DCBOOKS
Malayalam News Literature Website

എം. ഗോവിന്ദന്‍; ആധുനിക മലയാളസാഹിത്യത്തിന്റെ വഴികാട്ടി

മലയാളത്തിന്റെ ദാര്‍ശനികനായ എഴുത്തുകാരനായിരുന്നു എം.ഗോവിന്ദന്‍. കവി, നിരൂപകന്‍, പത്രാധിപര്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍, രാഷ്ട്രീയ ചിന്തകന്‍ എന്നിങ്ങനെ അനവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹത്തിന്റെ നൂറാം ജന്മവാര്‍ഷികമാണ് ഇന്ന്. മലയാളസാഹിത്യത്തില്‍ ശ്രദ്ധേയരായിത്തീര്‍ന്ന ഒരുപാട് സാഹിത്യകാരന്മാരെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ എം.ഗോവിന്ദന് നിര്‍ണ്ണായക പങ്കുണ്ട്. മനുഷ്യന്‍ എന്ന ബിംബത്തെ മനോഹരമാക്കുക എന്നതായിരുന്നു എം. ഗോവിന്ദന്റെ ജീവിതവിചാരം. ഇതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ കലാവിചാരവും.

1919 സെപ്റ്റംബര്‍ 18ന് പൊന്നാനി താലൂക്കില്‍ തൃക്കണ്ണാപുരത്തായിരുന്നു എം.ഗോവിന്ദന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം കുറേക്കാലം സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പിന്നീട് കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലിനോക്കി. എം.എന്‍ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റാഡിക്കല്‍ ഹ്യൂമനിസ്റ്റ് ആശയവുമായി അടുപ്പിച്ചു. 1959-ല്‍ ജോലി രാജിവെച്ചു. 1963-65 കാലത്ത് ‘സമീക്ഷ’യുടെ പത്രാധിപരായിരുന്നു.

ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, നാട്ടുവെളിച്ചം, അരങ്ങേറ്റം, കവിത, മേനക, എം.ഗോവിന്ദന്റെ കവിതകള്‍, നോക്കുകുത്തി, മാമാങ്കം, ജ്ഞാനസ്‌നാനം, ഒരു കൂടിയാട്ടത്തിന്റെ കവിത, തുടര്‍ക്കണി എന്നിവയാണ് അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങള്‍. നീ മനുഷ്യനെ കൊല്ലരുത്, ചെകുത്താനും മനുഷ്യരും, ഒസ്യത്ത് എന്നീ നാടകങ്ങളും മണിയോര്‍ഡറും മറ്റു കഥകളും, സര്‍പ്പം, റാണിയുടെ പെട്ടി, ബഷീറിന്റെ പുന്നാര മൂഷികന്‍ എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവേകമില്ലെങ്കില്‍ വിനാശം എന്നത് പരിഭാഷയാണ്. പോയട്രി ആന്റ് റെനയ്‌സെന്‍സ് എന്നത് ഇംഗ്ലീഷിലുള്ള രചനയാണ്. മാനുഷികമൂല്യങ്ങള്‍, അന്വേഷണത്തിന്റെ ആരംഭം, സ്വല്പം ചിന്തിച്ചാലെന്ത്, അറിവിന്റെ ഫലങ്ങള്‍, കമ്മ്യൂണിസത്തില്‍ നിന്നും മുന്നോട്ട്, സമസ്യകള്‍ സമീപനങ്ങള്‍, കരഞ്ഞ കവിതയും ചിരിച്ച തത്വജ്ഞാനിയും, പൂണൂലിട്ട ഡെമോക്രസി, ഇനി ഇവിടെനിന്ന് എങ്ങോട്ട്, പുതിയ മനുഷ്യന്‍ പുതിയ ലോകം എന്നിവയാണ് ഗോവിന്ദന്റെ മറ്റു രചനകള്‍. 1989 ജനുവരി 23-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.