DCBOOKS
Malayalam News Literature Website

ജാതിയെ തൊട്ട കമ്യൂണിസ്റ്റ്‌ രേഖകള്‍

നിതീഷ് നാരായണന്‍

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ പഠിക്കുന്ന എഴുത്തുകളില്‍ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ രണ്ട് രേഖകളെക്കുറിച്ചാണ് ലേഖനം. ഒരുപക്ഷെ ഇന്ത്യ
യിലെ ആദ്യകാല കമ്യൂണിസ്റ്റുകളെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ജാതിയു
മായി ബന്ധപ്പെട്ട കാഴ്ചപ്പാടിനെക്കുറിച്ച് മറ്റൊരു ചിത്രം. അതിന്റെ സമഗ്രതയിലേക്ക്
പ്രത്യേക സ്വഭാവമുള്ള രണ്ട് രേഖകള്‍ മാത്രം ആധാരമാക്കി പ്രവേശിക്കാന്‍ സാധിക്കണ
മെന്നില്ല. എന്നാല്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തെ ദളിത്‌രാഷ്ട്രീയ മുന്നേറ്റത്തോ
ടും അംബേദ്ക്കറോടും സ്വീകരിച്ച നിലപാടിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ഇവ നല്‍കുന്നുണ്ട്.

നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇക്കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമാക്കപ്പെട്ട വിഷയങ്ങളില്‍ ഒന്ന് അതിന്റെ ജാതിയോടുള്ള സമീപനമാണ്. ജാതി എന്ന മൂര്‍ത്തമായ സാമൂഹിക പ്രശ്‌നത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ കണ്ടതേയില്ല എന്നും അതുകൊണ്ട് തന്നെ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്ക് യോജിച്ച രാഷ്ട്രീയ സാമൂഹിക പരിപാടി രൂപപ്പെടുത്തിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും വ്യാപകമായി ആരോപിക്കപ്പെട്ടു. ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം, ഇത്തരം പല ആരോപണങ്ങള്‍ക്കും ആധാരമായത് ചില വാഗ്വാദങ്ങളും അതില്‍ തന്നെ അടര്‍ത്തിമാറ്റപ്പെട്ട ചില വാചകങ്ങളുമൊക്കെയാണെന്നതാണ്. പലപ്പോഴും ലളിതയുക്തികളുടെയും ഉപരിപ്ലവപരമായ വാദങ്ങളുടെയും മുന്‍വിധികളുടെയും വലയങ്ങള്‍ക്കകത്ത് നിന്ന് കറങ്ങിയതല്ലാതെ അതിനപ്പുറം ഓരോ കാലഘട്ടത്തെയും വേര്‍തിരിച്ച് പഠിച്ചും ആ കാലത്തെ Pachakuthiraരൂപപ്പെടുത്തിയ രാഷ്ട്രീയ നിലപാടുകളെ യുക്തിഭദ്രമായി പരിശോധിച്ചും ഈ വിഷയത്തില്‍ വസ്തുതാപരമായ അന്വേഷണം നടന്നതേയില്ല. കീഴാള പഠനശാഖയും സമീപ പതിറ്റാണ്ടുകളില്‍ ശക്തിയാര്‍ജിച്ച ഉത്തരാധുനിക വിശകലന രീതിയുമെല്ലാം ഇന്ത്യന്‍ അക്കാദമിക്‌സില്‍ കമ്യൂണിസ്റ്റുകാരെ സാമൂഹിക പ്രശ്‌നത്തിന്റെ കാതല്‍ ഉള്‍ക്കൊള്ളാത്ത കേവല സാമ്പത്തിക
വാദികളായി മുദ്ര കുത്തുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാനോ രേഖപ്പെടുത്തപ്പെടാത്ത ചരിത്രത്തെ അന്വേഷിച്ചുപോകാനോ മാര്‍ക്‌സിസ്റ്റുകളായ ബുദ്ധിജീവികള്‍ പോലും പലപ്പോഴും തയ്യാറായില്ല എന്നതും കാണേണ്ടതാണ്.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെ പഠിക്കുന്ന എഴുത്തുകളില്‍ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ രണ്ട് രേഖകളെക്കുറിച്ചാണ് ലേഖനം. ഒരുപക്ഷെ ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ്റ്റുകളെക്കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ജാതിയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിനെക്കുറിച്ച് മറ്റൊരു ചിത്രം. അതിന്റെ സമഗ്രതയിലേക്ക് പ്രത്യേക സ്വഭാവമുള്ള രണ്ട് രേഖകള്‍ മാത്രം ആധാരമാക്കി പ്രവേശിക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തെ ദളിത്‌രാഷ്ട്രീയ മുന്നേറ്റത്തോടും അംബേദ്ക്കറോടും സ്വീകരിച്ച നിലപാടിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ഇവ നല്‍കുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ ദളിത് സമുദായത്തിന്റെ പ്രത്യേക അവകാശങ്ങള്‍ക്കും സ്വതന്ത്ര രാഷ്ട്രീയ സംഘാടനത്തിനും നേരെ ഏറ്റവും തീവ്രമായ എതിര്‍പ്പ് ഉയര്‍ത്തിയെന്നും അംബേദ്ക്കറോടുള്‍പ്പടെ ഒരുതരം യോജിപ്പിനും തയ്യാറാകാത്ത വിധമുള്ള അസഹിഷ്ണുതയും വിധ്വേഷവും വച്ച് പുലര്‍ത്തിയെന്നും ആരോപിക്കുന്നവരുണ്ട്. വര്‍ഗസമരത്തില്‍ ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും ജാതിയുടെ ഉന്മൂലനത്തില്‍ വര്‍ഗസമരത്തിന്റെയും പങ്ക് ഊന്നിപ്പറയുകയും രണ്ട് ധാരകളും തമ്മിലുള്ള ഐക്യത്തിനായി വാദിക്കുകയും ചെയ്തിട്ടുള്ള ആനന്ദ് തേല്‍തുംബ്ദെ പോലും പക്ഷെ ഇത്തരം നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവയില്‍ മിക്കവാറും വാദങ്ങള്‍ക്ക് ആധാരമായിട്ടുള്ളത് എസ്.എ. ഡാങ്കെയുടെ ചില പരാമര്‍ശങ്ങളും നിലപാടുകളുമായിരുന്നു. അതിനപ്പുറം മറ്റേതെങ്കിലും ഇടപെടലുകളും വീക്ഷണങ്ങളും പ്രസ്തുത വിഷയത്തില്‍ ഉണ്ടായിരുന്നുവോ എന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് സാമൂഹ്യ ശാസ്ത്ര ഗവേഷകരും തുനിയുന്നത് കാര്യമായി കണ്ടിട്ടില്ല. അതുകൊണ്ട്തന്നെ അത്തരമൊരു സാധ്യതയിലേക്കുള്ള വാതില്‍ ഇത്രയും കാലം അടക്കപ്പെട്ടു തന്നെ കിടന്നു.

