DCBOOKS
Malayalam News Literature Website

കോവിഡും മഴവിൽ മനുഷ്യരും

കോവിഡ് കാലത്തെ ലിംഗഭേദങ്ങളെക്കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും അനുഭവങ്ങളും ആലോചനകളും ആവിഷ്‌കരിക്കുന്ന സമാഹാരം ‘ലിംഗപദവി‘യിൽ പ്രിജിത്ത് പി കെ എഴുതിയ ലേഖനത്തിൽ നിന്നും (സ്വവര്‍ഗാനുരാഗിയും ലിംഗത്വ -ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്യുവെര്‍ റിഥം സ്ഥാപകനും ഗവേഷകനും അധ്യാപകനുമാണ് ലേഖകന്‍)

രോഗത്തിനും രോഗവ്യാപനത്തിനും ജാതിയെന്നോ, മതമെന്നോ, ജൻഡറെന്നോ (ലിംഗത്വം), ലൈംഗികതയെന്നോ വ്യത്യാസപ്പെടുവാൻ സാധിക്കാത്തിടത്തോളം രോഗഭീഷണി നേരിടുന്നവരിൽ നാം മറന്നു പോകുന്ന ചിലരുമുണ്ട്. വ്യവസ്ഥാപിത സാമൂഹിക സദാചാര-ദ്വന്ദ സങ്കല്പങ്ങൾകൊണ്ടും  കാലാകാലങ്ങളായി പലവിധ സാമൂഹ്യഭ്രഷ്‌ട്ടുകളും നേരിട്ട് പൊതുസമൂഹത്തിന്റെ അവജ്ഞകൾക്കും അനിഷ്ടങ്ങൾക്കും പാത്രമായി കുടുംബവും സമൂഹവും നാനാവിധമായ സാമൂഹ്യ ഇടങ്ങളിൽ നിന്നും അന്യരാക്കപ്പെട്ടവർ, പൊതുസദാചാരം കൊണ്ടും കൊളോണിയൽ -തീവ്ര മത ബോധംകൊണ്ടും അപ്രിയരായി കരുതുന്ന ലിംഗത്വ-ലൈംഗികത ന്യൂന പക്ഷങ്ങൾ (Sexuality and Gender Minorities).

ജീവിതം നിലക്കുന്ന നിമിഷങ്ങളിൽ ഓരോ വ്യക്തിയും അതിജീവനോപായങ്ങളെക്കുറിച്ചാവും ചിന്തിക്കുക. അത്തരത്തിലൊരു പ്രതിസന്ധിയാണ് കോവിഡ് 19 എന്ന സാർസ് കുടുംബത്തിലെ വൈറസ് ഉണ്ടാക്കിയിട്ടുള്ളത്. കേരളമോ ഇന്ത്യയോ ഏഷ്യയോ മാത്രമല്ല ലോകം മുഴുവൻ പ്രതിസന്ധികളിലൂടെ നിശ്ചലമായി മാറുകയായിരുന്നു. കോവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പാർശ്വവൽകരിക്കപ്പെട്ട-നിശ്ശബ്ദരാക്കപ്പെട്ട ജനവിഭാഗങ്ങളെക്കുറിച്ചും ലോകം ചർച്ച ചെയ്യുകയും അവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുകയുമുണ്ടായി. എന്നാൽ സാമൂഹ്യ-രാഷ്ട്രീയ ബോധ്യങ്ങളിൽ പരിഗണനസാധ്യമല്ലാത്തവിധം അദൃശ്യമാക്കപ്പെട്ടവരായി വർഷങ്ങളുടെ സാമൂഹ്യായിത്തം ഈ മനുഷ്യരെ കൊണ്ടെത്തിച്ചു. കോവിഡ് മഹാമാരി ഉണ്ടാക്കിയ ദൈനംദിന ജീവിത പ്രതിസന്ധി ചർച്ചകളിൽ നമ്മൾ എത്ര മിശ്രലിംഗർ-ട്രാൻസ്‌ജെൻഡർ-ജെണ്ടർക്വീയർ-സ്വവർഗാനുരാഗികൾ-ഉഭയലൈംഗികർ-നിർലൈംഗികർ തുടങ്ങി സെക്ഷ്വാലിറ്റി-ജെണ്ടർ സ്പെക്ട്രത്തിലെ വൈവിധ്യമാർന്ന സ്വത്വങ്ങളുള്ള മനുഷ്യരെക്കുറിച്ച് കരുതലും ആശങ്കയുമുള്ളവരായി!

