DCBOOKS
Malayalam News Literature Website

കേരളക്കരയാകെ അലയൊലി കൊള്ളിച്ച, കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയകഥയുടെ പിറവിയ്ക്ക് പിന്നില്‍!

മലയാള നോവല്‍ സാഹിത്യത്തിലെ അനശ്വര പ്രണയഗാഥയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത ചെമ്മീന്‍. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നില നിന്നിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. മുക്കുവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നു തുടങ്ങി ദൈനംദിന ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ വരെ തകഴി ഈ ഈ നോവലില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭര്‍ത്താവ് മീന്‍ തേടി കടലില്‍ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാല്‍ കടലമ്മ ഭര്‍ത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം. തീരപ്രദേശങ്ങളില്‍ നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലില്‍ ആവിഷ്‌കരിച്ചത്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയമായ നോവലാണിത്.

തകഴി ശിവശങ്കരപ്പിള്ള ചെമ്മീന്‍ എന്ന നോവലിന് എഴുതിയ ആമുഖം വായിക്കാം

എന്റെ ‘ചെമ്മീന്‍’ ന്റെ കഥ

തള്ളിമാറ്റി തള്ളിമാറ്റി കാലം കുറെ പോയി. ഒരു കണക്കിന് അങ്ങനെ കാലം മാറിപ്പോയതു നന്നായി. മനസ്സില്‍കിടന്നു വിളയുകയായിരുന്നു. ഇപ്പോള്‍ തോന്നുന്നു, കുറച്ചുകാലം കൂടി തള്ളിനീക്കിയിരുന്നെങ്കില്‍ ഒന്നുകൂടി വിളയുമായിരുന്നു എന്ന്. ഇക്കാലമത്രയും നാടാകെ നടന്ന് ഞാന്‍ നാട്ടാരെ ഭീഷണിപ്പെടുത്തിയിരുന്നു, ‘ചെമ്മീന്‍‘ എന്ന ഒരു നോവല്‍ എഴുതാന്‍ പോകുന്നു എന്ന്.

മത്സ്യത്തൊഴിലാളി സംഘടിക്കുകയും വര്‍ഗസമരത്തിന്റെ ചൂടിളകിത്തുടങ്ങുകയും ഒക്കെ പ്രതിപാദ്യമാകാവുന്ന ഒരു നോവലാണെന്ന് കുറെ സുഹൃത്തുക്കള്‍ ധരിച്ചു. ആ കൂട്ടത്തില്‍ എന്റെ ജ്യേഷ്ഠസഹോദരസ്ഥാനീയനായ മുണ്ടശ്ശേരി മാസ്റ്ററുമുണ്ടായിരുന്നു. അന്നോളം എന്റെ സാഹിത്യജീവിതത്തിന്റെ വികാസപരിണാമങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് അങ്ങനെയേ തോന്നൂ. ഞാന്‍ അതുവരെ എഴുതിയതെല്ലാം തൊഴിലാളിവര്‍ഗ സംഘടനയെ മുന്‍നിര്‍ത്തി ആണെന്നല്ല, പക്ഷേ അടിയൊഴുക്ക് അതായിരുന്നു. പക്ഷേ, എന്റെ സുഹൃത്തുക്കള്‍, അവരെത്ര അടുപ്പമുള്ളവരായിരുന്നെങ്കിലും എന്റെയും അടുത്ത ചില സ്‌നേഹിതന്മാരുടെയും മാനസികാവസ്ഥ മനസ്സിലാക്കിയിരുന്നില്ല; ഭൗതിക സാഹചര്യങ്ങളും അറിഞ്ഞിരുന്നില്ലെന്നു തോന്നുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുരോഗമനസാഹിത്യം രൂപഭദ്രത എന്ന കീറാമുട്ടിയില്‍ തട്ടി ഉടഞ്ഞു തകര്‍ന്ന സമയമാണത്. ദേവും ഞാനും ഒക്കെ എന്തെഴുതിയാലും നാലു ചുറ്റിനും കൂവലും കുറുക്കുവിളിയുമാണ്. ഒന്നു ശബ്ദിക്കാന്‍കൂടി വയ്യായിരുന്നു. ദേവിനന്ന് പുതുപ്പള്ളിയിലുള്ള വീട്ടില്‍ കിടന്നുറങ്ങാന്‍കൂടി വയ്യായിരുന്നു. സമ്മതിക്കുകയില്ല. ഒരു വസ്തു സംബന്ധിച്ച തര്‍ക്കത്തില്‍ ദേവ് പതുക്കെപ്പതുക്കെ മനസ്സറിയാതെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നെ കിടക്കപ്പൊറുതിയുണ്ടോ? ദേവിനും വാശിയായി. ദേവ് ഭൂഉടമയായത് പുതുപ്പള്ളിക്കാര്‍ക്ക് പിടിച്ചില്ല എന്നാണ് ദേവ് പറഞ്ഞത്.

