DCBOOKS
Malayalam News Literature Website

ചട്ടമ്പികളുറങ്ങുമാഴങ്ങളില്‍: എഴുത്തനുഭവം പങ്കുവെച്ച് കിംഗ് ജോണ്‍സ്‌

പണം ലാഭിക്കാം എന്നുള്ള കൂട്ടുകാരന്റെ ഉപദേശം കേട്ട് ആദ്യമായി കള്ളവണ്ടി കയറിയതും അന്നാണ്

ഡി സി ബുക്‌സ് ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്‌കാരം നേടിയ ചട്ടമ്പിശാസ്ത്രം എന്ന നോവലിന്റെ എഴുത്തനുഭവങ്ങള്‍ കിംഗ് ജോണ്‍സ് പങ്കുവയ്ക്കുന്നു.

സാഹിത്യപരമായ എഴുത്തോ വായനയോ കാര്യമായിട്ട് ബാധിക്കാത്ത ഒരു കുടുംബത്തില്‍ ആയിരുന്നു എന്റെ ജനനം. ബൈബിള്‍ പോലും ഒരു ഗ്രന്ഥം എന്ന നിലയില്‍ വീട്ടിലാരും ഉപയോഗിച്ചു കണ്ടിട്ടില്ല. കുട്ടികളുടെ ചെറിയ അനുസരണക്കേടുകള്‍ക്കും മുതിര്‍ന്നവരുടെ ഒത്തുതീര്‍പ്പുകള്‍ക്കും പരിഹാരമായി തൊട്ടുസത്യംചെയ്യല്‍ എന്ന പരിപാടിക്കല്ലാതെ അതാരും കാര്യമായി വായിക്കാറില്ലായിരുന്നു.ബൈബിളിനു പുറത്തേക്ക് ആദ്യമായി സഞ്ചരിച്ചത് പത്തു വയസിനു മൂത്ത സഹോദരിയായിരുന്നു. എന്നാല്‍ കോളേജ് ലൈബ്രറിയില്‍ നിന്നും ചേച്ചി കൊണ്ടുവരുന്ന പുസ്തകങ്ങള്‍ എനിക്ക് വിലക്കപ്പെട്ടതും അപ്രാപ്യവും ആയിരുന്നു. തളര്‍ന്ന പുറംചട്ടയുള്ള ചിത്രകഥാപുസ്തകങ്ങള്‍ക്കപ്പുറം കട്ടിയുള്ള പുറംചട്ടയോടു കൂടിയവയില്‍ എന്താണെന്നുള്ള കൗതുകം കൂടിയത് ദുരൂഹമായ ഈ നിയന്ത്രണംകൊണ്ടു കൂടിയാണ്.

എന്നോട് കടുത്ത സഹാനുഭൂതി ഉണ്ടായതുകൊണ്ടാവും കോട്ടയം പുഷ്പനാഥിന്റെയും ബാറ്റണ്‍ ബോസിന്റെയും ഒക്കെ പുസ്തകങ്ങള്‍ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ചു തരുമായിരുന്നു. ഒരിക്കല്‍ പള്ളി മാറിവന്ന പുതിയ വികാരിയച്ചന്‍ ഇടവകയിലെ പിള്ളാരോട് സല്ലപിക്കുന്നതിനിടെ നിങ്ങള്‍ക്ക് ഭാവിയില്‍ ആരാകണം? എന്നു ചോദിച്ചപ്പോള്‍ ഞാന്‍ അപസര്‍പ്പകന്‍ എന്നാണ് പറഞ്ഞത്. ചെറിയ വായില്‍ ആ വലിയ വാക്കു വന്നതിന്റെ ഉറവിടം തേടിപ്പോയ വികാരിയച്ചന്റെ അന്വേഷണത്വര സഹോദരിക്കു നല്ല അടി വാങ്ങിക്കൊടുക്കുകയും ഞങ്ങള്‍ തമ്മിലുള്ള പുസ്തകബന്ധം താറുമാറാവുകയും ചെയ്തു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പാറേല്‍പ്പള്ളീല്‍ പെരുന്നാള്‍പ്പൊടി ഇനത്തില്‍ കിട്ടിയ പത്തുരൂപയില്‍നിന്നും മിച്ചംപിടിച്ച ആറു രൂപ ഉപയോഗിച്ചു ഗ്രാമീണ ലൈബ്രറിയില്‍ അംഗത്വമെടുക്കുന്നത്. 18 വയസുവരെ, അഞ്ചാം പനി വന്നുകിടന്ന പതിനാല് ദിവസമൊഴികെ എല്ലാ ദിവസവും മൂന്നു മണിക്കൂര്‍ ആ ഗ്രാമീണ ലൈബ്രറിയില്‍ ഞാനുണ്ടായിരുന്നു. ഗ്രാന്‍ഡ് ഒക്കെ തടസ്സപ്പെട്ടു ശമ്പളം കുടിശ്ശിക വന്നപ്പോള്‍ കമ്മറ്റിയെ സമ്മര്‍ദ്ദത്തിലാക്കാനായി രാജിവച്ച ലൈബ്രേറിയനു പകരം അവസാന വര്‍ഷം താല്‍ക്കാലിക ലൈബ്രേറിയനായും നിയമിക്കപ്പെട്ടു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സംഭവമേ ഇതിനിടെ ഉണ്ടായിട്ടുള്ളൂ. വായിച്ചുകൊണ്ടിരിക്കെ ഉറങ്ങിപ്പോയതിനാല്‍ മണ്ണെണ്ണവിളക്ക് തട്ടി
വീണ് ഒരു ദേശത്തിന്റെ കഥയുടെ കുറേ ഭാഗങ്ങള്‍ കേടായി. അപ്പോഴത്തെ പരിഭ്രമത്തില്‍ കുറേ കുട്ടിക്കൂറാ പൗഡര്‍ തട്ടിക്കുടഞ്ഞിട്ടത് സംഗതി കൂടുതല്‍ വഷളാക്കി. കരഞ്ഞും കൂവിയും വീട്ടില്‍നിന്നും സംഘടിപ്പിച്ച തുകയുമായി പുതിയ പുസ്തകം വാങ്ങിക്കൊടുക്കാനായി കോട്ടയം ഡി സി ബുക്‌സ് അന്വേഷിച്ചുള്ള എന്റെ യാത്രയാണ് ആദ്യത്തെ ഒറ്റയ്ക്കുള്ള കോട്ടയം യാത്ര.

