DCBOOKS
Malayalam News Literature Website

ദശരഥന്റെ ചരമം

അതികാമികള്‍ക്ക് നീതിബോധം ഉണ്ടാകില്ല. അവര്‍ക്ക് നിയമവാഴ്ചയിലും വിശ്വാസമുണ്ടാകില്ല. ദശരഥനും അങ്ങനെതന്നെ ആയിരുന്നു. അതുകൊണ്ടാണല്ലോ തന്റെ പ്രേയസിയോട് അവര്‍ക്കുവേണ്ടി, വധിക്കപ്പെടേണ്ടവനെ വെറുതെ വിടാമെന്നും വെറുതെ വിടേണ്ടവനെ വധിക്കാമെന്നും ദരിദ്രനെ ധനികനും ധനികനെ ദരിദ്രനുമാക്കാമെന്ന വാക്ക് നല്കുന്നത്. രാജാവ് നിഷ്പക്ഷതയോടും നിര്‍മമതയോടും നടപ്പിലാക്കേണ്ട ധര്‍മ്മമാണ് ദണ്ഡനീതി. ദണ്ഡനീതിയില്ലാതെ രാജ്യവ്യവസ്ഥ നിലനിര്‍ത്താന്‍ കഴിയില്ല. ദണ്ഡനീതിയില്ലാതെ പ്രജകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കാനുമാകില്ല. അതുകൊണ്ട് ദണ്ഡനീതിയെ ഒഴിവാക്കി രാജഭരണത്തെ വിഭാവനം ചെയ്യാനുമാകില്ല. ദണ്ഡനീതി നടപ്പിലാക്കാന്‍ രാജക്കന്മാര്‍ ഭയക്കുകയോ വിസമ്മതിക്കുകയോ ചെയ്യേണ്ടതുമില്ല.

എന്നാല്‍ ദണ്ഡനീതി അനുസരിച്ചുള്ള ശിക്ഷ ശിക്ഷിക്കപ്പെടേണ്ടവന്‍ അര്‍ഹിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത രാജാവിനുണ്ട്. ശിക്ഷിക്കപ്പെടേണ്ടവന്‍ കുറ്റം ചെയ്തവനാണെന്നും അവന്‍ ചെയ്ത കുറ്റവുമായി അവന് വിധിച്ചിരിക്കുന്ന ശിക്ഷ ഒത്തുപോകുന്നുണ്ട് എന്നും ശിക്ഷ വിധിക്കുന്ന രാജാവ് ഉറപ്പുവരുത്തിയിരിക്കണം. ശിക്ഷയുടെ കാഠിന്യം കൂടുന്നതനുസരിച്ച് ശിക്ഷ വിധിക്കുന്ന രാജാവിന്റെ ഉത്തരവാദിത്വവും കൂടും. സൂക്ഷ്മവും നിര്‍മമവുമായ നിരീക്ഷണത്തിലൂടെ കുറ്റവും ശിക്ഷയും തമ്മിലുള്ള അനുപാതം ഒത്തുനോക്കി തിട്ടപ്പെടുത്തിയതിനുശേഷം നടപ്പിലാക്കേണ്ടതാണ് വധശിക്ഷ എന്ന കാര്യത്തില്‍ അന്നും ഇന്നും തര്‍ക്കവുമില്ല. ഈ പശ്ചാത്തലത്തില്‍ വേണം തന്റെ പ്രേയസിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് വധ്യനെ അവധ്യനും അവധ്യനെ വധ്യനുമാക്കാമെന്ന് ദശരഥമഹാരാജാവ് ഉറപ്പു നല്കുന്നത്. ഇത് അക്ഷന്തവ്യമായ അപരാധമാണെന്ന കാര്യത്തില്‍ അന്നും ഇന്നും അഭിപ്രായവ്യത്യാസമില്ല.