പുതുപ്പള്ളി പ്രദേശത്ത് ദേവ് അനുഭവിച്ചതുപോലെ രൂക്ഷമല്ലായിരുന്നു തകഴിയില്‍ എന്റെ അനുഭവം. തകഴിക്കാര്‍ കൂട്ടംകൂടി കൂവിയില്ല. കൂവലും കുറുക്കുവിളിയുമുണ്ടായില്ല. എനിക്കെതിരായ സ്റ്റഡിക്ലാസുകള്‍ വിലപ്പോയില്ല. അന്നത്തെ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരും. അന്നത്തെ വാദപ്രതിവാദത്തിന്റെ പോക്കും ഒന്നു പ്രത്യേകമായിരുന്നു. പക്ഷേ, എന്റെ ചുറ്റിനും കൂട്ടംകൂടിയുള്ള കുറുക്കുവിളിയുണ്ടാ
യിരുന്നു.

ആകെ അലങ്കോലപ്പെട്ട ഒരു സാഹിത്യ അന്തരീക്ഷമായിരുന്നു. അന്നും എഴുതി. എഴുതാതെ വയ്യായിരുന്നു. കെ. ബാലകൃഷ്ണന്റെ കൗമുദിയില്‍ എഴുതിയിരുന്ന ഒരു കഥ ഞാന്‍ ഓര്‍ക്കുന്നു. ചെണ്ടകൊട്ട്, അതെ, എവിടെയും മറ്റുള്ളവരെ അലോസരപ്പെടുത്താനുള്ള ചെണ്ടകൊട്ടായിരുന്നു സാഹിത്യസൃഷ്ടി.

