതയും പാപബോധവും ഭ്രമാത്മകതയും ഈ കഥകളിൽ ഇഴപിരിഞ്ഞു കിടക്കുന്നു. ചരിത്രം,മതം, വർത്തമാനജീവിതം എന്നിവ ഈ കഥകളിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ് .ചരിത്രസംഭവങ്ങളും ചരിത്രപുരുഷന്മാരും അനുദിനം തമസ്കരിക്കപ്പെട്ട് കൊണ്ടിരിക്കുമ്പോൾ അവയെ തന്റെ രചനകളിലൂടെ ജിംഷാർ വീണ്ടെടുക്കുന്നു. പേന , സാറ, പ്രളയകാലത്തെ നൂഹുമാർ ,കഥ , ചീരുവിന്റെ ഭഗത് സിങ് എന്നീ കഥകൾ ഇതിനു ഉദാഹരണമാണ്.വർത്തമാന ചരിത്രവും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവും ഇസ്ലാമിക ചരിത്രവും ഈ കഥകളുടെ ഭാഗമാണ്. “അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം മറവിക്കെതിരെയുള്ള ഓർമയുടെ പോരാട്ടം തന്നെയാണെന്ന്” മിലേൻ കുന്ദേര പറയുന്നുണ്ടല്ലൊ?പല ചരിത്രവസ്തുതകളും ഭരണകൂടം തമസ്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഓർമകളിലൂടെയും എഴുത്തിലൂടെയും അതിനെ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് ജിംഷാർ. അവിടെ മലബാർ സമരവും , ഭഗത് സിങ്ങും ബാബരി മസ്ജിദും സിറാജുന്നിസയും ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ജുനൈദും പെഹ്ലുഖാനും ഇസ്മാഹിലുമെല്ലാം നാം കണ്ടുമുട്ടും. ഇമ്മട്ടിൽ സമകാലിക ജീവിതാവസ്ഥകളെ നിർഭയത്തോടെ ഉശിരോടെ ആവിഷ്കരിക്കുന്നതിൽ ജിംഷാർ എന്ന യുവ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.