DCBOOKS
Malayalam News Literature Website

അകലം പാലിക്കുമ്പോഴും അടുത്തുനിന്നു ചികിത്സ തേടുക: ഡോ. ജയകൃഷ്ണന്‍ ടി

യാത്രകള്‍  നമ്മളിലേക്ക് രോഗാണുക്കള്‍ക്ക് കയറി വരാനുള്ള സാധ്യതകളും കൂടിവരികയാണ്. “ഡോക്ടര്‍ ഷോപ്പിങ്” എന്നതും നമ്മുടെ മാറേണ്ടുന്ന ശീലമാണ്. ഒരു രോഗത്തിന് തന്നെ പല ഡോക്ടര്‍മാരെയും മാറി മാറി കാണിക്കുന്ന ശീലങ്ങള്‍ പലര്‍ക്കുമുണ്ട്. ഇത് പലപ്പോഴും ധനനഷ്ടത്തിന് പുറമെ ആരോഗ്യ സ്ഥിതി വഷളാക്കാനും കാരണമാകും. ഓരോ രോഗവും ചികിത്സിച്ചാല്‍ ഭേദമാകാന്‍ ഒരു കാലയളവു വേണ്ടിവരും. അത് മനസ്സിലാക്കി വേണം സെക്കന്‍റ് ഒപ്പീനിയന്‍” തേടേണ്ടത്.

കോവിഡിനോടൊപ്പം ആശുപത്രികളും ചികിത്സകരും ചേര്‍ത്ത് പിടിക്കേണ്ട കരുതലുകള്‍:

ഇനി ചികിത്സകരും, ആരോഗ്യ പ്രവര്‍ത്തകരും, ആശുപത്രിക്കാരും പാലിക്കേണ്ട കരുതലുകളെക്കുറിച്ചും, ശീലങ്ങളെക്കുറിച്ചും പ്രതിപാദിക്കാം. ആശുപത്രികളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത, രോഗങ്ങള്‍‍ക്ക് മാത്രമേ കിടത്തി ചികിത്സ വേണ്ടതുള്ളൂ. എല്ലാ മരുന്നുകളും, ലാബ് പരിശോധനകളും, ഭക്ഷണ സൗകര്യങ്ങളും ആശുപത്രിക്കകത്ത് തന്നെ ലഭ്യമാക്കണം. അങ്ങനെയായാല്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പിന് കൂടെ ആളുകള്‍ വേണമെന്നില്ല. ഇനി ആവശ്യമുണ്ടെങ്കില്‍ തന്നെ ഒരാളില്‍ കൂടുതല്‍ പേര്‍ വേണ്ടതില്ല. അയാള്‍ ചെറുപ്പമായിട്ടുള്ള ആളും മറ്റ് രോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കുകയും വേണം. ഇനിമുതല്‍ ലാബ് പരിശോധന റിസള്‍ട്ടുകള്‍ നേരിട്ടു വാര്‍ഡുകളില്‍ എത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കണം. എല്ലാ ആശുപത്രികളിലും കൗണ്ടറില്‍ രോഗിയുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭ്യമാകാന്‍ പി.ആര്‍.മാരെ നിയമിക്കണം. ബന്ധുക്കളെ രോഗിയുടെ വിവരങ്ങള്‍ അറിയിക്കാന്‍ ഇന്റര്‍ കോം ഫോണ്‍ സൗകര്യങ്ങള്‍‍ ഉണ്ടാകുന്നത് വാര്‍ഡുകളിലെ സന്ദര്‍ശനം കുറക്കാന്‍ സഹായിക്കും. റിവേഴ്സ് ക്വാറന്‍റൈയിനിന്‍റെ ഭാഗമായി ആശുപത്രികളില്‍ രോഗിയുടെ കൂടെയും/സന്ദര്‍ശനത്തിനും പ്രായമായവരും കുട്ടികളും പോകരുത്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്ന രോഗികളെ വീടുകളില്‍/ ആശുപത്രികളില്‍ സന്ദര്‍ശിക്കുന്ന ശീലങ്ങള്‍ ഉപ്പേക്ഷിക്കണം. പകരം ഫോണില്‍ വിവരങ്ങള്‍ ആരായാവുന്നതാണ്.

