DCBOOKS
Malayalam News Literature Website

ബിന്ദു അമ്മിണിയുടെ സമര കേരളം: സി എസ് ചന്ദ്രിക എഴുതുന്നു

സി എസ് ചന്ദ്രിക

ബിന്ദു അമ്മിണിക്ക്‌ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള ഫലപ്രദമായ പോലീസ്‌ പ്രൊട്ടക്ഷന്‍ കേരള സര്‍ക്കാര്‍ നല്‍കണം. ബിന്ദുവിനൊപ്പം ശബരിമല കയറിയ കനകദുര്‍ഗ്ഗക്ക്‌ തൃപ്‌തികരമായ നിലയില്‍ പോലീസ്‌ പ്രൊട്ടക്ഷന്‍ ഇപ്പോള്‍ ഉണ്ട്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ബിന്ദുവിന്‌ പ്രൊട്ടക്ഷന്‍ നല്‍കിയിരുന്നെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റത്തെക്കുറിച്ച്‌ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ പോലീസ്‌ പ്രൊട്ടക്ഷന്‍ പാടേ പിന്‍വലിക്കുകയാണ്‌ ചെയതത്‌ എന്നറിയുന്നു. പോലീസ്‌ സുരക്ഷ ഇല്ലാതായ ഇക്കാലയളവില്‍ മൂന്നു തവണ ബിന്ദു സംഘപരിവാര്‍ ക്രിമിനലുകളാല്‍ ആക്രമിക്കപ്പെട്ടു കഴിഞ്ഞു. രണ്ടു തവണയും പരാതിപ്പെട്ടിട്ടും പോലീസ്‌, അക്രമികളെ അറസ്റ്റ്‌ ചെയ്യുകയോ കേസ്‌ എടുക്കുകയോ ചെയ്‌തിട്ടില്ല. മറിച്ച്‌ പോലീസിന്റെ സഹായവും പിന്തുണയും കിട്ടിയത്‌ അക്രമികള്‍ക്കാണ്‌. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ നേരെ നടന്ന അക്രമത്തിന്റെ നടുക്കുന്ന ദൃശ്യം എല്ലാവരും കണ്ടു. ഇപ്പോള്‍ ആ പ്രതിയെ അറസ്റ്റു ചെയ്‌ത്‌ കേസ്‌ എടുത്തതു പോലെ, ബിന്ദുവിനെ നേരത്തേ ആക്രമിച്ച പ്രതികള്‍ക്കു നേരെയും വധശ്രമത്തിന്‌ കേസ്‌ എടുക്കുകയും അറസ്റ്റ്‌ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ ബിന്ദുവിന്‌ നീതി ലഭിക്കുകയുള്ളു.

ബിന്ദുവിന്‌ ശക്തമായ സുരക്ഷ നല്‍കുക എന്നത്‌ കേരള സര്‍ക്കാരിന്റെ പ്രഥമമായ ഉത്തരവാദിത്വമാണ്‌. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടേയും. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ മുന്‍കയ്യില്‍ നേരത്തേ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ വനിതാ മതില്‍, പുതിയ സാമൂഹ്യ നവോത്ഥാനം, സ്‌ത്രീ സൗഹൃദ കേരളം, നവകേരളം തുടങ്ങിയ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ശരിയായ ദിശയില്‍ മുന്നോട്ടു പോകാനാവൂ. വിദ്യാസമ്പന്നയും സാമൂഹ്യ പ്രവര്‍ത്തകയും അദ്ധ്യാപികയുമായിട്ടും സ്‌ത്രീ എന്ന നിലയിലുള്ള അവസ്ഥ മാത്രമല്ല, ദലിത്‌ ജാതി നിലയുള്ളവള്‍ എന്ന യാഥാര്‍ത്ഥ്യം കൂടി ബിന്ദു അമ്മിണിയുടെ നേര്‍ക്കുള്ള ആസൂത്രിതമായ, തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണങ്ങളിലുണ്ട്‌. അനുഭവത്തിന്റെ തലത്തില്‍ ബിന്ദു അത്‌ തുറന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്‌. ജാതീയതയുടെ പ്രത്യക്ഷമായ ഈ ഹിംസാത്മകതയെ കാണാനായില്ലെങ്കില്‍ ഹിന്ദുത്വ ശക്തികളെ കേരളത്തില്‍ പ്രതിരോധിക്കാനാവുകയില്ല.

