DCBOOKS
Malayalam News Literature Website

മറവികള്‍, മായ്ക്കലുകള്‍

മലയാളത്തില്‍ ആധുനികസാഹിത്യത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് സാഹിത്യവിമര്‍ശനമെന്ന സ്ഥാപനമായിരുന്നു. ഇന്നത്തെ അര്‍ത്ഥത്തില്‍ ആധുനികമെന്ന സംജ്ഞ ഉപയോഗിച്ചിരുന്നില്ലെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ പുറത്തുവന്ന സാഹിത്യരചനകളിലെ എല്ലാതരം നവീനതകളെയും ആ മട്ടില്‍ വ്യാഖ്യാനിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അക്കാലത്തെ നിരൂപണരചനകളിലെല്ലാം പ്രകടമായിരുന്നു. ആധുനികസാഹിത്യവ്യവഹാരങ്ങളുടെ ഭാഗമായിരിക്കെതന്നെ അതിനെ നിര്‍വ്വചിച്ചെടുക്കുന്നതിലെ യുക്തികള്‍ നിര്‍മ്മിച്ചെടുത്തുമായിരുന്നു മലയാളത്തില്‍ സാഹിത്യവിമര്‍ശനം പ്രവര്‍ത്തിച്ചത്. നിരൂപണമെന്നത് പുതിയൊരേര്‍പ്പാടും പുതിയതായി ഉണ്ടായിവരുന്ന സാഹിത്യകൃതികളുടെ അനിവാര്യഭാഗവുമായാണ് രംഗത്തു വന്നത്. കേരളവര്‍മ്മയുടെയും സി.പി. അച്യുതമേനോന്റെയും പുസ്തകാഭിപ്രായങ്ങള്‍ അങ്ങനെ സംഭവിക്കുന്നതാണ്. നമ്മുടെ നിരൂപണവ്യവഹാരങ്ങള്‍ ആധാരമാക്കിയിരുന്ന ലാവണ്യയുക്തികളുടെ വിമര്‍ശനാത്മകവായനകള്‍ സാഹിത്യാധുനികതയുടെ രാഷ്ട്രീയത്തെക്കുറിച്ചുകൂടി സംസാരിക്കും. ചിലതരം രചനകളെയും അഭിരുചികളെയും ശ്രേഷ്ഠവും മികച്ചതുമായി കാണുന്ന അത്തരം സമീപനങ്ങളില്‍ തിരസ്‌കരിക്കപ്പെട്ടതും വിസ്മരിക്കപ്പെട്ടതുമായ രണ്ടുകൃതികളെ മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ഉന്നയിക്കാനുളള ശ്രമമാണ് ഈ ലേഖനം. 19-ാം നൂറ്റാണ്ടിന്റെ അവസാനം രചിക്കപ്പെട്ട രണ്ടു നോവലുകള്‍, പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയവും(1892) ആര്‍.വി.വാസുദേവപ്രഭുവിന്റെ രതിസുന്ദരിയുമാണ്(1894) ഈ ആലോചനകളെ മുന്നോട്ടു കൊണ്ടുപോകുന്നത്. അതില്‍ സരസ്വതീവിജയം പില്‍ക്കാലത്ത് നോവല്‍ ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് വന്നെങ്കിലും രതിസുന്ദരി എന്നെന്നേക്കുമായി വിസ്മരിക്കപ്പെട്ടു.

