DCBOOKS
Malayalam News Literature Website

ഡല്‍ഹി കലാപത്തില്‍ കെജ്‌രിവാളിന്റെ മൗനം അസ്വസ്ഥയാക്കുന്നു: സാറാ ജോസഫ്

സ്ത്രീപക്ഷചിന്തകളിലൂടെ മലയാളസാഹിത്യത്തില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്ന ശ്രദ്ധേയ എഴുത്തുകാരിയാണ് സാറാ ജോസഫ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സംഘാടകയും പ്രവര്‍ത്തകയുമായ സാറാ ജോസഫ് ശക്തവും വ്യത്യസ്തവുമായി നിലപാടുകള്‍ കൊണ്ടും അവതരണശൈലികൊണ്ടുമാണ് വായനക്കാരുടെ മനസ്സില്‍ ഇടംനേടിയത്. ഡി സി ബുക്‌സ് Author In Focus-ന്റെ ഭാഗമായി സാറാ ജോസഫും സി.എസ് ചന്ദ്രികയും തമ്മില്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ രണ്ടാംഭാഗം.

ഭൂമി രാക്ഷസം, ചാത്തുമാമന്റെ ചെരിപ്പുകള്‍ എന്നീ നാടകരചനകള്‍ക്കു ശേഷം മറ്റൊരു നാടകമെഴുതിയില്ല. മക്കള്‍ വിനയനും നിമ്മിയും ഗീതയും ശശിയുമടങ്ങുന്ന നാടക കുടുംബ ലോകംതന്നെ ടീച്ചര്‍ക്കു ചുറ്റുമുണ്ട്. ഇവരുടെ കൂടെ നില്‍ക്കുമ്പോള്‍ ഇനിയും നാടകമെഴുതാന്‍ തോന്നുന്നില്ലേ?

നാടകം എഴുതാന്‍ എനിക്കിഷ്ടമാണ്. അരങ്ങ് എന്നും ആവേശവുമാണ്. എഴുതും. സമയം കിട്ടട്ടെ.

മുമ്പുണ്ടായിരുന്നതു പോലെ മലയാളത്തില്‍ സാഹിത്യത്തോട് പ്രതിബന്ധതയുള്ള ശക്തരായനിരൂപകരില്ലല്ലോ ഇന്ന്. പകരം, കൃതികളെ ആകെക്കൂടി ഒന്നു സ്പര്‍ശിച്ചു പോകുന്ന റിവ്യുകള്‍ വരുന്നു. പലപ്പോഴും അതു പോലും പല വിധ താല്പര്യങ്ങളുടേയും ആവശ്യങ്ങളുടേയും ഭാഗമായി സംഘടിപ്പിക്കപ്പെടുന്നതായും നമുക്ക് തോന്നാറുണ്ട്. എന്തു കൊണ്ടാണ് നല്ല നിരൂപണ പഠനങ്ങള്‍ ഇക്കാലത്ത് ഉണ്ടാവാത്തത്? ഒരു പാടു കാലത്തെ, പല ഘട്ടങ്ങളിലെ സാമൂഹ്യ,സാഹിത്യ ജീവിതാനുഭവമുള്ള എഴുത്തുകാരി എന്ന നിലയില്‍ സാഹിത്യത്തേയും അതിന്റെ മാറുന്ന സാംസ്‌ക്കാരിക സ്വഭാവങ്ങളേയും എങ്ങനെയാണ് കാണുന്നത്?