ഹിന്ദുത്വ ഫാഷിസത്തിന്റെ അക്രമങ്ങളില്‍, സുരക്ഷിതമായി ഇവിടെ ജീവിക്കാന്‍ കഴിയാത്തതിനാല്‍ ബിന്ദു അമ്മിണി കേരളം വിടുകയാണ്‌ എന്നു പറയുന്നതിനു കാരണമായ അനുഭവങ്ങളെ ഇടതുപക്ഷ പുരോഗമനവാദികളും പ്രസ്ഥാനങ്ങളുമുള്ള കേരളം അടിയന്തരമായി നേരിടണം. പുരുഷാധികാരത്തിന്റേയും ജാത്യധികാരത്തിന്റേയും ഹിംസാസക്തി ബിന്ദു അമ്മിണിയുടെ മേല്‍ പ്രയോഗിക്കപ്പെടുന്നു. നവകേരളം എന്ന രാഷ്‌ട്രീയ സങ്കല്‌പനത്തിലെ ഇപ്പോഴുള്ള അഭാവങ്ങളെ മനസ്സിലാക്കാനും ഉള്‍ച്ചേര്‍ക്കാനും അധികാര ഇടതുപക്ഷത്തിനാവണം. സ്‌ത്രീകള്‍ ശബരിമലയില്‍ കയറിയപ്പോള്‍ മുഖ്യമന്ത്രിയെ അടക്കം പരസ്യമായി ജാതിത്തെറി വിളിക്കാന്‍ മടിക്കാത്ത ജാതിഹിന്ദുസ്‌ത്രീകള്‍ കൂടിവരുന്ന ഇടമാണിന്ന്‌ കേരളം. ബിന്ദു അമ്മിണിയെ ഒരു പക്ഷേ ഇനി പരസ്യമായി ആക്രമിക്കുന്നത്‌, പുരുഷന്‍മാര്‍ പോലുമായിരിക്കണമെന്നില്ല, ഹിന്ദുത്വ, ആചാര ജ്വരബാധിതരായ സ്‌ത്രീകളുമാവാം. കരുതിയിരുന്നേ മതിയാവൂ. അതിനാല്‍, ബിന്ദു അമ്മിണി കേരളം വിടുമോ ഇല്ലയോ എന്നുള്ളത്‌ കേരളത്തിന്റെ ഗതി ഇനി എങ്ങോട്ടാണ്‌ എന്ന്‌ അളക്കാനുള്ള ഒരു സൂചകം കൂടിയായി കണക്കാക്കപ്പെടും. കേരളത്തില്‍ ബിന്ദുവിന്‌ സ്വതന്ത്രമായും സന്തോഷമായും ജീവിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ്‌, ജാതീയതയേയും ഹിന്ദുത്വ ഭീകരതയേയും പ്രതിരോധിക്കാനും സാമൂഹ്യ, ലിംഗനീതിയിലേക്ക്‌ മുന്നേറാനും കേരളത്തിലെ ഇടതുപക്ഷത്തിനും മതേതര, സ്‌ത്രീപക്ഷ, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കും കഴിയും എന്ന്‌ ഉറപ്പിക്കാനാവുക.

ബിന്ദു അമ്മിണി ശബരിമലയില്‍ കയറിയത്‌ വ്യക്തിപരമായ കാര്യത്തിനല്ല. ഈ രാജ്യത്തെ സ്‌ത്രീകള്‍ക്ക്‌ അവകാശപ്പെട്ട തുല്യ നീതി, ഭരണഘടനയുടേയും സുപ്രീകോടതി വിധിയുടേയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള സാമൂഹ്യമായ മാറ്റത്തിനു വേണ്ടിയാണ്‌. അതിനാല്‍ ബി ജെ പി ആര്‍ എസ്‌ എസുകാര്‍ ബിന്ദുവിനെ ആക്രമിക്കുമ്പോള്‍ ലിംഗനീതിക്കു വേണ്ടി സ്‌ത്രീപുരുഷ തുല്യതയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ സ്‌ത്രീകളുമാണ്‌ ആക്രമിക്കപ്പെടുന്നത്‌. സംഘപരിവാര്‍ ആക്രമണങ്ങളില്‍ ഇവിടെ ജീവിക്കാനാവാതെ ബിന്ദു കേരളം വിട്ടാല്‍ തോറ്റു പോകുന്നത്‌ ബിന്ദുവല്ല, ഇടതുപക്ഷ സര്‍ക്കാരാണ്‌, ദലിതരാണ്‌, ആദിവാസികളാണ്‌, മതന്യുനപക്ഷങ്ങളാണ്‌, മതേതര വാദികളാണ്‌, സ്വാതന്ത്ര്യം ജന്മാവകാശമാണെന്ന്‌ കരുതുന്ന മുഴുവന്‍ സ്‌ത്രീകളാണ്‌.

ബി ജെ പി സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കും ദരിദ്രര്‍ക്കും ദലിതര്‍ക്കും കര്‍ഷകര്‍ക്കും ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ ഇന്ന്‌ കേരളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഉയര്‍ന്ന രാഷ്‌ട്രീയബോധവും സ്ഥൈര്യവുമുള്ള സാമൂഹ്യപ്രവര്‍ത്തകയാണ്‌ ബിന്ദു. ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരത്തില്‍ ഒരു വര്‍ഷക്കാലം സജീവമായി ബിന്ദു പങ്കെടുത്തിരുന്നു. ബിന്ദുവിന്‌ സ്വതന്ത്രമായി തൊഴില്‍ ചെയ്യാനും സാമൂഹ്യ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താനും യാത്രകള്‍ ചെയ്യാനും തടസ്സങ്ങള്‍ സൃഷ്‌ടിക്കാത്ത പോലീസ്‌ പ്രൊട്ടക്ഷന്‍ ആണ്‌ വേണ്ടത്‌. അതിനാല്‍, ബിന്ദുവിന്റെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാനും ബുദ്ധിമുട്ടിക്കാതിരിക്കാനും കഴിയുന്ന പോലീസുകാരുടെ സാന്നിദ്ധ്യം മാത്രമേ സുരക്ഷയുടെ പേരിലായാലും ബിന്ദുവിന്‌ സ്വീകാര്യമാവുകയുള്ളു. സ്വന്തം ജീവിതം ഈ വിധമായിത്തീര്‍ന്നതിന്‌ ബിന്ദുവല്ല ഉത്തരവാദി. അതുകൊണ്ട്‌, മതനിരപേക്ഷ മൂല്യബോധമുള്ള, ദലിത്‌ വിരുദ്ധതയും സ്‌ത്രീവിരുദ്ധതയും ഇല്ലാത്ത, പരിമിതമായ ജീവിത പശ്ചാത്തല സൗകര്യങ്ങളോട്‌ നികൃഷ്‌ടതാ മനോഭാവം കാണിക്കാത്ത പോലീസുകാരെ മാത്രമേ ഇനി ബിന്ദുവിന്റെ സുരക്ഷയ്‌ക്കു വേണ്ടി നിയോഗിക്കാവൂ.

സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.