DCBOOKS
Malayalam News Literature Website

സാഹിത്യവും ഫാസിസവും സ്വാതന്ത്ര്യവും

എഴുത്തുകാര്‍ക്കു വേണ്ടിയുള്ള മനുഷ്യാവകാശസംഘടനയായ പെന്‍ ഇന്റര്‍നാഷണലിനുവേണ്ടി ന്യൂയോര്‍ക്കിലെ അപ്പോളൊ തിയറ്ററില്‍ അരുന്ധതി റോയ് നടത്തിയ ഈ വര്‍ഷത്തെ ആര്‍തര്‍ മില്ലര്‍ പ്രഭാഷണത്തില്‍ നിന്ന്

വിവര്‍ത്തനം: ഡോ. ജോസഫ് കെ.ജോബ്

ഇന്ത്യയിലെ ‘ദേശവിരുദ്ധ’രുടെ പട്ടികയില്‍ മുന്‍പന്തിയില്‍തന്നെയാണ് എന്റെ സ്ഥാനം. ദേശവിരുദ്ധരുടെ ലിസ്റ്റ് നാള്‍ക്കുനാള്‍ നീണ്ടുവരികയാണ്. അധികം വൈകാതെ ആ ലിസ്റ്റ് ദേശസ്‌നേഹികളുടേതിനെക്കാള്‍ അധികമായേക്കാം. ആരേയെങ്കിലും ഇവിടെ ദേശവിരുദ്ധരായി പ്രഖ്യാപിക്കുക എന്നത് വളരെ എളുപ്പമാണ്. നരേന്ദ്രമോദിക്കു നിങ്ങള്‍ വോട്ടുചെയ്യാതിരുന്നാല്‍ മതി നിങ്ങള്‍ ദേശവിരുദ്ധരാകും. നിങ്ങള്‍ പാകിസ്താനിയാകും! കാര്യങ്ങളിങ്ങനെ പോയാല്‍ പാകിസ്താന്റെ ജനസംഖ്യ കുതിച്ചുകയറും എന്നതു തീര്‍ച്ച. ആ രാജ്യക്കാര്‍ ഇതു വല്ലതും അറിയുന്നുണ്ടോ എന്തോ.

ഞാനിവിടെയായതുകൊണ്ട് ഇന്ത്യയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ടു ചെയ്യാന്‍ എനിക്കു കഴിയില്ല. ഇന്ന് മെയ് 12-നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പു നടക്കുന്നത്.  ജയിലിലടയ്ക്കപ്പെട്ടിട്ടില്ലാത്തവരായ എന്റെ സുഹൃത്തുക്കളും സഖാക്കളും ഇപ്പോള്‍ വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുകയാവും. ടര്‍ക്കിയുടെയോ ബ്രസീലിന്റെയോ സ്ഥിതി ഇന്ത്യയ്ക്കു വരുത്തരുതേയെന്നു മനസ്സിലാഗ്രഹിച്ചുകൊണ്ട് ശ്വാസമടക്കിപ്പിടിച്ചാവും അവരവിടെ നില്ക്കുന്നത്. മറിച്ചൊന്നും ഇന്ത്യയില്‍ സംഭവിക്കരുതെന്നാണ് എന്റെയും ആഗ്രഹം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുമ്പേ ഞാന്‍ ഏറ്റുപോയതാണ് ഈ പ്രഭാഷണ പരിപാടി. അക്കാര്യം ഞാനിവിടെ രേഖപ്പെടുത്തി വയ്ക്കട്ടെ. ഇനി ഒരൊറ്റ വോട്ടിനെങ്ങാനും നരേന്ദ്രമോദി ജയിച്ചുപോയാല്‍ ഇവിടെയിരിക്കുന്ന നിങ്ങളെല്ലാം അതിനുത്തരവാദികളായിരിക്കും.

ഹൃദയഹാരിയായ സംഗീതസദസ്സുകള്‍ ധാരാളമായി ശ്രവിച്ചിട്ടുള്ളവയാണ് ഹാര്‍ലെമിലെ അപ്പോളോ തിയേറ്ററിന്റെ ഈ ചുമരുകള്‍. ആ മധുരസംഗീതത്തിന്റെ ഈണങ്ങള്‍ ഈ ചുമരുകള്‍ ആരുമറിയാതെ സൂക്ഷിച്ചുവച്ചിട്ടുണ്ടാകണം. ആരും കേള്‍ക്കാനില്ലാത്തപ്പോള്‍ അവയിലോരോന്നെടുത്ത് അവ മൂളുന്നുമുണ്ടാകണം. സാഹിത്യത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമെന്താണെന്ന് അന്വേഷിക്കുന്ന ഈ യോഗം ചരിത്രമുറങ്ങുന്ന ഈ ഹാളിനകത്തുവച്ചു ചേര്‍ന്നത് എന്തുകൊണ്ടും ഉചിതമായിട്ടുണ്ട്.