ട്രയാജ്” സംവിധാനങ്ങള്‍

ചികിത്സ നല്കേണ്ടുന്ന മുന്‍ഗണനകള്‍ പാലിക്കാനായി രോഗികളെ തരംതിരിക്കുന്ന രീതിയാണ് ട്രയാജ്”. ഇനി മുതല്‍ കോവിഡ് രോഗം ഏറ്റവും കൂടുതല്‍ പകരാന്‍ സാധ്യതയുള്ള ഒരു പ്രധാന കേന്ദ്രം രോഗികള്‍ കൂടുതലായി എത്തുന്ന ആശുപത്രികളായിരിക്കും. അതിനാല്‍ പി‌എച്ച്‌സികള്‍ തൊട്ട് എല്ലാ സര്‍ക്കാര്‍ സ്വകാര്യ ചികിത്സ സ്ഥാപനങ്ങളിലും, “എന്‍ട്രി പോയിന്റുകളില്‍” കോവിഡ് രോഗം സംശയിക്കുന്നവരെ തിരിച്ചറിയാനും മറ്റ് രോഗികളുമായി മിക്സ്” ചെയ്യാതിരിക്കാനും സ്ക്രീനിങ്ങ് സൗകര്യങ്ങള്‍ ഉണ്ടാവണം. ഇതിനായി പ്രധാന കെട്ടിടത്തിന് പുറത്തു ഗെയിറ്റിന് സമീപത്തായി ഒരു തല്‍ക്കാലികബൂത്ത്സൗകര്യം ഉണ്ടാക്കാവുന്നതാണ്. ഇതിനു വേണ്ടത്ര കാറ്റും, വെളിച്ചവും (വെന്‍റിലേഷന്‍) ഉള്ള ടെന്‍റ് പോലുള്ള തുറന്ന സ്ഥലമാണ് നല്ലത് എന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ഇവിടെ പനിയും ചുമയും ആയി വരുന്ന രോഗികളെയും, രണ്ടാഴ്ചക്കിടയില്‍ പനിയും ചുമയും ഉണ്ടായവരെയും തിരിച്ചറിഞ്ഞു മറ്റ് രോഗികളില്‍ നിന്നു മാറ്റി പ്രത്യേകമായക്ലിനിക്കില്‍” വെച്ചു പരിശോധിക്കേണ്ടിവരും. കണ്ടെത്തിയ ഉടനെ അവര്‍ക്ക് മാസ്ക്കുകള്‍ അണിയിക്കണം. ഇപ്പോഴുള്ള കഫ് കോര്‍ണറുകള്‍ ഇതിനായി ഉപയോഗിക്കാം. ശരീരത്തിലെ താപനില അളക്കുവാന്‍ നിലവിലുള്ള വായയില്‍ വെച്ചു നോക്കുന്ന തെര്‍മോമീറ്ററുകള്‍ക്ക് പകരം നോണ്‍ ടച്ചിങ് തെര്‍മോമീറ്ററുകള്‍ ഉപയോഗിച്ച് തുടങ്ങണം.

ഹാന്‍ഡ് വാഷിങ് കോര്‍ണറുകള്‍

എല്ലാ ആശുപത്രികളിലും രോഗികള്‍ക്കു കൈ കഴുകാനായി ഹാന്‍ഡ് വാഷിങ് കോര്‍ണറുകള്‍‘’ സ്ഥാപിക്കണം. വാഷ്ബേസിനുകള്‍ക്ക് സമീപം ഇതിന്റെ വിവരങള്‍ ഡിസ്പ്ലേ ചെയ്തു വെക്കണം. ആശുപത്രികളിലേക്ക് പോകുന്നവര്‍ മിനിമം നാലുതവണയെങ്കിലും ബ്രേക്ക് ദി ചെയ്ന്‍” പാലിക്കണം. വീട്ടില്‍ നിന്നിറങ്ങുന്പോഴും ആശുപത്രിയില്‍ എത്തിയ ശേഷവും കൈകള്‍ കഴുകണം. തിരിച്ചു പരിശോധന കഴിഞ്ഞതിന് ശേഷവും വീട്ടില്‍ തിരികെ കയറുന്നതിന് മുന്‍പും ഒന്നുകൂടി കൈകള്‍ കഴുകണം. രോഗികള്‍ക്ക് ഇതിനായി സോപ്പ് ഡിസ്പെന്‍സറുകള്‍” ആശുപതികളില്‍ ഉണ്ടായിരിക്കണം. കൈകള്‍ കഴുകാന്‍ പറ്റിയില്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്കേണ്ടതാണ്/ഉപയോഗിക്കണം. കൂടുതല്‍ തവണ കൈകള്‍ സോപ്പിട്ടു കഴുകി തൊലി വരളുന്നത് ഒഴിവാക്കാന്‍ വെളിച്ചെണ്ണയോ/കോള്‍ഡ് ക്രീമുകളോ പുരട്ടാവുന്നതാണ്.

Infection prevention Control (ഐ‌പി‌സി)

എല്ലാ ചികിത്സ സ്ഥാപനങ്ങളിലും “Infection prevention Control”, ശീലങ്ങള്‍ വ്യാപകമാക്കണം. ഇവിടങ്ങളിലൊക്കെ ഫര്‍ണിച്ചറുകള്‍ ഉപകരണങ്ങള്‍, പ്രതലങ്ങള്‍ എന്നിവ ദിവസം രണ്ടു നേരമെങ്കിലും അണുനാശിനികള്‍/സോപ്പ് ലായനി ഉപയോഗിച്ച് തുടയ്ക്കണം. ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്ന സ്റ്റെതസ്കോപ്പ്, ബി‌പി ഉപകരണം തുടങ്ങിയവ ഇടക്കിടെ സാനിറ്റൈസര്‍ കൊണ്ട് തുടക്കണം. പരിശോധന മുറികളിലെ എ സി ഉണ്ടെങ്കില്‍ അവ ഉപയോഗിക്കാതെ, ജനലുകള്‍ തുറന്നു വെക്കുകയോ എക്സഹോസ്റ്റ് ഫാനുകള്‍ പിടിപ്പിക്കുകയും വേണം. ഫര്‍ണീച്ചറുകളിലെ അപ്ഹോല്‍സ്റ്ററികളും നിലങ്ങളിലെ കാര്‍പ്പെറ്റ്/റഗ്ഗുകളും തല്‍കാലം ഒഴിവാക്കുന്നതാണ് നല്ലത്. രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമുള്ള വ്യക്തി സുരക്ഷ ഉപകരണങ്ങള്‍ ലഭ്യമാക്കിയിരിക്കണം.

