DCBOOKS
Malayalam News Literature Website

“അനാചാരങ്ങള്‍ ആചാരങ്ങളായി മാറാം; പക്ഷെ, കാലം അവയെ വലിച്ചെറിയും…”

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതുന്ന ലേഖനം

നമ്മുടേത് ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന നിലപാടാണ് നമ്മുടെ സംസ്ഥാനം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്തെ ഇന്നത്തെ സാഹചര്യത്തില്‍ മതനി രപേക്ഷത ദുര്‍ബലപ്പെടുത്താനുള്ള ഒട്ടേറെ നീക്കങ്ങള്‍ പല കോണുകളില്‍ നിന്നുമുണ്ടായപ്പോള്‍, പ്രത്യേകിച്ച് രാജ്യം ഭരിക്കുന്നതിന് നേതൃത്വം കൊടുക്കുന്ന ആളുകളില്‍ നിന്നുതന്നെ അത്തരത്തിലുള്ള നീക്കങ്ങളുണ്ടായപ്പോള്‍ അതിനെതിരെ ഉറച്ച ശബ്ദം രാജ്യത്താകെഉയര്‍ന്നിട്ടുണ്ട്. കേരളം എല്ലാക്കാലത്തും അതിന്റെ മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലുള്ളതുകൊണ്ട് മാത്രമല്ല നേരത്തേമുതല്ക്കു കേരളീയമനസ്സ് മതനിരപേക്ഷ തലം ശക്തിപ്പെടുത്തുന്നതിനു വേണ്ടി നിലകൊണ്ടതാണ്. ഇത് ദുര്‍ബലപ്പെടുത്താന്‍ പല നീക്കങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ഉലയ്ക്കാനാകുമോയെന്ന് വര്‍ഗ്ഗീയശക്തികള്‍ പലപ്പോഴും നോക്കിയിട്ടുണ്ട്. മതനിരപേക്ഷതയ്‌ക്കെതിരെ രാജ്യത്താകെ യുദ്ധം പ്രഖ്യാപിച്ച് നടക്കുന്ന ആര്‍. എസ്.എസും സംഘപരിവാറും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ദുര്‍ബലപ്പെടണം എന്ന് ആഗ്രഹിച്ചവരാണ്. അതിന് ചില കര്‍മ്മപരിപാടികളും അവരിവിടെ സ്വീകരിച്ചിരുന്നു.

എന്നാല്‍ അതൊന്നും കേരളത്തില്‍ വിലപ്പോയില്ല എന്ന് നമുക്കറിയാം. ഇപ്പോള്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഒരു വിധി പുറപ്പെടുവിച്ചപ്പോള്‍ അതിന്റെ മേലെ വിശ്വാസികളായവരെ അണിനിരത്തി കേരളത്തിന്റെ നേരത്തെ പറഞ്ഞ മതനിരപേക്ഷ മനസ്സ് ദുര്‍ബലപ്പെടുത്താനാകുമോ എന്നുള്ള ശ്രമമാണ് ബോധപൂര്‍വ്വം നടന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ മുന്നില്‍ ആര്‍. എസ്.എസും ബി.ജെ.പിയുമുണ്ടാകുമെന്ന് ഈ നാടിന്റെ ചരിത്രം അറിയാവുന്നവര്‍ക്ക് മനസ്സിലാകുന്ന കാര്യമാണ്. എന്നാല്‍ അവര്‍ മാത്രമല്ല, അവരോടൊപ്പം ഞങ്ങള്‍ മതനിരപേക്ഷമാണെന്ന് പറയുന്ന ചിലരും അണിനിരക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇവര്‍ നമ്മുടെ നാടിന്റെ വിശ്വാസ സമൂഹത്തിനിടയില്‍ വലിയ തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സര്‍ക്കാരും എന്തോ മഹാ അപരാധം ചെയ്തിരിക്കുന്നു എന്ന് വിശ്വസിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

