DCBOOKS
Malayalam News Literature Website

കാന്‍സര്‍ ഭീതിയില്ലാതെ ആരോഗ്യത്തോടെ ജീവിക്കാം

സംസ്ഥാന ആരോഗ്യവകുപ്പില്‍ 24 വര്‍ഷം സേവനമനുഷ്ഠിച്ച, ഇപ്പോള്‍ പൊന്‍കുന്നം ശാന്തിനികേതന്‍ ആശുപത്രിയില്‍ സീനിയര്‍ സര്‍ജനായി സേവനമുഷ്ഠിക്കുന്ന റിട്ട ഡോ. റ്റി.എം. ഗോപിനാഥപിള്ള രചിച്ച പുസ്തകമാണ് കാന്‍സര്‍ ഭീതിയകറ്റാം; ആരോഗ്യത്തോടെ ജീവിക്കാം. 2015ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

പുസ്തകത്തിന് ഡോ റ്റി എം ഗോപിനാഥപിള്ള എഴുതിയ ആമുഖം;

വളരെ ഭീതിയോടെ കാണുന്ന രോഗം, വളരെ സര്‍വ്വസാധാരണയായി മാറിയ രോഗം, ചികിത്സയുണ്ടെങ്കിലും പലപ്പോഴും മരണം വരിക്കേണ്ടിവരുന്ന രോഗം, രോഗങ്ങളുടെ ചക്രവര്‍ത്തിയെന്നിങ്ങനെ പല വിശേഷണങ്ങള്‍ ഉള്ള രോഗാവസ്ഥയാണ് കാന്‍സര്‍. എങ്കിലും കാന്‍സറിനെപ്പറ്റി മനസ്സിലാക്കുവാനോ അതിനെപ്പറ്റിയുള്ള പുസ്തകം വായിക്കുവാനോ മിക്കവര്‍ക്കും താത്പര്യം കാണില്ല. അതറിഞ്ഞുകൊണ്ട് ഒരു സാഹസത്തിന് തുനിയുകയാണ്. കാന്‍സറിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുക കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവ് കുറച്ചുപേര്‍ക്കെങ്കിലും ഇന്നുണ്ട് എന്ന വിശ്വാസമാണ് കാന്‍സര്‍ ഭീതിയകറ്റാം എന്ന പുസ്തകരചനയുമായി മുന്നോട്ടുപോകാന്‍ എന്നെ പ്രേരിപ്പിച്ചത്.

കാന്‍സര്‍ ഭീതിയകറ്റാം
കാന്‍സര്‍ ഭീതിയകറ്റാം

ഈ ഗ്രന്ഥത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണമെങ്കിലും ചെയ്യുന്നവര്‍ക്ക് കാന്‍സര്‍ ഭീതിയില്ലാതെ ജീവിക്കാനോ, ജീവിതയാത്രയില്‍ എന്നെങ്കിലും ആ ഭീകരനെ കണ്ടുമുട്ടിയാല്‍തന്നെ അവന്‍ ശരീരത്തില്‍ വേരുറപ്പിക്കുന്നതിനുമുമ്പ് സാന്നിദ്ധ്യം മനസ്സിലാക്കി വേരോടെ പിഴുതെറിയാനോ കഴിയുമെന്നതില്‍ സംശയമില്ല. അതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കുന്നവര്‍ക്ക് കാന്‍സറിനെമാത്രമല്ല മറ്റ് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദയാഘാതം, സ്‌ട്രോക്ക്, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ എന്നിവയെ ഒക്കെ നിയന്ത്രിച്ചുനിര്‍ത്താനോ പ്രതിരോധിക്കാനോ സാധിക്കും. കാന്‍സറിനെ പ്രതിരോധിക്കാന്‍ മാത്രമായി പ്രത്യേകിച്ച് ഒന്നും ചെയ്യണമെന്നില്ല. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക മാത്രമാണ് എല്ലാ ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കാനും നിയന്ത്രിക്കുവാനും ആവശ്യമായിട്ടുള്ളത്.