പണം ലാഭിക്കാം എന്നുള്ള കൂട്ടുകാരന്റെ ഉപദേശം കേട്ട് ആദ്യമായി കള്ളവണ്ടി കയറിയതും അന്നാണ്. ചങ്ങനാശേരിയില്‍നിന്നും കയറിയപ്പോള്‍ അടുത്ത സ്‌റ്റോപ്പ് കോട്ടയം ആണെന്നായിരുന്നു കൂട്ടുകാരന്റെ ഉപദേശം. കയറിയത് ഒരു പാസഞ്ചര്‍ വണ്ടിയിലും. പരിഭ്രമം കാരണം അടുത്ത സ്‌റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങിയത് ചിങ്ങവനം എന്ന ആള്‍പ്പാര്‍പ്പില്ലാത്ത സ്‌റ്റേഷനിലും. ആളുകളോട് ചോദിച്ചും പറഞ്ഞും (ചെറിയ രീതിയില്‍ കരഞ്ഞു എന്നാണ് ഇപ്പോള്‍ തോന്നുന്നത്) ഒരു തരത്തില്‍ യഥാര്‍ത്ഥ കോട്ടയം പട്ടണത്തില്‍ എത്തി. കുറേനേരം നാഗമ്പടത്തു ജമ്പോ സര്‍ക്കസുകാരുടെ കൂടാരങ്ങള്‍ നോക്കി നിന്നു. പതിമൂന്നു വയസുള്ളപ്പോള്‍ പൈപ്പുവെള്ളവും കുടിച്ചു ഡി സി ബുക്‌സ് അന്വേഷിച്ചു നടന്നതാണ്. മാര്‍ത്തോമാ സെമിനാരിയുടെ കയറ്റം കയറുന്നിടത്ത് അങ്ങേയറ്റം കരുണയുള്ള ഒരു പൈപ്പ് ഉണ്ടായിരുന്നു. കുറേ അലഞ്ഞു. അവസാനം ബുക്ക് സ്റ്റാള്‍ കണ്ടെത്തിയപ്പോള്‍ പണം തികയുമായിരുന്നില്ല. പ്രതിസന്ധികള്‍ വരുമ്പോള്‍ തളര്‍ന്നുനില്‍ക്കരുതെന്നും പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയുണ്ടാവണമെന്നുമുള്ള ഇടവക മാറിപ്പോയ ഡിക്രൂസ് അച്ചന്റെ വിടുതല്‍ പ്രസംഗം ഓര്‍മ്മവന്നു. വേഗം തിരികെ ഓടി ജമ്പോ സര്‍ക്കസ് കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് എടുത്തു. ഓര്‍ത്തുനോക്കുമ്പോള്‍ ട്രപ്പീസ് കളിപോലെയും മരണക്കിണര്‍ പോലെയും ചിലപ്പോളൊക്കെ കോമാളികളുടെ ഉറക്കക്ഷീണമോ വിശപ്പോ കാരണം പരാജയപ്പെട്ട ഹാസ്യംപോലെയും ജീവിതം പല വര്‍ഷങ്ങള്‍ കടന്നുപോയി.