മതനിരപേക്ഷത എന്നു പറയുന്നത് ഏതൊരാള്‍ക്കും അയാളുടെ വിശ്വാസം അനുസരിച്ചു ജീവിക്കാനുള്ള അവകാശമാണ്. ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും മതനിരപേക്ഷത അവകാശം നല്കുകയാണ്. കേരളത്തിലെ ഇടതുപക്ഷം അധികാരത്തില്‍ വന്ന എല്ലാ ഘട്ടങ്ങളിലും നമ്മുടെ സംസ്ഥാനത്ത് വിശ്വാസികള്‍ക്കോ വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പോറലേല്പിക്കുന്ന ഒരു നടപടിയും ഉണ്ടായില്ലെന്നത് ചരിത്രയാഥാര്‍ത്ഥ്യമാണ്.ഏത് വിശ്വാസിക്കും തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്ന് കരുതുന്നവരാണ് ഞങ്ങള്‍. അതല്ലാത്ത നില ഏതെങ്കിലും ഘട്ടത്തില്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ ആ ഘട്ടങ്ങളിലെല്ലാം തെറ്റായ നിലപാടിനെതിരെ ശക്തമായ നില സ്വീകരിച്ച് മതനിരപേക്ഷതയുടെ സംരക്ഷണത്തിന് നിലകൊണ്ടവരാണ് ഞങ്ങള്‍. ഇതൊന്നും നമ്മുടെ നാടിന് അറിയാത്ത കാര്യങ്ങളല്ല.

ഒരു സംശയവുമില്ല, നമ്മുടെ സമൂഹത്തില്‍ വിശ്വാസികളാണ് കൂടുതല്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അണിനിരന്നിട്ടുള്ളവരിലും വിശ്വാസികള്‍തന്നെയാണ് കൂടുതല്‍. ഈ വിശ്വാസികളായിട്ടുള്ളവര്‍ അവരവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാനും ഇതിലൊന്നിലും വിശ്വസിക്കാത്തവര്‍ക്ക് ആ ധാരണ അനുസരിച്ച് ജീവിക്കാനും ഇവിടെ അവകാശമുണ്ട് എന്നതാണ് നാം അടിവരയിട്ട് കാണേണ്ടത്. ശബരിമലയുടെ കാര്യത്തിലും ഇതേ സമീപനം തന്നെയാണ്. ശബരിമലയില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്ന പ്രശ്‌നത്തിന്റെ സത്തയിലേക്ക് നാം കടക്കുക. പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ പാടുണ്ടോയെന്നതാണ് പ്രശ്‌നം. ഇത് ഇപ്പോള്‍ ഉയര്‍ന്നു വന്നതല്ല. നേരത്തെ നമ്മുടെ നാട്ടില്‍ നിലനില്ക്കുന്ന ഒരു പ്രശ്‌നമാണ്. ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേക നിലപാടെടുത്തില്ല. എന്ന് പറഞ്ഞാല്‍ പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ എന്ന നിലയ്ക്ക് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കേസുകളുടെ ചരിത്രമെടുത്താല്‍ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കേണ്ടതാണെന്ന് പറഞ്ഞുകൊണ്ട് ഒരു നിയമനിര്‍മ്മാണം നടത്താനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരു സര്‍ക്കാര്‍ ഉത്തരവും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടില്ല. ശബരിമലയിലെ സ്ത്രീപ്രവേശനം എങ്ങനെയാണ് ഒരു പ്രശ്‌നമായി പിന്നെ ഉയര്‍ന്നുവന്നത് എന്ന് നോക്കുക. എസ്. മഹേന്ദ്രന്‍ എന്ന ഒരാള്‍ ഒരു കത്ത് ഹൈക്കോടതിയുടെ ജഡ്ജിക്ക് അയയ്ക്കുന്നു. ആ കത്ത് ഒരു പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറാകുന്നു. കത്തില്‍ മഹേന്ദ്രന്‍ ഉന്നയിച്ച പ്രശ്‌നങ്ങളുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ കയറുകയാണ്, അവിടെ വി.ഐ.പികളുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിഗണന നല്കുന്നു. അക്കാലത്ത് ഒരു മുന്‍ ദേവസ്വം കമ്മിഷണര്‍ ചന്ദ്രിക ഉണ്ടായിരുന്നു. ചന്ദ്രികയുടെ പേരക്കുട്ടിക്ക് ചോറൂണ് ശബരിമലയില്‍ വച്ചാണ് നല്കിയത്. ഈ ചോറൂണ് നടത്തുമ്പോള്‍ ചന്ദ്രികയോടൊപ്പം മകളും മറ്റ് വിവിധ പ്രായത്തിലുള്ള സ്ത്രീകളും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രം ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു. അത് കോടതിയുടെ മുമ്പാകെ വരികയുണ്ടായി. കോടതിയില്‍ ഇക്കാര്യങ്ങളെല്ലാം എത്തിയതിന്റെ ഭാഗമായി കോടതി വിശദമായ പരിശോധനയിലേക്കു കടന്നു.

