DCBOOKS
Malayalam News Literature Website

കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രം

കായികകേളിയുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രമാണ് ടി.എന്‍. ഗോപിനാഥന്‍ നായര്‍ എഴുതിയ കേണല്‍ ഗോദവര്‍മ്മരാജ. കേരള കായിക ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട നാമധേയമാണ് ജി.വി. രാജ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേണല്‍ ഗോദവര്‍മ്മയുടേത്. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും അദ്ദേഹം അറിയപ്പെടുന്നു. സംഭവബഹുലമായ ആ മഹാജീവിതത്തിന്റെ ഉജ്ജ്വലമായ ആവിഷ്‌കാരമാണ് ഈ കൃതി.

പുസ്തകത്തിന് ടി.എന്‍. ഗോപിനാഥന്‍ നായര്‍ എഴുതിയ ആമുഖക്കുറിപ്പ്..

മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു മഹാനാണ് കേണല്‍ ഗോദവര്‍മ്മരാജാ. വരുംതലമുറകള്‍ അദ്ദേഹത്തെ അറിയണമെന്നു കരുതിയാണ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു ജീവചരിത്രം പ്രസിദ്ധപ്പെടുത്തണമെന്നു തീരുമാനിച്ചത്. ഞാന്‍തന്നെ ആ കൃതി രചിക്കണമെന്ന് കൗണ്‍സിലിന്റെ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് പി. ഗോവിന്ദന്‍നായര്‍ ആഗ്രഹിച്ചു. ആ രീതിയില്‍ ഒരു പ്രമേയവും കൗണ്‍സില്‍ അംഗീകരിച്ചു. ഡല്‍ഹിയില്‍നിന്നും നാട്ടില്‍ വരുമ്പോഴെല്ലാം കേണലിന്റെ ചിരന്തനസുഹൃത്തും അക്കാലത്തെ മികച്ച ടെന്നീസ് വിദഗ്ദ്ധനും സഹൃദയനുമായ ശ്രീ ഗോവിന്ദന്‍നായര്‍ ജീവചരിത്രം എഴുതാന്‍ എന്നെ നിര്‍ബ്ബന്ധിക്ക പതിവായിരുന്നു. തിരുമേനിയുടെ മറ്റൊരു സുഹൃത്തും എന്റെ ഗുരുവുമായ ഡോക്ടര്‍ എ. എസ്. നാരായണപിള്ളയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വന്നു.

എന്നെ പ്രതിവാരക്കത്തുകളയച്ച് സസ്‌നേഹം ‘ശല്യം’ ചെയ്തിരുന്ന വയോവൃദ്ധനും തിരുമേനിയുടെ ആരാധകനുമായ മറ്റൊരു നല്ല മനുഷ്യന്‍ കോട്ടയത്തെ ശ്രീ പി. ഏ. ഏബ്രഹാമാണ്. കേണലിന്റെ ജീവിതകഥ എഴുതണമെന്ന ആഗ്രഹത്തോടെ കോട്ടയത്തെ മികച്ച പത്രപ്രവര്‍ത്തകനും സഹൃദയനുമായ ശ്രീ ഡബ്ലിയു. സി. കുര്യന്‍ തിരുമേനിയുടെ ബാല്യകാലസുഹൃത്തുക്കളില്‍ പലരേയും നേരില്‍ കണ്ട് കുറിപ്പുകള്‍ തയ്യാറാക്കി വച്ചിരുന്നു. അതു കിട്ടിയതോടെയാണ് ഈ കൃതി എഴുതാന്‍ എനിക്കു ധൈര്യം കിട്ടിയത്. ശ്രീ കുര്യനോടുള്ള എന്റെ നന്ദി സീമാതീതമാണ്. ഇക്കാര്യത്തില്‍ എന്നെ സഹായിച്ച മറ്റൊരു വ്യക്തി പൂഞ്ഞാര്‍ ഗ്രന്ഥശാലയുടെ സ്ഥാപകസിക്രട്ടറിയും തിരുമേനിയുടെ ആരാധകനുമായ പൂഞ്ഞാര്‍ ശ്രീധരന്‍നായരാണ്. എന്നോടൊപ്പം പലയിടത്തും അദ്ദേഹം വരികയും ഓര്‍മ്മക്കുറിപ്പുകള്‍ തരികയും ചെയ്തു. ഇനി നന്ദി പറയേണ്ടത് തിരുമേനിയുടെ ഇളയമകള്‍ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മീഭായിത്തമ്പുരാട്ടിയോടാണ്. ഇതില്‍ ചേര്‍ത്തിട്ടുള്ള ഒട്ടുമുക്കാല്‍ ചിത്രങ്ങളും സ്വന്തം ആല്‍ബത്തില്‍നിന്ന് ഇളക്കിത്തന്നു സഹായിച്ചത് ആ പിതൃഭക്തയാണ്.