അന്നത്തെ തകഴി ഇന്നത്തെ തകഴിയല്ല. എന്റെ വീടിനു മുന്‍വശത്തു കൂടെ തിരുവല്ല-അമ്പലപ്പുഴ റോഡു പോകുന്നു. ഇത് ഒരു പ്രധാനപ്പെട്ട റോഡാണ്. സദാസമയവും വാഹനങ്ങളുടെ ഇരപ്പാണ്. ഈ റോഡ് അന്ന് ഒരു തോടാണ്. എനിക്ക് ഈ തോട്ടില്‍ പൂട്ടിയിടുന്ന രണ്ടു വള്ളങ്ങളുണ്ടായിരുന്നു. എന്റെ വീടുപണിക്കുള്ള കല്ലും കുമ്മായവും തടിയും ചരലുമെല്ലാം വള്ളത്തിലാണ് കൊണ്ടുവന്നിരുന്നത്. ഇന്നു കാണുന്ന ഗേറ്റ് പണ്ട് ഞാന്‍ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന കടവായിരുന്നു. അന്ന് എന്റെ വീടിരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേക സൗകര്യം തോട്ടരിക് എന്നുള്ളതായിരുന്നു.  ഇരുപത്തെട്ടുസെന്റാണ് ആ പുരയിടത്തിന്റെ വിസ്തീര്‍ണം. അവിടെ രണ്ടു മുറിയും ഒരു ചായിപ്പുമായി കല്ലു കെട്ടി തെങ്ങും മുളയുംകൊണ്ട് ഓലമേഞ്ഞ മേല്‍ക്കൂടും ആയി ഒരു പുരവച്ച് അതിലായിരുന്നു ഞാനും കാത്തയും മക്കളും താമസം. ഈ വീട് ഒരു ബലമുള്ള വീടായി മാറണമെന്നു രാപകല് എനിക്കും കാത്തയ്ക്കും ആശയായിരുന്നു. ഏഴെട്ടു നോവലും കുറെ കഥകളും എഴുതിയെങ്കിലും പുര വയ്ക്കാന്‍ സാധിച്ചില്ല. ആ നോവലുകളില്‍ ചിലതെല്ലാം പ്രസിദ്ധങ്ങളുമായിരുന്നു. അപ്പോള്‍ രണ്ടാണ് പ്രേരകശക്തിയായിരുന്നത്. നാലുചുറ്റിനുമുള്ള ചെണ്ടകൊട്ടിന് ഒരു മറുപടി; പിന്നെ മരംകൊണ്ട് മേല്‍ക്കൂടും ഓടുമിട്ട കാറ്റും വെളിച്ചവും കയറുന്ന ഒരു പുര. ഒമ്പതു വയസ്സു മുതല്‍ കടപ്പുറവുമായുള്ള അടുപ്പം. കടലമ്മയെ എല്ലാ ഭാവത്തിലും കണ്ടുള്ള പരിചയം. ആകെക്കൂടെ കടലമ്മയും ചാകരയും മനസ്സില്‍ നിറഞ്ഞു കൂടി. ഒരു ദിവസം രാവിലെ ഒരു സഞ്ചിയും അതില്‍ രണ്ടുമൂന്നു ഷര്‍ട്ടും മുണ്ടും തള്ളിക്കയറ്റി തൂക്കിയെടുത്ത് കോട്ടയത്തിനു പോകാന്‍ അമ്പലപ്പുഴയ്ക്കു നടന്നു. അന്ന് കോട്ടയത്തിനു പോകാന്‍ അമ്പലപ്പുഴനിന്നും ആലപ്പുഴയ്ക്കുപോയി ബോട്ടു കയറണം. രാവിലെ തകഴിയില്‍നിന്നു നടന്നാല്‍ ബസ്സും ബോട്ടുമൊക്കെ കയറി രണ്ടു മണിക്കു കോട്ടയത്തെത്തും. ഇന്നത്തെ കോട്ടയം അല്ല അന്ന്. അതു വേറൊരു കഥ.

ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ അന്ന് ഏഴെട്ടു മുറികളുള്ള ഒരു രണ്ടു നില കെട്ടിടമുണ്ടായിരുന്നു. അത് ഒരു ലോഡ്ജ് ആയിരുന്നു. ഒരു മി. മത്തായിയായിരുന്നു ലോഡ്ജ് നടത്തിയിരുന്നത്. മി. മത്തായി, കിഴക്ക് റോഡരികില്‍ ഒരു കണിശമായ സസ്യാഹാര ഭക്ഷണശാലയും നടത്തിയിരുന്നു. അവിടത്തെ ആഹാരം ശരിക്ക് വീറും വൃത്തിയുമുള്ളതായിരുന്നു. ക്ഷമിക്കണം; കോട്ടയംകാര്‍ മി. മത്തായിക്കു കൊടുത്തിരുന്ന പേര്‍ മത്തായി പോറ്റി എന്നാണ്.

കാരാപ്പുഴ അറയ്ക്കല്‍ കുടുംബക്കാരുടെ വകയായിരുന്നു മി. മത്തായി നടത്തിയിരുന്ന ലോഡ്ജ്. അന്ന് എസ്.പി.സി.എസിന്റെ സെയില്‍സ് മാനേജരായിരുന്ന ഡി. സി. എന്നെ മത്തായിയെ ഏല്പിച്ചു.

”ഏനച്ചേം വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവുകാണല്ലേ” എന്നങ്ങ് എഴുതിത്തുടങ്ങി. എന്റെ ഒമ്പതു വയസ്സു മുതല്‍ കേട്ട സംസാരരീതിയാണ്.

