DCBOOKS
Malayalam News Literature Website

മാജിക്കല്‍ റിയലിസം എന്നത് പഴയ ഒരു മുദ്രാവാക്യമാണോ?

രാഹുല്‍ രാധാകൃഷ്ണന്‍

കാലം മാറുമ്പോള്‍ കഥകളെ പുതിയ ഒരു വീക്ഷണത്തോടെ വായിക്കാന്‍ സാധിക്കുന്നു. ഇന്നലത്തെ സാമൂഹിക/രാഷ്ട്രീയ പരിസരത്തില്‍ ആയിരിക്കില്ല ഇന്ന് നാം പഴയ ഒരു കഥയോ നോവലോ വായിക്കുന്നത്. കേട്ട കഥകള്‍ക്ക് നമ്മള്‍ ഓരോരുത്തരും കാണുന്ന ഭാവനാദീപ്തമായ ഇടമുണ്ട്. ദ്വിമാനസംഭവങ്ങളെ ത്രിമാനസങ്കല്പങ്ങളായി വിസ്തൃതമാക്കുന്ന മായക്കാഴ്ചകളില്‍ അഭിരമിച്ചുകൊണ്ടാണ് വായനക്കാര്‍ അവരുടെ മനസ്സിനെ ആനന്ദിപ്പിക്കുന്നത്. വായനയിലൂടെ മാന്ത്രികലോകം സൃഷ്ടിച്ച എഴുത്തുകാരെ നാം അതിനാലാണ് വീണ്ടും വായിക്കുന്നത്. അക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരെഴുത്തുകാരനാണ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസ്. സര്‍ഗ്ഗധനനായ ഒരു ‘മലയാളി’ എഴുത്തുകാരനായിത്തന്നെ നാം കണ്ടുപോരുന്ന മാര്‍ക്വിസിന്റെ രചനകള്‍ വായനയുടെ അത്ഭുതങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കാറുണ്ട്. മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശവും പശ്ചാത്തലവുംകൊണ്ട് ഭാവനയെ ഭ്രമാത്മകമായ രീതിയില്‍ കെട്ടഴിക്കുന്ന മാര്‍ക്വിസിന്റെ എഴുത്തുരീതി വായനക്കാരെ ഏറെ സ്വാധീനിക്കുന്നു എന്നതില്‍ അതിശയോക്തി ഒട്ടുമില്ല. മാജിക് എന്ന വാക്കിലുപരിയായി ‘റിയല്‍’ ആയ തലത്തെ അധിഷ്ഠിതപ്പെടുത്തിയ സങ്കേതത്തില്‍, സങ്കല്പങ്ങള്‍ കടപുഴകുകയും അവ മറ്റൊരു വിസ്മയതീരത്തേക്ക് നീങ്ങുകയും ചെയ്യുന്നു. കാവ്യാത്മകവും ഭ്രമാത്മകവുമായ സങ്കല്പലോകം സൃഷ്ടിച്ച ഗാബോയ്ക്ക്, മലയാളിയുടെ ഭാവന സ്വപ്നം കണ്ടിരുന്ന കഥാലോകത്തെ കരുപ്പിടിപ്പിക്കുവാന്‍ സാധിച്ചു. കമ്മ്യൂണിസവും ലാറ്റിനമേരിക്ക എന്ന മൂന്നാം ലോകരാഷ്ട്ര പ്രതിനിധാനവും നമ്മളെ അദ്ദേഹത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന പ്രത്യയങ്ങളായി മാറുകയായിരുന്നു. ‘മാജിക്കല്‍ റിയലിസം’ എന്ന പ്രയോഗം മലയാളി ബുദ്ധിജീവി ചുറ്റുവട്ടങ്ങളില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കാവുന്ന ഒരു വ്യവഹാരവസ്തുവായി മാറിയതും മാര്‍ക്വിസിന്റെ കേരളാധിനിവേശത്തിലൂടെയാണ്. ഭാഷയുടെയും ഫാന്റസിയുടെയും ഭാവപ്പൊലിമയില്‍ വായനക്കാരെ തന്റെ കൃതികളിലേക്ക് വീണ്ടും വീണ്ടും ആകര്‍ഷിക്കുന്ന ഗാബോയുടെ ജീവിതവും കഥകളും നാം അറിഞ്ഞിട്ടുണ്ട്.

