DCBOOKS
Malayalam News Literature Website

ആദ്യ മലയാള ചലച്ചിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍

 

ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയ സെല്ലുലോയിഡ് എന്ന ചിത്രത്തിന്റെ ഓർമ്മയുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങി ചെന്ന് ചിത്രത്തിന്റെ സംവിധായകൻ കമൽ. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സെല്ലുലോയ്ഡ് എന്ന തിരക്കഥാ പുസ്തകത്തിന്റെ ആമുഖമായി കമല്‍ എഴുതിയ ലേഖനം

കയ്യൊപ്പ്

ജെ.സി. ഡാനിയലിന്റെ ജീവിതകഥ ഞാന്‍ സിനിമയാക്കുന്നുവെന്ന് മാധ്യമങ്ങളില്‍ ആദ്യം വാര്‍ത്തവന്ന നാളുകളില്‍ പ്രമുഖനായ ഒരു ചലച്ചിത്രകാരന്‍ അല്പം പുച്ഛഭാവത്തില്‍ എന്നോടു ചോദിച്ചു, ”സിനിമാക്കാരുപോലും ശരിക്കു കേട്ടിട്ടില്ലാത്ത, ആര്‍ക്കുമറിയാത്ത ഒരാളെക്കുറിച്ച് ഇങ്ങനെയൊരു കഥ സിനിമയാക്കിയാല്‍ ആരെങ്കിലും കാണാന്‍ വര്വോ…? അല്ലെങ്കിലും ഈ ന്യൂ ജനറേഷന്‍ സിനിമയുടെ കാലത്ത് ഇങ്ങനെയൊരു പഴങ്കഥയ്ക്ക് എന്താണൊരു പ്രസക്തി…?” ചോദിക്കുന്നത് അതിപ്രശസ്തനായ ഒരു സംവിധായകനാണ്. സിനിമ ഉപജീവനമാക്കിയ, സിനിമകൊണ്ട് പേരും പ്രശസ്തിയും മണിമാളികയും ആഡംബര കാറുമൊക്കെ സ്വന്തമാക്കിയ ആള്‍! മലയാളത്തില്‍ ആദ്യ സിനിമയുണ്ടാക്കിയ ചലച്ചിത്രകാരനെ അയാള്‍ അറിയില്ല. അറിയാമെങ്കില്‍തന്നെ ആ ജീവിതം ആര്‍ക്കും വേണ്ടാത്ത വെറുമൊരു പഴങ്കഥയാണ് മലയാള സിനിമയിലെ ഹിറ്റ്‌മേക്കര്‍ക്ക്!!

ആ രാത്രി മുഴുവന്‍ ഞാന്‍ കിടന്നാലോചിച്ചു: എന്തിനയാളെ കുറ്റം പറയണം? ഈ അടുത്തകാലംവരെ എനിക്കെന്തറിയാമായിരുന്നു മലയാള സിനിമയുടെ പിതാവിനെക്കുറിച്ച്. ആ മനുഷ്യന്‍ വിത്തുപാകിയ സിനിമയുടെ മണ്ണില്‍ വേരിറക്കി പൂത്തുതളിര്‍ത്തതിനുശേഷമല്ലേ ഞാനുമന്വേഷിച്ചുള്ളൂ പാവം പൂര്‍വ്വസൂരിയെപ്പറ്റി… അത് ജെ.സി. ഡാനിയലിന്റെ ദുര്‍വിധിയാണോ? അതോ, ചരിത്രത്തിന്റെ നിയോഗമോ…! ചരിത്രമുണ്ടാക്കുന്നവര്‍ ചരിത്രത്തിലില്ലാതെപോകുന്നത് ഡാനിയലിന്റെ മാത്രം കഥയല്ലല്ലോ. നാലഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് വിനു എബ്രഹാം എഴുതിയ ‘നഷ്ടനായിക’ എന്ന നോവല്‍ വായിച്ചപ്പോള്‍ (ഡാനിയലിന്റെ കഥയെക്കാള്‍ ആദ്യനായിക റോസിയുടെ ജീവിതമാണ് അതില്‍ പറയുന്നതെങ്കിലും) അതിന്റെ അവസാന പേജുകളില്‍ ഡാനിയലിന്റെ ആറു വയസ്സുകാരന്‍ മകന്‍ ‘വിഗതകുമാരന്റെ’ ഫിലിം ചുരുളുകള്‍ കത്തിച്ചു രസിക്കുന്നതും വരാന്തയിലിരുന്ന് നിസ്സംഗതയോടെ ഡാനിയല്‍ അതു നോക്കിക്കാണുന്നതും വിവരിക്കുന്നുണ്ട്.

