DCBOOKS
Malayalam News Literature Website

ചന്ദ്രശേഖർ ആസാദ് എന്ന ഇന്ത്യന്‍ വിപ്ലവകാരി

ഒന്ന്

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിരോധനനിയമം ലംഘിച്ച കുറ്റത്തിനു ശിക്ഷിക്കപ്പെട്ടുകൊണ്ട് പതിന്നാലാമത്തെ വയസ്സിലാണ് ചന്ദ്രശേഖർ ആസാദ് ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്കു കടന്നുവന്നത്. പ്രായപൂർത്തി ആയിട്ടില്ലാത്തതുകൊണ്ട് നിയമം ലംഘിച്ച ആ ബാലനെ മുക്കാലിയിൽ കെട്ടിയിട്ട് അൻപത് അടി അടിക്കാൻ ജഡ്ജി വിധിച്ചു.

ബ്രിട്ടീഷുകാരുടെ കാലത്തെ നിർദ്ദയമായ ആ ചൂരൽപ്രയോഗത്തിന്റെ കാഠിന്യത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. തെരുവിൽ കൈകാലുകൾ കൂട്ടിക്കെട്ടി തൂക്കിനിർത്തി ചന്ദ്രശേഖർ ആസാദിനെ പോലീസുകാർ നിർദ്ദയം മർദ്ദിച്ചു. ഓരോ അടി ഏല്ക്കുമ്പോഴും കരയുന്നതിനു പകരം ‘മഹാത്മാഗാന്ധി കീ ജയ്’ എന്ന മുദ്രാവാക്യം മുഴക്കുകയാണ് ആ ബാലൻ ചെയ്തത്. അവിടെ കൂടിനിന്നവരെ ആ സംഭവം അടിമത്തത്തിന്റെ ഭയാനകതയെക്കുറിച്ചു കൂടുതൽ ചിന്തിപ്പിക്കാൻ ആസാദിനെ പ്രേരിപ്പിച്ചു. അക്രമത്തെ അക്രമംകൊണ്ടുതന്നെ നേരിടണമെന്ന ചിന്താഗതിക്കാരുമായുള്ള അടുപ്പംകൂടി ആയതോടെ അദ്ദേഹം അധികം താമസിയാതെ ഒരു വിപ്ലവകാരി ആയിത്തീരുകയുംചെയ്തു. രാജ്യത്തോട് അദ്ദേഹത്തിന് അദമ്യമായ സ്‌നേഹവും തീവ്രമായ ഭക്തിയുമുണ്ടായിരുന്നു. പ്രതിസന്ധികളിൽ ലേശവും കൂസാതെ അഭിമാനബോധവും ചുറുചുറുക്കും ചുണയും തന്റേടവുമുള്ള ആ ചെറുപ്പക്കാരൻ അത്യാവേശപൂർവം മുന്നേറി. തന്റെയും കൂട്ടുകാരുടെയും സാഹസികമായ ഈ ധീരത, ഉദാത്തമായ ത്യാഗമനോഭാവം രാജ്യത്തെയാകെ പിടിച്ചു കുലുക്കുമെന്നും അടിമത്തച്ചങ്ങല പൊട്ടിച്ചെറിയാൻ ജനങ്ങളെ കരുത്തുള്ളവരാക്കുമെന്നും ചന്ദ്രശേഖർ ആസാദിന് ഉറപ്പുണ്ടായിരുന്നു.