മേനിയഴകും കാമചാതുര്യവും ഉള്ള ഒരു സ്ത്രീയുടെ അടിമയായിത്തീരുന്ന ഒരു രാജാവിന് സംഭവിക്കുന്ന പരമദയനീയമായ അവസ്ഥയാണ് ദശരഥനില്‍ കാണുന്നത്. നീതി, നിയമം, ചട്ടം എന്നിവകളെ കാറ്റില്‍ പറത്തിക്കൊണ്ട് തോന്നുംപടി കയ്യൂക്ക് കൊണ്ട് ഭരിക്കാമെന്നും കരുതുന്ന ഏകാധിപതിയെ ഈ വാഗ്ദാനം നല്‍കുന്ന ദശരഥനില്‍ കാണാന്‍ കഴിയും. വരദാനത്തില്‍ സ്വീകരിച്ച അതേ യുക്തിശൂന്യവും നീതിരഹിതവുമായ സമീപനം തന്നെയാണ് കൈകേയിക്ക് പിന്നീട് നല്കുന്ന വാഗ്ദാനങ്ങളിലും കാണുന്നത്. വൃദ്ധനും പെണ്‍കോന്തനും നാണം കെട്ടവനുമാണ് ദശരഥന്‍ എന്ന ലക്ഷ്മണന്റെ നിരീക്ഷണം തീര്‍ത്തും ശരിവെക്കുന്നതാണ് ദശരഥന്റ ചെയ്തികള്‍. പക്ഷേ ദശരഥന്റെ ഈ ദുര്‍ഗതി ഒന്നും കൈകേയീചിത്തത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.

വെട്ടിയിട്ട മരംപോലെ ദശരഥന്‍ ബോധം കെട്ടുവീണപ്പോഴും കൈകേയി അയഞ്ഞില്ല. പിന്നീട് കണ്ണീരൊഴുക്കി കരഞ്ഞു കൊണ്ടിരിക്കെയാണ് ധര്‍മ്മത്തെ വിട്ട് അര്‍ത്ഥത്തെ മാത്രം ആശ്രയിച്ച കൈകേയിയെ ഇഹലോകത്തിലും പരലോകത്തിലും താന്‍ ഉപേക്ഷിക്കുന്നു എന്ന് ദശരഥന്‍ പറഞ്ഞത്. അതിനുശേഷം കൗസല്യയുടെ അന്തപ്പുരത്തിലേക്ക് തന്നെ മാറ്റാനും ദശരഥന്‍ ആവശ്യപ്പെട്ടു. പുത്രവിയോഗദുഃഖത്താല്‍ ഹതനായ ദശരഥന്‍ ഞരങ്ങിക്കൊണ്ടിരുന്നു. ദശരഥന്‍ തൊഴുകൈയ്യോടെ കൗസല്യയോട് ദയ യാചിച്ചു. ഭര്‍ത്താവ് തന്റെ മുന്നില്‍ യാചിച്ചു നില്ക്കുന്നതു കണ്ട കൗസല്യ നടുങ്ങി. അവര്‍ സ്വയം സമാധാനിക്കാനെന്നപോലെ പറഞ്ഞു. ദുഃഖത്തെപ്പോലെ ഒരു മഹാശത്രു മനുഷ്യന് വേറെയില്ല. ദുഃഖം ധൈര്യത്തേയും വിജ്ഞാനത്തേയും നശിപ്പിക്കും. ദുഃഖം സര്‍വ്വനാശകാരിയാണ്.

കൗസല്യയ്ക്കും ദശരഥനെ സമാധാനിപ്പിക്കാനായില്ല. ഇതിനിടയിലാണ് ജീവിതം യൗവ്വനതീഷ്ണമായിരുന്ന കാലത്ത് ഏറ്റ ഒരു ശാപകഥ ദശരഥനെ വേട്ടയാടിയത്. മൃഗയാ വിനോദത്തിനു പോയതായിരുന്നു സന്ദര്‍ഭം. രാജാക്കന്മാര്‍ ഒഴിവാക്കേണ്ട വ്യസനങ്ങളില്‍ ഒന്നാണ് മൃഗയാവിനോദം. വേട്ടയാടാന്‍ പോയ രാജാക്കന്മാര്‍ അനര്‍ത്ഥങ്ങളില്‍ പെടുക സ്വാഭാവികമാണ്. വേട്ടയില്‍ സംഭവിക്കുന്ന വന്‍ദുരന്തം അവധ്യമായതിനേയും വധിക്കും എന്നതാണ്. അതേകാര്യം ദശരഥനും സംഭവിച്ചു. നദിയില്‍നിന്നും കുടത്തില്‍ വെള്ളം മുക്കുന്ന ശബ്ദം വ്യക്തമായിത്തന്നെ ദശരഥന്‍ കേട്ടു. എന്നാല്‍ ഇന്ദ്രിയങ്ങള്‍ക്ക് വശഗതനായിരുന്നതിനാല്‍ ആന വെള്ളം കുടിക്കുന്ന ശബ്ദമാണെന്നു തെറ്റിദ്ധരിച്ചു. ശബ്ദത്തെ ലക്ഷ്യമാക്കി അസ്ത്രമെയ്യാനുള്ള സ്വവൈഭവത്തില്‍ അഹങ്കരിച്ചിരുന്ന രാജാവ് ലക്ഷ്യം ഭേദിച്ചു. പക്ഷേ, കൊല്ലപ്പെട്ടത് ആനയല്ല, ഒരു മുനികുമാരനായിരുന്നു എന്നുമാത്രം. വൃദ്ധരും അന്ധരുമായ മാതാപിതാക്കളുടെ ഏക അവലംബമായ മുനികുമാരനെ മൃഗയാവിനോദതല്പരനായ ദശരഥ മഹാരാജാവ് വധിച്ചു.