കേരളത്തിൽ ക്വീയർ മനുഷ്യർ എന്നാൽ ചിലർക്കെങ്കിലും ട്രാൻസ്‌ജെൻഡർ മനുഷ്യർ മാത്രമാണ്; അതിനപ്പുറം പ്രതിസന്ധികൾ നേരിടുന്ന മറ്റ് ക്വീയർ മനുഷ്യർ ആരാണെന്നു അറിയാത്തതോ അവരെ ബോധപൂർവം വിസ്മരിക്കുന്നതോ ആയ അവസ്ഥ  മലയാളികളുടെ ശീലമാണ്. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി നിലവിൽ വന്ന കേരളത്തിൽ   ക്വീയർ പ്രസ്ഥാനങ്ങൾ പ്രചാരത്തിൽ ആയിട്ട് പതിനൊന്നു വർഷങ്ങൾ ആകുകയാണ്, എന്നിട്ടും സാമൂഹികാംഗീകാരവും ദൃശ്യതയും ഒരു പരിധിക്കപ്പുറം സ്വീകരിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത.

ക്വീയർ അഥവാ ലിംഗത്വ-ലൈംഗികതാ ന്യൂനപക്ഷങ്ങൾ (LGBTIQA+) എന്നറിയപ്പെടുന്നവർക്ക് ഈ കോവിഡ് കാലഘട്ടത്തിൽ മറ്റുമനുഷ്യർക്ക് ഇല്ലാത്ത എന്ത് പരിഗണയാണ് നൽകേണ്ടത്? അവർക്കെന്താ പ്രത്യേകത?

Textതികച്ചും സ്വാഭാവികമായി ഉരുത്തിരിയുന്ന ഈ ചോദ്യങ്ങൾ പക്ഷെ ഒട്ടും നിഷ്കളങ്കമല്ല, അതോടൊപ്പം അപ്രതീക്ഷിതവുമല്ല. കാലാകാലങ്ങളായി പൊതുസമൂഹം അനിഷ്ടപ്പെടേണ്ടവരായി കരുതുന്നവരും അങ്ങനെ വിശ്വസിക്കുന്നവരുമായതിനാലാവും കോടതിവിധിയും സർക്കാർ പോളിസികളും നിലവിൽ വന്നിട്ടും പൊതുജനസമ്മതി ഇന്നും അന്യമായി നിൽക്കുന്നത്.

സമൂഹത്തിലും കുടുംബത്തിലും സ്വന്തം ശരീരത്തിലും ഒറ്റപ്പെടുന്നവരായി വിവിധ സ്വത്വപ്രതിസന്ധികൾ ഒരേസമയം നേരിടുന്ന മറ്റേതൊരു മനുഷ്യനുണ്ടാകും?

ക്വീയർ മനുഷ്യരെ ഏകമാനസ്വത്വപ്രതിസന്ധികൾ നേരിടുന്നവർ എന്നും വിളിക്കാൻ സാധിക്കില്ല, വിവിധങ്ങളായ പ്രശ്നങ്ങൾ ആയിരിക്കും അവർ നേരിടുന്നതും അനുഭവിക്കുന്നതും. എത്രത്തോളം വ്യത്യസ്തമായ ഐഡന്റിറ്റികൾ ഉണ്ടോ, അത്രയും വൈവിധ്യമുള്ള സ്വത്വ പ്രതിസന്ധികളും, ജീവിത സാഹചര്യങ്ങളുമായിരിക്കും ഉണ്ടാകുക. എന്നാൽ പൊതുസമൂഹത്തിന്റെ ഭയാശങ്കകൾ -ഹോമോഫോബിയ, ട്രാൻസ്‌ഫോബിയ തുടങ്ങിയ ക്വീയർ ഫോബിയകൾ- തുടർന്നും വളർന്നും കൊണ്ടേയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.