ഒരു കലാകാരന് തന്റെ കലാസൃഷ്ടി എന്നെന്നേക്കുമായി കത്തിച്ചാമ്പലാവുന്നത്
നിര്‍വ്വികാരതയോടെ കണ്ടുനില്‌ക്കേണ്ടിവന്ന ആ ദയനീയ ദൃശ്യം എന്നെ വല്ലാതെ സ്പര്‍ശിച്ചു. അവിടെനിന്നാണ് ജെ.സി. ഡാനിയലിന്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര ഞാന്‍ തുടങ്ങുന്നത്. പലരും പല രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും

സെല്ലുലോയ്ഡ്
സെല്ലുലോയ്ഡ്

ഡാനിയലിന്റെ ചലച്ചിത്രജീവിതം, ഇങ്ങേയറ്റത്തു നില്ക്കുന്ന ഒരു ചലച്ചിത്രകാരന്റെ കണ്ണിലൂടെ എങ്ങനെ കാണാം എന്ന അന്വേഷണമാണ് ‘സെല്ലുലോയ്ഡി‘ല്‍ എത്തിച്ചത്.

സിനിമയെന്ന മായികസ്വപ്നം സഫലമാക്കാന്‍ തന്റെ സ്വത്തും ജീവിതവും തുലച്ചുകളഞ്ഞ മനുഷ്യന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലെത്താന്‍ തമിഴ്‌നാട്ടുകാരനായ ജ്ഞാനശിവത്തിന്റെ അനുവാദം വേണം. അയാള്‍ക്ക് സ്വന്തമായ, വിശാലമായ കൃഷിയിടത്തിനു നടുവില്‍ കാട്ടുപൊന്തകള്‍ക്കിടയിലെ ആരുടെയും സ്വന്തമല്ലാത്ത ഇത്തിരിമണ്ണില്‍ ആര്‍ക്കും വേണ്ടാതെപോയ ‘പിതാവ്’ അന്ത്യനിദ്രയിലാണ്. തമ്പ്രാക്കിനെ അനുസ്മരിപ്പിക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍ പിന്നിട്ട്, ജ്ഞാനശിവത്തിന്റെ അവജ്ഞയോടെയുള്ള നോട്ടം അവഗണിച്ച് ഒരു നട്ടുച്ചയ്ക്ക് ഞാനും വിനു എബ്രഹാമും ഫോട്ടോഗ്രാഫര്‍ ആര്‍. ഗോപാലകൃഷ്ണനും ആ കല്ലറയുടെ മുമ്പില്‍ നമ്രശിരസ്‌കരായി. മുള്‍ച്ചെടികളും കരിയിലകളും കാലങ്ങളായി കൂട്ടുകിടക്കുന്ന കല്ലറയുടെ ഫലകത്തില്‍ ആരോ എഴുതിവച്ച അക്ഷരങ്ങള്‍—‘ജെ.സി. ഡാനിയല്‍, ഫാദര്‍ ഓഫ് കേരള സിനിമ.’ ആ കാട്ടുപൊന്തകള്‍ക്കും കരിമ്പനക്കൂട്ടങ്ങള്‍ക്കുമപ്പുറം അഗസ്തീശ്വരമെന്ന ഡാനിയലിന്റെ സ്വന്തം ദേശത്തും ‘വിഗതകുമാരനെ’പ്പോലെതന്നെ ചലച്ചിത്രകാരന്റെ ഓര്‍മ്മകളുടെ ഒരു ‘തുണ്ടും’ അവശേഷിച്ചിരുന്നില്ല.

എന്നിട്ടും, അതുവരെ കേട്ടതും അറിഞ്ഞതുമൊക്കെ കൂട്ടിവച്ച് തിരക്കഥയെഴുതാനിരുന്നു. മലയാള സിനിമയുടെ പിറവിയുടെ ചരിത്രത്തില്‍നിന്ന് മായ്ച്ചുകളഞ്ഞവരില്‍ ഡാനിയല്‍ മാത്രമല്ലല്ലോ, ആദ്യനായികയായ റോസിയുമില്ലേ? മലയാളത്തിന്റെ ആദ്യനായികയായി ക്യാമറയ്ക്കുമുമ്പില്‍ നിന്നുവെന്ന ഒരു കുറ്റം മാത്രം ചെയ്ത പാവം കീഴാളപ്പെണ്ണ് ചരിത്രത്തില്‍നിന്നു മാത്രമല്ലല്ലോ ആട്ടിയോടിക്കപ്പെട്ടത്! വെള്ളിത്തിരയില്‍ സ്വന്തം മുഖം കാണാനുള്ള ഭാഗ്യംപോലും കിട്ടാതെ അവള്‍ അന്ന് ആ രാത്രിയില്‍ എന്നെന്നേക്കുമായി ഇരുട്ടിന്റെ മറവിലേക്ക് ഓടിമറഞ്ഞത് അവളുടെ കുറ്റംകൊണ്ടായിരുന്നില്ല. എന്നിട്ടും നമ്മളവളെ മറന്നു. വിഗതകുമാരനില്‍നിന്ന് മലയാളസിനിമ ബാലനിലേക്കും നീലക്കുയിലിലേക്കും ചെമ്മീനിലേക്കും സ്വയംവരത്തിലേക്കുമൊക്കെ വളര്‍ന്ന് ആഗോള സിനിമാഭൂപടത്തില്‍ സ്ഥാനം പിടിച്ചപ്പോഴും മലയാളസിനിമയുടെ പിതാവും, ആദ്യനായികയും അവഗണനയുടെ പുറമ്പോക്കില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്ന് നമ്മള്‍ കാണാതെ പോയി.