കാന്‍സര്‍ ഗവേഷണരംഗത്തും ചികിത്സാരംഗത്തും അടുത്തകാലത്തായി നാം വളരെയധികം മുന്നേറിയിട്ടുണ്ടെങ്കിലും ഒരു സത്യം നിഴല്‍പോലെ നമ്മുടെ മുന്നിലുണ്ട്. ഈ ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് ജീവിതയാത്രയില്‍ എന്നെങ്കിലും കാന്‍സറിനെ അഭിമുഖീകരിക്കേണ്ടിവരും. അത് ചിലപ്പോള്‍ നമ്മുടെ ബന്ധുക്കളിലോ, സുഹൃത്തുക്കളിലോ ആവാമെന്നു മാത്രം. മറ്റൊരു അപ്രിയസത്യം കൂടിയുണ്ട്. അടുത്തകാലത്തായി കാന്‍സര്‍രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുതകരമായ വര്‍ദ്ധന. കാന്‍സര്‍ ഭീതി വര്‍ദ്ധിപ്പിക്കുവാന്‍ ഇതു കാരണമാവുന്നു. കാന്‍സര്‍ഭീതി അകറ്റി ആരോഗ്യത്തോടെ ജീവിക്കാന്‍ നമ്മുടെ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. അതിനാവശ്യമായ അറിവുകള്‍ ഇൗ പുസ്തകത്തില്‍ അങ്ങോളമിങ്ങോളം നിരത്തിയിരിക്കുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷക്കാലത്തെ പ്രാക്ടീസിനിടെ കണ്ടെത്തിയതും ചികിത്സിച്ചിട്ടുള്ളതുമായ നിരവധി കാന്‍സര്‍ രോഗികളില്‍ മിക്കവരും വളരെ താമസിച്ചുമാത്രമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ആ ഒറ്റക്കാരണംകൊണ്ടുതന്നെ ചികിത്സ വേണ്ടപോലെ ഫലിക്കാതെ വരികയും മരണത്തിനു കീഴടങ്ങേണ്ടിവരികയും ചെയ്തിട്ടുണ്ട്. അവരില്‍ പലരുടെയും ദയനീയ ചിത്രം മനസ്സില്‍ പലപ്പോഴും വന്നെത്താറുണ്ട്. ഇന്നു ജീവിച്ചിരിക്കുന്നവര്‍ക്കെങ്കിലും അങ്ങനെ ഒരു അനുഭവം ഉണ്ടാവാതിരിക്കട്ടെ എന്ന ഉത്കടമായ അഭിവാഞ്ഛ, ഉള്‍ക്കാഴ്ചയാണ് ഈ പുസ്തകം രചിക്കാന്‍ എനിക്കു പ്രേരണയായിട്ടുള്ളത്. കാന്‍സറിനെ നേരത്തേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കാമെന്നുള്ള ബോധവല്‍ക്കരണം ഉെണ്ടങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ രോഗം നേരത്തേ നിര്‍ണ്ണയിക്കാന്‍ തയ്യാറാവുമെന്ന വിശ്വാസവും പുസ്തകരചനയ്ക്കു പ്രേരിപ്പിച്ചു.

കാന്‍സറിനെ ഇന്നു നമുക്ക് തോല്‍പ്പിക്കാനാവും, അതിനു പിടികൊടുക്കാതെ ജീവിക്കാനാവും, ഇനി നമ്മെ പിടികൂടിയാല്‍പോലും ശരിയായ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമാക്കിയാല്‍ മിക്ക കാന്‍സറുകളെയും ഭേദമാക്കാനാവും. പക്ഷേ, ഇവയൊക്കെ സാദ്ധ്യമാവണമെങ്കില്‍ അതിനുള്ള ആത്മാര്‍ത്ഥമായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. മൂന്നു കാര്യങ്ങളിലാണ് അതുവേണ്ടത്. കാന്‍സറിനെ പ്രതിരോധിക്കാന്‍ എന്തെല്ലാം ചെയ്യണം, ആരംഭത്തില്‍തന്നെ കണ്ടെത്താന്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നിവയെപ്പറ്റിയുള്ള അറിവ്, ലഭിച്ച അറിവ് പ്രാവര്‍ത്തികമാക്കാനുള്ള വിവേകം, രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നുേണ്ടായെന്നുള്ള നിതാന്തജാഗ്രത എന്നിവയാണ് അവ. ഇതില്‍ ആദ്യത്തേതും അവസാനത്തേതും നേടിയെടുക്കാന്‍ ഈ ഗ്രന്ഥം നിങ്ങളെ സഹായിക്കും. രണ്ടാമത്തേതാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. മനസ്സിലാക്കിയ കാര്യങ്ങള്‍ സ്വജീവിതത്തില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള ദൃഢനിശ്ചയവും പ്രവൃത്തിയും. അത് പ്രിയ വായനക്കാരുടെ ഭാഗത്തുനിന്നുണ്ടാവണം. എങ്കില്‍ കാന്‍സര്‍ വരില്ല. കാന്‍സര്‍ ഭീതി കൂടാതെ നമുക്ക് ജീവിക്കാനാവും കാന്‍സറിനെ തോല്‍പ്പിക്കാനാവും ആരോഗ്യത്തോടെ ജീവിതം ആസ്വദിക്കാനാവും. തീര്‍ച്ച..!

Comments are closed.