DCBOOKS
Malayalam News Literature Website

യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന-2018 ലെ ബാലസാഹിത്യ പുരസ്‌കാരം സാദിഖ് കാവിലിന്

കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട സാദിഖ് കാവിലിന്റെ ഖുഷി എന്ന നോവലിന് ഈ വര്‍ഷത്തെ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന ബാലസാഹിത്യ പുരസ്‌കാരം. പരിസ്ഥിതിയ്ക്ക് പ്രാധാന്യം നല്‍കി രചിച്ചിരിക്കുന്ന ഈ നോവല്‍ ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രശസ്ത കവി കെ. സച്ചിദാനന്ദനും സ്വദേശി കവി ഖാലിദ് അല്‍ ദന്‍ഹാനിക്കും സമഗ്രസംഭാവനയ്ക്കുള്ള ചിരന്തനയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 25-ന് വൈകിട്ട് ഏഴ് മണിക്ക് ദുബായ് ദെയ്‌റയിലെ ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള ആദ്യ പരിസ്ഥിതി നോവലാണ് ഖുഷി. ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന ബാലനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്. ബാല്യവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ അതിമനോഹരമായാണ് ഈ നോവലില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് സ്വദേശിയായ സാദിഖ് കാവില്‍ ഗള്‍ഫില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുകയാണ്. ഔട്ട്പാസ്, കന്യപ്പാറയിലെ പെണ്‍കുട്ടി, ജീവിതത്തില്‍ നല്ലൊരു ഭാഗം, പ്രിയ സുഹൃത്തിന് എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔട്ട്പാസ് എന്ന നോവലിന് പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഡി.സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഖുഷി 2017-ലാണ് പുറത്തിറങ്ങിയത്.

 

 

Comments are closed.