അത് മലയാളസാഹിത്യത്തിന്, അതിന്റെ വളര്‍ച്ചയ്ക്കു വരുത്തിവയ്ക്കുന്ന നഷ്ടം ചെറുതല്ല. അതികായരായ നിരൂപകരുണ്ടായിരുന്ന ഒരു സുവര്‍ണ്ണകാലഘട്ടം നമുക്കും ഉണ്ടായിരുന്നു. മാരാര്‍, മുണ്ടശ്ശേരി, എം.പി. പോള്‍, സി.ജെ,. കേസരി, എം.പി. ശങ്കുണ്ണിനായര്‍, കെ.എന്‍. എഴുത്തച്ഛന്‍… ആ കാലഘട്ടത്തിലെ എഴുത്തിനെ ശക്തിപ്പെടുത്തുകയും വഴിനടത്തുകയും ചെയ്തത് ആ നിരൂപകരുടെ വിമര്‍ശനങ്ങളും വിലയിരുത്തലുകളുമാണ്. എന്തല്ല ചെറുകഥ എന്ന് മലയാളത്തിലെ എഴുത്തുകാരെ പഠിപ്പിച്ചത് കേസരിയെപ്പോലെ ഒരു നിരൂപകനാണ്. ലോകസാഹിത്യത്തെ മലയാളത്തിലെ എഴുത്തുകാര്‍ക്ക് പരിചയപ്പെടുന്നത് ഒരു വ്രതവും ധ്യാനവുമാക്കിയ നിരൂപകനായിരുന്നു അദ്ദേഹം. പാശ്ചാത്യസാഹിത്യം ഒന്നോടെ ബഹുകേമമെന്നും ഇവിടെയുള്ളത് തുച്ഛമെന്നുമുള്ള നിഷേധാത്മക നിലപാടില്‍ നിന്നുകൊണ്ടായിരുന്നില്ല അവര്‍ എഴുത്തുകാരെ വിമര്‍ശിച്ചതും വിലയിരുത്തിയതും.
ആധുനികതയുടെ കാലത്ത് പടിഞ്ഞാറന്‍ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ എഴുത്തിനെ വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന നിരൂപണരീതി ആധുനികതയോടെ മലയാളത്തില്‍ പ്രബലമായി. സച്ചിദാനന്ദന്‍, എം.എന്‍. വിജയന്‍, ബി. രാജീവന്‍ തുടങ്ങിയവര്‍ എഴുത്തിന്റെ രാഷ്ട്രീയം എന്ത് എന്ന് അന്വേഷിച്ചപ്പോള്‍ ‘ശുദ്ധസാഹിത്യ’ത്തിന്റെ സാധ്യതകള്‍ക്കപ്പുറമുള്ളതിനെയൊക്കെ തിരസ്‌കരിച്ചുകൊണ്ട് കെ.പി. അപ്പനെപ്പോലുള്ളവര്‍ സമാന്തരമായ ഒരു നിരൂപണധാര കൊണ്ടുവന്നു. ലീലാവതി ടീച്ചര്‍, രാജകൃഷ്ണന്‍ തുടങ്ങിയവരും നിരൂപണരംഗത്ത് നിറഞ്ഞുനിന്നിരുന്ന കാലം ഉണ്ടായിരുന്നു. പതുക്കെ നിരൂപണരംഗത്ത് എന്തു സംഭവിച്ചു? ചന്ദ്രികയുടെ ചോദ്യത്തില്‍ത്തന്നെ അതിനുള്ള ഉത്തരങ്ങളുണ്ട്. ഞാനത് വിശദീകരിക്കുന്നില്ല.

