DCBOOKS
Malayalam News Literature Website

ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയരുന്നു; ഇന്ത്യക്ക് ചൈനയുടെ പ്രളയമുന്നറിയിപ്പ്

ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്ന് ബ്രഹ്മപുത്ര കര കവിഞ്ഞ് ഒഴുകുന്നത് ഇന്ത്യയില്‍ പ്രളയത്തിന് കാരണമായേക്കാമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്‌സ് ജലം ബ്രഹ്മപുത്ര നദിയിലേക്ക് തുറന്നു വിട്ടതായി ചൈന അറിയിച്ചു. 150 വര്‍ഷത്തിനിടെ ആദ്യമായാണ് നദിയില്‍ ഇത്രയധികം ജലനിരപ്പ് ഉയര്‍ത്തുന്നത്. ഇന്ത്യ- ചൈന അതിര്‍ത്തിപ്രദേശങ്ങളില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്ന് കനത്ത മഴയാണ് പെയ്യുന്നത്.

അരുണാചല്‍ പ്രദേശിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി നിനോങ് എറിങ് എം.പി പറഞ്ഞു. ചൈന നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് പരിശോധനകള്‍ നടത്തിയെന്നും ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും കേന്ദ്രജലവിഭവ ശേഷി മന്ത്രാലയം പ്രതികരിച്ചു. പ്രളയം ചൈനയെ ബാധിക്കുമെങ്കിലും അരുണാചല്‍ പ്രദേശിലേക്ക് എത്തില്ലെന്നും പറയുന്നു.

 

 

 

 

Comments are closed.