ശാരീരിക അകലംപാലിക്കല്‍

ശാരീരിക അകലംപാലിക്കല്‍ രോഗികള്‍ ശീലമാക്കുമ്പോള്‍ ആശുപത്രി അധികൃതര്‍ അതിനുള്ള സൗകര്യങ്ങള്‍‍ ഒരുക്കുകയും വേണ്ടിവരും. ഇത് പാലിക്കാനായി രജിസ്ട്രേഷന്‍ കൗണ്ടറുകള്‍, ഫാര്‍മസി കൗണ്ടറുകള്‍ക്കു മുന്പില്‍ ഗ്ലാസ്സ് കൊണ്ടോ/ആകൃലിക് കൊണ്ടോ സുതാര്യ സ്ക്രീന്‍ ഉണ്ടാക്കാവുന്നതാണ്. ക്യു ഒഴിവാക്കാനായി കണ്‍സള്‍‍ട്ടേഷനുകള്‍ക്ക് മുന്‍ കൂട്ടി സമയം നിശ്ചയിക്കാവുന്നതാണ്. ഇതിനായി ആപ്പുകള്‍ വികസിപ്പിക്കാവുന്നതാണ്. ഇലക്ട്രോണിക്കല്‍ ടോക്കണ്‍ സൗകര്യങ്ങള്‍‍ ഉണ്ടാക്കാം. രോഗികള്‍ കാത്തിരിക്കുന്ന സ്ഥലങ്ങളിലൊക്കെ വേണ്ട അകലം പാലിച്ച് മാത്രമേ ഇരിപ്പിടങ്ങള്‍ വെക്കാന്‍ പാടുള്ളൂ. കസേരകളും, ഇരിപ്പിടങ്ങളും മുഖത്തോടെ മുഖാമുഖം നോക്കിയിരിക്കാന്‍ ഇട നല്‍കാതെ വിപരീത ദിശയില്‍ പിന്തിരിഞ്ഞു ഇരിക്കുന്ന വിധം ആയിരിക്കണം. വാര്‍ഡുകളില്‍ കട്ടിലുകള്‍ക്കിടയില്‍ ചുരുങ്ങിയത് ഒന്നര മീറ്ററില്‍ കൂടുതല്‍ അകലം വേണ്ടി വരും. ചികിത്സ കേന്ദ്രങ്ങളിലൊക്കെ രോഗികള്‍ക്ക് പരസ്പരം അഭിമുഖമാകാതെ വരാനും (Entry) പോകാനും (EXIT) വഴികള്‍ ഉണ്ടാകുന്നതും നല്ലതാണ്.

പരിശോധനകള്‍ക്ക് ശേഷം ലബോറട്ടറികളില്‍ നിന്നു റിസള്‍ട്ടുകള്‍ ഓണ്‍ലൈനില്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും എത്തിക്കാവുന്നതാണ്. മരുന്നുകള്‍ പ്രിസ്ക്രൈബ് ചെയ്യുന്നത് നേരിട്ടു ഇലക്ട്രോണിക്ക് ആയി രോഗികള്‍ നിര്‍ദ്ദേശിക്കുന്ന ഫാര്‍മസികളില്‍ ‌എത്തിക്കാവുന്നതാണ്. മരുന്നുകള്‍ ആവശ്യമുള്ള രോഗികള്‍ക്ക് കടയില്‍ പോകാതെ വീടുകളില്‍ ഫ്രണ്ട്ലൈന്‍ വോളന്‍റീയര്‍മാര്‍ വഴി എത്തിക്കാം. ഇതൊക്കെ ആളുകള്‍ കൂടി നില്‍ക്കുന്നതും പ്രതലങ്ങള്‍/രോഗാണു സാധ്യതയുള്ള വസ്തുക്കള്‍ ഇവ തൊടുന്നതും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

കോവിഡേതര ചികിത്സ നടപടികള്‍

എല്ലാ ചികിത്സാസ്ഥാപനങ്ങളിലും പൊതുവായി ട്രയാജ്, ശാരീരിക അകലം പാലിക്കാനുള്ള സൗകര്യങ്ങള്‍, ബ്രേക്ക് ദി ചെയ്ന്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, റിവേര്‍സ് ഐസോലേഷന്‍ തുടങ്ങിയവ പൊതുവില്‍ ഉണ്ടാകുമ്പോള്‍ തന്നെ ചില പ്രത്യേക രോഗാവസ്ഥകള്‍ക്കും, റിസ്ക് ഗ്രൂപ്പുകള്‍ക്കും/പ്രായവിഭാഗങ്ള്‍ക്കും (Age groups), ചികിത്സകള്‍ക്കും മുന്‍ഗണനകള്‍ നല്കി ചികിത്സ നല്കേണ്ടതുണ്ട്. ഇതിനായി പൊതുവില്‍ കോവിഡ് കെയര്‍ വേണ്ടവര്‍ക്ക് പ്രത്യേകം ആശുപത്രികളും/ആശുപത്രികളുടെ പ്രത്യേക വേര്‍തിരിക്കപ്പെട്ട ഭാഗങ്ങളും, നോണ്‍കോവിഡ് ആയിട്ടുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങളും ഉണ്ടായാലേ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ പറ്റുകയുള്ളൂ. കൂടാതെ എസെന്‍ഷ്യല്‍ മെഡിക്കല്‍ സര്‍വീസുകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സേവനങ്ങള്‍, പ്രതിരോധ കുത്തിവെയ്പ്പുകള്‍, NCD ക്ലിനിക്കുകള്‍, എമര്‍ജന്‍സി സര്‍വീസുകള്‍, കിഡ്നി, രക്തരോഗികള്‍ക്കുമുള്ള സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തണം. രോഗികള്‍ക്ക് ചികിത്സകള്‍ ലഭിക്കുകയും വേണം. രോഗികള്‍ക്ക് ലഭ്യമാക്കേണ്ടുന്ന എസെന്‍ഷ്യല്‍ മെഡിക്കല്‍ സര്‍വീസുകളെ” ഉള്‍പ്പെടുത്തി ആശുപത്രികള്‍ പാലിക്കേണ്ട നടപടികളെപ്പറ്റി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് ചില മാര്‍ഗ രേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനായിട്ട് പ്രാദേശിക തലങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ആശുപത്രികള്‍ക്കും നടപ്പിലാക്കാവുന്ന ചില സാധ്യതാ നിര്‍ദ്ദേശങ്ങളാണ് ഇനി ചുരുക്കി വിവരിക്കുന്നത്.