സാഹിത്യപരമായ ഔന്നത്യമുള്ള കൃതിക്ക് എല്ലാക്കാലത്തും വായനക്കാര്‍ കുറവേ ഉണ്ടായിട്ടുള്ളൂ. എങ്കിലും അത്തരം കൃതികളാണ് ഒരു ഭാഷയിലെ സാഹിത്യമേന്മയുടെ അളവുകോലായി നിലനിന്നിരുന്നത്. ഇന്ന് പക്ഷേ, പുസ്തകം ഒരു വില്പനച്ചരക്കും അതെങ്ങനെ വിറ്റഴിക്കാമെന്നത് എഴുത്തുകാരുടെയും പ്രസാധകരുടെയും മത്സരരംഗവും ആയി മാറിയിട്ടുണ്ട്. തന്റെ പുസ്തകത്തിന് എങ്ങനെയൊക്കെ ‘പ്രൊമോഷന്‍’ കൊടുക്കണമെന്ന് എഴുത്തുകാര്‍ ചിന്തിച്ചേ മതിയാവൂ എന്ന് വന്നിരിക്കുന്നു. സാഹിത്യബാഹ്യമായ പല ഘടകങ്ങള്‍കൊണ്ടാണ് ഈ പ്രമോഷന്‍ സാധ്യമാകുന്നത്. അതിലുള്ള ‘മിടുക്ക്’ ഒരു പുസ്തകത്തെ ലോകോത്തര സാഹിത്യകൃതിയായി അവതരിപ്പിക്കാന്‍ ഇടവരുന്ന കാരണം നിരൂപകന്മാരുടെ അഭാവംതന്നെയാണ്. പുസ്തകത്തിനപ്പുറം എഴുതിയ ആളിന്റെ രാഷ്ട്രീയചായ്‌വ്, സൗഹൃദബന്ധങ്ങള്‍, ലോബിയിങ്, ഇതൊക്കെ പുസ്തകത്തെ വിലയിരുത്തുന്നതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് നിരൂപണത്തിന്റെ വിശ്വാസ്യത തകര്‍ത്ത ഘടകങ്ങളാണ്.
വായനക്കാരാണ് ഒരു കൃതിയുടെ ഏറ്റവും മികച്ച നിരൂപകര്‍ എന്ന് ആശ്വസിക്കുകയാണ് ഇപ്പോള്‍ ഏകമാര്‍ഗ്ഗം. എനിക്ക് എന്റെ വായനക്കാരുണ്ട്. മറഞ്ഞിരിക്കുന്ന അവരിലാണ് എന്റെ പുസ്തകത്തിന്റെ നിലനില്‍പ് എന്ന് എനിക്കറിയാം. ഒരു നല്ല വായനക്കാരന്‍ ഒരിക്കലും കൃതിയെ ഉദ്‌ഘോഷിച്ചുകൊണ്ട് വെളിയില്‍ വന്നുകൊള്ളണമെന്നില്ല. എങ്കിലും അയാളുണ്ട്, അയാളെന്റെ പുസ്തകം കാണുന്നുണ്ട്. വായിക്കുന്നുണ്ട് എന്ന ബോധ്യം തുടര്‍ന്നെഴുതാന്‍ വലിയ പ്രേരണയാണ്.

സോഷ്യല്‍ മീഡിയയുടെ ഈ കാലം പുസ്തകങ്ങളുടെ ധാരിളത്തകാലമാണ്. അത്രയേറെ പുസ്തകങ്ങള്‍, അത്രയേറെ പ്രസാധകര്‍, അത്രയേറെ ആനുകാലികങ്ങള്‍, സര്‍വ്വസ്വതന്ത്രമായ ഒരു ‘ഭൂലോക wall’ ആരും എഴുതിപ്പോകുന്ന സാഹചര്യം. ഇതൊരു ആഘോഷവേളയാണ്. ലൈക്കുകളും മെസ്സേജുകളും കൊച്ചുകൊച്ചു വിലയിരുത്തലുകളും വലിയ വലിയ പുകഴ്ത്തലുകളുംകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഈ കരിമരുന്ന് പ്രയോഗം പുതിയ വായനക്കാരെ ഏതു ദിശയിലേക്ക് നയിക്കുന്നു എന്നത് ചിന്തിക്കേണ്ടതാണ്. അവരോട് ഒന്നേ പറയാനുള്ളൂ. വായന ഒരിക്കലും ലളിതമായ ഒരു പ്രക്രിയയല്ല. നിങ്ങള്‍ ഒരു പുസ്തകത്തെ പ്രയാസകരമെന്ന് മാറ്റിവെക്കുന്നത്, നിങ്ങള്‍ക്കുതന്നെയാകുന്നു നഷ്ടം. പര്‍വ്വതത്തെ കീഴടക്കുന്നതുപോലെ ഒരു പുസ്തകത്തിന്റെ ഉന്നതശീര്‍ഷകത്തിലെത്തി, താഴ്‌വരയിലേക്കു നോക്കി ആനന്ദിക്കാന്‍ കഴിയുന്നതാകണം വായന. അമ്മാതിരി പുസ്തകങ്ങളും ഉണ്ടാവണമെന്നത് വേറേ കാര്യം.

