DCBOOKS
Malayalam News Literature Website

‘കോഡക്സ്‌ ഗിഗാസ്’ ; അടിമുടി ത്രില്ലടിപ്പിക്കുന്ന നോവൽ

അനുരാഗ് ഗോപിനാഥിന്റെ ‘കോഡക്‌സ് ഗിഗാസ്’ എന്ന നോവലിന് ആദർശ് ആർ എഴുതിയ വായനാനുഭവം

ഹോളി ഫെയ്ത്ത് സ്കൂളിന്റെ നാലാം നമ്പർ വാൻ വലിയ പാലത്തിന്റെ കൈവരി തകർത്ത് മീനച്ചിലാറിലേയ്ക്ക് മറിഞ്ഞു.
പത്തു കുട്ടികൾക്ക് ഗുരുതര പരിക്ക്. ഒരു കുട്ടിയെ കാണാനില്ല. അഡ്വ ബേബി കുര്യന്റേയും ആനിയുടേയും മകൾ എസ്തേർ ആയിരുന്നു ആ പെൺകുട്ടി..! മീനച്ചിലാറിന്റെ കയങ്ങളിൽ നിന്ന് തിരിച്ചു വരുന്ന എസ്തേറിന്റെ കൃഷ്ണമണിയുടെ നിറം മാറുന്നു, അവൾ വിചിത്രമായി പെരുമാറുന്നു.

ACP അക്ബറിന്റെ നേതൃത്വത്തിൽ അന്വേഷണം, പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ഡോക്ടർ ആര്യനും അന്വേഷണത്തിന്റെ Textഭാഗമാകുന്നു. വായനക്കാരെ അടിമുടി ത്രില്ലടിപ്പിച്ചു കൊണ്ടുപോകുന്ന രചനയാണ് കോഡക്സ്‌ ഗിഗാസ്. ചെക്ക് റിപ്പബ്ലിക്കിലെ ഒരു സന്യാസിമഠത്തിൽ ജീവിച്ചിരുന്ന ഹെർമൻ രിക്ലോസ് എന്ന സന്ന്യാസി ചില കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലാകുകയും അതിൽ നിന്ന് രക്ഷനേടാൻ ഒരു ബൃഹദ് ഗ്രന്ഥം താൻ തയ്യാറാക്കാമെന്ന് അന്നത്തെ ഭരണാധികാരികൾക്ക് വാക്ക് നൽകുകയും , ശിക്ഷയിൽ നിന്നും ഒഴിവാക്കാമെന്ന ഉടമ്പടി വെക്കുകയും ചെയ്തു. എന്നാൽ നിഷ്കർഷിച്ച സമയത്തിനുള്ളിൽ പുസ്തകം പൂർത്തിയാക്കാൻ കഴിയാതെ വരികയും സാത്താനിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു.. സാത്താന് സമർപ്പിക്കപ്പെട്ട , പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചെകുത്താന്റെ വേദ പുസ്തകമാണ് കോഡക്സ്‌ ഗിഗാസ്.

ഒളിഞ്ഞിരിക്കുന്ന തന്ത്രശാലിയായ കൊലയാളിയിലേയ്ക്കുള്ള കണ്ണികൾ, സംഭവങ്ങൾ. കുറ്റവാളിയിലേയ്ക്ക് എത്തുന്നതിലേയ്ക്കുള്ള പാതയിൽ അനാവശ്യ ഗിമ്മിക്കുകൾ നിറച്ച് വായനക്കാരെ വഴിതിരിച്ചു വിടാൻ അനുരാഗ് ഗോപിനാഥ് ശ്രമിക്കുന്നില്ല.

വായനക്കാരന്റെയുള്ളിലെ സംശയങ്ങളെല്ലാം അക്ബർ എന്ന ACP ലൂടെ ദൂരീകരിക്കുന്നുണ്ടിവിടെ. യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്ന ഇൻവെസ്റ്റിഗേഷൻ രീതി തന്നെയാണ് ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പസിൽ സോൾവ് ചെയ്യുമ്പോലെ ACP അക്ബർ കേസിന്റെ ചുരുളഴിക്കുന്നു. മനഃശാസ്ത്രപരമായ സമീപനമാണ് ‘കോഡക്സ്‌ ഗിഗാസി’ന്റെ എഴുത്തിനെ വേറിട്ടു നിർത്തുന്നത്. ശാസ്ത്രം, സാങ്കേതികത, തുടങ്ങിയ ജ്ഞാനമേഖലകളുടെ അതിവിപുലമായ സാധ്യതകളെ തിരിച്ചറിയുകയും കൃത്യമായി എഴുത്തിലടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട് അനുരാഗ്.

അറിവധിഷ്ഠിത സങ്കേതങ്ങളെ മത ബിംബങ്ങളുമായി യോജിപ്പിച്ച് ആധുനികാനന്തര മലയാള ഡിറ്റക്ടീവ് നോവൽ സാഹിത്യത്തിന് തെളിച്ചമുള്ള ഒരു എഴുത്ത് നൽകുന്നുണ്ട് ‘ കോഡക്സ്‌ ഗിഗാസ്’. വിശ്വാസങ്ങളാൽ ഭ്രഷ്ട് കൽപിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരുടെ അപരലോക നിർമ്മിതിക്കു വേണ്ടിയുള്ള ശ്രമങ്ങളെ നോവലിൽ കാണാം. ഉന്നത പദവികളിലിരുന്നു കൊണ്ടവർ രഹസ്യമായ മറ്റൊരു ലോകം പണിയുന്നു. അവരുടെ ഉടമ്പടികളിൽ, സാക്ഷ്യം പറച്ചിലുകളിൽ ഇരയാക്കപ്പെടുന്നത് നിരപരാധികളാണ്. അവിശ്വസനീയമായ സംഭവങ്ങളെന്ന് തോന്നുന്നവയെ മന:ശാസ്ത്ര പഠനത്തിന്റെ നിർവചനങ്ങളിലൂടെയും രീതിശാസ്ത്രങ്ങളിലൂടെയും യുക്തിഭദ്രത വരുത്തുവാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്..

ഉടമ്പടികളിലധിഷ്ഠിതമായ മനുഷ്യ വ്യാപാരങ്ങളെ , വിചിത്രമായ ആരാധനാ ക്രമങ്ങളെയൊക്കെ ഭീതിയുടെ മിന്നലേൽപ്പിച്ച് വായനക്കാരിൽ പ്രഹരിപ്പിക്കുന്നുണ്ട്. മനുഷ്യമനസ്സിന്റെ സങ്കീർണ്ണതയെ , മാനസിക രോഗാവസ്ഥകളെ ഒക്കെ വിശദീകരിക്കുമ്പോഴും എഴുത്തിന്റെ ഒഴുക്കിനെ , സ്വാഭാവിക വായനയെ മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നില്ല.

സമകാലിക സംഭവങ്ങളെ റഫറൻസായി ഉപയോഗിക്കുകയും ഒരേ സമയം പലയിടങ്ങളിൽ കഥയെ കൂട്ടിയിണക്കുകയും ചെയ്തു കൊണ്ട് സാധാരണ എഴുത്തിലും അസാധാരണത്വം അനുഭവിപ്പിക്കാൻ കഴിയുന്നുണ്ട് നോവലിന്.   പലയിടത്തും ഹൊറർ ഫീൽ നൽകുവാൻ സാധിച്ചിട്ടുണ്ട് എഴുത്തുകാരന്. മികച്ച വായനാനുഭവം നൽകുന്ന ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ് കോഡസ് ഗിഗാസ് .

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ 

Comments are closed.