DCBOOKS
Malayalam News Literature Website

കാന്‍സറും ചിത്രശലഭങ്ങളും

ഡോ.വി.പി.ഗംഗാധരന്‍ എഴുതിയ അവതാരികയിൽ നിന്നും 

കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തിനിടയില്‍ താന്‍ കണ്ടുമുട്ടിയ കുറേ ജീവിതങ്ങളെ ഓര്‍ത്തെടുത്ത് അതിമനോഹരമായി കോര്‍ത്തിണക്കിയ വ്യത്യസ്തങ്ങളായ അനുഭവകഥകളാണ് സഞ്ജുവിന്റെ ‘കാന്‍സറും ചിത്രശലഭങ്ങളും’ എന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മരിച്ചുപോയ അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ മനസ്സില്‍ ഒതുക്കി ജീവിക്കുന്ന എഴുപതു വയസ്സുകാരന്റെ വാക്കുകള്‍ വായനക്കാരുടെ മനസ്സിനെ നൊമ്പരപ്പെടുത്താതിരിക്കില്ല. പെണ്‍കുഞ്ഞ്
ജനിക്കാതിരിക്കാന്‍ ഭ്രൂണഹത്യ പോലും ചെയ്യാന്‍ മടിക്കാത്ത സമൂഹത്തിന്റെ ക്രൂരമായ ചിന്താഗതിതന്നെയാണ് പെണ്‍കുട്ടികള്‍ക്ക് കാന്‍സര്‍ വന്നാല്‍ ചികിത്സിക്കേണ്ട എന്ന തീരുമാനത്തിലുമെന്ന് താമരയുടെ ജീവിതത്തിലൂടെ എഴുത്തുകാരന്‍ വരച്ചുകാട്ടുന്നുണ്ട്. കാന്‍സര്‍ രോഗം കല്‍പ്പിച്ചു നല്‍കുന്ന ദുഷ്‌കീര്‍ത്തി, ഭ്രഷ്ട്, ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, സഹതാപം ഇഷ്ടപ്പെടാത്ത, സഹതപിക്കുന്നവരെ വെറുക്കുന്ന Textകാന്‍സര്‍ രോഗികളുടെ മനസ്സ് ഇവയെല്ലാം പരോക്ഷമായി സ്പര്‍ശിക്കുന്ന അനുഭവകഥകള്‍ ഈ പുസ്തകത്തില്‍ ധാരാളമുണ്ട്. സാമ്പത്തികമായി പരാധീനതകള്‍ ഉള്ളതുകൊണ്ട് മാത്രം ചികിത്സ വേണ്ടെന്നു വയ്ക്കുന്നവര്‍, രൂപത്തില്‍ മാറ്റം വരുമെന്നും തന്റെ കഴിവുകള്‍ എല്ലാം നഷ്ടപ്പെടുമെന്നും തെറ്റിദ്ധരിച്ച് ചികിത്സയില്‍നിന്ന് ഒളിച്ചോടുന്നവര്‍ -ഇവരെല്ലാം കാന്‍സര്‍ ചികിത്സകന്റെ മുന്നില്‍ ഒരു ചോദ്യചിഹ്നംതന്നെയാണ്. തന്റെ മുന്നില്‍ വരുന്ന ഓരോ രോഗിയും രക്ഷപ്പെടണമേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന ഡോക്ടറുടെ മനസ്സും തന്റെ വരികളില്‍ അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. കാന്‍സറിനെക്കാള്‍ വേഗത്തില്‍ കാന്‍സര്‍ രോഗികളെക്കുറിച്ചുള്ള സ്വകാര്യ വാര്‍ത്തകള്‍ പറഞ്ഞുപരത്തുന്ന പാഷാണം അന്നമ്മമാര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് സരസമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ചികിത്സയുടെ കൂടെത്തന്നെ പ്രാര്‍ത്ഥനയുടെ ശക്തിയും പ്രാര്‍ത്ഥനകൊണ്ടുമാത്രം കാന്‍സര്‍ മാറില്ല എന്ന ശാസ്ത്രീയ സത്യവും തുറന്നുകാട്ടുന്ന അനുഭവങ്ങളിലൂടെ കാന്‍സറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളിലേക്കാണ് ഗ്രന്ഥകര്‍ത്താവ്‌ വിരല്‍ ചൂണ്ടുന്നത്. കാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിച്ച് കൃത്യസമയത്ത് ഫലപ്രദമായി ചികിത്സിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മദ്യപാനം മുതലായ ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കേണ്ടതിനെക്കുറിച്ചുമൊക്കെ പലരുടെയും ജീവിതങ്ങളിലൂടെ കൃത്യമായി വായനക്കാരില്‍ എത്തിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ടെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയായി ഞാന്‍ കാണുന്നു.

കണക്കുകള്‍ മാത്രമല്ല പ്രചോദനങ്ങളുടെ കണക്കുകള്‍കൂടിയാണ് എന്ന് തെളിയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിത കഥയിലൂടെ കാന്‍സര്‍ രോഗികളുടെ ആത്മവിശ്വാസവും മനോധൈര്യവും വീണ്ടെടുക്കാനുള്ള ഒരു ശ്രമവും ഈ പുസ്തകത്തില്‍ നമുക്ക് കാണാന്‍ സാധിക്കും.

രോഗികളും ബന്ധുക്കളും മാത്രമല്ല ഈ അനുഭവക്കുറിപ്പുകള്‍ വായിക്കേണ്ടത്. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിലെ ഓരോ വ്യക്തിക്കുമുള്ള ഔഷധം ആണ് ഈ പുസ്തകം-നമ്മുടെയൊക്കെ മനസ്സിനെ ബാധിച്ച കാന്‍സര്‍ ചികിത്സിക്കാനുള്ള ഒരു സിദ്ധൗഷധം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.