മഞ്ഞുപാളികള്‍ ഉരുകിയിറങ്ങുന്നു. സമുദ്രങ്ങള്‍ തിളച്ചുമറിയുന്നു. ജലനിരപ്പു താണുതാണു പോകുന്നു. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ പരസ്പരാശ്രിതത്വത്തിന്റെ അതിലോലമായ വലക്കണ്ണികളിലൂടെ നാമിപ്പോഴും കുതിച്ചുപായുന്നു. യന്ത്രവും മനുഷ്യരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലേക്കാണ് അതിവിശിഷ്ടമായ നമ്മുടെ ധിഷണാശക്തി നമ്മെ നയിച്ചുകൊണ്ടു പോകുന്നത്. ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ നമ്മുടെ നിലനില്പും നമ്മുടെ വാസഗേഹമായ ഭൂമിയുടെ നിലനില്പും പരസ്പരബന്ധിതമാണെന്ന ബോധ്യം അഹങ്കാരംകൊണ്ട് നമ്മള്‍ ഇല്ലാതാക്കിക്കളയുന്നു. കലയെ അല്‍ഗോരിതംകൊണ്ടു പകരം വയ്ക്കുകയും കൂടുതല്‍ മനുഷ്യവിഭവം ആവശ്യമില്ലാത്തതോ കുറഞ്ഞ പ്രതിഫലം കൊടുത്താല്‍ മതിയാകുന്നതോ ആയ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്കു നാം ഉറ്റുനോക്കുകയും ചെയ്യുന്നു. ഇതൊക്കെയാണ് പുതിയലോകം. വൈറ്റ്ഹൗസില്‍ വെള്ളക്കാരായ ആധിപത്യവാദികള്‍ക്ക് ഇക്കാലത്തു മേല്‍ക്കൈ നേടാന്‍ കഴിയുന്നു. ചൈനയില്‍ പുതിയ സാമ്രാജ്യത്വ വാദികളും യൂറോപ്യന്‍ തെരുവീഥികളില്‍ നവനാസികളും ഇന്ത്യയില്‍ ഹിന്ദുദേശീയവാദികളും ശക്തരായിക്കൊണ്ടിരിക്കുകയാണ്. കൊലയാളി രാജകുമാരന്മാരും അഭിനവസ്വേച്ഛാധിപതികളും നമ്മെ ഏതൊക്കെയോ അജ്ഞാത ഇടങ്ങളിലേക്കു നയിച്ചുകൊണ്ടുപോകുകയും ചെയ്യുന്നു.

‘മറ്റൊരു ലോകം സാധ്യമാണ്’എന്നു നമ്മളില്‍ പലരും സ്വപ്‌നം കാണുന്നു. സ്വേച്ഛാധിപതികളും നവനാസികളുമടങ്ങുന്ന ഈ കൂട്ടവും അതുതന്നെയാണ് സ്വപ്‌നം കാണുന്നത്. അവരുടെ സ്വപ്‌നവും നമ്മുടെ ദുഃസ്വപ്‌നവും സാക്ഷാത്കരിക്കപ്പെടാന്‍ ഇനിയധികം സമയം വേണ്ട.

മുതലാളിത്തം സൗജന്യമായിത്തന്ന യുദ്ധങ്ങളും കല്പിച്ചനുവദിച്ച ദുരാഗ്രഹങ്ങളും ഈ ഭൂമിയെ അപകടത്തിലാക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ അനന്തരഫലമായി ഈ ലോകം അഭയാര്‍ത്ഥികളെക്കൊണ്ടു നിറഞ്ഞുകവിയുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയെല്ലാം ലോകത്തു സംഭവിച്ചതിന് സ്പഷ്ടമായും അമേരിക്കന്‍ ഗവണ്‍മെന്റിനു വലിയ ഉത്തരവാദിത്വമുണ്ട്.’ശിലായുഗത്തില്‍ ബോംബിട്ടു’ എന്നൊക്കെ അവകാശപ്പെട്ടുകൊണ്ട് അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ അമേരിക്കയ്ക്കു താലിബാനെ അട്ടിമറിക്കുക എന്ന ഏകലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പതിനേഴുവര്‍ഷം കഴിഞ്ഞ അതേ അമേരിക്ക താലിബാനുമായി സന്ധിസംഭാഷണത്തിന് ഇറങ്ങിയിരിക്കുന്നു. ഇടക്കാലത്ത് അവര്‍ ഇറാഖിനെയും ലിബിയയെയും സിറിയയെയും നശിപ്പിച്ചു. യുദ്ധങ്ങളിലും ഉപരോധങ്ങളിലും പെട്ടു ലക്ഷക്കണക്കിനു പേര്‍ക്കു ജീവഹാനി സംഭവിച്ചു. ആ പ്രദേശങ്ങള്‍ മുഴുവന്‍ അലങ്കോലമാക്കി. പുരാതനനഗരങ്ങള്‍ മണ്ണടിഞ്ഞു. വിജനമാക്കപ്പെട്ട ഇടങ്ങളിലെ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ ഐ എസ് ഐ എസ്സിന്റെ പുതിയ ഭീകരജീവി മുട്ടയിടാനാരംഭിച്ചു. ലോകം മുഴുവനും അതു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. അമേരിക്കയുടെ യുദ്ധങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലാത്ത നിരപരാധികളായ നിരവധി മനുഷ്യരെ അതു വിവേചനരഹിതമായി കൊന്നുതള്ളി.

