DCBOOKS
Malayalam News Literature Website

ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ ഒന്നു മുതല്‍

കോട്ടയം: ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തിരിതെളിയുന്നു. നവംബര്‍ 1 മുതല്‍ 10 വരെ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. എം.ജി.സര്‍വ്വകലാശാല, ജില്ലാഭരണകൂടം, നഗരസഭ, ജില്ലാപഞ്ചായത്ത് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് മേള നടത്തുന്നത്.

വെള്ളിയാഴ്ച വൈകിട്ട് നാലിന് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മേള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും.  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ ബി. രാധാകൃഷ്ണമേനോന്‍ പ്രദര്‍ശനവും മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ കലാസന്ധ്യയും ഉദ്ഘാടനം ചെയ്യും.

10 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ഡി സി ബുക്സ് ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള 200-ലധികം പ്രമുഖ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. സാഹിത്യസംവാദം, സെമിനാര്‍, സാഹിത്യസാംസ്‌കാരിക നേതാക്കളുമായുള്ള അഭിമുഖം, ചര്‍ച്ചകള്‍, സിമ്പോസിയം, പുസ്തകചര്‍ച്ച, നിമിഷകവിതാരചനാമത്സരം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരം, കാര്‍ട്ടൂണ്‍ ശില്പശാല, ഫോട്ടോപ്രദര്‍ശനം എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

10-ാം തീയതി വൈകിട്ട് നാലിന് സമാപന സമ്മേളനം എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യാതിഥിയാകും.

 

Comments are closed.