ലോക്ക്ഡൗൺ  കാലഘട്ടം റദ്ദാക്കിയത് ക്വീയർ മനുഷ്യരുടെ സാമൂഹ്യജീവിതവും കമ്മ്യൂണിറ്റി ചലനവും (Community Movements) പീയർകൂട്ടായ്മകളെയുമാണ് (Peer group meetings). സമൂഹത്തിൽ ഒറ്റപ്പെട്ടവരെങ്കിലും ക്വീയർ മനുഷ്യർക്കിടയിൽ അവർതന്നെ കാലാകാലങ്ങളായി ഉണ്ടാക്കിയെടുത്തൊരു ലോകമുണ്ട്, സമൂഹമുണ്ട്. പൊതുസമൂഹം അവമതികളിലൂടെ മാറ്റിനിർത്തുമ്പോഴും തങ്ങളുടെ ഇത്തരം കൂട്ടായ്മകളും, ഒത്തുചേരലുകളും, കമ്മ്യൂണിറ്റി സഹവാസവുമായൊക്കെയായിരുന്നു അതിജീവനം സാധ്യമാക്കിയ ഇടങ്ങൾ. അത്തരം ഇടങ്ങളുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാക്കൽ ഉണ്ടാക്കിയ ഭീകരമായ ഒറ്റപ്പെടുത്തലും, വേദനയും  ഉണ്ടാക്കിയ സാമൂഹ്യഅന്യമാക്കൽ (communal isolation) സ്ഥിരം അസ്ഥിരപ്പെടുത്തലുകൾക്കൊപ്പം കൂടുതൽ ഭയാശങ്കകളും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയിട്ടുണ്ട്. ഈ വർഷത്തെ അന്താരാഷ്ട്ര ട്രാൻസ്ഭീതി-സ്വവർഗഭീതി-ഉഭയലൈംഗികതാഭീതി വിരുദ്ധ ദിനം (International Day against Homophobia,Transphobia and Biphobia) കോവിഡ് സാഹചര്യത്തിൽ വിവിധ സംഘടനകൾ ഓൺലൈൻ പരിപാടികളോടെയാണ് ആചരിച്ചത്. ഓരോ വർഷവും വ്യത്യസ്തമായ തീമുകളിലൂടെ ആചരിക്കുന്ന ഈ ദിനം, ഇത്തവണ ‘നിശബ്ദത വെടിയൂ’ എന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ കോവിഡ് സാഹചര്യം ഉണ്ടാക്കിയ അരക്ഷിതത്വം നിശബ്ദത കൂട്ടുകയാണ് ഉണ്ടായത്.

“ഞാൻ ലെസ്ബിയൻ ആണെന്ന് വീട്ടുകാർക്കും, സുഹൃത്തുകൾക്കും അറിയാം, തൊഴിൽ നഷ്ടം വരുത്തിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ എനിക്കോ വീട്ടുകാർക്കോ കൈകാര്യം ചെയ്യാൻ സാധിക്കും വിധം ആയിരുന്നില്ല, പലവിധത്തിൽ മാനസികമായും സാമ്പത്തികമായും തളർന്നുപോയ സമയം ആയിരുന്നു, കമ്മ്യൂണിറ്റിയിലെ ആളുകളോട് സംസാരിക്കാനോ കാണാനോ കഴിഞ്ഞില്ല എന്നത് സങ്കടവും തളർച്ചയും ആയി മാറിയിരുന്നു. 38 വയസുള്ള പത്തനംതിട്ട സ്വദേശിനിയായ ശ്രീജ*യുടെ വാക്കുകളാണ്. “ലെസ്ബിയൻ ആണെങ്കിലും വീട്ടുകാർക്ക് അതിഷ്ടമോ പിന്തുണയോ ഇല്ലായിരുന്നു. അതിനാൽ തന്നെ ഫോൺ വിളിക്കാനും സാധിച്ചിരുന്നില്ല, തീർത്തും ഒറ്റപ്പെട്ട അവസ്ഥ”. പുറത്തേക്കുപോയാൽ കോവിഡ് പിടിക്കുമോ എന്നപേടിയും പിന്നെ വീട്ടുകാരുടെ കുത്തുവാക്കുകളും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് യാതൊരു പിടിയുമില്ലാതെ ഉറക്കമില്ലാതെ ജീവിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു”. സാമൂഹ്യമാധ്യമങ്ങളിൽ കോവിഡ് കാലത്തെ ലോക്ക്ഡ് ഡൗൺ ദിനങ്ങൾ  കുടുംബാംഗങ്ങളുമായി ആഘോഷിക്കുന്ന പോസ്റ്റുകൾ കൊണ്ട് നിറയുമ്പോഴും ഒറ്റപ്പെടലിന്റെയും നിശ്ശബ്ദതയുടെയും വേദനകളുമായി ദിവസങ്ങൾ തള്ളിനീക്കിയ അനേകം പേർ ശ്രീജയെപ്പോലെ ക്വീയർ മനുഷ്യർക്കിടയിലുണ്ട്.