സിനിമയുടെ ചരിത്രം ചികഞ്ഞ് അഗസ്തീശ്വരത്തും ഇരുട്ടു വീണ ഡാനിയലിന്റെ ജീവിതപരിസരങ്ങളിലും കടന്നുചെന്ന് മലയാള സിനിമയുടെ തുടക്കം ‘വിഗതകുമാരനി’ല്‍നിന്നാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഒരു പത്രപ്രവര്‍ത്തകനുണ്ട്—ചേലങ്ങാട് ഗോപാലകൃഷ്ണന്‍. അയാളെയും നമുക്കോര്‍ക്കേണ്ട കാര്യമില്ല. ചരിത്രം തേടിനടന്ന അയാള്‍ക്കും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലല്ലേ സ്ഥാനമുണ്ടാവേണ്ടതുള്ളൂ! ഈ മൂന്നു പേരുടെയും ജീവിതത്തില്‍നിന്ന് ആവശ്യമുള്ള അടരുകള്‍ മാത്രം ചേര്‍ത്തുവച്ച് ഒരു ചലച്ചിത്രഭാഷ്യം ഉണ്ടാക്കുക അത്ര എളുപ്പമായിരുന്നില്ല; പ്രത്യേകിച്ചും ഡോക്യുമെന്ററിയുടെ സ്വഭാവത്തിലേക്കു വഴുതിപ്പോകാതെ, ഫീച്ചര്‍ഫിലിം എന്ന എന്റെ മാധ്യമത്തിലേക്ക് പരിമിതപ്പെടുത്താന്‍. അതുകൊണ്ടുതന്നെ തിരക്കഥയിലും ചലച്ചിത്രത്തിലും അല്പം വിട്ടുവീഴ്ചകളും വഴിമാറിനടക്കലും ഉണ്ടായിട്ടുണ്ട്. അത് ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യമായി മാത്രം കണക്കാക്കുക. എങ്കിലും ഡാനിയലിന്റെ ജീവിതത്തോടോ ചരിത്രത്തോടോ നീതിപുലര്‍ത്താതെ ആ സ്വാതന്ത്ര്യം ‘അതിരു കടന്നിട്ടില്ല’ എന്നുതന്നെയാണ് എന്റെ വിശ്വാസം. ഈ സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഒരു ആത്മസമര്‍പ്പണമാണ്. കാല്‍നൂറ്റാണ്ടിലധികമായി ചലച്ചിത്രരംഗത്തു പ്രവര്‍ത്തിക്കുന്ന എനിക്കു കൈവന്ന ഒരു നിയോഗമാണ്. ഒരുപക്ഷേ, എന്റെ സഹപ്രവര്‍ത്തകര്‍ക്കു ലഭിക്കാതെപോയ പുണ്യം.