കുട്ടികള്‍ക്ക് നല്‍കുന്ന പ്രതിരോധ ചികിത്സകള്‍ :

കോവിഡിന്റെ വ്യാപനത്തോടെ കുട്ടികള്‍ക്കു നല്‍കുന്ന പ്രതിരോധ ചികിത്സയാകെ നിലക്കുകയും താളം തെറ്റുകയും ബാക്ക് ലോഗ്‘’ ആകുകയും ചെയ്തിട്ടുണ്ട്. ഇത് വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ആശുപത്രികള്‍ കേന്ദ്രീകരിച്ചു നല്‍കുകയാണെങ്കില്‍ പനിയും പകര്‍ച്ചവ്യാധികളുമായ രോഗികളില്‍ നിന്നു അകലം പാലിച്ചു നല്കാനുള്ള സ്ഥലസൗകര്യവും അവരുമായി ഇട കലരാതെ നടക്കാനുള്ള/വന്നു പോകാനുള്ള വഴികളും വേണം. അതിനു സൗകര്യം ഇല്ലെങ്കില്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചു നല്‍കാതെ പ്രാദേശികമായി ആളുകള്‍ക്ക് നടന്നെത്താവുന്ന സ്ഥലങ്ങളില്‍ സ്ഥിരമായി (fixed sites) സബ് സെന്ററുകള്‍/അങ്കണ‍വാടികള്‍ കേന്ദ്രമാക്കി മാസത്തില്‍ ഒന്നോ രണ്ടോ തവണ നിശ്ചിത തീയതികളില്‍ നല്കുകയായിരിക്കും ഇനിവരുന്ന നാളുകളില്‍ ഉചിതം. പ്രതിരോധ ചികിത്സകള്‍ നല്‍കുന്ന തീയതികളില്‍ ഇപ്പോഴുള്ള ഉച്ചവരെ മാത്രമുള്ള സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കി, സമയക്രമം നിശ്ചയിച്ചു മുന്‍കൂട്ടി എസ്‌എം‌എസ് ആയോ വാട്സ് ആപ്പ് സന്ദേശമായോ അറിയിച്ച് തിരക്കില്ലാതെ നടത്താന്‍ പറ്റുന്നതാണ്. ഇതിനായി ആശമാര്‍/ ജെ‌പി‌എന്‍‌എച്ച് മാര്‍ അഡ്മിനിസ്റ്റര്‍മാരായി അമ്മമാരുടെ ഒരു ഗ്രൂപ്പ് പ്രാദേശികമായി അവിടങ്ങളില്‍ ഉണ്ടാക്കാവുന്നതാണ്. ഓരോ കുട്ടിക്ക് കുത്തിവെയ്പ്പ് നല്‍കി കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് തുടക്കണം. ഒരു കുട്ടിയുടെ കൂടെ ഒരാള്‍ മാത്രമേ വരാവൂ. ഇതിനായി സ്റ്റാഫിന്‍റെ കുറവ് ഉണ്ടെങ്കില്‍ നേഴ്സിങ് ട്രെയിനിമാരുടെയോ റിട്ടയേഡ് നേഴ്‍സ്മാരുടെയോ സേവനം തേടാവുന്നതാണ്. ഇത് കൂടാതെ എല്ലാ ക്ലിനിക്കുകളും ആശുപത്രികളും കുട്ടികള്‍ ചികിത്സക്കായി എത്തുന്ന ഏത് അവസരവും വാക്സിനേഷന് വേണ്ടി ഉപയോഗപ്പെടുത്തണം (opportunistic vaccination). ആരോഗ്യ പ്രവര്‍ത്തകര്‍ട്രാക്കിങ്ങി”ലൂടെ വാക്സിനുകള്‍ നല്കാന്‍ വിട്ടുപോകുന്നവരെ പിന്തുടര്‍ന്നു കണ്ടെത്തി“catch up” വാക്സിനുകള്‍ നല്‍കാനും ഇനി ശ്രമങ്ങള്‍ ഉണ്ടാവണം. ഈ കാലങ്ങളില്‍ ആളുകള്‍ കൂടുന്നപള്‍സ് പോളിയോ” പോലെയുള്ള മാസ് ഇമ്മ്യൂണൈസേഷന്‍ ക്യാംപെയിനുകള്‍ നടത്തുന്നത് ഉചിതവുമല്ല.