ക്വീയർ മനുഷ്യരെ സംബന്ധിച്ച് കമ്മ്യൂണിറ്റി ഇടങ്ങളും, കൂട്ടായ്മകളും, ഒത്തുചേരലുകളും നൽകുന്ന പരിരക്ഷയും ആശ്വാസവും പ്രതീക്ഷകളും ആത്മവിശ്വാസവും മുന്നോട്ടുള്ള ഓരോ ദിനങ്ങൾക്കുമുള്ള ഊർജവുമാണ്. ആ ഇടങ്ങളുടെ താത്കാലിക റദ്ദാക്കൽ പോലും വലിയൊരു ശൂന്യത സൃഷ്ടിക്കും. കമ്മ്യൂണിറ്റി അംഗങ്ങൾ അല്ലാത്തവരുടെ നിസംഗതയും അവഗണനകളും സൃഷ്ടിക്കുന്ന മനസികസംഘർഷങ്ങൾ, മനസിലെ പോറലുകൾ അവയിലൂടെ നഷ്ടപ്പെടുന്ന മാനസികാരോഗ്യം എന്നിവ വീണ്ടെടുക്കാൻ വര്ഷങ്ങളോളം വേണ്ടി വരും.

കേരളത്തിലെ ഒരു വിഭാഗം ട്രാൻസ്‌ജെൻഡർ മനുഷ്യർ (ട്രാൻസ്‌ജെൻഡർ സ്ത്രീകൾ) പലവിധ സാമൂഹിക കാരണങ്ങൾ കൊണ്ട് ഇപ്പോഴും ലൈംഗികവൃത്തി തൊഴിലായി സ്വീകരിച്ചുകൊണ്ട് ഉപജീവനം നടത്തിമുന്നോട്ട് പോകുന്നവരാണ്. വാടകയ്ക്കെടുത്ത വീടുകളോ, ലോഡ്ജ് മുറികളിലോ, ഒരുമിച്ചുള്ള കമ്മ്യൂണിറ്റി സഹവാസങ്ങളോ ഒക്കെയാണ് മിക്കവരുടെയും വീടും ഇടവും. വിവിധങ്ങളായ ചൂഷണങ്ങൾ നേരിട്ടുകൊണ്ടാണ് ഇത്തരം താത്കാലിക വാസസ്ഥലങ്ങളിൽ ഇവർ താമസിക്കുന്നത്. സിസ്ജെണ്ടർ മനുഷ്യർ നൽകുന്ന വാടകയേക്കാൾ മൂന്നും നാലും ഇരട്ടി അധിക വാടക നൽകിയാലേ താമസിക്കുവാൻ ഇടം കിട്ടൂ എന്നതുകൊണ്ടുതന്നെ ട്രാൻസ്‌ജെൻഡർ സമൂഹം അവഗണനയ്ക്കും അപ്പുറം നേരിടുന്ന കൊടിയ സാമ്പത്തിക-മനുഷ്യ വിഭവ ശേഷി ചൂഷണവും അതിന്റെ തീവ്രതയും മനസിലാക്കാം. തൊഴിൽനഷ്ടം എന്നതിനപ്പുറം നിസ്സഹായരാവരായി വേണം ട്രാൻസ് വനിതകളുടെ കോവിഡ് കാലഘട്ടത്തെ അടയാളപ്പെടുത്താൻ. സമ്പാദ്യമോ, മറ്റ് സാമ്പത്തിക-വരുമാന സ്രോതസ്സോ ഇല്ലാത്തതിനാൽ തന്നെ മിക്കവരും കൊടിയ ദാരിദൃത്തിൽ ആയിരുന്നു. പരസ്പരമുള്ള സഹായങ്ങൾ നിലച്ചു, സഞ്ചാരമില്ലാതെയായി, ആശയവിനിമയം ഏറ്റവും ചുരുങ്ങിയ അവസ്ഥയിലുമായതെല്ലാം സ്ഥിരം അരക്ഷിതാവസ്ഥക്ക് കൂടുതൽ ഭയം നൽകി.