അതിനു ഞാന്‍ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു. ആദ്യ സീന്‍ കുറിക്കുമ്പോള്‍ എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞ രണ്ടു മുഖങ്ങളുണ്ട്. ജീവിതസായാഹ്നത്തില്‍ അള്‍ഷ്യമേഴ്‌സ് ബാധിച്ച് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട എന്റെ രണ്ട് ഗുരുമുഖങ്ങള്‍. അഞ്ച് പതിറ്റാണ്ടുകാലം സിനിമയില്‍ ജീവിച്ച്, ഒടുവില്‍ ജീവിതത്തില്‍നിന്ന് സിനിമ മുഴുവനും തുടച്ചുമാറ്റപ്പെട്ട പി. ഭാസ്‌കരന്‍ മാസ്റ്റര്‍. അവസാന നാളുകളില്‍ ആ മനസ്സില്‍ സിനിമയേ ഉണ്ടായിരുന്നില്ല. താനെഴുതിയ പാട്ടുകളറിയാതെ, സംവിധാനം ചെയ്ത സിനിമകളറിയാതെ, താന്‍ ഭാസ്‌കരന്‍മാസ്റ്ററാണെന്നു പോലുമറിയാതെ നീലക്കുയിലിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഒരു ഫോട്ടോ പ്രദര്‍ശനത്തില്‍ സ്വന്തം പ്രതിച്ഛായയില്‍ നോക്കി അതാരാണെന്നു ചോദിച്ച അവസ്ഥ—പിന്നെ പി.എന്‍. മേനോന്‍സാര്‍. പ്രിയപ്പെട്ടവരെയും സ്വന്തം ജീവിതത്തിലെ മറ്റെല്ലാംതന്നെ മറന്നിട്ടും അവസാനശ്വാസംവരെ സിനിമയെമാത്രം മറക്കാതെ, മനസ്സില്‍ സൂക്ഷിച്ച കലാകാരന്‍ കട്ടിലില്‍ തളര്‍ന്നുകിടന്ന്, മുമ്പിലെ വെളുത്ത ചുവരില്‍ വെള്ളിത്തിരയിലെന്നപോലെ ‘സിനിമ’ കണ്ടു കണ്ട് മരണത്തിലേക്ക് ആണ്ടുപോയ ചലച്ചിത്രകാരന്‍. തിരക്കഥയുടെ അവസാന വരികള്‍ എഴുതിത്തീരുമ്പോഴും ഈ രണ്ട് വൈരുദ്ധ്യജീവിതാവസ്ഥകള്‍ ഉള്ളില്‍ നീറ്റലായി നിന്നു. ‘സെല്ലുലോയ്ഡ്‘ ഞാനെന്റെ ഈ രണ്ട് ഗുരുക്കന്മാര്‍ക്ക് സമര്‍പ്പിക്കുന്നു.

നന്ദിപറയാന്‍ ഒട്ടനേകം പേരുണ്ട്. മുഖ്യമന്ത്രിയും സിനിമാമന്ത്രി ഗണേഷ്‌കുമാറും വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍സാര്‍ മുതല്‍ എന്റെ സിനിമകളെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍വരെ. ഈ തിരക്കഥയില്‍വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ഞാനെഴുതിയ സംഭാഷണങ്ങള്‍ പഴയകാലത്തെ തിരുവിതാംകൂര്‍ നാട്ടുഭാഷയിലേക്കും വാമൊഴികളിലേക്കും മാറ്റിയെഴുതിത്തരികയും ഒപ്പം അവതാരിക എഴുതി ഈ പുസ്തകത്തെ ധന്യമാക്കുകയും ചെയ്ത ആദരണീയനായ കവി ശ്രീ മധുസൂദനന്‍നായര്‍സാറിനോട് എനിക്കു തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.

ഇത് ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികമാണ്. 1913-ല്‍ ഫാല്‍ക്കെ തുടക്കമിട്ട് ഇന്ത്യയുടെ ഈ ജനകീയ കലയുടെ മാസ്മരലോകത്തിന്റെ ഇങ്ങേയറ്റത്ത് ഒരു കണ്ണിയാവാന്‍ കഴിഞ്ഞത് എന്റെ ജന്മസുകൃതം. സെല്ലുലോയ്ഡ് ഞാന്‍ ഇന്ത്യന്‍ സിനിമയുടെ നൂറു വയസ്സിന് സമര്‍പ്പിക്കുന്നു. എന്തുകൊണ്ട് ‘സെല്ലുലോയ്ഡ്’ എന്ന പേര്…? സെല്ലുലോയ്ഡില്‍ പിറന്ന ഈ അത്ഭുതകല ഡിജിറ്റല്‍ മാജിക്കിന്റെ സാങ്കേതിക തിളക്കത്തില്‍ സ്വന്തം പാരമ്പര്യം കൈവിടുകയാണ്. ഡാനിയലിനെപ്പോലെ, റോസിയെപ്പോലെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ വീണ് പതുക്കെപ്പതുക്കെ ‘സെല്ലുലോയ്ഡും‘ ഊര്‍ദ്ധ്വശ്വാസം വലിക്കുകയാണ്. ഓര്‍മ്മയുടെ പിന്നാമ്പുറങ്ങളിലേക്കു പടിയിറങ്ങി, ഫിലിം ചുരുളുകള്‍ പഴങ്കഥയാവുമ്പോള്‍ ഇതുതന്നെയല്ലേ അനുയോജ്യമായ ശീര്‍ഷകം.

കമല്‍

Comments are closed.