ലോക്ഡൗണ്‍ കഴിഞ്ഞു ഇനിയുള്ള നാളുകളില്‍ ദാരിദ്രവും ഭക്ഷ്യ ക്ഷാമവും, പോഷകാഹാരക്കുറവും വര്‍ദ്ധിക്കാനാണ് സാധ്യത. ഇത് ഏറ്റവും ആദ്യം ബാധിക്കുന്നത് അവിടങ്ങളിലുള്ള ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരിലെ കുട്ടികളിലാണ്. അങ്കണ‍വാടി വര്‍ക്കര്‍മാരും കുട്ടികളുടെ പോഷകാഹാരക്കുറവ് ക്രമമായി വീടുകളില്‍ ചെന്നു അവരുടെ ശാരീരികഭാരം നോക്കി പ്രതിമാസം മോണിറ്റര്‍ ചെയ്യണം. ഇതിനായി ബാഗുകളില്‍ കൊണ്ട് നടക്കാവുന്ന ഭാരം കുറഞ്ഞ വെയിറ്റിങ്ങ് മിഷ്യനുകള്‍” അവര്‍ക്ക് നല്കണം. പൂരക പോഷക വിതരണത്തിന്റെ ഭാഗമായി,“ടെയ്ക് ഹോം റേഷന്‍” ആയ നൂട്രീമിക്സ്/ അമൃതം പൊടികള്‍ പ്രാദേശികമായി ഉത്പാദിക്കപ്പെടുകയും വീടുകളില്‍ കൃത്യമായി എത്തിച്ച് കൊടുക്കുകയും വേണം.

കുട്ടികളിലെഅനീമിയ” നിയന്ത്രിക്കാനായി ഇപ്പോള്‍ സ്കൂളുകള്‍ വഴി നല്‍കി വരുന്ന കൗമാര പ്രായക്കാര്‍ക്കുള്ളവിഫ്സ്” ഗുളികകള്‍ കമ്മ്യൂണിറ്റി വിതരണ സംവിധാനങ്ങള്‍ വഴി വീടുകളില്‍ എത്തിക്കാവുന്നതാണ്. പ്രശ്നങ്ങളുള്ള കുട്ടികള്‍ക്ക് കൗണ്‍സലിംഗ് സര്‍വീസുകള്‍ നേരിട്ടോ/ ഫോണിലോ നല്കാന്‍ പ്രാദേശികമായി സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

സ്ത്രീകളുടെയും ഗര്‍ഭിണികളുടെയും ചികിത്സകള്‍

ഏത് ദുരന്തങ്ങള്‍ പോലെയും കോവിഡ് മൂലം കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടത് സ്ത്രീകള്‍ക്കായിരിക്കും. ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും, ആശമാര്‍, ജെ‌പി‌എച്ച്‌എന്‍, അങ്കണവാടി പ്രവര്‍ത്തകര്‍ ഇവരൊക്കെ ഇപ്പോള്‍ സ്ത്രീകളാണ്. ഇവരില്‍ പ്രത്യേക ശ്രദ്ധ വേണ്ടുന്നവരെ മോണിറ്റര്‍ ചെയ്യപ്പെടേണ്ടതുണ്ട്. വീടുകളിലും, തൊഴില്‍ സ്ഥലങ്ങളിലും ജെന്റര്‍ വയലെന്‍സുകളും ഇത്തരം അവസരങ്ങളില്‍ ഉയരാനാണ് സാധ്യത എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍‍ അഭിപ്രായപ്പെടുന്നത്.

പ്രദേശത്തുള്ള ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും സ്ത്രീകളില്‍ ഗര്‍ഭിണികള്‍ക്കുള്ള അയണ്‍ ഗുളികകള്‍, ടെറ്റനസ് കുത്തിവെയ്പ്പുകള്‍, പോഷക ആഹാരങ്ങള്‍ എന്നിവ ലഭ്യമാക്കുകയും നല്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇവരില്‍തന്നെ ഹൈ റിസ്ക് ഗ്രൂപ്പില്‍പ്പെട്ടവരെയും അവസാന ത്രൈ മാസത്തിലുള്ളവരെയും (Trimester )ലിസ്റ്റുകള്‍ ഉണ്ടാക്കി ഫോണുകളിലൂടെ കൊണ്ടാക്ട് ചെയ്തു ഫോളോ അപ്പ് ചെയ്യണം. ഇവരില്‍ പ്രതീക്ഷിക്കുന്ന പ്രസവ തീയതി അടുത്തിട്ടുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആശുപത്രിയും ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്തി പ്രസവത്തിനുള്ള പ്ലാനുകള്‍ മുന്‍കൂട്ടി തയ്യാറാക്കി വെക്കണം. പ്രതീക്ഷിക്കുന്ന പ്രസവതീയതിക്ക് മുമ്പ് തന്നെ വാഹനങ്ങളും ഏര്‍പ്പാടാക്കി വെക്കണം.