ട്രാൻസ്‌മെൻ ആയിട്ടുള്ള മിക്കവരും വീടുകളിലെ തടവറകളിൽ തന്നെ അരക്ഷിതമായി കഴിയുകയുമാണ്. ജനനസമയത്ത് പെണ്ണായി അടയാളപ്പെടുത്തിയവരുടെ സ്ഥിതികൾ അതീവ ഗുരുതരവും സുരക്ഷിതമില്ലാത്തതുമായി തുടർന്നുപോകുകയുമാണ്. തിരുവനന്തപുരത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ക്വീയറിഥം കമ്മ്യൂണിറ്റി ബേസ്‌ഡ് ഓർഗനൈസേഷൻ നടത്തുന്ന തണൽ ട്രാൻസ്‌മെൻ കെയർ ഹോമിലെ മൂന്നു അന്തേവാസികളുമായി സംസാരിച്ചപ്പോൾ കോവിഡ് കാലഘട്ടം അവർക്ക് മാനസികമായി അനുഭവപ്പെട്ട വിഷമങ്ങളിലൊന്ന്  തലമുടിയുമായി ബന്ധപ്പെട്ടതായിരുന്നു. ചിലപ്പോൾ മറ്റുള്ളവർക്ക് വളരെ ലഘുവായും അനാവശ്യവുമായി തോന്നിയേക്കാവുന്ന ഒരു കാര്യം, മനുഷ്യന്റെ ജീവൻ അപകടത്തിലാകുന്ന ഒരു ആരോഗ്യപ്രതിസന്ധിയിൽ ആർക്കെങ്കിലും തലമുടിയുടെ വളർച്ച ശ്രദ്ധിക്കാൻ സാധിക്കുമോ? അവിടെയാണ് സമൂഹം പലപ്പോഴായി അടിച്ചേൽപ്പിക്കുന്ന ലിംഗ പദവിയുടെ ദ്വന്ദ സങ്കല്പം ഇങ്ങനെയൊക്കെ ആകണം എന്നുള്ള പിടിവാശി  ബുദ്ധിമുട്ടിലാക്കുന്ന, മഴവിൽ മനുഷ്യരെ അറിയേണ്ടത്. കുട്ടിക്കാലം മുതലേ ‘പെണ്ണാണെന്ന്’ ഓർമ്മിപ്പിക്കാൻ ട്രാൻസ്‌മെൻ ആളുകളുടെ തലമുടി നീട്ടിവളർത്താൻ നിർബന്ധിക്കുന്ന വീട്ടുകാർ മുതൽ പരിചയപ്പെടുന്ന ഓരോ ട്രാൻസ്‌ഫോബിക് മനുഷ്യനും ഈ മാനസികസംഘർഷം അധികരിപ്പിക്കാൻ കാരണക്കാരാണ്.”ലോക്ക്ഡ് ഡൗൺ കാരണം സലൂണുകളൊക്കെ അവധിയായിരുന്നല്ലോ, അന്തേവാസികളായ ട്രാൻസ്‌മെൻ സുഹൃത്തുക്കൾ എന്നെ പോലെ തന്നെ കടുത്ത പിരിമുറുക്കത്തിലായിരുന്നു. മുടി വളരുന്തോറും, കണ്ണാടിയിൽ അത് കാണുമ്പോഴൊക്കെയും ദേഷ്യവും സങ്കടവുമൊക്കെ അവരിലേക്ക് എത്തുന്നുണ്ടായിരുന്നു”. തണൽ കെയർ ഹോം മാനേജരും  ട്രാൻസ്‌മാനുമായ  അർജുൻ ഗീത, ഓർത്ത് പറയുന്നത് ചില അടയാളപ്പെടുത്തലുകൾ കൂടിയാണ്. “വളരെ ബുദ്ധിമുട്ടി ഒരാളെ മുടി വെട്ടാൻ ഏർപ്പാടുചെയ്യുകയായിരുന്നു, മുടി വെട്ടിക്കഴിഞ്ഞുള്ള അവരുടെ സന്തോഷം അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല”. കേവലമൊരു മുടിവളരലായി മാത്രം ചുരുക്കാവുന്നതല്ല, മറിച്ച് കാലാകാലങ്ങളായി സമൂഹം അടിച്ചേൽപ്പിക്കുന്ന ജൻഡർനിർമിതികളുടെ അധികാര-സ്വത്വപ്രതിസന്ധികൾ ട്രാൻസ്‌ജെൻഡർ മനുഷ്യരിൽ തീർക്കുന്ന മാനസികസംഘർഷങ്ങൾക്കുദാഹരണമാണത്. ആ നിർബന്ധിത ജൻഡറിങ്ങിനെ പ്രതിരോധിക്കുന്ന മാർഗംകൂടിയാണീ മുടിമുറിക്കൽ.

