DCBOOKS
Malayalam News Literature Website

കബന്ധന്‍ പറഞ്ഞു: ‘കാലത്തെ ജയിക്കാനാവില്ല’

സീതാവിരഹം സഹിക്കാതെ വാവിട്ടുകരയുന്ന ശ്രീരാമചന്ദ്രനെ സഹോദരനായ ലക്ഷ്മണന്‍ സമാശ്വസിപ്പിച്ചു. ജടായുവിനെ കണ്ടപ്പോഴാണ് രാവണനാണ് സീതയെ മോഷ്ടിച്ചത് എന്ന് അറിഞ്ഞത്. പക്ഷേ, സീതാന്വേഷണമാര്‍ഗ്ഗത്തെക്കുറിച്ച് അപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല. ജടായുവിന്റെ ശവസംസ്‌കാരം നടത്തി ആ പക്ഷിശ്രേഷ്ഠന് ഉദകക്രിയ ചെയ്തശേഷമാണ് ക്രൗഞ്ചാരണ്യം എന്ന കൊടുംകാട്ടില്‍ അവര്‍ എത്തിയത്. വന്‍മരങ്ങള്‍ ഇടതൂര്‍ന്നു നില്ക്കുന്ന കൊടുംകാട്. നട്ടുച്ചയ്ക്ക് പോലും സൂര്യപ്രകാശം പതിക്കാന്‍ പ്രയാസമുള്ള സ്ഥലം. ഇതിനിടയില്‍ ലങ്കാനഗരത്തിലെത്തിയ സീതയെ ചക്രവര്‍ത്തിനിയായി അഭിഷേകം ചെയ്യാമെന്നും താനും തന്റെ രാജ്യവും സീതയ്ക്ക് അധീനമാണെന്നും മുപ്പത്തിരണ്ട് കോടി രാക്ഷസന്മാരുടെ ഏക ചക്രവര്‍ത്തിയായ രാവണന്‍ സത്യം ചെയ്തു പറഞ്ഞു. സീതയോട് അനിഷ്ടവാക്ക് ആരും പറയരുതെന്നും ആരു പറഞ്ഞാലും വധശിക്ഷയായിരിക്കും ഫലമെന്നും രാക്ഷസരാജന്‍ വിധിച്ചു.

ദേവാസുരന്മാര്‍ക്കൊന്നും രാക്ഷസേന്ദ്രനായ രാവണനെ കൊല്ലാന്‍ കഴിയില്ലെന്നും ലങ്കാനഗരത്തെ ആക്രമിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അതുകൊണ്ട് മാനുഷനായ രാമനെ പ്രതീക്ഷിക്കേണ്ടതില്ല എന്നും രാവണന്‍ സീതയെ ഓര്‍മ്മപ്പെടുത്തി. രാമനെ മറക്കാനും രാവണനില്‍ അനുരാഗം വളരാനുമായി പന്ത്രണ്ടുമാസത്തെ സമയം നല്കി. അതിനുള്ളില്‍ രാവണന് വഴങ്ങിയില്ലെങ്കില്‍ സീതയെ കൊന്നുതിന്നുമെന്നും രാവണന്‍ ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സീതയെ കൊട്ടാരത്തില്‍ നിന്നും അശോകവനിയിലെത്തിക്കുന്നത്. സീതയെ സംരക്ഷിക്കാതിരുന്നതില്‍ ലക്ഷ്മണനെ ശകാരിച്ച രാമന്‍ സീതയുടെ കുത്തുവാക്ക് കേട്ട് കോപം മുഴുത്ത ലക്ഷ്മണന്‍ സീതയെ സംരക്ഷിക്കണമെന്ന രാമകല്പന മറന്നു എന്നു കുറ്റപ്പെടുത്തുകയും ചെയ്തു. ആ നിമിഷത്തിലാണ് സ്വജീവിതദുരന്തങ്ങള്‍ രാമന്‍ ഓര്‍ത്തെടുത്തത്. രാജാധികാരം നഷ്ടപ്പെട്ടു രാജ്യഭ്രഷ്ടനായി. എല്ലാ ബന്ധുജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു, അച്ഛന്‍ മരിച്ചു. അമ്മയെ പിരിയേണ്ടിവന്നു. ഒടുവില്‍ ഭാര്യാവിയോഗവും. തന്റെ മുജ്ജന്മ ദുഷ്‌കൃതങ്ങളെ രാമന്‍ ശപിച്ചു. ജീവികളുടെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത് ഈശ്വരനല്ല, കാലമാണ്. കാലം എല്ലാവരെയും ഒരുപോലെ കരുതി കണക്ക് പറയിക്കുന്നു. ആരായാലും കാലത്താല്‍ ഹതനാകും. സീതാവിരഹ ദുഃഖം കോപമായി മാറിയ രാമന്‍ തന്റെ സര്‍വ്വശക്തിയും എടുത്തുകൊണ്ട് ലോകത്തെ തകിടം മറിക്കുമെന്നു വരെപറഞ്ഞു. ഔചിത്യത്തോടെ ലക്ഷ്മണന്‍ രാമനെ സമാശ്വസിപ്പിച്ചു. എങ്ങനെയായാലും സീതയെ കണ്ടെത്താമെന്നു രാമനെ വിശ്വസിപ്പിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചു. മൃഗസഞ്ചയങ്ങളുടെ അംഗചേഷ്ടകളില്‍ നിന്നും ലഭിച്ച സൂചനകളെ ആശ്രയിച്ചാണ് സീതാന്വേഷകനായ രാമലക്ഷ്ണമന്മാര്‍ ക്രൗഞ്ചാരണ്യത്തിലെത്തിയത്.