എന്നും വയ്യിട്ടു ബോട്ട് ഹൗസ് ലോഡ്ജില്‍ (അതാണ് മി. മത്തായി നടത്തി വന്നിരുന്ന ലോഡ്ജിന്റെ പേര്) വന്നിരുന്നവരില്‍ പ്രത്യേകമായി ഒരു പേരു പറയാനുണ്ട് സി.ജെ. തോമസ്. സി. ജെ.യുടെ വരവിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അന്നന്നെഴുതിയത് വായിക്കുക. ഒരക്ഷരം പറയുകയില്ല. വായിച്ചിട്ടു പോകും. അങ്ങനെ ചെമ്മീന്‍ ആദ്യം വായിച്ച ആള്‍ എന്ന് സി. ജെ. തോമസിനെ പറയാം. അക്കാലത്ത് സി. ജെ. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലെ കവര്‍ ഡിസൈനറായിരുന്നു.

നിത്യസന്ദര്‍ശകരില്‍ മറ്റൊരാള്‍ ഡി.സി. കിഴക്കെമുറി ആയിരുന്നു.

അങ്ങനെ എട്ടാം പക്കം ചെമ്മീനിന്റെ അടിവരയിട്ടു. മത്തായിപോറ്റി കുറച്ചു ബിയര്‍ കുടിക്കാന്‍ എന്നെ അനുവദിച്ചു. ശങ്കരമംഗലത്തു പുര പണിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ‘ചെമ്മീനി’ന് നല്ല ചിലവായിരുന്നു. തടികൊണ്ട് കൂര ഉണ്ടാക്കി പുരയ്ക്ക് ഓടിട്ടു. മൂന്നു നാലു മുറികളും പണിതു ചേര്‍ത്തു. 28 സെന്റ് പുരയിടം വിസ്താരപ്പെട്ടതുമൊക്കെ മറ്റൊരു കഥ.

മലയാള നോവലിന് ആദ്യത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതു ചെമ്മീനിനാണ്. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കൈകൊണ്ട് അതു തന്നു. രാധാകൃഷ്ണന്‍ അതു നോക്കിയിരുന്നു കൈയടിച്ചു. ആ പണം കൊണ്ട് കൊല്ലത്തടി പാടത്ത് അറുപതു പറ നിലം വാങ്ങി.

ചെമ്മീന്‍ പല ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യമായി ചെക്ക് ഭാഷയിലേക്കാണ് തര്‍ജ്ജമ ചെയ്യപ്പെട്ടത്. കമില്‍ സ്വെലിബില്‍ എന്ന ആള്‍. അദ്ദേഹം തമിഴ് പണ്ഡിതനാണ്. പിന്നീട് മലയാളവും പഠിച്ചു. മദ്രാസില്‍ വന്നപ്പോള്‍ ചെമ്മീന്‍ എന്ന മലയാളനോവലിനെക്കുറിച്ചു കേട്ടു. അദ്ദേഹത്തിന് ചെമ്മീന്‍ മനസ്സിലാക്കാന്‍ വിഷമം തോന്നിയില്ല. തര്‍ജ്ജമ ചെയ്തു. രണ്ടിടങ്ങഴിയും അദ്ദേഹം ചെക്ക് ഭാഷയില്‍ തര്‍ജ്ജമ ചെയ്തു. പിന്നീടാണ് യുനെസ്‌കോയുടെ നേതൃത്വത്തില്‍ എല്ലാ യൂറോപ്യന്‍ ഭാഷകളിലേക്കും ചെമ്മീന്‍ തര്‍ജമ ചെയ്യപ്പെട്ടത്. ഇടയ്ക്ക് ഒരു കാര്യം. ചെക്ക് ഭാഷയിലേക്കുള്ള തര്‍ജ്ജമയ്ക്കു ശേഷം റഷ്യന്‍ തര്‍ജ്ജമ വന്നു. ഏഷ്യന്‍ ഭാഷകളില്‍ അരബ്, ജാപ്പനീസ്, വിയറ്റ്‌നാമിസ്, സിംഗാളീസ്, ചൈനീസ് ഈ ഭാഷകളിലുമുണ്ട്. ചെണ്ടകൊട്ടുകൊണ്ടു മറുകണ്ടം ചാടിയത് ഇത്രയൊക്കെ ഫലിച്ചു. അതു ജയമാണെന്നു പറയുന്നില്ല. തെറ്റായിരിക്കാം. കാലം തെളിയിക്കും.

31-10-’95                                                   തകഴി ശിവശങ്കരപ്പിള്ള

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.