എന്നാല്‍ അക്കാദമിക പരിസരങ്ങളില്‍ ഏറെക്കുറെ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ള ഈ സമീപനങ്ങള്‍ക്ക് വിരുദ്ധമായ രണ്ട് രേഖകളെക്കുറിച്ചാണ് ഈ എഴുത്ത്. അതില്‍ ഒന്ന് 1944-ല്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന, തൊട്ടടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബി.ടി. രണദിവെ
പാര്‍ട്ടി പ്രസിദ്ധീകരണമായ ‘പീപ്പിള്‍സ് വാര്‍’ ല്‍ എഴുതിയ ‘ആറ്‌കോടി അസ്പൃശ്യര്‍; സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ അവരുടെ ഇടം’ എന്ന നീണ്ട ലേഖനമാണ്. മറ്റൊന്ന് 1946 ഇല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി പാര്‍ട്ടിക്കകത്തെ എല്ലാ ഘടകങ്ങളിലും വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുവാന്‍ ആവശ്യപ്പെട്ട് തയ്യാറാക്കിയ പാര്‍ട്ടിക്കത്ത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളില്‍ ഒന്നില്‍ തയ്യാറാക്കപ്പെട്ടുവെന്നതും ഗാന്ധിയും അംബേദ്ക്കറും ജീവിച്ചിരിക്കെ അവരുടെ സമീപനങ്ങളോട് പ്രതികരിക്കുന്നുവെന്നതുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ടതായ ഈ രണ്ട് രേഖകളുടെയും ചരിത്രപരമായ പ്രത്യേകത.

പൂര്‍ണ്ണരൂപം വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.