ഈ അവസ്ഥയില്‍ എങ്ങനെയാണ് സീതയിലേക്ക് എത്തുക എന്നു വ്യക്തതയില്ലാതെ അലയുമ്പോഴാണ് അയോമുഖി എന്ന രാക്ഷസിയെ കാണുന്നത്. അതികൂറ്റത്തിയായ നിശാചരിയാണ് അയോമുഖി. ലക്ഷ്മണനെ കണ്ടമാത്രയില്‍ തന്നെ അവള്‍ കാമപരവശയായി. ആ കാട്ടില്‍ ലക്ഷ്മണന് അവളുമായി രമിച്ചു വസിക്കണമെന്ന് വാശിയോടെ അവള്‍ പറഞ്ഞു. പേടിപ്പെടുത്തുന്ന ഘോരരൂപിയായ അയോമുഖി ലക്ഷ്മണനെ കീഴടക്കാനും ശ്രമിച്ചു. ആ കാട്ടില്‍ ഓടിനടന്ന് ഇണ പിരിയാതെ രമിക്കണമെന്നാണ് അയോമുഖിയുടെ ശാഠ്യം. എങ്ങനെ സീതയെ കണ്ടെത്താനാകും എന്ന കാര്യത്തില്‍ മാത്രമാണ് ലക്ഷ്മണകുമാരന് അപ്പോള്‍ ശ്രദ്ധയുണ്ടായിരുന്നത്. കാമചാപല്യങ്ങള്‍ക്ക് അടിപ്പെടാനുള്ള മനസ്സും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വാളെടുത്ത് അയോമുഖിയുടെ മൂക്കും മുലയും ലക്ഷ്മണന്‍ ഛേദിച്ചത്.

സീതാന്വേഷണം വീണ്ടും മുന്നോട്ടു നടന്നപ്പോഴാണ് കബന്ധനെ കാണുന്നത്. കഴുത്തും തലയുമില്ലാതെ വയറ് വായില്‍ത്തന്നെയുള്ള വികൃതരൂപി. ഭീമാകാരമായ രൂപം, ഘോരസിംഹങ്ങളെപ്പോലും നക്കിയെടുക്കാന്‍ കഴിയുന്ന വലിയ നാവ്. ചുട്ടുപഴുത്ത തീഗോളം പോലെ ജ്വലിക്കുന്ന രണ്ട് വട്ടക്കണ്ണ്. ഓരോ യോജന നീളമുള്ള രണ്ട് കയ്യുകള്‍. കാണുന്ന ആരിലും ഭയം ജനിപ്പിക്കാന്‍ കഴിയുന്ന കബന്ധന്‍. രാമലക്ഷ്മണന്മാര്‍ കബന്ധന്റെ കൈകളില്‍ ഒതുങ്ങി. സീതാവിരഹവിവശരായിരുന്ന രണ്ടുപേരും തളര്‍ന്നിരുന്നു. ആനകളെപ്പോലും പിടിച്ചൊതുക്കാന്‍ കരുത്തുള്ള ആ കൈകള്‍ കൊണ്ടാണ് കബന്ധന്‍ ആഹാരം കഴിച്ചുപോന്നിരുന്നത്. ആ ഭാരിച്ച ശരീരം വെച്ച് ഇരതേടി നടക്കുക കബന്ധന് അസാദ്ധ്യമായ കാര്യമായിരുന്നു. അതുകൊണ്ട് തന്റെ കൈപ്പാടില്‍പെടുന്ന ജീവികള്‍, മനുഷ്യനോ, മൃഗമോ ആയാലും തനിക്ക് വിധാതാവ് കല്പിച്ച് നല്‍കിയ ഇരകളാണെന്ന വിശ്വാസത്തില്‍ കിട്ടുന്നതിനെയെല്ലാം ഭക്ഷിച്ചു കഴിയാനുള്ള വിധിക്ക് ഇരയാക്കപ്പെട്ടവനാണ് കബന്ധന്‍. കബന്ധനും കാലസൃഷ്ടിയാണ്.