യുദ്ധങ്ങളിലൂടെ ലോകത്ത് വിനാശം വിതയ്ക്കുകയും അന്താരാഷ്ട്രഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ട് ലോകസമാധാനം കെടുത്തുകയും ചെയ്ത ചരിത്രമേ അമേരിക്കയ്ക്കുള്ളൂ. ലോകരാജ്യങ്ങളിലെ ചില ഭരണകൂടങ്ങളെ ‘റോ സ്റ്റേറ്റ്’ അഥവാ ‘തെമ്മാടിഭരണകൂട’മെന്നു വിളിച്ച അമേരിക്കയ്ക്കുതന്നെയാണ് ആ പേരു നന്നായി ഇണങ്ങുക. പഴയ വിരട്ടല്‍തന്ത്രങ്ങള്‍ അതേപോലെ പ്രയോഗിച്ചും ആണവായുധങ്ങളെക്കുറിച്ചുള്ള പുതിയ നുണക്കഥകള്‍ പ്രചരിപ്പിച്ചും അമേരിക്കയിപ്പോള്‍ ഇറാനില്‍ ബോംബിടാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തില്‍ അമേരിക്ക ചെയ്ത ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായിരിക്കും അത്. ഭാവിയിലേക്കു നാം എടുത്തെറിയപ്പെടുമ്പോള്‍ നമുക്കുചുറ്റും വിഡ്ഢിത്തങ്ങളുടെ മിന്നലാക്രമണങ്ങള്‍… ഫെയ്‌സ്ബുക്ക് ലൈക്കുകള്‍… ഫാസിസ്റ്റു മാര്‍ച്ചുകള്‍…ഫെയ്ക്ക് ന്യൂസ് അട്ടിമറികള്‍…വംശനാശത്തിലേക്കുള്ള ഈ ഓട്ടമത്സരത്തില്‍ എവിടെയാണ് സാഹിത്യത്തിന്റെ സ്ഥാനം? സാഹിത്യമായി പരിഗണിക്കേണ്ടത് എന്തിനെയാണ്? ആരാണതു തീരുമാനിക്കുന്നത്? കൃത്യമായൊരു ഉത്തരം ഇതിനില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരെഴുത്തുകാരിയായി എങ്ങനെ ജീവിക്കാനാകുമെന്നതിന്റെ അനുഭവങ്ങള്‍ മാത്രമാണ് എനിക്കിവിടെ നിങ്ങളോടു പങ്കുവയ്ക്കാനുള്ളത്.

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം ഞാനൊരു റെയില്‍വേ സ്റ്റേഷനില്‍ പത്രം വായിച്ചുകൊണ്ട് ട്രെയിന്‍ കാത്തിരിക്കുകയാണ്. പത്രത്തിന്റെ അകത്തെ പേജില്‍ ഞാനൊരു ചെറിയ വാര്‍ത്ത ശ്രദ്ധിച്ചു. മാവോയിസ്റ്റുകള്‍ക്കുള്ള സാധനങ്ങള്‍ കരുതിയെന്നതിന്റെ പേരില്‍ രണ്ടു ചെറുപ്പക്കാര്‍ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നു. അവരുടെ കൈയില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങളുടെ കൂട്ടത്തില്‍ ‘അരുന്ധതി റോയിയുടെ ചില പുസ്തകങ്ങളും’ ഉണ്ടായിരുന്നത്രേ!

