DCBOOKS
Malayalam News Literature Website

ലോക്ക് ഡൗണ്‍ കാലത്ത് നിന്നുള്ള കാഴ്ചകള്‍; സി. എസ്‌. ചന്ദ്രിക

C S Chandrika Archives - athma online

ലോകമാകെ കോവിഡ് മരണ വാര്‍ത്തകള്‍ മാത്രം. ജനമനസ്സുകളില്‍ ആശങ്കകളും നിസ്സഹായതയും ഭയവും ഒപ്പം ജാഗ്രതയും നിറഞ്ഞു നില്‍ക്കുന്ന നാളുകളാണിത്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ നിന്നുള്ള രോഗവ്യാപന, മരണക്കണക്കുകള്‍ സൃഷ്ടിക്കുന്ന അമ്പരപ്പും തിരിച്ചറിവും അങ്ങേയറ്റമാണ്.  ലോകമാകെയുള്ള സാഹചര്യങ്ങളറിയുമ്പോള്‍ ഇന്ന് കേരളത്തില്‍ ജീവിക്കുന്നവര്‍ വലിയ ഭാഗ്യമുള്ളവരാണ് എന്ന് ഒട്ടേറെപ്പേരില്‍ തിരിച്ചറിവുണ്ടാക്കിയ കാലം കൂടിയാണിത്. കക്ഷി രാഷ്ട്രീയ ജാതി മത ലിംഗ ഭേദമെന്യേ നാം ആ കേരള സവിശേഷത ഇക്കാലത്ത് അനുഭവിക്കുന്നു. ഈ സമയത്ത് ശശി തരൂരാണ് അതു തുറന്നു പറയാനുള്ള രാഷ്ട്രീയ സത്യസന്ധത കാണിച്ചത്. അതേ സമയം, പലരും ഈ ദുരന്ത കാലത്തും വര്‍ഗ്ഗീയ, രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നടത്തുന്നുമുണ്ട്. അവര്‍ക്ക് താല്പര്യം ആപത്തുകാലത്തും ജനങ്ങളെ സേവിക്കുന്നതിലല്ല, രാഷ്ട്രീയ ധ്രുവീകരണമുണ്ടാക്കുന്നതിലാണ് എന്നത് പിന്നെയും വെളിപ്പെട്ട കാലം.

മനുഷ്യരാകെ വൈകാരികമായി ദുര്‍ബ്ബലമായിരിക്കുന്ന ഈ സമയത്ത് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടന്ന രണ്ട് ‘ചടങ്ങുകള്‍’ – പാത്രം കൊട്ടലും ദീപം തെളിയിക്കലും – ജനങ്ങളുടെ മനസ്സില്‍ സ്വന്തം സമൂഹത്തിന്‍റേയും അവരവരുടെ തന്നേയും ആരോഗ്യ പരിപാലനം സംബന്ധിച്ച ശാസ്ത്രീയ, വിവേക ചിന്തകളെ അല്പം പോലും ഉണര്‍ത്തുന്നതായിരുന്നില്ല. ആചാരാനുഷ്ഠാനപരവും ശാസ്ത്ര യുക്തികളെ വെല്ലുവിളിക്കുന്നതുമായ ‘വിശ്വാസ’ങ്ങളെ ഇന്ത്യയാകെ വ്യാപിപ്പിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു വേണ്ടിയെന്ന വിധം അനുകൂലിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമായി മാറിയിരിക്കുന്നു. ഇനിയുമുണ്ടാകും അടുത്ത ദിവസങ്ങളില്‍ ഈ വിധം ആചാരാനുഷ്ഠാനങ്ങളുടെ തുടര്‍ ഇന്ത്യന്‍ ഏകീകരണശ്രമങ്ങള്‍.

