DCBOOKS
Malayalam News Literature Website

നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആശുപത്രിക്കാലം ?

💥നിപ്പാ കാലം ഓർമ്മയുണ്ടോ ? ഈ കൊച്ചു കേരളത്തിൽ മാത്രം ഇരുപതിലധികം പേരെ ബാധിച്ച്, രണ്ട് പേരൊഴികെ മറ്റെല്ലാവരും മരണമടഞ്ഞ അസുഖം ?

💨 അന്ന് അസുഖം പകർന്നത് എവിടെ വെച്ചാണ് എന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ ?

🔹പ്രധാനമായും മൂന്നു സ്ഥലങ്ങൾ. മൂന്നും ആശുപത്രികൾ – പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, ബാലുശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം. ആദ്യത്തെ ഒരു കേസ് ഒഴികെ ബാക്കിയുള്ള ബഹുഭൂരിപക്ഷവും പകർന്നത് ആശുപത്രികളിൽ വച്ച്.

🔹നിപ്പ കാലം നാം മറന്നു തുടങ്ങിയെങ്കിലും കോവിഡ് കാലം മറക്കാൻ സമയമായിട്ടില്ല.

💫 ഓർക്കേണ്ട ചിലത്:

🔹പകർച്ചവ്യാധി വ്യാപന സാധ്യത കൂടുതലുള്ള സ്ഥലമാണ് ആശുപത്രികൾ. പ്രത്യേകിച്ച് കോവിഡ് പോലെ വളരെ പ്രത്യേകതയുള്ള ഒരു അസുഖത്തിന്റെ കാര്യത്തിൽ.

🔹വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുൻപ് പോലും പകർന്നുനൽകാൻ സാധ്യതയുള്ള അസുഖമാണ് കോവിഡ്.

🔹വൈറസ് ശരീരത്തിൽ പ്രവേശിച്ച ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന ചെറുതുള്ളികൾ മുഖേന, അവ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നവർ, ആ കൈ കൊണ്ട് മൂക്കോ വായയോ കണ്ണോ തിരുമ്മിയാൽ പോലും പകരാൻ സാധ്യതയുള്ള അസുഖം.

🗯️ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ക്രമാനുഗതമായി പിൻവലിക്കുമ്പോൾ:

🔸 അപ്പോൾ ഏറ്റവും കൂടുതൽ തിരക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ ആശുപത്രികളാണ്.

🔸 ദിവസങ്ങളായി മാറ്റിവച്ചിരുന്ന ആശുപത്രി സന്ദർശനങ്ങൾ, തുടർച്ചയായി പകർച്ചേതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരുടെ തുടർചികിത്സ,
മാറ്റിവെച്ച ഇലക്ടീവ് സർജറികൾ, നിയന്ത്രണങ്ങൾ കുറയുമ്പോൾ കൂടാൻ സാധ്യതയുള്ള അപകടങ്ങൾ തുടങ്ങി നൂറുകണക്കിന് കാരണങ്ങൾ കൊണ്ട് ജനങ്ങൾ ആശുപത്രിയിലേക്ക് ഓടിയെത്തും.

🔸”കേരളത്തിൽ അസുഖങ്ങൾ ഇല്ലായിരുന്നു, കോവിഡ് കാലം അത് തെളിയിച്ചതല്ലേ” എന്നൊക്കെയുള്ള വാട്സ്ആപ്പ് കേശവൻ മാമന്മാരുടെ മണ്ടത്തരങ്ങൾ വിശ്വസിക്കരുത് എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം, സ്വന്തം ജീവനോടും ആരോഗ്യത്തോടും അത്യാവശ്യം സ്നേഹം ഉള്ളവർക്ക് ഒക്കെ അറിയാം. അതുകൊണ്ട് ആശുപത്രികളിലെ തിരക്കുകൾ ലളിതമായ വിഷയമല്ല.

🏥 ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ആശുപത്രിയിൽ വേണ്ട കരുതലുകൾ എന്തൊക്കെ ?

🔶 അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക.

🔷 ടെലിമെഡിസിൻ പോലുള്ള നൂതന സങ്കേതങ്ങൾ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുശ്രുതമായി ഉപയോഗയുക്തമാക്കുക.