പരിശോധന ആരംഭിച്ചപ്പോഴാണ് ചില കാര്യങ്ങള്‍ പുറത്തുവന്നത്. കൊല്ലവര്‍ഷം 1115-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ആ ഘട്ടത്തില്‍ രാജാവിനോടൊപ്പം മഹാറാണിയുമുണ്ടായിരുന്നു. ദിവാനും ഉണ്ടായിരുന്നു. അപ്പോള്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നോ എന്നതിന്റെ തെളിവായിട്ടാണ് ഈ കാര്യങ്ങള്‍ വന്നത്. മാത്രമല്ല, നിരവധി ഭക്തര്‍ കുട്ടികളുടെ ചോറൂണ് ശബരിമലയില്‍ വച്ച് നടത്തിയിട്ടുണ്ട്. അത് സ്ത്രീകളോടൊപ്പമാണ്. ഇതും കോടതിയുടെ മുമ്പാകെ വരികയുണ്ടായി. കോടതിയുടെ മുമ്പാകെ വന്ന മറ്റൊരു കാര്യം പ്രതിമാസ പൂജകള്‍ക്കായി അമ്പലം തുറക്കുമ്പോള്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ ശബരിമലയില്‍ വരാറുണ്ട്. എന്നാല്‍ ആ ഘട്ടത്തില്‍ മണ്ഡലം, മകരവിളക്ക്, വിഷുക്കാലം ഈ ഘട്ടങ്ങളില്‍ അനുമതിയില്ലായിരുന്നു. അക്കാലത്തെ ഹിന്ദുമുന്നണിയുടെ സെക്രട്ടറി ശബരിമലയുടെ തന്ത്രിയായ മഹേശ്വരര്‍ക്ക് അയച്ച കത്ത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ കത്തയച്ചത് ഇപ്പോള്‍ ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന, നേരത്ത, കേരളത്തിലെ ബിജെപി
യുടെ പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ്. അതില്‍ അദ്ദേഹം പറഞ്ഞത് ശബരിമലയില്‍ വിവാഹച്ചടങ്ങ് നടക്കുന്നു, വനിതകളുടെ ഡാന്‍സ് നടക്കുന്നു, സിനിമാ ഷൂട്ടിങ്് നടക്കുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് കുമ്മനം തന്ത്രിക്ക് കത്തയച്ചത്. ഈ കത്തിന് തന്ത്രി അയച്ച മറുപടി കോടതിയുടെ പരി
ശോധനയിലേക്ക് വന്നു. ഇതെല്ലാം പരിശോധിച്ച ശേഷം 1991 ഏപ്രില്‍ 5ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. ആ വിധിയില്‍ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനാനുമതിയില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.

അപ്പോള്‍ നേരത്തേയുണ്ടായിരുന്ന സ്ത്രീപ്രവേശനത്തിന് ഹൈക്കോടതി അറുതി വരുത്തുകയാണ് ചെയ്തത്. 91ന് ശേഷം ഇവിടെ അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും ഈ വിധിയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടത്തുകയാണ് ചെയ്തത്. അതിന്റെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് സ്ത്രീ പ്രവേശനമുണ്ടായിരുന്ന ഒരു ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതാണ് സ്ത്രീപ്രവേശന നിഷേധത്തിന്റെ ചരിത്രം. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുപ്രീം കോടതിയുടെ വിധി ഇക്കഴിഞ്ഞ സെപ്തംബര്‍ 28 നാണ് ഉണ്ടായത്. സുപ്രീംകോടതി വിധി ഒരുദിവസം പെട്ടെന്ന് ഉണ്ടായതല്ല. 91-ല്‍ ആരംഭിച്ച ഈ സമ്പ്രദായത്തിനെതിരെ 2006-ല്‍ സുപ്രീം കോടതിയിലേക്ക് റിട്ട് പെറ്റീഷനുമായി ഇന്ത്യന്‍ യങ് ലോയേഴ്‌സ് സെക്രട്ടറിയായ ഭക്തി പ്രസീജ സേത്തി പോയി. ഇവര്‍ ആര്‍.എസ്.എസ് ബന്ധമുള്ളവരാണെന്ന് എല്ലാവര്‍ക്കുമറിയാം. 12 വര്‍ഷം ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയായിരുന്നു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ അവര്‍ എതിര്‍കക്ഷിയാക്കി. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് സത്യവാങ്മൂലം നല്‌കേണ്ട ബാധ്യതയുണ്ടായി. 2007-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്കി. ആ സത്യവാങ്മൂലം കോടതിയുടെ മുന്നില്‍ നില്ക്കുകയായിരുന്നു. 2011-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2016 വരെ അവര്‍ നേരത്തെയുള്ള സത്യവാങ്മൂലത്തില്‍ മാറ്റമൊന്നും വരുത്താന്‍ തയ്യാറായില്ല.