കോവിഡിനെ പ്രതിരോധിക്കാന്‍ ഈ എളുപ്പവഴികള്‍ മതിയാവില്ല എന്ന് ഇന്ത്യയിലെ ജനങ്ങള്‍ വൈകാതെ തിരിച്ചറിയുമായിരിക്കും. കാരണം, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പടരുന്ന രോഗബാധയുടെ വസ്തുതകള്‍ സമാധാനം തരുന്നല്ല. പോരാത്തതിന്, ദീപം കത്തിക്കാനുള്ള സാമഗ്രികള്‍ ശേഖരിക്കാനും രാത്രിയില്‍ കൂട്ടം കൂടി നിന്ന് കത്തിക്കാനും ഇന്ത്യയെ ആക്രമിക്കുന്ന ‘ചൈനീസ് കൊറോണ’യെ ഓടിക്കാനും ഭ്രാന്താവേശത്തില്‍ യുദ്ധസമാനമായി ജനങ്ങള്‍ പുറത്തിറങ്ങി പാഞ്ഞു നടക്കുക കൂടി ചെയ്തിട്ടുണ്ട്.

ഈ കോവിഡ് കാലത്ത് കിട്ടിയ അവസരത്തിനൊത്ത് ഇന്ത്യയെ അതിദ്രുതം ഒരു നാടക അരങ്ങാക്കി മാറ്റുകയും അതില്‍ അതീവ ശ്രദ്ധയോടെ വസ്ത്രാലങ്കാരവും ദീപവിതാനവും അമിതാഭിനയവും നടത്തി കയ്യടി നേടുന്ന പ്രധാന കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ച് കഥാര്‍സിസ് അഥവാ വികാര വിരേചനം നടത്തി യാഥാര്‍ത്ഥ്യങ്ങളെ മറന്ന് പോകുന്ന വിദ്യാസമ്പന്നരായ മലയാളികളടക്കമുള്ള മനുഷ്യരെ കണ്ട് ബുദ്ധിയും ബോധവും യുക്തിയുമുള്ള മനുഷ്യര്‍ കടുത്ത രോഷവും വിഷമവും അനുഭവിക്കുന്നുണ്ട്.

എന്തുകൊണ്ടെന്നാല്‍, കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഷഹീന്‍ബാഗു പോലുള്ള ഇന്ത്യയുടെ തെരുവുകളില്‍ ഞങ്ങല്‍ ഇന്ത്യയുടെ വ്യത്യസ്തമായ മുഖം കണ്ടിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഇന്ത്യയുടെ തെരുവുകളില്‍ ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ കിലോമീറ്ററുകളോളം നടന്നു കാലും മെയ്യും തളര്‍ന്നു വേച്ചുപോകുന്ന ആയിരക്കണക്കിനു കൂലിത്തൊഴിലാളികളെ കണ്ടിട്ടുണ്ട്. വേഷം കെട്ടുകളില്ലാത്ത, വേദനയുടേയും അവഗണനയുടേയും തള്ളിക്കളയലുകളുടേയും ഇരുണ്ട നിറങ്ങള്‍ മാത്രമുള്ള ഈ യഥാര്‍ത്ഥ കാഴ്ചകളൊന്നും ദീപശോഭയില്‍ മറഞ്ഞു പോവുകയോ മറന്നു പോവുകയോ ഇല്ല.

കേരള സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രണ്ടു അതിപ്രളയങ്ങള്‍ മുമ്പേ തന്നെ തകര്‍ത്തു കളഞ്ഞ സാമ്പത്തിക രംഗമാണ് കേരളത്തിന്‍റേത്. കോവിഡ് കാലത്ത് കേരള സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികള്‍ തീരുമാനിച്ച് വിജയകരമായി നടപ്പാക്കി വരികയാണ്. അതിന് പണം കൂടുതല്‍ ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ന്യായമായും ലഭിക്കാനാവകാശമുള്ള സാമ്പത്തിക പിന്തുണ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും വൈകുന്നത് കേരളത്തിലെ സര്‍ക്കാരിനെ വരും ദിവസങ്ങളില്‍ രൂക്ഷമായ പ്രതിസന്ധിയിലാക്കും.

ലോക്ക് ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഇവിടത്തെ എല്ലാ ജനങ്ങള്‍ക്കുമറിയാം. കോവിഡ് ദുരിതാശ്വാസത്തിലേക്ക് തന്നാലാവുന്നത് നല്‍കുന്ന മലയാളികളുടെ പണം മാത്രം കൊണ്ട് സര്‍ക്കാരിന് മുന്നോട്ട് പോകാനാവുകയില്ല എന്നും ജനങ്ങള്‍ക്കറിയാം. ദീപം തെളിക്കാന്‍ മുന്നില്‍ നിന്ന കേരളത്തിലെ മനുഷ്യരൊക്കെ ഇക്കാര്യം കൂടി ഇന്ത്യന്‍ പ്രധാനമന്ത്രിയോട് പറയാന്‍ ഉത്തരവാദപ്പെട്ടവരാണ്. എന്തായാലും കേരളം ഒരു സ്വതന്ത്ര രാജ്യമല്ലല്ലോ, എല്ലാം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് തന്നെ കിട്ടണമെന്ന് ആഗ്രഹിക്കുന്നതും ശരിയല്ലല്ലോ!