സംഗീത എഴുത്തുകാരിയായി മാറിയത് അമ്മയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും എത്ര മാത്രം അത്ഭുതവും ആനന്ദവും, പ്രതീക്ഷയും നിറഞ്ഞ അനുഭവമാണ് തരുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളു. പെന്‍ഗ്വിന്‍ ഇറക്കാന്‍ പോകുന്ന ബുധിനിയുടെ ഇംഗ്ലീഷ് പരിഭാഷയും ചെയ്തിരിക്കുന്നത് സംഗീതയാണ്. എന്തൊരു വലിയ നിറഞ്ഞ സന്തോഷമാണ് അല്ലേ! സംഗിയെക്കുറിച്ച്, ഇക്കാലെത്തെഴുതുന്ന ഞങ്ങളുടെ തലമുറയെക്കുറിച്ച് എന്ത് തോന്നുന്നു?

സംഗീത എഴുത്തുജീവിതം തുടങ്ങിയത് ഓര്‍ത്തിരിക്കാത്ത നിമിഷത്തിലാണ്. അവള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള കൗതുകമാണ് അവളെ എഴുതാന്‍ ഉത്സാഹം കൊള്ളിച്ചതെന്നാണ്. കമലഹാസനോടുള്ള ആരാധനകൊണ്ട് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘തമിഴ്’ പഠിച്ച സംഗീത അങ്ങനെ പറഞ്ഞാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. എന്റെ എഴുത്തിന്റെ ഒരംശത്തിലുമുള്ള പിന്തുടര്‍ച്ചയോ അനുകരണമോ സ്വാധീനമോ സംഗീതയുടെ എഴുത്തില്‍ കാണുന്നില്ല എന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലും അവള്‍ എഴുതുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നുണ്ട്. കഠിനമായി അധ്വാനിക്കാന്‍ തയാറാണെന്നത് അവളുടെ എഴുത്തിന്റെ ഗുണമായി എനിക്ക് തോന്നുന്നു. പുസ്തകം മടുപ്പുകൂടാതെ പലവട്ടം എഡിറ്റ് ചെയ്യുന്നത് അതിന്റെ തെളിവാണ്. എലേന ഫെറാന്റെയുടെ ‘ഉപേക്ഷിക്കപ്പെട്ട ദിവസങ്ങള്‍’ വിവര്‍ത്തനം ചെയ്യുന്നതിനുമുമ്പ് അവരുടെ പുറത്തിറങ്ങിയ മുഴുവന്‍ കൃതികളും സംഗീത വായിച്ചത് ഞാനോര്‍ക്കുന്നു. എഴുതിത്തുടങ്ങിയ ഒരെഴുത്തുകാരിയെപ്പറ്റി ആധികാരികമായ വിലയിരുത്തലുകള്‍ക്ക് ഇനിയും അവസരങ്ങളുണ്ടല്ലോ. ‘ബുധിനി’ യുടെ ഇംഗ്ലിഷ് പരിഭാഷ ‘പെന്‍ഗ്വിന്‍’ പ്രസാധകരില്‍ നല്ല അഭിപ്രായമുണ്ടാക്കിയിട്ടുണ്ട് എന്നാണറിവ്. മകള്‍ എന്ന നിലയിലല്ല, എഴുത്തിലെ പുതുതലമുറ എന്ന നിലയില്‍ സംഗീതയില്‍നിന്ന് മികച്ച കൃതികള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.