പ്രസവസമയത്ത് ബ്ലഡ് ട്രാന്‍സേഷന്‍ വേണ്ടവര്‍ക്കും അതിനുള്ള കരുതലുകള്‍ നേരത്തെ തയ്യാറാക്കി വെക്കാവുന്നതാണ്. അതുപോലെ ആശുപത്രികളില്‍ പ്രസവങ്ങള്‍ക്കാവശ്യമായ misoprostol, സേഫ് ഡെലിവറി കിറ്റുകളും സ്റ്റോക് ചെയ്തു വെയ്ക്കണം. പ്രസവങ്ങള്‍ക്ക് ശേഷം അമ്മയുടെയും ശിശുവിന്റെയും ക്ഷേമം വീടുകളിലേക്ക് ഫോണ്‍ ചെയ്തു ആരോഗ്യ പ്രവര്‍ത്തകര്‍ ഫോളോ അപ് ചെയ്തു അറിഞ്ഞ് വെക്കേണ്ടതാണ്.

കോവിഡ് പകര്‍ച്ചയുണ്ടാകുന്ന വേളകളിലൊക്കെ അത്യാവശ്യമില്ലാത്ത സര്‍ജറികള്‍ നിര്‍ത്തി വെക്കുന്നതാണ് ഉചിതം. അതിനാല്‍ സ്ത്രീകളിലും, പുരുഷന്മാരിലും വന്ധീകരണത്തിനുള്ള ശസ്ത്രക്രിയകളും (എന്‍‌എസ്‌വി, പി‌പി‌എസ്‌), കോപ്പര്‍ ടി നിക്ഷേപിക്കലും മാറ്റിവെച്ചേക്കാം. അതിനാല്‍ ഗര്‍ഭ നിരോധനം ആഗ്രഹിക്കുന്നവര്‍ മറ്റ് താല്‍ക്കാലിക മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വന്നേക്കും. അതേസമയത്തു തന്നെ ഗര്‍ഭനിരോധനത്തിനുള്ള ഔഷധങ്ങളും, അബോര്‍ഷനുള്ള സൗകര്യങ്ങളും ആവശ്യകാര്‍ക്ക് ലഭ്യമാക്കുകയും വേണം. ആവശ്യമുള്ളവര്‍ അവയുടെ സ്റ്റോക്ക് കരുതി വെക്കുകയും വേണം. (കേരളത്തില്‍ ഇപ്പോള്‍ ഗര്‍ഭനിരോധന ഗുളികകള്‍ മൂന്നിരട്ടിയില്‍ അധികം ചെലവായെന്ന് പത്ര വാര്‍ത്തകള്‍ ഉണ്ടായിരുന്നു.) ലോക്ഡൗണ്‍ കാലങ്ങള്‍ക്ക് ശേഷം ആളുകള്‍ തൊഴിലിന് പോകാതെ വീടുകളില്‍ തന്നെ കഴിയുന്നതിനാല്‍ ഒരു പ്രഗ്നന്‍സി ബൂം” ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്നാണ് ഡെമൊഗ്രാഫെര്‍സ് അഭിപ്രായപ്പെടുന്നത്. ഇതുപോലെയുള്ള വറുതി കാലങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി ഉണ്ടാകുമെന്നും, അവരുടെ ആയുസ്സ് കുറവുമായിരിക്കുമെന്ന് 1918-ലെ സ്പാനിഷ് ഫ്ലൂ‘’ കാലത്തു ജനിച്ചവരില്‍ തുടര്‍ പഠനങ്ങള്‍ നടത്തിയ മെഡിക്കല്‍ ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരിക/ലൈംഗീക അതിക്രമങ്ങള്‍ മാനേജ് ചെയ്യാന്‍ വണ്‍ സ്റ്റോപ്പ് ക്രൈസിസ്‘’ കേന്ദ്രങ്ങളും ബ്ലോക്ക് തലത്തില്‍ വേണ്ടിവരും. ഇവിടങ്ങളില്‍ കൗണ്‍സിലര്‍മാരുടെയും, നിയമ സഹായികളുടെയും സേവനങ്ങള്‍ ചികിത്സകരുടെ ഒപ്പം ഇപ്പോഴുള്ളത് പോലെ ലഭ്യമാക്കുകയും വേണം.