ട്രാൻസ്‌ജെൻഡർ വ്യക്തികൾ തങ്ങളുടെ ശരീരവും മനസും ഒന്നിച്ചുപോകുന്നതിനായി നിരവധി മരുന്നുകളും തെറാപ്പികളും ഒരേസമയം ചെയ്തുപോകാറുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകൾ, ഹോർമോൺറീപ്ലെയ്സ്മെൻറ്റ് തെറാപ്പികൾ, മാനസിക സംഘർഷം കുറക്കുന്നതിനുള്ള മരുന്നുകൾ, ക്വീയർ വ്യക്തികൾ വിഷാദരോഗത്തിനായി കഴിക്കുന്ന മാനസികാരോഗ്യമരുന്നുകൾ എന്നിങ്ങനെ അസംഖ്യം ഔഷധങ്ങൾ ഒരേസമയം ആശ്രയിക്കേണ്ടിവരുന്നുണ്ട്. എന്നാൽ കോവിഡ് കാലഘട്ടത്തിലെ വിവിധ വിലക്കുകൾ ഇത്തരം ആരോഗ്യസുരക്ഷാസംവിധാനങ്ങളുടെ താളം അപ്പാടെ തെറ്റിച്ചിട്ടുണ്ട്. ആവശ്യത്തിന് മരുന്നുകൾ ലഭ്യമാകാത്തതും, സഞ്ചാരം നിലച്ചതും, സാമ്പത്തിക സ്ഥിതി മോശമായതും എല്ലാം തുടർചികിത്സകളെയും ബാധിച്ചു. കൃത്യമായി ഹോർമോൺ മരുന്നുകൾ സ്വീകരിക്കാൻ സാധിക്കാത്തത് ഒരേസമയം ശരീരത്തിനും മനസിനും ബുദ്ധിമുട്ടുകൾ നൽകിയത് വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും പലരെയും കൊണ്ടെത്തിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ ഇത്തരം ആവശ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് ഔഷധങ്ങളുടെ സൗജന്യ വിതരണം നടത്തിയിരുന്നെങ്കിൽ നൂറുകണക്കിന് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഗുണകരമായേനെ. എന്നാൽ  ചെയ്യുകമാത്രമാണ് അവർ ചെയ്തത്. ലോഡ്ജുകളിൽ താമസിക്കുന്നവർ, കമ്മ്യൂണിറ്റി ലിവിങ് നയിക്കുന്നവർ, ഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്നവർ എന്നിവർക്ക് സംസ്ഥാനസർക്കാറിന്റെ സൗജന്യ ഭക്ഷ്യ ധാന്യകിറ്റ് വിതരണം കൊണ്ട് ഗുണമില്ലാതായിത്തീർന്നിരുന്നു. സാമ്പത്തിക സഹായമോ, ഹോർമോൺ വാങ്ങാൻ സഹായമോ, തുടർചികിത്സാ സംവിധാനങ്ങളോ മറ്റോ ഉൾപ്പെടുത്താത്തതും ഗൗരവമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.