കാര്യം അറിഞ്ഞ അന്ധദമ്പതികള്‍ നിരാലംബരായതുകൊണ്ട് മകന്റെ ചിതയില്‍ചാടി ആത്മാഹുതി ചെയ്തു. അങ്ങനെ ആ മരണത്തിനും ദശരഥനായി ഉത്തരവാദി. മരിക്കുന്നതിനു മുന്‍പ് ”പുത്രന്‍ വേര്‍പെട്ട ദുഃഖത്താല്‍ നീറി നീറി അങ്ങ് മരിക്കുമെന്ന് ” ദശരഥനെ ശപിക്കുകയും ചെയ്തു. പുത്രശോകം സഹിക്കവയ്യാതെ മാഴ്കിക്കൊണ്ടിരിക്കുന്ന ദശരഥനെ ആ ശാപസ്മരണ ഞെരിച്ചുകൊണ്ടിരുന്നു. ആര്‍ത്തനും നിരാലംബനുമായി കരയുന്ന മഹാരാജാവിനെ സമാധാനിപ്പിക്കാന്‍ കഴിയാതെ കരഞ്ഞുകരഞ്ഞ് കൗസല്യയും സുമിത്രയും രാജാവിന്റെ സമീപത്ത് ബോധരഹിതരായി കിടന്നു. അവര്‍ക്കിടയില്‍ പുത്രവിയോഗശോകത്തെ ഓര്‍ത്ത് കരഞ്ഞുകൊണ്ട് ആരും അറിയാതെ ദശരഥന്‍ മരിച്ചു.

രാജാക്കന്മാര്‍ മാത്രമല്ല, അധികാരത്തിലിരിക്കുന്നവരാരും തന്നെ കാമലോലരായി കാമിനിമാര്‍ക്ക് വശഗതരായി തീരരുത് എന്നത് എക്കാലത്തേക്കും ബാധകമായ തത്ത്വമാണ്. അധികാര വിനിയോഗം നിര്‍ഭയമായിരിക്കണം. ഇഷ്ടാനിഷ്ടങ്ങള്‍ അതിനെ സ്വാധീനിക്കാന്‍ പാടില്ല. നിയമവും ചട്ടവും അനുശാസിക്കുന്ന നീതിക്കൊത്ത് ബാഹ്യശക്തികളുടെ യാതൊരു തരത്തിലുള്ള ഇടപെടലും ഇല്ലാതെ വേണം അധികാരം വിനിയോഗിക്കേണ്ടത്. അതുകൊണ്ടാണ് രാജാക്കന്മാരും മറ്റ് അധികാരികളും കാമലോലരായി മാറരുത് എന്ന് നിഷ്‌കര്‍ഷിക്കുന്നത്. കൈകേയിയുടെ കാമചാതുര്യത്തിലും മേനിയഴകിലും മതിഭ്രമം സംഭവിച്ചതുകൊണ്ടാണ് ഇത്രയേറെ അനര്‍ത്ഥങ്ങള്‍ക്ക് നിമിത്തമാകാന്‍ ദശരഥന്‍ നിര്‍ബന്ധിക്കപ്പെട്ടത്. അതിന്റെ ഫലമായാണ് രഘുവംശം എത്രയോ കാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന രാജാധികാര കൈമാറ്റ വ്യവസ്ഥ തകരാന്‍ ഇടയാക്കിയത്. കാടു കയറേണ്ടിവന്ന രാമലക്ഷ്മണന്മാരും സീതയും ഒരു തെറ്റും ചെയ്യാത്തവരാണ്. നിര്‍ദ്ദോഷികളായ അവരെ കഠിനമായി ശിക്ഷിക്കേണ്ടി വന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും അപരാധികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു.