ഡി സി ബുക്‌സ് 47 വര്‍ഷങ്ങള്‍ ആഘോഷിച്ച അവസരത്തില്‍ പ്രസിദ്ധീകരിക്കുന്ന 47 പുസ്
തകങ്ങളുടെ കൂടെ ഈ വര്‍ഷത്തെ ഡി സി ബുക്‌സിന്റെ നോവല്‍ പുരസ്‌കാരവും നേടി എന്റെ ആദ്യനോവല്‍ ചട്ടമ്പിശാസ്ത്രം എന്നെത്തന്നെ നോക്കിയിരിക്കുന്നു. എഴുത്തുകാരന്‍ എന്നതിനെക്കാളേറെ ഞാന്‍ അതിനെ ആദ്യം തൊട്ടത് പുസ്തകങ്ങള്‍ അന്വേഷിക്കുന്ന ഒരു പതിമൂന്നുകാരനെപ്പോലെയാണ്. അവാര്‍ഡ് ഏറ്റുവാങ്ങലും പുസ്തകപ്രകാശനവും എല്ലാം കഴിഞ്ഞു മടങ്ങാന്‍ തുടങ്ങിയപ്പോള്‍ നടന്നു പോകാനായിരുന്നു എന്റെ തീരുമാനം. പ്രിയപ്പെട്ട, ഏറ്റവും ബഹുമാനിക്കുന്നവരായബെന്യാമിനും സുനില്‍ പി. ഇളയിടവും രവി ഡി സിയുമെല്ലാം കാറില്‍ കയറാനായി നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും അറിയാത്ത ഒരു നിഗൂഢമായ ആനന്ദത്തോടെ ഞാന്‍ മാര്‍ത്തോമാ സെമിനാരിക്കു മുന്നിലുള്ള, പണ്ട് എന്റെ വിശപ്പാറ്റിയ, ആ പൈപ്പ് അന്വേഷിച്ചുള്ള നടത്തിലായിരുന്നു. നഗരം ഒരുപാട് മാറിപ്പോയി. പതിമൂന്നു വയസുകാരന്റെ മായികവലയത്തിനുള്ളില്‍നിന്നും എന്നെ പിടിച്ചു പുറത്താക്കിയത് ആ വഴിയരികിലെ ശൂന്യതയാണ്. സുഹൃത്തിന്റെ ഒപ്പം താമസിച്ചിട്ട് പിറ്റേദിവസം മടങ്ങുമ്പോള്‍ എന്തുകൊണ്ടോ ചട്ടമ്പിശാസ്ത്രത്തിന്റെ കഥാഭൂമിയില്‍ക്കൂടി സഞ്ചരിക്കണമെന്നു തോന്നി. ആഗ്രഹം പറഞ്ഞപ്പോഴേ കൂട്ടുകാരന്‍ വണ്ടിതിരിച്ചു. പുസ്തകവും കയ്യിലെടുത്തുകൊണ്ട് കടത്തുവള്ളത്തില്‍ കയറിയിരുന്നു. വിദൂരപരിചയമുള്ള ആളുകളെപ്പോലും കണ്ടില്ല.ഞാനും അവരും ഒരുപാട് മാറിപ്പോയിട്ടുണ്ടാവണം. വള്ളത്തിന്റെ അരികിലൂടെ ഞാന്‍ കൈ കായല്‍ വെള്ളത്തിലേക്കിട്ടു. ആയിരത്തി തൊള്ളായിരത്തി നാല്പതുകളില്‍നിന്നും ചട്ടമ്പിശാസ്ത്രത്തിലെ സുഭദ്രയുടെ ഉച്ചവെയില്‍പ്പരല്‍ത്തുള്ളലിലെ മീനുകള്‍ എന്നെ തിരിച്ചറിഞ്ഞു. കൈയില്‍ അവ സ്‌നേഹത്തോടെ കൂട്ടംകൂടി സ്പര്‍ശിക്കുന്നുണ്ടായിരുന്നു. ഞാന്‍ വെള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കി. ഈ ആഴങ്ങളില്‍നിന്നല്ലേ പട്ടാണി അസീസ് എന്ന മഹാചട്ടമ്പി ഉഗ്രനര
സിംഹം എന്ന ഉരു ഉയര്‍ത്തിക്കൊണ്ടു വന്നത്? വള്ളത്തില്‍ ഇരുന്ന് പുറത്തേക്ക് തലകു
മ്പിടുന്നതിന് സാധാരണയായി കടത്തുകാരന്‍ ശാസിക്കേണ്ടതാണ്. ആ വൃദ്ധന്റെ മുഖത്ത്
നിറഞ്ഞ വാത്സല്യവും കരുണയും മാത്രം കാണാനായി. ഗര്‍ഭജലത്തിലേക്കു കണ്ണും നട്ടിരിക്കുന്ന ഒരു കുഞ്ഞിനെ ഒരുപക്ഷേ, അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവണം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.