DCBOOKS
Malayalam News Literature Website

ഉത്തരമലബാറിലെ തെയ്യം കലാകാരന്റെ തീവ്രവും, ദുരന്തപൂര്‍ണ്ണവുമായ മഹാസങ്കടങ്ങളുടെ കഥ

പി.പി.പ്രകാശന്റെ ‘ദൈവം എന്ന ദുരന്തനായകന്‍’ എന്ന നോവലിന് സുധ മേനോന്‍ എഴുതിയ വായനാനുഭവം

ഉത്തരകേരളത്തില്‍ ജനിച്ചു വളര്‍ന്ന മറ്റെല്ലാവരെയും പോലെ തെയ്യം എനിക്കും ഒരു പാട് പ്രിയപ്പെട്ടതാണ്. ജീവിതത്തിലെ നനുത്ത, സുഖമുള്ള ഓര്‍മകളില്‍ പലതും ഇപ്പോഴും പുതിയാങ്കാവിലും, വടക്കേ വീട്ടിലും, കാറോല്‍ മുച്ചിലോട്ടും, കൊട്ടണച്ചേരിയിലും, കുറിഞ്ഞിയിലും ഒക്കെ കുടുങ്ങിക്കിടക്കുന്നുണ്ട്. പുതിയാങ്കാവില്‍ ഓരോ മേടം പത്തിനും നട്ടുച്ചയ്ക്ക്, ആളുകളും ആരവങ്ങളും ഒഴിയവേ, ഏറ്റവും ഒടുവില്‍, മടയില്‍ചാമുണ്ടി, തിരുനടയില്‍ കുനിഞ്ഞു നമസ്‌കരിച്ചു ഒരു വീഴലുണ്ട്. പിന്നെ, നിശബ്ദതയാണ്. അതുകഴിഞ്ഞ്, മുടിയഴിച്ച്, ‘ചാമുണ്ടി; പതുക്കെ അണിയറയിലേക്ക് നടന്നുപോകും. അപ്പോള്‍, ഉള്ളില്‍ ഉറവപൊട്ടുന്ന ഒരു വല്ലാത്ത വേദനയുണ്ട്.പേരിട്ടു വിളിക്കാനാവാത്ത ഒരു വികാരം. അത് പങ്ക് വെക്കാന്‍, എന്റെകൂടെ, അന്ന് പ്രിയ സുഹൃത്ത് സംഗീതയും ഉണ്ടാകുമായിരുന്നു.
ഇന്ന്, കാലങ്ങള്‍ക്കിപ്പുറം, അസാധാരണവും, ഹൃദയസ്പര്‍ശിയുമായ ഒരു പുസ്തകം-‘പി.പി . പ്രകാശന്‍ എഴുതിയ ‘ദൈവം എന്ന ദുരന്തനായകന്‍’- അതേ തീവ്രവേദനയിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോവുകയാണ്. തിരുമുടിയഴിച്ചാലും, ചെണ്ടക്കോലുകള്‍ നിശബ്ദമായാലും നമ്മെ വിട്ടുപോകാത്ത മടയില്‍ ചാമുണ്ടി പോലെ, മുച്ചിലോട്ടമ്മ പോലെ ഈ പുസ്തകം ഹൃദയത്തില്‍ ചിലമ്പൊലി കേള്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു. രണ്ടു തവണ വായിച്ചു തീര്‍ത്തിട്ടും എന്നെ വിട്ടുപോകാതെ നില്‍ക്കുകയാണ് രാമന്‍ എന്ന ദുരന്തനായകനും, അദ്ദേഹത്തിന്റെ ആത്മബോധമുള്ള ഭാര്യയും, പാലോട്ടു ദൈവവും, കൈലാസക്കല്ലും, ചെക്കിക്കാടുകളും, കൊഞ്ഞന്‍ രാവനും, എര്‍മുക്കയുമെല്ലാം…