ദശരഥന്റെ നാല് മക്കളും പരമയോഗ്യന്മാരായിരുന്നു. ധര്‍മ്മത്തെ ഉപേക്ഷിച്ചു നടക്കാനാഗ്രഹിക്കാത്തവരുമാണ്. എന്നിട്ടും പുത്രവിയോഗശോകത്താല്‍ ഒരു പിതാവിന് മരിക്കേണ്ടിവന്നു. അതായത് മക്കള്‍ യോഗ്യരായതുകൊണ്ട് പിതാവിന് സൗഖ്യമുണ്ടാകണമെന്നില്ല. പിതാവിന്റെ സൗഖ്യം മക്കളുടെ നന്മയെയല്ല, സ്വന്തം കര്‍മ്മമഹിമയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആ വ്യക്തി രാജാവ് കൂടിയാകുമ്പോള്‍ പ്രജാഹിതത്തേയും രാജ്യക്ഷേമത്തേയും മുന്‍നിര്‍ത്തി വേണം ഏതു തീരുമാനം എടുക്കാനും അത് നടപ്പിലാക്കാനും ശ്രമിക്കേണ്ടത്. രാജാവിന്റെയും മറ്റ് അധികാരികളുടെയും മനസ്സ് കാമാതുരമാക്കുകയും കാമിനിമാരുടെ ശയ്യാഗൃഹങ്ങളില്‍ അലഞ്ഞു നടക്കുകയും ചെയ്താല്‍ നാശം സംഭവിക്കുകതന്നെ ചെയ്യും. രാമവിയോഗത്താല്‍ ഒളികെട്ട ദീപംപോലെ അയോദ്ധ്യ ഐശ്വര്യംമങ്ങി ദുഃഖപൂരിതമായി തീര്‍ന്നു. ഒരു രാജാവിന്റെ കാമദുരയും അഹങ്കാരവും വരുത്തിവെച്ച വിനയാണത്. അതുകൊണ്ട് പ്രജാക്ഷേമവും രാജ്യത്തിന്റെ ഐശ്വര്യവും ലക്ഷ്യമാക്കുന്ന രാജാക്കന്മാര്‍ കാമാതുരന്മാരാകാന്‍ പാടില്ല.

ഈ പഴയ നിയമം ഇന്നും പ്രസക്തമാണ്. ലൈംഗികവാസനാപ്രേരിതമായ പ്രവൃത്തികള്‍ എല്ലാം വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമാണെന്നും ആവക കാര്യങ്ങള്‍ ഒന്നും ഒരു സമൂഹം പൊതു ചര്‍ച്ച നടത്തി തീരുമാനം എടുക്കേണ്ടതില്ല എന്നു കരുതുന്നവരുണ്ട്. എന്നാല്‍ അധികാര വ്യവസ്ഥയുടെ ഭാഗമായി അധികാരം പ്രയോഗിക്കേണ്ടവര്‍ കാമാതുരരാകുകയും കാമിനിമാര്‍ക്ക് വശഗതരാകുകയും ചെയ്താല്‍ ദശരഥന് പറ്റിയതുപോലെ അധികാര ദുര്‍വിനിയോഗത്തിന് പ്രേരിപ്പിക്കപ്പെടുമെന്ന കാര്യത്തിലും സംശയമില്ല. അതുകൊണ്ടാണ്, ഭരണവ്യവസ്ഥയുടെ ഭാഗമായി അധികാരം പ്രയോഗിക്കുന്നവര്‍ ധാര്‍മ്മിക സദാചാര നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഏത് അധികാര വ്യവസ്ഥയും നിഷ്‌കര്‍ഷിക്കുന്നത്. പക്ഷേ, രാവണന്‍ പറഞ്ഞിരുന്നത് കാമാഭിനിവേശങ്ങള്‍ തന്റെ വ്യക്തിപരമായ കാര്യമാണെന്നും അത് രാജ്യത്തിന്റെയോ രാജഭരണത്തിന്റേയോ ഭാഗമല്ല എന്നുമാണ്, വിഭീഷണന്‍ ഈ നിലപാടിനോട്, വിയോജിച്ചിരുന്നു എങ്കിലും.

Comments are closed.