കോടിക്കണക്കായ ദരിദ്ര മനുഷ്യരുടെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഈ ലോക്ക് ഡൗണ്‍ കാലത്തെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ആരോഗ്യ മേഖലയിലും സാമൂഹ്യ സുരക്ഷയുടെ മേഖലയിലും നടപ്പിലാകുന്നത് എങ്ങനെയാണ് എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അതിനായി കേന്ദ്രത്തിന്‍റെ ഉത്തരവാദിത്വത്തിലും സംസ്ഥാനങ്ങളിലും നടക്കുന്നതെന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളോട് പറയാന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കാവണം.

കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്ത്യക്കു മുന്നില്‍ ഒരു മാതൃക മുന്നോട്ടു വെച്ചിട്ടുണ്ട്. എല്ലാ ദിവസവും ഞങ്ങള്‍ ടെലിവിഷനു മുന്നിലിരുന്ന് മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നു. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഉല്‍ക്കൊള്ളലാണത്. ആപത്ഘട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പത്തിനൊപ്പം നിന്ന് ജനങ്ങളെ അതിജീവനത്തിനായി നയിക്കുകയാണ്. സുതാര്യവും ജനപങ്കാളിത്താടിസ്ഥാനത്തിലുള്ള ഭരണനിര്‍വ്വഹണവുമാണിത്. പ്രധാനമന്ത്രിയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഈ കോവിഡ് കാലത്തെ അതിജീവിക്കാന്‍ ഇന്ത്യന്‍ ജനത ശക്തമായി ആവശ്യപ്പെടേണ്ടത് സുതാര്യവും പക്ഷപാത രഹിതവുമായ പ്രതിബദ്ധതയാണ്.

ഇന്ത്യയില്‍ ഇതു വരേയും പ്രശസ്തമായ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും വിദഗ്ദ്ധരായ ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരിക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്രുവിനും കേന്ദ്രഭരണത്തില്‍ ദീര്‍ഘകാലമിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നണിക്കും തീര്‍ച്ചയായും ഇപ്പോള്‍ അഭിമാനിക്കാം. ബി ജെ പിയുടെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ജെ. എന്‍ യു പോലുള്ള രാജ്യത്തെ ഒന്നാന്തരം യൂണിവേഴ്സിറ്റികളെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നതിന്‍റേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് ഗവേഷണങ്ങളെ തളര്‍ത്തുന്നതിന്‍റേയും എന്നാല്‍ ആചാര ആഭിചാര തന്ത്രങ്ങളെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തുന്നതിന്‍റേയും സര്‍ക്കാര്‍ മേഖലയിലുള്ള ആരോഗ്യ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കിരിക്കാന്‍ ശ്രമിക്കുന്നതിന്‍റേയുമൊക്ക കാഴ്ചകള്‍ നമ്മുടെ മുന്നിലുണ്ട്. ഇനിയും പല കാലങ്ങളിലായി കോവിഡിനേക്കാള്‍ മാരകമായ വൈറസുകള്‍ ഭൂമിയിലെ മനുഷ്യരെ ബാധിക്കും. അപ്പോഴായിരിക്കും നാം തീര്‍ത്തും നിസ്സഹായരും അനാഥരുമായിത്തീരുക.

അമേരിക്കയിലെ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ദുരിതം ട്രംപ് എന്ന തീവ്ര വലതുപക്ഷ ഭരണാധികാരിയുടെ നിരുത്തരവാദിത്വത്തിന്‍റേയും ദുര്‍ഭരണത്തിന്‍റേയും ഫലമാണ്. സമാനമായ അനുഭവമാണ് അതിനേക്കാള്‍ ഭീകരമായി ഭാവിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. അപ്പോഴും ആചാര അനുഷ്ഠാന വിശ്വാസികളായ മനുഷ്യര്‍ വികാരം പൂണ്ട് കിണ്ണം കൊട്ടാനും ദീപം തെളിയിക്കാനും പുഷ്പവൃഷ്ടി നടത്താനും ആവേശം കൊള്ളുമോ!