മദ്ധ്യപ്രദേശിലെ ഝാംബുവ ജില്ലയിലുള്ള ഭവ്‌ര ഗ്രാമമാണ് ചന്ദ്രശേഖറിന്റെ ജന്മസ്ഥലം. പണ്ഡിറ്റ് സീതാറാം തിവാരിയുടെയും Textജഗ്‌റാണിദേവിയുടെയും പുത്രനായി 1906 ജൂലൈ 23-ാം തീയതി അദ്ദേഹം ജനിച്ചു. ഭവ്‌രാ ഗ്രാമത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. തുടർന്ന് പതിന്നാലാമത്തെ വയസ്സിൽ വാരാണസിയിൽ എത്തി സംസ്‌കൃതപഠനം ആരംഭിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണ പ്രസ്ഥാനം ശക്തിപ്രാപിച്ചുവന്ന സമയമായിരുന്നു. ദേശീയബോധം എങ്ങും പടർന്നുപിടിച്ചുകൊണ്ടേയിരുന്നു, പ്രത്യേകിച്ച് യുവാക്കളിൽ. സ്വാഭാവികമായും യുവത്വത്തിന്റെ പടിവാതില്ക്കൽ എത്തിനിന്നിരുന്ന ചന്ദ്രശേഖറും സുഹൃത്തുക്കളും സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിക്കപ്പെട്ടു. ചന്ദ്രശേഖറിന് ആസാദ് എന്ന പേരു കിട്ടിയതിന്റെ പിന്നിലും ദേശാഭിമാനബോധത്താൽ പ്രചോദിതമായ ഒരു കഥയുണ്ട്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും നിയമം ലംഘിക്കുകയും ചെയ്ത കുറേപ്പേരെ പോലീസ് അറസ്റ്റുചെയ്തു കോടതിയി ലാക്കി. കൂട്ടത്തിൽ പതിന്നാലുകാരനായ ആ ബാലനും ഉണ്ടായിരുന്നു. കോടതിയിൽ പ്രതികളുടെ ഓരോരുത്തരുടെയും പേരുകൾ ചോദിച്ചു രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു ജഡ്ജി. ചന്ദ്രശേഖറിന്റെ ഊഴം വന്നു.

”എന്താണ് പേര്?” ജഡ്ജി ചോദിച്ചു.
”ആസാദ്.”
കേസ്ഷീറ്റിലേക്കു നോക്കിക്കൊണ്ട് ജഡ്ജി വീണ്ടും ചോദിച്ചു: ”ആസാദോ? നിങ്ങളുടെ പേര് ചന്ദ്രശേഖർ എന്നല്ലേ?”
”അല്ല. എന്റെ പേര് ആസാദ് എന്നാണ്.”
”നിങ്ങളുടെ അച്ഛന്റെ പേരെന്ത്?”
”അച്ഛന്റെ പേരും ആസാദ് എന്നുതന്നെ.”

വെള്ളക്കാരനായ ജഡ്ജിക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. ഈ ചെറുക്കന് ഇത്ര ധിക്കാരമോ? ആസാദ് എന്ന വാക്കിന്റെ അർത്ഥം സ്വതന്ത്രൻ എന്നാണെന്ന് ജഡ്ജി ഇന്ത്യാക്കാരനായ ബഞ്ച്ക്ലാർക്കിനോട് ചോദിച്ചു മനസ്സിലാക്കി. അത്രയും കൂടി കേട്ടപ്പോൾ സായ്പിന്റെ വെളുത്ത മുഖം കോപംകൊണ്ടു ചുവന്നു. അങ്ങനെയാണ് ചന്ദ്രശേഖറിനെ മുക്കാലിയിൽ കെട്ടി ചാട്ടവാറടി നല്കാൻ കോടതി കല്പന പുറപ്പെടുവിച്ചത്. ഈ ഒരൊറ്റ സംഭവത്തിലൂടെ ചന്ദ്രശേഖർ സ്വാതന്ത്ര്യദാഹികളുടെ നേതാവും കണ്ണിലുണ്ണിയുമായിത്തീർന്നു. പില്ക്കാലത്തെ ഉഗ്രപ്രതാപനായ ഇന്ത്യൻ വിപ്ലവകാരിയുടെ അരങ്ങേറ്റമായിരുന്നു ഈ സംഭവം. അസാധാരണമായ സഹനശക്തിയും ധീരതയും അദ്ദേഹത്തിന് ആസാദ് എന്ന പേരു സ്ഥിരമായി നേടിക്കൊടുത്തു. അങ്ങനെ അദ്ദേഹം ചന്ദ്രശേഖർ ആസാദായിത്തീർന്നു.

രണ്ട്

1922-ൽ ചന്ദ്രശേഖർ ആസാദ് വിപ്ലവകാരികളുടെ പാർട്ടിയായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ ചേർന്നു. ആ ഒരു കാലയളവിൽ നമ്മുടെ രാജ്യത്ത് ഉടലെടുത്ത, സ്വാതന്ത്ര്യ പ്രാപ്തി ലക്ഷ്യമാക്കിയുള്ള വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായ അസംഖ്യം യുവാക്കന്മാരുണ്ടായിരുന്നു. അവരുടെയിടയിൽ ഒരു വീരകഥാനായകന്റെ സ്ഥാനം നേടിയെടുക്കാൻ ആസാദിന് അധികനാൾ വേണ്ടിവന്നില്ല.