സമകാലിക ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മതേതരത്വത്തിനെതിരായ നീക്കങ്ങളില്‍ നമ്മളെല്ലാം ആശങ്കപ്പെടുകയും പ്രതിരോധമുന്നണിയില്‍ ചേര്‍ന്നു നില്‍ക്കുകയുമാണ്. ഈ ഘട്ടത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് വിധി തന്ന ആശ്വാസം വലുതാണ്. ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് പോന്നതിനു ശേഷം ഇപ്പോഴുള്ള നിലപാട്, പ്രതീക്ഷ, വിമര്‍ശനം എന്താണ്? കെജ്രിവാള്‍ നെറ്റിയില്‍ വലിയ കുറിയിടുന്നു, ജയ്ഹനുമാന്‍ വിളിക്കുന്നു, ജനങ്ങള്‍ക്ക് വെള്ളം, ചികിത്സ, വിദ്യാഭ്യാസം ഒക്കെ സൗജന്യമായി നല്‍കുന്നു. ഇനി റേഷന്‍ അവരുടെ വീട്ടുപടിക്കലെത്തിക്കാന്‍ പോകുന്നു. കെജ്രിവാളിനെ ഇഷ്ടമാണോ?അദ്ദേഹം ഇന്ത്യന്‍ മതേതരത്വത്തെ ചതിക്കില്ലെന്ന് വിശ്വസിക്കാമോ?

കെജ്‌രിവാള്‍ ഇന്ത്യന്‍ മതേതരത്വത്തെ തകര്‍ക്കുമോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. അത് തകര്‍ക്കാന്‍ വലിയ ഭീകര ശക്തികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കെജ്‌രിവാള്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പോകുന്നതും നെറ്റിയില്‍ കുറി തൊടുന്നതും ദൈവത്തിന്റെ പേരില്‍ സത്യപതിജ്ഞ ‘ ചൊല്ലുന്നതുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്താണ് ഇന്ത്യയുടെ മതേതരത്വ സങ്കല്പം? എല്ലാ മതങ്ങള്‍ക്കും മതമില്ലാത്തവര്‍ക്കും നിലനില്‍ക്കാന്‍ ഒരുപോലെ സ്വാതന്ത്ര്യവും അവകാശവുമുണ്ട്, ഇന്ത്യയില്‍ . വിശ്വാസിക്കും അവിശ്വാസിയ്ക്കും യുക്തിവാദിയ്ക്കും അവരവരുടെ വിശ്വാസം പുലര്‍ത്തിക്കൊണ്ട് ജീവിക്കാന്‍ അവകാശമുള്ള ബഹുസ്വരമായ ഒരിടമാണ് ഇന്ത്യന്‍ മതേതരത്വം വിഭാവന ചെയ്യുന്നത്. അതുകൊണ്ട് കെജ്‌രിവാളിന്റെ ഹനുമാന്‍ ചാലിസ മതേതരത്വത്തെ തകര്‍ക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല.. അതേസമയം ഡല്‍ഹി കലാപത്തില്‍ കെജ്‌രിവാള്‍ ദീക്ഷിച്ച മൗനം എന്നെ അസ്വസ്ഥയാക്കുന്നുണ്ട്.