2016-ല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കണം ആളുകളെ സ്വാധീനിക്കാന്‍ നല്ലൊരു മാര്‍ഗം ഇതാണെന്നു കണ്ട് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം ഞങ്ങള്‍ ഉപേക്ഷിക്കുകയാണെന്നു യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നു പറഞ്ഞാല്‍ അടിസ്ഥാനപരമായ പ്രശ്‌നം പുരുഷനും സ്ത്രീക്കും തുല്യ അവകാശമുണ്ടോയെന്നതാണ്. ഒരു കാര്യത്തിലും സ്ത്രീയുടെ നേരെ വിവേചനം പാടില്ല. പുരുഷനുള്ള എല്ലാ അവകാശവും സ്ത്രീയ്ക്കുമുണ്ടാകണം. ഇതാണ് എല്‍.ഡി.എഫിന്റെ സമീപനം. യു.ഡി.എഫ്. ആ സമീപനത്തില്‍നിന്നും മാറി ഇവിടെ സ്ത്രീപ്രവേശനം പാടില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. അത്തരമൊ
രു സത്യവാങ്മൂലമാണ് യു.ഡി.എഫ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി. എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതിനു ശേഷം ഈ സത്യവാങ്മൂലത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടു. എല്‍. ഡി എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയുടെ മുമ്പാകെ പറഞ്ഞു ഞങ്ങള്‍ ഈ പുതിയ സത്യവാങ്മൂലം അംഗീകരിക്കുന്നില്ല. നേരത്തെ 2007-ല്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഉറച്ചുനില്ക്കുന്നതെന്ന്. അങ്ങനെ ആ സത്യവാങ്മൂലംതന്നെ സുപ്രീം കോടതിയുടെ മുന്നില്‍ വന്നു.

സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ ആറ്റിക്കുറുക്കിയ സത്ത ശബരിമലയില്‍ പത്തിനും അമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ തടയുന്ന ചട്ടം ഭരണഘടനാവിരുദ്ധം എന്നതാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. മാത്രമല്ല, അയ്യപ്പഭക്തന്മാര്‍ ഒരു പ്രത്യേക മതവിഭാഗമല്ലെന്നും സുപ്രീം
കോടതിയുടെ നിരീക്ഷണമുണ്ട്. എല്ലാ മതവിഭാഗക്കാര്‍ക്കും പോകാവുന്ന ആരാധനാലയമാണ് ശബരിമല ക്ഷേത്രം. അതെല്ലാം പരിശോധിച്ചുകൊണ്ടാണ് അയ്യപ്പഭക്തന്മാര്‍ ഒരു പ്രത്യേക മതവിഭാഗമല്ലെന്ന് കോടതി സൂചിപ്പിച്ചത്. മാത്രമല്ല, പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പി
ക്കാതിരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ചും കോടതി പറഞ്ഞു. ഭരണഘടന എല്ലാവര്‍ക്കും തുല്യമായ ആരാധനാസ്വാത
ന്ത്ര്യമാണ് അനുവദിക്കുന്നത് എന്നാണ് കോടതി വിധിച്ചത്. എല്ലാവര്‍ക്കും തുല്യമായ ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്ത്രീകളെ തടയുന്ന ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചത്. അങ്ങനെയാണ് ആ ചട്ടം റദ്ദാക്കിയത്…

തുടര്‍ന്ന് വായിയ്ക്കാം…

മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം നവംബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.