കഴിഞ്ഞ നൂറ്റാണ്ടിലെ നിരൂപണ/വിമര്‍ശനചരിത്രങ്ങള്‍ മലയാളസാഹിത്യത്തിന്റെ പുരോഗതിയുടെ കഥ പറയുന്നതും അതിനുവേണ്ടി നിരൂപകര്‍ അനുഷ്ഠിച്ച വിപ്ലവകരമായ പ്രവൃത്തികളെ രൂപകാത്മകഭാഷയില്‍ വിവരിക്കുന്നതുമായ ആഖ്യാനങ്ങളാണ്. ആദ്യകാലനിരൂപകരില്‍ ഒരാളായ കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ മുതല്‍ കഴിഞ്ഞ നൂറ്റാണ്ട് അവസാനംവരെ പ്രബലമായി നിന്ന ഒരാഖ്യാനസമ്പ്രദായത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ മുഴുവന്‍ പറയുന്നത് അതാണ്. കേസരി ഏ. ബാലകൃഷ്ണപിള്ളയും കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും എം.പി.പോളും കെ.പി. അപ്പനുമടക്കം ഒരുകൂട്ടം നിരൂപകര്‍ വ്യവസ്ഥയോടുള്ള കലഹികളും കലാപകാരികളുമായി നമ്മുടെ വിമര്‍ശനചരിത്രത്തില്‍ അവരോധിക്കപ്പെട്ടവരാണ്. യാഥാസ്ഥിതികര്‍ എന്നു വിമര്‍ശനചരിത്രത്തില്‍ ചിലപ്പോഴെങ്കിലും വിളിക്കപ്പെടുന്നുണ്ടെങ്കിലും സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയും എസ്. ഗുപ്തന്‍നായരും എം.കൃഷ്ണന്‍നായരും മറ്റും മറ്റും വിശാലമായ അര്‍ത്ഥത്തില്‍ ആധുനികമലയാളസാഹിത്യത്തിന്റെ പുരോഗതിക്കും വികാസത്തിനും വേണ്ടി പ്രവര്‍ത്തിച്ചരും അതിനുവേണ്ടി നിലകൊണ്ടവരുമായി. പുരോഗമനവാദികളും യാഥാസ്ഥിതികരുമായ മേല്‍ജാതിസാഹിത്യവിമര്‍ശകര്‍ പൊതുവായി പങ്കുവെക്കപ്പെട്ടിരുന്നത് വരേണ്യവും ലാവണ്യാത്മകവുമായ സാഹിത്യയുക്തികളായിരുന്നു. അത് കീഴാളമെന്നും ജനപ്രിയമെന്നും വിളിച്ചിരുന്ന സാഹിത്യാവിഷ്‌കാരങ്ങളെ നിര്‍ദ്ദിഷ്ടമായ സാഹിത്യഗുണങ്ങളുടെ പേരില്‍ പുറംതള്ളുന്നതായിരുന്നു. സരസ്വതീവിജയത്തിന്റെ പില്‍ക്കാലജീവിതത്തെയും രതിസുന്ദരിയുടെ മായ്ച്ചുകളയലിനെയും മുന്‍നിര്‍ത്തി നമ്മുടെ സാഹിത്യവിമര്‍ശനം എന്നെങ്കിലും റാഡിക്കലായിരുന്നോ എന്ന ചോദ്യമാണ് ഇവിടെ ഉന്നയിക്കുന്നത്.

1892-ലാണ് സരസ്വതീവിജയം ആദ്യപതിപ്പ് പുറത്തിറങ്ങുന്നത്. തന്റെ സാമൂഹികപരിഷ്‌കരണപരിശ്രമങ്ങളുടെ, സാമൂഹികമാറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ തുടര്‍ച്ചയിലാണ് ആ പുസ്തകം പോത്തേരി കുഞ്ഞമ്പു(1857-1919) രചിക്കുന്നത്. മിഷനറിപ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ് ഭരണവും മലബാറിലെ അടിമകളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും അത് അടിമജാതികളുടെ ജീവിതത്തിലുണ്ടാക്കിയ ഉണര്‍വ്വുകളും അതിന്റെ പൊതുപശ്ചാത്തലമാണ്. ബ്രിട്ടീഷുകാര്‍ അഞ്ചരക്കണ്ടിയില്‍ നിര്‍മ്മിച്ച ഇന്ത്യയിലെതന്നെ ആദ്യത്തെ തോട്ടങ്ങളിലൊന്നില്‍ അടിമകളെ ഉപയോഗിച്ചിരുന്നുവെന്ന ചര്‍ച്ചകള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്നുണ്ട്. 1843-ലെ അടിമത്തനിരോധനനിയമത്തിലേക്ക് വഴിതുറക്കുന്നത് ഈ ചര്‍ച്ചകളാണ്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ പുലയര്‍ക്കായി അവിടെ ആരംഭിച്ച പാഠശാലയിലാണ് കീഴ്ജാതിമനുഷ്യര്‍ ആദ്യമായി സാക്ഷരതയിലേക്ക് എത്തിനോക്കുന്നത്. സരസ്വതീവിജയത്തില്‍ കൊല്ലപ്പെട്ടു എന്നു കരുതിയിരുന്ന കഥാപാത്രം മരത്തന്‍ രക്ഷപ്പെട്ടു എത്തിയത് അഞ്ചരക്കണ്ടിയിലെ തോട്ടത്തിലേക്കാവുന്നത് ഒരു വിമോചനസ്ഥാനം എന്ന നിലയില്‍ അതിനെ പോത്തേരി കുഞ്ഞമ്പു മനസ്സിലാക്കിയിരുന്നു എന്നതുകൊണ്ടാണ്.