മറ്റ് ഹൈ റിസ്ക് ഗ്രൂപ്പുകള്‍ക്ക് വേണ്ട സേവനങ്ങള്‍

പ്രദേശിക ഭരണകൂടങ്ങള്‍ക്ക്/പി‌എച്ച്‌സികള്‍ക്ക്‍ കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ശിശുക്കള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവര്‍, മാനസിക രോഗികള്‍, പ്രമേഹം, രക്ത സമ്മര്‍ദം. കിഡ്നി, ഹൃദയ, കാന്‍സര്‍ രോഗികള്‍ ഇവരുടെ ലിസ്റ്റ് ഉണ്ടാക്കിവെക്കണം. ഇവരുടെ വീടുകളില്‍ കൃത്യമായ ഇടവേളകളില്‍ ഗൃഹ സന്ദര്‍ശനം നടത്തണം, വിവരങ്ങള്‍ ആരായണം. ഫോളോ അപ്പുകള്‍ കൃത്യമായി നടത്തുന്നുണ്ടോ എന്നു നോക്കുകയും വേണം. കേരളത്തില്‍ ഇപ്പോള്‍ തന്നെ വാര്‍ഡ് തലത്തില്‍ വല്‍നറബിലിറ്റി” മാപ്പിങ് (Vulnerability) നടത്തി ഇവരുടെ ലിസ്റ്റുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 13 ശതമാനത്തില്‍ കൂടുതല്‍ അറുപത് വയസ്സു കഴിഞ്ഞവരാണ്. അത് പോലെ പകുതിയിലധികമുള്ള മുപ്പതു വയസ്സു കഴിഞ്ഞവരില്‍ 20 തൊട്ട് 30 ശതമാനം വരെയുള്ളവര്‍ക്ക് രക്ത സമ്മര്‍ദരോഗമോ പ്രമേഹമോ ഉള്ളവരാണ്. ഇങ്ങനെയുള്ള NCD രോഗികള്‍ക്ക് ഒരുമാസം കഴിക്കേണ്ടുന്ന മരുന്നുകള്‍ ഒന്നിച്ചു നല്കണം/ സ്റ്റോക്ക് ചെയ്യണം. ബി‌പി, രക്തത്തിലെ പഞ്ചസാര എന്നിവ വീടുകളില്‍ നിന്നു “സെല്‍ഫ് മോണിറ്റര്‍ ചെയുന്നവര്‍ക്ക് അങ്ങനെ ചെയ്യാനും, അല്ലാത്തവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍മാരെ കൊണ്ടോ ചെയ്യിക്കാവുന്നതാണ്. വീടുകളില്‍ ചെന്നു രക്ത സാംപിളുകള്‍ ശേഖരിച്ചു ലാബോട്ടറികളില്‍ എത്തിക്കുന്ന ബൈക്ക് ആംബുലെന്‍സുകള്‍/“സ്വാന്തനം” മോഡല്‍ ലാബ് പരിശോധനകള്‍ കുറച്ചു കൂടി വ്യാപകമാക്കാവുന്നതാണ്. അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ അവശ്യമായി വേണ്ടിവരുന്നവരുടെ ഒരു ലിസ്റ്റ് കോണ്‍ടാക്റ്റ് നമ്പറുകളടക്കം പ്രാദേശീയമായി തയ്യാറാക്കി വെക്കണം. ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവര്‍, അതില്‍ പ്രായമായവര്‍, കിടപ്പ് രോഗികള്‍, പാലിയേറ്റിവ് ചികിത്സ വേണ്ടവര്‍, ഡയാലിസിസ് രോഗികള്‍, തുടങ്ങിയവരുടെ വിവരങ്ങള്‍ ഉണ്ടായിരിക്കണം. ഇവരെ മാസത്തില്‍ രണ്ടു തവണ എങ്കിലും ആശ/ആരോഗ്യ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ നേരിട്ടു വീടുകളില്‍ സന്ദര്‍ശിക്കണം. പ്രമേഹം, രക്ത സമ്മര്‍ദം, COPD രോഗികള്‍ക്കു ഒരു മാസത്തില്‍ കൂടുതലുള്ള മരുന്നുകള്‍ കൈയില്‍ സ്റ്റോക്ക് ഉണ്ടായിരിക്കുകയും ആവശ്യത്തിനനുസരിച്ച് ഫോളോ അപ് പരിശോധനകള്‍ ഡോക്ടര്‍മാര്‍ വഴി നടത്തുകയും വേണം. ഇതിനായി രോഗികളുടെ കൈയില്‍ ഒരു ചികിത്സ ഡയറി ഉണ്ടാവുകയും, ചികിത്സിക്കുന്ന സ്ഥാപനങ്ങളിലും, ഡോക്ടര്‍മാരുടെ പക്കലും ഫോളോഅപ്പിനും, ട്രാക്കിങ്ങിനും അവരുടെ വിവരങ്ങള്‍ ചേര്‍ത്ത റെക്കോര്‍ഡുകളും ഉണ്ടായിരിക്കുകയും വേണം.

ബ്ലഡ് ഡിസ്ഓര്‍ഡേഴുകള്‍ ഉള്ള രോഗികള്‍

താലസീമിയ, സിക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ തുടങ്ങിയ രോഗികള്‍ക്ക് ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡുകള്‍ നല്കുകയും അവര്‍ക്ക് ആശുപത്രികളില്‍ തടസ്സമില്ലാതെ പോകുവാനുള്ള ഗ്രീന്‍ ചാനല്‍” സൗകര്യങ്ങളും വേണം. അവര്‍ ചികിത്സക്ക് പോകുമ്പോള്‍ രക്ത ബാങ്കുകളില്‍ നേരത്തെ അറിയിക്കുകയും, പോകുന്നതിനു മിനിമം മൂന്നു ദിവസം മുന്പെങ്കിലും ആവശ്യമുള്ള രക്തം സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കാനും രക്ത ബാങ്ക് അധികൃതരുമായി സംവിധാനങ്ങള്‍ ഉണ്ടാക്കി വെക്കുന്നത് നന്നായിരിക്കും. കാന്സര്‍ രോഗികള്‍ക്കും ആവശ്യമുള്ള മരുന്നുകളും ചികിത്സകളും ആശുപത്രികളില്‍ നിന്നു തുടര്‍ന്നും ലഭിച്ചിരിക്കണം.