70ല്‍ 62 സീറ്റ് നല്‍കി ജയിപ്പിച്ചത് ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും
മറ്റുനാനാമതക്കാരുമടങ്ങിയ ഡല്‍ഹി വോട്ടര്‍മാരാണ്. അവരാരും സംഘി രാഷ്ട്രീയക്കാരോ ഹിന്ദുത്വവാദികളോ അല്ല. ഡല്‍ഹി വികസനത്തിന്റെ പേരില്‍ മാത്രമല്ല, സംഘികളുടെ ഹിന്ദുത്വ അജണ്ടയെ തോല്‍പ്പിക്കാന്‍ വേണ്ടി കൂടിയാണ്, ഫാഷിസത്തിനെതിരെ ജനാധിപത്യത്തെ ജയിപ്പിക്കാനാണ് അവര്‍ ആം ആദ്മിയെ ജയിപ്പിച്ചത്. അത്ര ശക്തമായ ജന പിന്തുണയുള്ളപ്പോള്‍, ഡല്‍ഹി കലാപത്തില്‍ ആരെ പേടിച്ചിട്ടാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ മിണ്ടാതിരുന്നത്? അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയായ നിരാഹാരത്തിന്റെ രൂപത്തിലെങ്കിലും അദ്ദേഹമെന്തു കൊണ്ട് പ്രതിഷേധിച്ചില്ല? കനയ്യ കുമാര്‍ വിഷയത്തിലും സമാനമായ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്.

കെജ്‌രിവാള്‍ പഴയ ആക്ടിവിസ്റ്റില്‍ നിന്നും വിവരാവകാശ പ്രവര്‍ത്തകനില്‍ നിന്നുമൊക്കെ മാറി, ഏതൊരു പക്കാ പൊളിറ്റീഷ്യനെയും പോലെ ഷ്രൂഡ് ആയ ഒരു പൊളിറ്റീഷ്യനായി മാറിയിരിയ്ക്കുന്നു.അദ്ദേഹം ചാണക്യ തന്ത്രങ്ങള്‍ പയറ്റുന്നു. രാഷ്ട്രീയത്തിലെ കളികള്‍ മാറ്റാനാണ് ആം ആദ്മി അധികാരത്തിലേയ്ക്ക് വരുന്നതെന്ന് അകാശപ്പെട്ടിരുന്ന കെജ്‌രിവാളും അതേ കളികളുടെ ഭാഗമാവുകയാണോ? കാത്തിരുന്ന് കാണാം.

ഒരുവള്‍ നടന്ന വഴികള്‍, ആരു നീ എന്നീ ഓര്‍മ്മക്കുറിപ്പുകള്‍ വായനക്കാര്‍ക്കായി തന്നിട്ടുണ്ടെങ്കിലും സാറാ ജോസഫ് എന്ന മലയാളി സ്ത്രീയെ, എഴുത്തുകാരിയെ, വിപ്ലവകാരിയെ,സര്‍വ്വപ്രണയിനിയെ, വാത്സല്യനിധിയായ അമ്മയെ, അധികാരരഹിതരോടൊപ്പം എന്നും ചേര്‍ന്നുനില്‍ക്കുന്ന സ്‌നേഹത്തെ ഇനിയും മലയാളി സമൂഹം എത്രയോ അറിയാനുണ്ട്! ഈ വലിയ സ്ത്രീജീവിതത്തിന്റെ അനുഭവങ്ങളുടെ കഥ തുറന്നെഴുതാനുള്ള ആഗ്രഹമുണ്ടോ? ആത്മകഥകള്‍ക്ക് മനുഷ്യമനസ്സിനെ അങ്ങേയറ്റം സ്വാധീനിക്കാനും മാറ്റിത്തീര്‍ക്കാനുമുള്ള വലിയ ശക്തി അതിനുള്ളിലെ സത്യവും നിര്‍ഭയതയുമായിരിക്കെ?

സത്യസന്ധമായി ആത്മകഥയെഴുതുക എന്നത് ദുഷ്‌കരമാണ്. ആത്മകഥകള്‍ പലപ്പോഴും കാല്പനികവും അലങ്കാരജടിലവുമായിപ്പോകുന്നു. കണ്ണീരും കിനാവുംപോലെ ഒരാത്മകഥ എഴുതാനായില്ലെങ്കില്‍ എഴുതാതിരിക്കുന്നതാവും കൂടുതല്‍ സത്യസന്ധമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

 

Comments are closed.