അക്കാലത്ത് വെള്ളക്കാരുടെ നേർക്കുണ്ടായ ഒറ്റപ്പെട്ട ചില ആക്രമണങ്ങളെത്തുടർന്ന് വമ്പിച്ച ബഹുജന പിന്തുണ ആർജ്ജിച്ചിരുന്ന നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജി നിർബ്ബന്ധിതനായി. പക്ഷേ, അസംഖ്യം ചെറുപ്പക്കാരെ ഈ നടപടി നിരാശരും അമർഷമുള്ളവരാക്കിത്തീർത്തു. ജനങ്ങളിൽ പുതിയ ഒരു സമരാവേശവും ഐക്യബോധവും സ്വാതന്ത്ര്യദാഹവും വളർന്നു വ്യാപിക്കാൻ തുടങ്ങിയിരുന്നു. ആ ഒരു സന്ദർഭത്തിലാണ് നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കപ്പെട്ടത്. അതിന്റെ ഫലമായി ഒട്ടനവധി യുവാക്കൾ വിപ്ലവപ്രസ്ഥാനത്താൽ ആകൃഷ്ടരായി.

ചന്ദ്രശേഖർ ആസാദ്, മറ്റൊരു വിപ്ലവകാരിയായ മന്മഥനാഥ് ഗുപ്തയുമായി പരിചയപ്പെട്ടു. ആ പരിചയം വളർന്ന് അധികം താമസിയാതെ അദ്ദേഹം ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പപ്ലിക്കൻ സൈന്യത്തിൽ ചേരുകയുണ്ടായി. പ്രവർത്തനശേഷിയും കർമകുശലതയും ഏറ്റെടുക്കുന്ന ജോലി ഏറ്റവും ഭംഗിയായി ചെയ്തുതീർക്കാനുള്ള അർപ്പണമനോഭാവവുമുള്ള ആളായിരുന്നു ചന്ദ്രശേഖർ ആസാദ്. തികഞ്ഞ ആത്മാർത്ഥതയും ഉത്ക്കടമായ രാജ്യസ്‌നേഹവും മൂലം ആസാദ് പുതിയ സംഘടനയുടെ നേതൃത്വപദവിയിലേക്കു വളരെവേഗം ഉയർന്നുവന്നു. ഇതിനകം ധീര ദേശാഭിമാനി ഭഗത്‌സിങ്ങിന്റെ അടുത്ത സുഹൃത്തായിത്തീർന്ന ചന്ദ്രശേഖർ പിന്നീട്, രാമപ്രസാദ് ബിസ്മില്ലിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ വിപ്ലവപ്രവർത്തനങ്ങളിലും പങ്കെടുത്തു. അവർ ബ്രിട്ടീഷുകാർക്കെതിരായി ആയുധമേന്തി നടത്തിയ പോരാട്ടത്തിന്റെ കഥകൾ ഇന്ത്യൻ ജനതയെ ആവേശഭരിതരാക്കി. പക്ഷേ, ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വനിരയിൽ ഉണ്ടായിരുന്ന പലരും യുവവിപ്ലവകാരികളുടെ ഈ പോക്കിനെ നിശിതമായി വിമർശിച്ചു. ഒറ്റപ്പെട്ട കലാപത്തിനു തുനിയുന്നവരായും അട്ടിമറിക്കാരായും ഭീകരപ്രവർത്തകരായും ഒക്കെ അവരെ വിളിച്ച് ആക്ഷേപിക്കുവാൻ ആളുകളുണ്ടായി. എന്നാൽ അവരുടെയുംകൂടി പരിശ്രമത്തിന്റെയും ജീവാർപ്പണ ത്തിന്റെയും ഫലമായിട്ടാണ് പില്ക്കാലത്ത് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതെന്ന വസ്തുത ആർക്കും മറക്കാനാവില്ലല്ലോ.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.