Textചുരുക്കത്തില്‍, ലളിതമായ ആഖ്യാനപാടവത്തിലൂടെയും ചാരുതയാര്‍ന്ന ഭാഷയിലൂടെയും ഉത്തരമലബാറിലെ തെയ്യം കലാകാരന്റെ തീവ്രവും, ദുരന്തപൂര്‍ണ്ണവുമായ മഹാസങ്കടങ്ങളുടെ കഥ പറയുകയാണ് പി പി പ്രകാശന്‍ ‘ദൈവം എന്ന ദുരന്തനായകന്‍’ എന്ന ആദ്യനോവലില്‍.
ഒരേ സമയം ദൈവവും മനുഷ്യനുമായി ജീവിക്കാന്‍ വിധിക്കപ്പെട്ട പ്രതിഭാശാലിയായിരുന്നു രാമന്‍. പതിനാലാം വയസില്‍ മുച്ചിലോട്ടമ്മയുടെ കോലം കെട്ടിയാടിയ, സൂര്യശോഭയുള്ള കതിവന്നൂര്‍ വീരനായി പെണ്‍കിടാങ്ങളുടെ മനം കവര്‍ന്ന, അസാധ്യതാളബോധത്തോടെ കലാശച്ചുവട് വെയ്ക്കുന്ന, അതിമനോഹരമായി മുഖത്തെഴുതുന്ന,തോറ്റം പാട്ടിന്റെ മാസ്മരിക ശീലുകള്‍ കൊണ്ട് നാടെങ്ങും ആരാധകരെ സൃഷ്ടിക്കുന്ന, ഏഷ്യാഡിനു പോകാനുള്ള സുവര്‍ണ്ണാവസരം നിര്‍മമതയോടെ നിഷേധിക്കുന്ന, തെയ്യത്തിന്റെ തിരുമുടിയും കിരീടവും ചാരുതയോടെ കൊത്തിയെടുക്കുന്ന രാമന്റെ ജീവിതം പക്ഷെ, എല്ലാറ്റിനുമുപരിയായി ഓരോ വിഷുക്കാലത്തും പാലോട്ട് ദൈവമാകാനുള്ള കാത്തിരുപ്പ് കൂടിയായിരുന്നു. വാക്കിന് അര്‍ഥം പോലെയായിരുന്നു, രാമന് ഭാര്യ. രാമന്‍ രണ്ടു ലോകങ്ങള്‍ക്കിടയില്‍ പല ഭാവങ്ങളില്‍ ജീവിച്ചപ്പോള്‍, അവര്‍ രാമനും മക്കള്‍ക്കും മാത്രമല്ല, തന്നെ തേടിയെത്തുന്ന രോഗികള്‍ക്കും, ദേശത്തിന് തന്നെയും സാന്ത്വനത്തിന്റെ ‘ജീവന്‍ മശായ്’ ആയി. ഒടുവില്‍, തന്റെ കാവലാള്‍ ആയ ഭാര്യ വിട്ടുപിരിഞ്ഞശേഷം ആദ്യമായി പാലോട്ട് ദൈവത്തിന്റെ തിരുമുടിയേറ്റി കൈലാസകല്ല് ചവിട്ടവേ രാമന്‍ പതറിപ്പോവുകയാണ്.ഇളകിയാടിയ കിരീടം രാമന്റെ കണ്ണീര്‍സമുദ്രത്തില്‍ ഒഴുകിനടന്നു, ചുവടു തെറ്റി ജീവിതത്തില്‍ ആദ്യമായി ‘ദൈവം’ വീണുപോകുന്നു…ദൈവത്തിന് സ്വന്തം മനസ് കൈമോശം വരുന്നു.. ദേവഭൂമിയില്‍ നിന്നും അയാള്‍ പൊടുന്നനവേ നിഷ്‌ക്കാസിതനാകുന്നു. അക്ഷരാര്‍ഥത്തില്‍ ഒരു ദുരന്തനായകന്‍.

തെയ്യത്തിന്റെ മുഖത്തെഴുത്തിലും, ചമയത്തിലും ഉള്ള അസാധാരണമായ ശോഭയും, കൈയ്യടക്കവും ഈ നോവലില്‍ ഉടനീളമുണ്ട്. എവിടെയും, കഥാപാത്രങ്ങളും പരിസരവും, നോവലിന്റെ രാഷ്ട്രീയവും മുഴച്ചു നില്‍ക്കുന്നില്ല. രാമന്‍ ജീവിച്ച രണ്ടു കാലവും, രണ്ടു ലോകവും, ജീവിതപരിസരവും കൃത്യമായി, സുവ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ജാതിയും, അയിത്തവും, കീഴാളരുടെ വിധേയത്വവും, ചൂഷണവും, കമ്മ്യുണിസവും, അയ്യങ്കാളിയുടെ പ്രസക്തിയും, അധിനിവേശവും, പരിസ്ഥിതിനാശവും ഉത്തരമലബാറിലെ തെളിഞ്ഞ ദേശജീവിതവും ഒക്കെ വരച്ചുകാട്ടുമ്പോഴും ഒരിടത്തും അതൊന്നും മുദ്രാവാക്യം പോലെ മുഴച്ചുനില്‍ക്കുന്നില്ല എന്ന് എടുത്തു പറയണം. രാഷ്ട്രീയവും ജീവിതവും തോറ്റം പാട്ടും ചെണ്ടകൊട്ടും പോലെ പരസ്പരം അലിഞ്ഞുചേരുന്നു. ദൈവത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഒന്നായിട്ടല്ല കമ്മ്യുണിസത്തെ രാമന്‍ നിര്‍വചിക്കുന്നത്.മറിച്ചു, സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ ജൈവികതാളമായിട്ടാണ്.

ഒരേ അളവില്‍ അഴകോടെ ചെക്കിപ്പൂ അടുക്കികെട്ടിയുണ്ടാക്കിയ തെയ്യത്തിന്റെ കൈത്തണ്ടപോലെയാണ് ഈ നോവലിലെ ഓരോ വരിയും. അപാരമായ സത്യസന്ധത ഈ നോവലിനുണ്ട്. കാരണം, അത്, എഴുത്തുകാരന്റെ സ്വന്തം അച്ഛന്റെ കഥയാണ്, അമ്മയുടെയും. കാട്ടില് ചെക്കിപ്പൂ വിരിയുന്നത് തന്നെ തെയ്യത്തിനു വേണ്ടിയിട്ടാണെന്ന് ഒരിടത്ത് രാമന്‍ പറയുന്നുണ്ട്. ഈ നോവല്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്, പ്രിയപ്പെട്ട പ്രകാശേട്ടാ, നിങ്ങളുടെ ജീവിതനിയോഗം ആയിരിക്കും ഈ അസാധാരണ ദുരന്തകഥ എഴുതുക എന്നാണ്.

‘ദൈവം എന്ന ദുരന്തനായകന്‍’ വായിക്കാതിരിക്കരുത്. വായനക്കാര്‍ക്ക് അതൊരു നഷ്ടമാകും..

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.