യാഥാര്‍ഥ്യവും സങ്കല്പവും തമ്മിലുള്ള അന്തരത്തെ ഏറ്റവും നന്നായ ആവിഷ്‌കരിച്ച്, അത് Textവായനക്കാരെ മനസ്സിലാക്കിച്ച മഹാനായ ഈ സാഹിത്യകുലപതിക്ക് മലയാളിയുടെ ജീവിതപരിസരത്തുള്ള സ്ഥാനം എന്തായിരുന്നു എന്ന് ചിന്തിക്കേണ്ടതാണ്. അതിന് ആദ്യം കിട്ടുന്ന ഉത്തരം അദ്ദേഹം നമ്മുടെ സ്വകാര്യ അഹങ്കാരമായി മാറിയ ലോകപ്രശസ്ത സാഹിത്യകാരന്‍ ആണെന്നാണ്. അന്യവല്‍ക്കരണത്തിന്റെയും അസ്തിത്വവാദത്തിന്റെയും മാറാപ്പുകളുമായി ഭാവുകത്വത്തിനെത്തന്നെ ആധുനികത മടുപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ലാറ്റിന്‍ അമേരിക്കന്‍ സംസ്‌കാരത്തിന്റെ അടയാളവാക്യങ്ങളുമായി ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസ് എന്ന ‘വാക്കിന്റെ ദൈവം’ പിറവിയെടുക്കുന്നത്.

കുട്ടിക്കാലം മുഴുവന്‍ മുത്തച്ഛന്റെയും അമ്മൂമ്മയുടെയും കൂടെ കഴിഞ്ഞ കൊച്ചു ഗാബോയ്ക്ക് ഒരു വയസ്സായപ്പോഴാണ് കൂട്ടക്കൊലയില്‍ കലാശിച്ച അരാക്കറ്റാക്കയിലെ കുപ്രസിദ്ധമായ ‘ബനാന സമരം’ നടന്നത്. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ United Plantation നടത്തിയ, 1928-ലെ ഈ ദാരുണസംഭവത്തില്‍ അനേകം ആളുകള്‍ മരിച്ചിരുന്നു. ഇങ്ങനെ കലുഷിതമായ സാഹചര്യത്തിലായിരുന്നു ഗാബോയുടെ ബാല്യം. എന്നാലിത് അദ്ദേഹത്തെ രാഷ്ട്രീയമായി കൂടുതല്‍ കരുത്തനാക്കുകയായിരുന്നു. 1899-1902 കാലഘട്ടത്തില്‍ കൊളംബിയയില്‍ നടന്ന ആയിരം ദിവസത്തെ യുദ്ധത്തില്‍ പങ്കെടുത്ത പോരാളിയായിരുന്നു ഗാബോയുടെ മുത്തച്ഛന്‍. കണ്‍സര്‍വറ്റിവ് പാര്‍ട്ടിയും ലിബറല്‍ പാര്‍ട്ടിയും തമ്മിലുണ്ടായ ഈ ആഭ്യന്തരയുദ്ധത്തില്‍ സജീവമായിരുന്നു മുത്തച്ഛന്‍. പില്ക്കാലത്ത് ‘കേണലിനാരും എഴുതുന്നില്ല’ എന്ന മാര്‍ക്വിസിന്റെ നോവല്‍ മുത്തച്ഛന്റെ ജീവിതം ആസ്പദമാക്കി എഴുതിയതാണ്. മുത്തച്ഛന്‍ പറഞ്ഞുകൊടുത്ത യുദ്ധകഥകളും അമ്മൂമ്മയുടെ പുരാവൃത്തങ്ങളും പ്രേതകഥകളുമൊക്കെമായി നിഗൂഢമായ ഒരന്തരീക്ഷത്തിലായിരുന്നു ഗാബോയുടെ ബാല്യം. അമ്മൂമ്മ അരിപ്പെട്ടിയില്‍ സൂക്ഷിക്കുന്ന മുട്ടകളെപ്പറ്റി ഗാബോ പറയുമ്പോള്‍ ഇതൊരു കേരളീയഗ്രാമത്തിലെ കഥയല്ലേ എന്ന് നമുക്ക് തോന്നിപ്പോകും. കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ നിന്നും ഉടലെടുത്തവയായിരുന്നു അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും. അമ്മൂമ്മ പറഞ്ഞുകൊടുത്ത യക്ഷികഥകളില്‍ അഭിരമിക്കുകയും എന്നാല്‍ രാത്രിയാവുമ്പോള്‍ ഭയന്ന് വിറക്കുകയും ചെയ്യുന്ന കൊച്ചുഗാബോയുടെ രീതി കൗമാരപ്രായത്തിലും മാറിയിരുന്നില്ല. മാര്‍ക്വിസില്‍ ‘മാന്ത്രിക യഥാതഥ്യ’ത്തിന്റെ വിത്തുകള്‍ പാകിയത് ഈ അന്തരീക്ഷമായിരുന്നു എന്ന് പറയുന്നതായിരിക്കും ശരി. മിത്തുകളും പുരാണങ്ങളും ചേര്‍ന്ന മായാപ്രപഞ്ചത്തിന്റെ കരുത്തില്‍ വാക്കുകളുടെ വിസ്മയലോകം തീര്‍ക്കുമ്പോള്‍ മാര്‍ക്വിസിന്റെ ഓരോ കഥയും ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായി സാര്‍വലൗകികമായി പരിണമിക്കുകയാണുണ്ടായത്.

‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും’, ‘കോളറാക്കാലത്തെ പ്രണയവും’ ആയിരിക്കാം മലയാളികള്‍ ഏറ്റവും അധികം വായിച്ചു കാണാനിടയുള്ള മാര്‍ക്വിസിന്റെ കൃതികള്‍. ‘ പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ എന്ന നോവലിലെ ചുറ്റുപാടുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, കൊളംബിയ നമുക്ക് അപരിചിതമായ ഒരു ഭൂമികയായി മാറുന്നില്ല. ഇന്ത്യയിലെ ഒരു ഗ്രാമത്തിലോ പട്ടണത്തിലോ അങ്ങനെയൊരു കഥ നടന്നാലും ആശ്ചര്യപ്പെടാനൊന്നുമില്ല. കന്യകാത്വത്തിന് ഇത്രയ്ക്ക് പ്രാധാന്യം കല്പിച്ചിരുന്ന ഒരു സമൂഹത്തില്‍, അതിന്റെ പേരില്‍ കൊലപാതകം വരെ നടക്കുന്നതിന്റെ വിവരണമാണ് ഈ നോവല്‍. ഇരുപത്തേഴു കൊല്ലം മുന്‍പ് നടന്ന ഒരു കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്താനുള്ള ശ്രമം എന്ന് ലളിതമായി വ്യാഖ്യാനിക്കാമെങ്കിലും അടരുകളിലും അടുക്കുകളിലുമായി ഇടതൂര്‍
ന്നുകിടക്കുന്ന ആഖ്യാനത്തിന്റെ തലങ്ങള്‍ വേറിട്ടതാണ്. ഏഞ്ചലോ ബികാരിയോ എന്ന യുവതിയെ വിവാഹം ചെയ്ത ബെയ്‌റാഡോ സാന്‍ റോമന്‍ മണിക്കൂറുകള്‍ക്കകം അവളെ കന്യക അല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കുകയാണ്. സാന്തിയാഗോ നാസര്‍ ആണ് അവള്‍ക്കുണ്ടായ ഈ ദുര്യോഗത്തിനു ഉത്തരവാദി എന്ന സംശയം ബലപ്പെടുന്നു. അയാളെ കൊല്ലാനായി ഉറപ്പിച്ചുകൊണ്ട് അവളുടെ സഹോദരന്മാര്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. അങ്ങനെ ഒരു മരണത്തിനു കളമൊരുങ്ങുകയാണ്. ഈ ഒരു കഥാഗതിയെ പൊലിപ്പിക്കുകയും സന്ദര്‍ഭങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്യുന്ന ആഖ്യാനതലമാണ് മാര്‍ക്വിസ് ഇവിടെ കൊരുത്തെടുക്കുന്നത്. ഉദ്വേഗത്തിന്റെയും സന്ദേഹത്തിന്റെയും ചുഴിയും മലരിയും ചേര്‍ത്തുവെച്ചുകൊണ്ട് ഒരു ഗണിതസമസ്യയെ നിര്‍ധാരണം ചെയ്യാനുള്ള ചുവടുകള്‍ നല്‍കുന്ന എഴുത്തുകാരനായി മാര്‍ക്വിസ് ഇവിടെ പ്രത്യക്ഷപ്പെടുന്നു.