കബന്ധന്റെ കൈക്കരുത്തില്‍ ഞെരിഞ്ഞ ലക്ഷ്മണന്‍ അവന്‍ നമ്മെ ഭക്ഷിക്കുന്നതിനു മുന്‍പ് അവനെ നിഗ്രഹിക്കണമെന്ന് ശ്രീരാമനോട് പറഞ്ഞു. പക്ഷേ അധീരനും നിശ്ചേഷ്ടനുമായ ഒരുവനെ നിഗ്രഹിക്കുന്നത് ശരിയുമല്ല, ധര്‍മ്മവുമല്ല. അതുകൊണ്ടാണ് രാമലക്ഷ്മണന്മാരെ വരിഞ്ഞുമുറുക്കുന്ന കൈകള്‍ വെട്ടി മാറ്റിയത്. ആയാസരഹിതമായി തന്റെ ഇടതുവലതുകരങ്ങള്‍ വെട്ടിമാറ്റിയതാരാണ് എന്ന് കബന്ധന്‍ ചോദിച്ചതും, രാമലക്ഷ്മണന്മാരാണ് തങ്ങളെന്നും സീതാന്വേഷണം നടത്തുകയാണെന്നും ലക്ഷ്മണന്‍ മറുപടി പറഞ്ഞതും ഒരു നിമിത്തമായി. ശ്രീരാമന്‍ എന്ന പേര് കേട്ടതോടെ കബന്ധന്‍ ഉത്സാഹഭരിതനായി തന്റെ പൂര്‍വ്വകഥ പറഞ്ഞു. അചിന്ത്യമായ സൗന്ദര്യംകൊണ്ട് മൂന്നു ലോകങ്ങളിലും പുകള്‍പെറ്റതായിരുന്നു തന്റെ ശരീരം. അവാച്യമായ രൂപഭംഗിയില്‍ അതിരറ്റ് അഹങ്കരിച്ചിരുന്നു. നേരംപോക്കിനുവേണ്ടി മറ്റുള്ളവരെ പേടിപ്പിക്കാനായി വികൃത ശരീരം കൈക്കൊണ്ട് നടക്കുമായിരുന്നു. അങ്ങനെയാണ് കാട്ടില്‍ കഠിനതപസ്സിരുന്ന സ്ഥൂലശിരസ്സ് എന്ന മുനിയെ പേടിപ്പിച്ചത്. ക്ഷുഭിതനായ മുനി അയാളെ ശപിച്ചു: ”ക്രൂരവും നിന്ദ്യവുമായ ശരീരം സ്ഥിരമായിരിക്കട്ടെ” അങ്ങനെയാണ് കബന്ധ രൂപത്തിലെത്തിയത്. മുനീന്ദ്രന്റെ കാലില്‍ വീണ് കരഞ്ഞുകൊണ്ട് മാപ്പപേക്ഷിച്ചു. പക്ഷേ, മുനി കനിഞ്ഞില്ല. ഒടുവില്‍ പറഞ്ഞു: ”എന്നാണോ ദാശരഥി രാമന്‍ നിന്റ കൈ വെട്ടുന്നതും നിന്റെ ശരീരത്തെ ചുടുന്നതും അന്ന് നിനക്ക് നിന്റെ പൂര്‍വ്വരൂപം തിരിച്ചുകിട്ടും. അതുവരെ കാട്ടില്‍ തന്നെ കിടക്കും.”