കുറച്ചുനാളുകള്‍ കഴിഞ്ഞ് ഒരു കോളജ് അധ്യാപികയെ ഞാന്‍ യാദൃച്ഛികമായി പരിചയപ്പെട്ടു. ‘ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കു’ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന യുവ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രാമീണര്‍ക്കും നിയമസഹായം ചെയ്യുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണവര്‍. വന്‍കിട കോര്‍പ്പറേറ്റുകളുടെ അടിസ്ഥാന വികസന പ്രോജക്ടുകള്‍ക്കും ഖനനത്തിനുമൊക്കെ എതിരുനില്‍ക്കുന്നതാണ് ഭരണാധികാരികളുടെ കണ്ണില്‍ ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍. അത്തരം പ്രോജക്ടുകളിലൂടെ പതിനായിരക്കണക്കിനു മനുഷ്യരാണു കുടിയിറക്കപ്പെട്ടിരിക്കുന്നത്. അവര്‍ക്കുവേണ്ടി നടത്തുന്ന പ്രക്ഷോഭത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടവര്‍ക്കുവേണ്ടിയാണ് ആ അധ്യാപിക പ്രവര്‍ത്തിക്കുന്നത്. ”പിടിക്കപ്പെട്ടവരുടെ ‘കുറ്റസമ്മത’മൊഴികളില്‍ അരുന്ധതിറോയിയുടെ പുസ്തകങ്ങളെക്കുറിച്ച് വല്ല പരാമര്‍ശവുമുണ്ടെങ്കില്‍ അവര്‍ക്കെതിരേ കേസെടുക്കാന്‍ വേറേ തെളിവുകളൊന്നും ആവശ്യമില്ല.” അവര്‍ പറഞ്ഞു. ”ഇക്കാര്യത്തിന് അവര്‍ നിങ്ങളെയും പിടികൂടാനിരിക്കുകയാണ്.” അവര്‍ മുന്നറിയിപ്പു നല്‍കി. ‘തെറ്റായപാതയിലേക്കു’ നയിക്കുന്നവയാണ് എന്റെ പുസ്തകങ്ങള്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പൊലീസ് ‘പിടിച്ചെടുത്ത’ ആ പുസ്തകങ്ങള്‍ എന്റെ നോവലുകളായിരുന്നില്ല. ആ സമയത്ത് ‘ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ എന്ന ഒരു നോവലുമാത്രമേ ഞാന്‍ രചിച്ചിരുന്നുള്ളൂ. ബാക്കിയെല്ലാം നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്ന കൃതികള്‍. ഒരു തരത്തില്‍ ആലോചിച്ചാല്‍ കഥകള്‍തന്നെയാണ് അവയും. കഥകളല്ലാത്ത വ്യത്യസ്തമായ കഥകള്‍. കാടുകള്‍, വിളകള്‍, വിത്തുകള്‍, കര്‍ഷകര്‍, കൃഷിഭൂമി, തൊഴില്‍നിയമങ്ങള്‍, നയരൂപീകരണങ്ങള്‍, ഇവയ്ക്കുമേലെ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ഭയങ്കരമായ കടന്നാക്രമണങ്ങളുടെ കഥകളാണ് അവയിലേറെയും. സെപ്റ്റംബര്‍ 11-ലെ ആക്രമണവും നാറ്റോയുടെ ആക്രമണങ്ങളുംവരെ ഇതിനുള്ളില്‍ വരുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ പോരാടുന്ന മനുഷ്യരുടെ കഥകളാണവയെന്നും പറയാം. ചില പ്രത്യേക നദികളെക്കുറിച്ച്, പര്‍വതങ്ങളെക്കുറിച്ച്, കോര്‍പ്പറേഷനുകളെക്കുറിച്ച്,ജനകീയപ്രക്ഷോഭങ്ങളെക്കുറിച്ചെല്ലാം ഓരോ കഥകളുണ്ട്. എല്ലാം പ്രത്യേകമായ വിധത്തില്‍ ഒതുക്കിക്കളഞ്ഞിട്ടുള്ളവതന്നെ. പരിസ്ഥിതിയുടെ യഥാര്‍ഥ പോരാളികള്‍ ഇവരാണ്. ആഗോളസന്ദേശം നല്കാന്‍ കഴിയുന്ന പ്രാദേശികരായ മനുഷ്യര്‍. എന്നാല്‍ ഈ മനുഷ്യരെല്ലാം വില്ലന്മാരായാണു നിരന്തരം ചിത്രീകരിക്കപ്പെടുന്നത്. രാജ്യപുരോഗതിക്കു തടസ്സം നില്‍ക്കുന്ന വികസനവിരുദ്ധര്‍.

തുടര്‍ന്നു വായിക്കാം

അരുന്ധതി റോയിയുടെ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ജൂലൈ ലക്കം പച്ചക്കുതിരയില്‍

Comments are closed.