🔶 സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ മുൻകൂട്ടി അപ്പോയ്മെൻറ് എടുക്കുന്ന സംവിധാനം നടപ്പാക്കുകയും, അത് ഏവരും പ്രയോജനപ്പെടുത്തുകയും ചെയ്യുക.

🔷 ടോക്കൺ സിസ്റ്റം ഒ.പി യിൽ മാത്രമല്ല റിസപ്ഷൻ, ഫാർമസി, ലാബ് എന്നിവിടങ്ങളിലും കൃത്യമായി നടപ്പാക്കുക.

🔶 ലാബ് റിസൾട്ടുകൾ സുരക്ഷിതമായി ലിങ്ക് ചെയ്ത കമ്പ്യൂട്ടർ ശൃംഖലാ സംവിധാനം മുഖേന ലഭ്യമാക്കുക.

🔷 ആശുപത്രിയിൽ ക്യൂ നിൽക്കേണ്ട സ്ഥലങ്ങളുണ്ടെങ്കിൽ തന്നെ രണ്ടുമീറ്റർ അകലത്തിൽ നിലത്ത് അടയാളപ്പെടുത്തുക. പെയിൻറ് കൊണ്ട് വരയ്ക്കുകയോ, ചുവപ്പോ പച്ചയോ മറ്റോ കളറുകളിലുള്ള ടേപ്പ് ഉപയോഗിച്ച് നിലത്ത് ഒട്ടിക്കുകയോ ചെയ്യാം.

🔶 രോഗികൾക്കും സന്ദർശകർക്കും ഇരിക്കാൻ വേണ്ടിയുള്ള കസേരകളിൽ ഒന്നിടവിട്ടുള്ളത് ഒഴിച്ചിടുക.

🔷 ആശുപത്രികളിൽ ബാത്ത്റൂമിന് വെളിയിൽ 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ സ്ഥാപിക്കുക. കയറുമ്പോഴും ഇറങ്ങുമ്പോഴും എല്ലാവരും കൈകൾ വൃത്തിയാക്കണം.

🔶 ഓരോ വാർഡിലും പ്രധാന റൂമുകളിലും കയറുമ്പോഴും ഇറങ്ങുമ്പോഴും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സാനിറ്റൈസർ സ്ഥാപിക്കുക.

🔷 ആശുപത്രികളിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുക.

🔶 ആശുപത്രിയിലെ മേശ, കസേര പോലുള്ള പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

🔷 കൈകൾ മുഖത്ത് സ്പർശിക്കാതിരിക്കുക.

🔶 കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70% ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

🔷 ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയ ശേഷം സോപ്പ് തേച്ച് കൈകൾ കഴുകിയതിനുശേഷം/കുളിച്ചതിനു ശേഷം മാത്രം മറ്റു കാര്യങ്ങൾ ചെയ്യുക.

🔶 രോഗിയുടെ കൂടെ കഴിയുന്നതും സ്ഥിരമായി ഒരാൾ തന്നെ നിൽക്കുക, ദിവസേന 3-4 പേർ മാറി മാറി ബൈ സ്റ്റാൻഡർമാരായി നിൽക്കുന്നതൊക്കെ രോഗവ്യാപന സാധ്യത കൂട്ടും.

🔷 രോഗീ സന്ദർശനം എന്ന “അനാവശ്യ” സാമൂഹികാചാരത്തിന് കോവിഡ് മഹാമാരിയോടെ മലയാളികൾ അന്ത്യം കുറിയ്ക്കണം.

🔶 രോഗവിവരങ്ങൾ ഫോണിലൂടെയും മറ്റും അന്വേഷിച്ചറിയുക.

💦 പകർച്ചവ്യാധി വരുന്നതിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല, പലപ്പോഴും നമ്മുടെ അശ്രദ്ധ കൂടി അതിന് കാരണമാവുന്നു എന്നോർക്കുക. ശാരീരിക അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നതൊക്കെ വ്യക്തിഗത കടമയാണ് എന്ന് മനസ്സിലാക്കണം.

🥗 കോവിഡിൻ്റെ പരിണിത ഫലമായി പുതിയൊരു ആരോഗ്യ സംസ്കാരവും പുതുതായി ഉയർന്നു വരട്ടെ !

എഴുതിയത്: ഡോ: ജിനേഷ് പി എസ് & ഡോ: ദീപു സദാശിവൻ

Info Clinic

Comments are closed.