എന്തായാലും കേരളത്തിലെ ആരോഗ്യമാതൃക നിപ്പ കാലവും കഴിഞ്ഞ് കോവിഡ് കാലത്ത് അത്യധികം ശ്രദ്ധേയമാവുകയും പ്രശസ്തമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ ആരോഗ്യ നയവും ആരോഗ്യ പ്രവര്‍ത്തകരുടെ അറിവും മികവും കോവിഡ് ദുരന്ത നിവാരണത്തിനായി മുഖ്യമന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും കൂട്ടായ നേതൃത്വത്തിലും കരുതലിലും ജനങ്ങളുടെ സന്നദ്ധ പങ്കാളിത്തത്തോടെ ചിട്ടയോടെ വിശ്രമമില്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവിടെ ജനങ്ങള്‍ക്ക് സമാധാനമായി വീടുകളിലിരിക്കാന്‍ പിന്തുണയായിരിക്കുന്നത്.

എല്ലാവര്‍ക്കും റേഷന്‍ കടകളിലൂടെയുള്ള അരിയും പലവ്യഞ്ജനങ്ങളും സമൂഹ അടുക്കളകളും കുറഞ്ഞ ചെലവില്‍ ഭക്ഷണം വാങ്ങാവുന്ന ഹോട്ടലുകളും അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള ക്രമീകരണങ്ങളും വിവിധ പെന്‍ഷന്‍, സാമ്പത്തിക സഹായ വിതരണം അതിന്‍റെ അടിസ്ഥാനമാണ്.

ജീവിതകാലത്ത് ഇങ്ങനെയൊരു ലോക്ക് ഡൗണ്‍, കണിശമായ സാമൂഹ്യ അകലം പാലിച്ച് ദീര്‍ഘകാലമുള്ള വീട്ടിലിരുപ്പ് ആരും പ്രതീക്ഷിച്ചിട്ടുള്ളതല്ല. ഇനിയുള്ള ജീവിത കാലത്ത് ഇതിനേക്കാള്‍ കടുത്ത ആഘാതങ്ങള്‍ പ്രതീക്ഷിക്കാനുള്ള അവസരമായി ഇതിനെ കാണാന്‍ പഠിക്കാം. ദുരന്തങ്ങളെ നേരിടാനുള്ള ജീവിത ശൈലികള്‍ സ്വായത്തമാക്കാനും നമ്മള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഭൂമി വെറുതെയിടാതെ ഇത്തിരി മണ്ണുണ്ടെങ്കില്‍ പോലും അവിടെ നമുക്കുള്ള പച്ചക്കറികള്‍ നട്ടു വളര്‍ത്തണമെന്ന് പഠിക്കുകയാണ്. കോവിഡ് കാലത്ത് കര്‍ണ്ണാടകം അതിര്‍ത്തി മണ്ണിട്ട് അടച്ചാലും നമുക്ക് ജീവിച്ചേ പറ്റൂ.