മരണത്തിന്റെ പുരാവൃത്തത്തിനു പല പതിപ്പുകളും ഭാഷ്യങ്ങളും ഉണ്ടാകാം. മരിച്ച കഥാ
പാത്രത്തെക്കുറിച്ച് ഓര്‍ക്കാതെ അവയിലൂടെ കടന്നുപോകാനാവില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ഒരുമിച്ച് നില്‍ക്കുന്നത് സ്വപ്നങ്ങളിലും സാഹിത്യകൃതികളിലും മാത്രമേ കാണാനാകൂ. മരിച്ചവരും ജീവിച്ചിരിക്കുന്നവരും കൂടെയില്ലാത്ത ഒരു ലോകത്തെ എങ്ങനെയാണ് മുഖാമുഖം ചെയ്യേണ്ടത് എന്നതൊരു ആലോചനാവിഷയമാണ്. ഏകാന്തത എന്നത് ഭാരമായി തീരുന്ന ഇത്തരം സാഹചര്യത്തില്‍ വാക്കുകള്‍ അപരലോകം സൃഷ്ടിക്കുന്നു. ചുരുക്കത്തില്‍ മാര്‍ക്വിസിനെ പോലെയുള്ള എഴുത്തുകാരില്‍ വാക്ക് ശബ്ദമായും അച്ചടിച്ച രൂപമായും ആകൃതി പ്രാപിക്കുകയാണ്. തനിച്ചിരിക്കുമ്പോള്‍ കൂട്ടായി ഒരു വാക്കുപാല’ത്തിലൂടെ എന്നവണ്ണം സ്‌നേഹവിഷാദനിരാസങ്ങള്‍ വഹിച്ചുകൊണ്ട് നമ്മുടെ അടുത്തേക്ക് ഒരുപാട് ജീവസ്സുറ്റ കഥാപാത്രങ്ങള്‍ കടന്നു വരുന്നു. അവരില്‍ ചിലരെ പിന്നെ നമുക്ക് ഉപേക്ഷിക്കാനാവില്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങളെ മാര്‍ക്വിസിന്റെ ‘”Of Love and Other Demons’ എന്ന നോവലിലും കാണാനാകും. മരണത്തിന്റെ വക്കിലോ ഭ്രമാത്മകതയുടെ ചുഴലിയിലോ വീണുകിടക്കുന്നവരെ നാം അടുത്തറിയുകയാണ് മാര്‍ക്വിസിന്റെ കൃതികളിലൂടെ. അടക്കം ചെയ്തിട്ട്, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ശവകുടീരം തുറന്നപ്പോള്‍, അതില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ തലയോട്ടിയില്‍നിന്ന് ഏതാനും മീറ്ററോളം മുടി വളര്‍ന്നു കിടന്നിരുന്നു. ഇരുനൂറുകൊല്ലം മുന്‍പ് അടക്കം ചെയ്തിരുന്ന ഈ ശവശരീരത്തില്‍നിന്ന് ഉത്ഭവം ചെയ്ത ഈ കാഴ്ച പത്രലേഖകനായിരുന്ന മാര്‍ക്വിസിനെ അമ്പരപ്പിന്റെ വക്കിലെത്തിച്ചു. മരണത്തിനു ശേഷം ഒരു മാസം ഒരു സെന്റിമീറ്റര്‍ എന്ന വിധത്തില്‍ മുടി വളരുമെന്നൊരു കണക്ക് പ്രകാരമാണ് ഇരുന്നൂറു കൊല്ലം മുന്നെയാണ് ഈ പെണ്‍കുട്ടിയുടെ ശവം അടക്കിയത് എന്ന നിഗമനത്തിലെത്തുന്നത്. ഈ സംഭവമാണ് പിന്നീട് നോവലായി മാറിയത്. ദുശ്ശകുനമോ ദിവ്യാത്ഭുതമോ എന്നറിയാത്ത ഈ പ്രവൃത്തിയെ മാന്ത്രികത നിറഞ്ഞു നില്‍ക്കുന്ന അധ്യായമാക്കി തീര്‍ക്കുകയാണ് മാര്‍ക്വിസ് ഇവിടെ ചെയ്യുന്നത്. ഈ പെണ്‍കുട്ടിയുടെ ജീവിതവും മരണവും ഭാവനയില്‍ മെനഞ്ഞെടുത്തവതരിപ്പിക്കുകയാണ് മാര്‍ക്വിസ്. പേപ്പട്ടി കടിച്ച സീര്‍വ മരിയ എന്ന പെണ്‍കുട്ടിയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. പിശാച് ബാധിച്ചു എന്ന കാരണം പറഞ്ഞു
കൊണ്ട് മരിയയെ കോണ്‍വെന്റില്‍ തടവറയിലിട്ട ചുറ്റുപാടിലാണ് നോവല്‍ വികസിക്കുന്നത്. ക്രിസ്ത്യന്‍ സഭയും പള്ളിയും അധികാരത്തിന്റെ കാവലാളായി മാറിക്കൊണ്ട് പീഡനപര്‍വം ആസൂത്രണം ചെയ്യുന്നതിന്റെ ചിത്രം വരച്ചു കാണിക്കുകയാണ് മാര്‍ക്വിസ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.