ഈ സമയത്ത് അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് ട്രാന്‍സ് ജെന്‍ഡേഴ്സ്. സ്ഥിരം ഹോര്‍മോണുകള്‍ കഴിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കാനും, തുടര്‍ ചികിത്സ വേണ്ടവര്‍ക്ക് അത് നല്കാനും സംവിധാനങ്ങള്‍ വേണ്ടി വരും. ഇവരും ചികിത്സകള്‍ക്ക് വിഷമിക്കുന്നതായി പരാതികള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

എമര്‍ജെന്‍സി കെയര്‍, അത്യാഹിത ചികിത്സകള്‍

ഇത്തരം ഇടങ്ങളില്‍ എമര്‍ജെന്‍സി കെയര്‍ ആവശ്യമുള്ളവര്‍ മാത്രമേ പോകാന്‍ പാടുള്ളൂ. നമ്മുടെ നിലവിലുള്ള നാട്ടുനടപ്പ് അനുസരിച്ചു സാധാരണയായി ഒ പി കളിലെ കാത്തിരുപ്പ് സമയം, ക്യൂവില്‍ നില്‍ക്കുന്നതും, ഒഴിവാക്കാനും ഇവിടങ്ങളില്‍ അത്യാവശ്യ ചികിത്സ അവശ്യമില്ലാത്തവര്‍ പാതിരാത്രികളിലും പോകുന്നത് ഇവിടെ ഒരു ശീലമായി മാറിയിട്ടുണ്ട്. ഇതുമൂലം രോഗികളുടെ തിരക്ക് മൂലം പകര്‍ച്ചവ്യാധികള്‍ പകരാനും. അടിയന്തിര ചികിത്സ കിട്ടേണ്ടവര്‍ക്ക് മുന്‍ഗണനകള്‍ തെറ്റി അത് നഷ്ടപ്പെടാനും, ഡോക്ടര്‍മാരുടെയും, നേഴ്‍സുമാരുടെയും മാനവശേഷി/സമയ ദുരുപയോഗത്തിനും കാരണമാകുന്നുണ്ട്. അതിനാല്‍ ചികിത്സ തേടുന്നവര്‍ ഈ കാര്യത്തില്‍ കൂടുതല്‍ വിവേക ശീലങ്ങള്‍ ഇനിയെങ്കിലും ഉണ്ടാക്കേണ്ടതുണ്ട്. അടിയന്തിര സേവനങ്ങള്‍ ആവശ്യമുള്ളപ്പോള്‍ ഇത്തരം ഇടങ്ങളിലേക്ക് രോഗികളെ എത്തിക്കാന്‍ ആവശ്യത്തിന് വാഹന സൗകര്യങ്ങളും വേണം. ഇനിയുള്ള നാളുകളില്‍ ഒരു പി‌എച്ച്‌സിക്കു കീഴില്‍ തന്നെ കോവിഡ് രോഗികള്‍ക്കും, മറ്റ് രോഗികള്‍ക്കുമായി വെവ്വേറെ വാഹനങ്ങളും/ ആംബുലന്‍സ് ഡ്രൈവര്‍മാരും വേണ്ടി വരും. ഇതില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് അണുനശീകരണത്തിനും, വ്യക്തി സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും പരിശീലനങ്ങളും ഉപകരണങ്ങളും നല്കുകയും വേണം. ട്രോമകെയര്‍, ഫസ്റ്റ് എയിഡ് നല്‍കുന്ന വോളണ്ടിയര്‍മാരൊക്കെ പി പി ഈ കിറ്റുകളുടെ ശരിയായ ഉപയോഗവും അറിഞ്ഞിരിക്കണം.

പകര്‍ച്ചവ്യാധികള്‍

കോവിഡ് അടക്കം മിക്ക സാംക്രമിക രോഗങ്ങളുടെയും ലക്ഷണം പനിയാണ്. അതിനാല്‍ പനി രോഗലക്ഷണമുണ്ടാകുമ്പോള്‍ നേരിട്ടു ആശുപത്രികളില്‍ പോകാതെ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചിട്ടു അവരുടെ നിര്‍ദ്ദേശമനുസരിച്ച് വേണം ചികിത്സ തേടാന്‍. സ്വകാര്യ ചികിത്സയായാലും ഡോക്ടര്‍മാരുടെ അപ്പോയിന്‍റ്മെന്‍റ് വാങ്ങി മാത്രമേ ആശുപത്രികളില്‍ പോകാന്‍ പാടുള്ളൂ. പനി ലക്ഷണമുള്ളവരെ മറ്റ് രോഗികളുമായി ഇടകലരാതെ പരിശോധിക്കാനായി പ്രതേകംക്ലിനിക്കുകള്‍” ആശുപത്രികളില്‍ നടത്തുന്നതാണ് നല്ലത്. വീടുകളില്‍ പനി രോഗികള്‍ റിവേര്‍സ് ക്വാറന്‍റൈന്‍ പാലിക്കണം.

നിലവിലുള്ള പകര്‍ച്ചവ്യാധി സര്‍വൈലന്‍സ്/റിപ്പോര്‍ട്ടിങ്/നോട്ടിഫിക്കേഷന്‍ പ്രവര്‍ത്തികള്‍ ഇപ്പോഴുള്ളത് പോലെ കുറച്ചുകൂടി കാര്യക്ഷമമാക്കി തുടരേണ്ടി വരും. രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ സമയത്ത് തന്നെ നടത്തണം. ജലജന്യ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കുടിവെള്ളശ്രോതസ്സുകളുടെ സംരക്ഷണവും, ജലവിതരണവും

Comments are closed.