മറ്റൊരു ശാപകഥ കൂടി; ശ്രീ എന്നു പേരായ ഒരുവന്റെ പുത്രനായ ‘ദനു’ എന്ന കബന്ധന് പറയാനുണ്ട്. ബ്രഹ്മാവിനെ പ്രത്യക്ഷമാക്കാന്‍ അത്യുഗ്രമായ തപസ്സില്‍ ദനു മുഴുകി. ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷമായി. ദീര്‍ഘായുസ്സായി ഇരിക്കാനുള്ള വരവും നല്കി. അതില്‍ ഗര്‍വ്വിഷ്ടനായി ഇന്ദ്രനെ പോരിനു വിൡു. ദീര്‍ഘായുസ്സുള്ളതുകൊണ്ട് ഇന്ദ്രന് തന്നെ കൊല്ലാന്‍ കഴിയില്ല. സ്വാഭാവികമായും തന്നെ വധിക്കാന്‍ കഴിയാതെ വജ്രായുധധാരിയായ ഇന്ദ്രന് യുദ്ധത്തില്‍ നിന്നു പിന്മാറേണ്ടി വരും. പക്ഷേ, ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ചു. ആയുധം തട്ടിയ തുടകളും തലയും ഉടലില്‍ ലയിച്ചു ചേര്‍ന്നു. അങ്ങനെയാണ് ഇത്രയ്ക്ക് വികൃതമായത്. തന്നെ വധിക്കണമെന്ന് കേണപേക്ഷിച്ചിട്ടും ഇന്ദ്രന്‍ കൊന്നില്ല. പകരം ആഹാരം സംഭരിക്കാനായി ദീര്‍ഘമായ കരങ്ങള്‍ നല്കുകയും ചെയ്തു. അന്നുമുതല്‍ രാമനെ പ്രതീക്ഷിച്ച് വികൃതരൂപിയായി എല്ലാവരാലും വെറുക്കപ്പെട്ട് അവിടെകിടക്കുകയായിരുന്നു.

സൗന്ദര്യവും ദീര്‍ഘായുസ്സും വരദാനമായി ലഭിച്ചവന്റെ അഹങ്കാരമാണ് കബന്ധകഥയിലെ കാര്യം. സൗന്ദര്യമദത്താല്‍ അഹങ്കരിച്ചപ്പോള്‍ വിരൂപനായി. ദീര്‍ഘായുസ്സ് വരദാനമായി ലഭിച്ചപ്പോള്‍ അത് ശാപമായും തീര്‍ന്നു. ദീര്‍ഘായുസ്സ് എന്ന വരദാനം ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്ദ്രന് കബന്ധനെ കൊല്ലാന്‍ കഴിയാതെ പോയത്. വിരൂപിയായി അനങ്ങാന്‍ കഴിയാതെ കിടക്കുന്നവന്റെ ദീര്‍ഘായുസ്സിന് എന്ത് ഗുണമാണുള്ളത്. എന്തിന്റെ പേരിലാണോ ഒരുവന്‍ അഹങ്കരിക്കുന്നത് അത് തന്നെ അവന് ശാപമായി മാറുമെന്നാണ് കബന്ധകഥ സൂചിപ്പിക്കുന്നത്. ആ ദീര്‍ഘായുസ്സിന്റെ ബലം കൊണ്ടാകാം രാമനും കബന്ധനെ കൊന്നില്ല. മാത്രമല്ല, അഹങ്കാരം അത് ഏത് തരത്തിലുള്ളതായാലും വൈകൃതം തന്നെയാണ്. അഹങ്കാരത്തിന് സൗന്ദര്യമില്ല. വിനയം തന്നെയാണ് സൗന്ദര്യം.

ദാശരഥിരാമനും ലക്ഷ്മണനും ചേര്‍ന്നു കബന്ധനു ചിതയൊരുക്കി. കബന്ധനാണ് ഋശ്യാമൂകാലചലത്തില്‍ ബാലിയെ പേടിച്ചുകഴിയുന്ന സുഗ്രീവനെ കാണണമെന്നും സുഗ്രീവനെ കണ്ടാല്‍ സുഗ്രീവനിലൂടെ സീതയെ കണ്ടെത്താന്‍ കഴിയുമെന്നും രാമനോട് പറയുന്നത്. സുഗ്രീവന്‍ സത്യവാനും ധര്‍മ്മാത്മാവുമാണെന്നും അതുകൊണ്ട് വിശ്വസ്തനാണെന്നും പറഞ്ഞു. സീതാ വിരഹദുഃഖത്തില്‍ തപിച്ചിരുന്ന രാമനോട് ആയിരത്താണ്ടുകള്‍ അഹങ്കാരം മൂലം കബന്ധമായി കഴിയേണ്ടിവന്നവന്‍ പറഞ്ഞു.”കാലത്തെ ജയിക്കാന്‍ ലോകത്ത് ഒരു ജീവിക്കും കഴിയില്ല.”

Comments are closed.