ഞാന്‍ നല്ലപോലെ ക്ലേശിച്ച് എഴുതിയ കൃതിയാണിത്. വിവരങ്ങള്‍ ശേഖരിക്കാന്‍ പലയിടത്തും സഞ്ചരിക്കേണ്ടി വന്നു. നിരവധിപേരെ നേരില്‍ക്കണ്ടു വിവരങ്ങള്‍ ശേഖരിക്കേണ്ടി വന്നു. മാര്‍ത്താണ്ഡവര്‍മ്മ ഇളയമഹാരാജാവും തിരുമേനിയുടെ മൂത്ത സഹോദരനായശ്രീ പി. ആര്‍. രാമവര്‍മ്മരാജായും ഇളയ സഹോദരനായ ശ്രീ കേരളവര്‍മ്മരാജായും ശ്രീ സി. പി. രാമകൃഷ്ണപിള്ളയും എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ ഈ കൃതി എഴുതിയത് കാഞ്ഞിരപ്പള്ളിയില്‍ കുറുങ്കുണ്ണിത്തോട്ടത്തില്‍ എന്റെ മകന്റെ ഭാര്യവീട്ടിലെ ടെറസ്സിലിരുന്നാണ്. ബഹുദൂരത്തില്‍ പല നിലവാരത്തിലുള്ള ഹരിതഭംഗി കലര്‍ന്ന കാടുകള്‍ അനുക്രമം ഉയര്‍ന്നുയര്‍ന്ന് നെടുനീളത്തില്‍ മൂടല്‍മഞ്ഞു പുതച്ച പര്‍വ്വത പംക്തികളില്‍ പര്യവസാനിക്കുന്ന പ്രശാന്തമായ പ്രകൃതിദൃശ്യം എന്നെ ഹരംപിടിപ്പിച്ചിരുന്നു, പ്രതിഭയ്ക്കു പ്രചോദനം തന്നിരുന്നു. അരുണോദയത്തില്‍ ഗിരിനിരകള്‍ മുഖാവരണം മാറ്റുമ്പോള്‍ പ്രിയങ്കരനായ തിരുമേനി എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുമിന്നി. സ്മരിക്കുന്നതിലും രചിക്കുന്നതിലും ഒരു സുഖം ഞാന്‍ നുകര്‍ന്നിരുന്നു.

ഇത് തറവാടിത്തമുള്ള മനോരാജ്യം വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധപ്പെടുത്താന്‍ സന്മനസ്സുകാട്ടിയ എന്റെ പ്രിയ സുഹൃത്ത് ഡാക്ടര്‍ ജോര്‍ജ്ജ് തോമസ്സും ശ്രീമതി റേച്ചല്‍ തോമസ്സും എന്റെ കൃതജ്ഞത അര്‍ഹിക്കുന്നു. അവര്‍ എന്നും എന്റെ അഭ്യുദയകാംക്ഷികളാണ്. മനോരാജ്യത്തില്‍ പ്രസിദ്ധപ്പെടുത്തിയതുകൊണ്ട് ഒട്ടുവളരെ അഭിനന്ദനക്കത്തുകള്‍ എനിക്കു ലഭിക്കയുണ്ടായി. ഈ കൃതി പ്രസിദ്ധപ്പെടുത്താന്‍ പൂഞ്ഞാറിലെ അവിട്ടം തിരുനാള്‍ ഗ്രന്ഥശാല മുന്നോട്ടുവന്നത് വളരെ ആശ്വാസപ്രദമായി. അല്ലെങ്കില്‍ ഇത് ഇത്രവേഗം പുസ്തകരൂപത്തില്‍ വരുമായിരുന്നില്ല. ഇത് അച്ചടിക്കുന്നതില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം കാര്യദര്‍ശി ശ്രീ എം. കെ. മാധവന്‍നായരും പബ്ലിക്കേഷന്‍ മാനേജര്‍ ശ്രീ ഗോപിയും പ്രദര്‍ശിപ്പിച്ച ഉദാരമായ ഉത്സാഹത്തിനും നന്ദിപറയട്ടെ.

ഇനി ഒരാളോടു മാത്രമേ കൃതജ്ഞത പ്രകാശിപ്പിക്കാനുള്ളു. ആദ്യം ചെയ്യേണ്ടത് അതായിരുന്നു. ഇതിന് പ്രൗഢവും കലാസുന്ദരവുമായ അവതാരിക എഴുതിത്തന്ന ഡാക്ടര്‍ പി. സി. അലക്‌സാണ്ടറോടുള്ള കൃതജ്ഞത. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സിക്രട്ടറിയായ ഇദ്ദേഹത്തെപ്പോലെ ജോലിത്തിരക്കുള്ള സമുന്നതനായ ഒരാള്‍ ഇതിന് നേരം കണ്ടെത്തിയത് എന്നോടുള്ള വാത്സല്യാതിരേകംകൊണ്ടു മാത്രമാണെന്നറിയാം. ഇന്നു ജീവിക്കുന്ന മലയാളികളില്‍ ഏറ്റവും മഹാനായ ആ സഹൃദയോത്തംസത്തോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിഞ്ഞുകൂടാ, ഞാന്‍ മംഗളം നേരുകമാത്രം ചെയ്യുന്നു. അനല്പമായ ചാരിതാര്‍ത്ഥ്യത്തോടെ, അതിലേറെ അഭിമാനത്തോടെ, അതില്‍ക്കവിഞ്ഞ ആഹ്ലാദത്തോടെ, ഞാന്‍ ഈ കൃതി കൈരളിയുടെ തൃപ്പാദങ്ങളിലര്‍പ്പിക്കുന്നു.

Comments are closed.