DCBOOKS
Malayalam News Literature Website

വിവര്‍ത്തനത്തിന്റെ സാധ്യതകള്‍

വാക്കിന്റെ സദസ്സില്‍ സാഹിത്യത്തിലെ വിവര്‍ത്തനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇ. വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ വേറിട്ട ഒന്നാക്കി മാറ്റിയത്. സ്പാനിഷ് സാഹിത്യകാരന്മാരായ ഓസ്‌കാര്‍ പുജോള്‍, ജ്വാന്‍ മാനുവല്‍ ഗ്വിമേരന്‍സ്, വെറോണിക്ക അരാന്‍ഡ, ജോസ് റാമോണ്‍ ഗോണ്‍സാലസ് എന്നിവര്‍ ഒരുമിച്ച ചര്‍ച്ച മികച്ച വിവര്‍ത്തനങ്ങള്‍ എപ്രകാരം രൂപപ്പെടുന്നുവെന്നതിനെക്കുറിച്ച് വിശദമായി തന്നെ കൈകാര്യം ചെയ്തു.
മികച്ച വിവര്‍ത്തനങ്ങള്‍ക്കു വ്യത്യസ്ത സാഹിത്യങ്ങളുടെ സമന്വയവും എഴുത്തുകാര്‍ തമ്മിലുള്ള സഹകരണവും അത്യാവശ്യമാണെന്ന ആമുഖത്തോടെയാണ് ഇ.വി രാമകൃഷ്ണന്‍ ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ചത്. വെറോണിക്ക അരാന്‍ഡ സ്പാനിഷ് സാഹിത്യത്തെ എപ്രകാരം ഇന്ത്യന്‍ സാഹിത്യം സ്വാധീനിച്ചു എന്നതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കി. രവീന്ദ്രനാഥ ടാഗോറിന്റെ കൃതികള്‍ തങ്ങളുടെ സാഹിത്യ ലോകത്തെ വളരെയധികം സ്വാധീനിച്ചതായി അവര്‍ പറഞ്ഞു. സ്പാനിഷ് ഭാഷയുടെ പ്രാധാന്യം ഇന്ത്യയില്‍ ക്രമേണ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷ ഓസ്‌ക്കാര്‍ പുജോള്‍ പങ്കുവെച്ചു. മികച്ച വിവര്‍ത്തനങ്ങള്‍ പെട്ടെന്നൊരു നിമിഷം സാധ്യമല്ലെന്ന് അദ്ദേഹം വാദിച്ചു. സാഹിത്യത്തില്‍ എഴുത്തുകാര്‍ക്ക് ഒറ്റയ്ക്ക് സ്വത്വമില്ലെന്ന് ജ്വാന്‍ മാനുവല്‍ ഗ്വിമേരന്‍സ് ഓര്‍മ്മിപ്പിച്ചു.വ്യത്യസ്ത ഭാഷകളിലെ പുസ്തകങ്ങളെ പ്രത്യേകിച്ച് വിവര്‍ത്തനങ്ങളെ പരിചയപ്പെടാനുള്ള സന്നദ്ധത നാം ഓരോരുത്തരും കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
മലയാള ഭാഷ വലിയ രീതിയില്‍ വിവര്‍ത്തനങ്ങളെ ഉള്‍കൊള്ളുന്നുണ്ടെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും ഇ.വി.രാമകൃഷ്ണര്‍ സൂചിപ്പിച്ചു.സിനിമയായാലും സാഹിത്യമായാലും മറ്റേതു കലാരൂപമായാലും രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം സൗഹാര്‍ദത്തിന്റെ അന്തരീക്ഷം സ്വഷ്ടിക്കണമെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ചര്‍ച്ച അവസാനിച്ചു.

Comments are closed.