മാറ്റി വെച്ച ആര്‍ഭാട കല്ല്യാണങ്ങള്‍ ഇനി നടത്തുന്ന സമയത്ത് തുടര്‍ന്നും വരാനിരിക്കുന്ന ആപല്‍ക്കാലങ്ങളെ ഓര്‍മ്മിക്കണം. നാല് അല്ലെങ്കിലും നാല്പത് പേരെ മാത്രം ക്ഷണിച്ചാലും വിവാഹം ഭംഗിയായി നടക്കും. സ്നേഹമുള്ള കുട്ടികളാണെങ്കില്‍ അവര്‍ നന്നായിത്തന്നെ ജീവിക്കും.
ജീവിതത്തെ വരുന്നിടത്ത് വെച്ച് നേരിടാന്‍ പഠിക്കുകയാണ് നമ്മള്‍. ജനങ്ങളുടെ ആരോഗ്യബോധം മാറിയിട്ടുണ്ട്. കൈ കഴുകണമെന്ന ശുചിത്വ ശീലം മനസ്സിലായിട്ടുണ്ട്. ആവശ്യത്തിനു മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നും തോന്നിത്തുടങ്ങിയിട്ടുണ്ട്. മന്ത്രി സഭാ തീരുമാനങ്ങളുടെ വിശദീകരണത്തിനിടയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനു ശേഷം പുരുഷന്‍മാര്‍ക്ക് ‘അല്പ’മെങ്കിലും വീട്ടുപണികള്‍ ചെയ്യാം എന്നൊരു പൊതുബോധം വളര്‍ന്നിട്ടുണ്ട്. ചുരുങ്ങിയ പക്ഷം വീട്ടു ജോലി ചെയ്യുന്ന പുരുഷന്‍മാരെ ചുറ്റുപാടുമുള്ളവര്‍ ഇനി ‘പെണ്‍കോന്തന്‍’ എന്ന് തന്‍റെ ‘ആണത്ത’ത്തെ പരിഹസിക്കുകയില്ല എന്നെങ്കിലും പഠിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്‍റെ ഒരു കുഞ്ഞു വേരിനെയെങ്കിലും അങ്ങനെ ഇളക്കാനായിട്ടുണ്ടെങ്കില്‍ ഈ ലോക്ക് ഡൗണ്‍ കാലം വിജയമാണ്. ഇതൊക്കെയാണെങ്കിലും സ്ത്രീകള്‍ വീടുകളില്‍ കാണാപ്പണികള്‍ എടുത്തുകൊണ്ടേയിരിക്കുകയും ഗാര്‍ഹികാതിക്രമങ്ങള്‍ കൂടിക്കൊണ്ടേയിരിക്കുകയുമാണ്.

വീടുകളിലിരിക്കണെന്ന് പറഞ്ഞിട്ടും ആളുകള്‍ പുറത്തേക്കിറങ്ങി കറങ്ങി നടക്കുന്നു. ചില പോലീസുകാര്‍ അമിതാധികാരം കാണിച്ച് ജനങ്ങളെ ഏത്തമിടീക്കുകയും തല്ലുകയും അപമാനിക്കുകയും ചെയ്യുന്നു. അതേ സമയം കുറേ നല്ല പോലീസുകാര്‍ ജനങ്ങളെ രാപകലില്ലാതെ സേവിക്കുന്നുണ്ട്. മദ്യം നിര്‍ത്തിയപ്പോള്‍ മദ്യാസക്തരായവര്‍ ആത്മഹത്യ ചെയ്യുന്നു. ഒളിവില്‍ വ്യജമദ്യം ഉണ്ടാക്കുന്നു, എക്സൈസ് പിടികൂടുന്നു. അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവെക്കാനും വിലകൂട്ടി വില്‍ക്കാനും ശ്രമിക്കുന്നു.

അതെ, എല്ലാ തരം നന്‍മയും തിന്‍മയും ധര്‍മ്മവും അധര്‍മ്മവും തമ്മില്‍ – ഈ ദുരന്തകാലത്തും മരണം വന്ന് മുന്നില്‍ നില്‍ക്കുമ്പോഴും – സംഘര്‍ഷത്തില്‍ തന്നെയാണ്. നമുക്കിപ്പോള്‍ എല്ലാ കാഴ്ചകളും കാണാന്‍ സമയമുണ്ട്. ഉള്ളിലേക്ക് സ്വയം നോക്കാനും. ന്യായവും ധര്‍മ്മവും സത്യവും യുക്തിയും ശാസ്ത്രവും യുക്തിയും സേവനവും സ്നേഹവും കരുതലുമെന്തെന്ന് അറിയാനും തിരിച്ചറിയാനും ജീവിതത്തില്‍ വളര്‍ത്തിയെടുക്കാനും ലോക്ക് ഡൗണ്‍ കാലം സഹായിക്കട്ടെ.. മാറ്റത്തിനു തയ്യാറുള്ള കൂടുതല്‍ മനുഷ്യരുടെ ഉള്ളില്‍ നിന്നുള്ള വെളിച്ചം നമ്മുടെ ചുറ്റും നിറയട്ടെ.

എഴുതിയത് ; സി. എസ്‌. ചന്ദ്രിക

കടപ്പാട് ; മാധ്യമം പത്രം

Comments are closed.