‘തീയ്യര്‍’, ‘രാമകൃഷ്ണസംവാദം’,’മൈത്രി’,’ഭഗവത്ഗീതോപദേശം’, ‘രാമായണസാരശോധന’ തുടങ്ങി
അദ്ദേഹം രചിച്ച പുസ്തകങ്ങള്‍ സാമുദായികതയോടും ബ്രാഹ്മണ്യത്തോടും അവശ്യം സംവദിച്ചിരു
ന്നതും അവയുടെ ഉള്ളടക്കം കൊണ്ടുതന്നെ വിപ്ലവകരവുമായിരുന്നു. സരസ്വതീവിജയം(1892) അതുകൊണ്ടുതന്നെ സോദ്ദേശ്യപരമായ ഒരു രചനയായിതന്നെ കുഞ്ഞമ്പു സങ്കല്‍പ്പിച്ചതാണ്. ഇന്ദുലേഖയും തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയും വരുന്ന കാലത്തുതന്നെയാണ് ജാതിയുടെ നിരര്‍ത്ഥകതയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കീഴ്ജാതിമനുഷ്യരുടെ നിര്‍വാഹകത്വവും ഊന്നിപറയാന്‍ ശ്രമിച്ച സരസ്വതീവിജയം വരുന്നത്. മലബാറില്‍ ചന്തുമേനോനും തിരുവിതാംകൂറില്‍ കേരളവര്‍മ്മയും പ്രധാനപ്പെട്ട കൃതികളുടെ പ്രസാധനം സ്വന്തം ചുമതലയായി ഏറ്റെടുക്കുന്നുണ്ടെങ്കിലും അത്തരം ആനുകൂല്യം ലഭിക്കാനിടയില്ലാത്ത കുഞ്ഞമ്പു കണ്ണൂരില്‍ എഡ്വേര്‍ഡ് എന്ന പേരില്‍ സ്വന്തം പ്രസ്സ് സ്ഥാപിച്ചാണ് നോവല്‍ പുറത്തിറക്കുന്നത്. എന്നാല്‍ അതിനു ലഭിച്ച ആദ്യനിരൂപണശ്രമംതന്നെ തികച്ചും നിഷേധാത്മകമായിരുന്നു. ആദ്യകാലനിരൂപകരില്‍ സി.പി. അച്യുതമേനോന്‍ മാത്രമാണ് വിമര്‍ശിക്കാനായി എങ്കിലും അത് പരിഗണിക്കുന്നത്. അതും കുഞ്ഞമ്പുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്. സി.പി.വിദ്യാവിനോദിനിയില്‍ നടത്തിയ ഖണ്ഡന നിരൂപണം(പു.3,ന.6.മീനം.1067) ആ എഴുത്തുകാരനെയും ആ നോവലിന്റെ ഉള്ളടക്കത്തെയും നിശിതമായി ഖണ്ഡിച്ചുകൊണ്ടുള്ളതായിരുന്നു.

പുതിയ പുസ്തകങ്ങള്‍ പത്രമാസികകളില്‍ അയച്ചുകൊടുത്തു അഭിപ്രായം തേടുക എന്ന രീതി എല്ലാ എഴുത്തുകാരും അന്ന് അനുവര്‍ത്തിച്ചു വരുന്നതാണ്. പുസ്തകങ്ങള്‍ വായനക്കാരിലേക്ക് സര്‍ക്കുലേറ്റു ചെയ്യപ്പെടുന്നതിന്റെ മാധ്യസ്ഥം അന്ന് പത്രമാസികകളില്‍ വന്നുകൊണ്ടിരുന്ന ഇത്തരം നിരൂപണപംക്തികളായിരുന്നു. മാത്രമല്ല സരസ്വതീവിജയം നോവലിസ്റ്റ് തനിക്കനുകൂലമായ ഒരു പ്രതികരണത്തിനുവേണ്ടി വിദ്യാവിനോദിനിക്ക് അയച്ചതാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് സി.പി. നിരൂപണം തുടങ്ങുന്നതുതന്നെ. കുഞ്ഞമ്പു തന്റെ കൃതിയുടെ മേല്‍ പുലര്‍ത്തിയ ആത്മവിശ്വാസം അവിടെ പ്രകടമാണ്. എന്നാല്‍ അതിന്റെ വാക്യഘടനതൊട്ട് ദോഷങ്ങള്‍ എണ്ണിപ്പറയുന്ന സി.പി നോവലിനെക്കുറിച്ചുള്ള തന്റെ സങ്കല്പത്തിനും ആസ്വാദനനിലവാരത്തിനും നിരക്കാത്ത ഒരു രചനയാണ് അതെന്ന് വിധി പുറപ്പെടുവിക്കുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.