DCBOOKS
Malayalam News Literature Website

നെഹ്‌റുവിനെ മാലയിട്ടതിന്റെ പേരില്‍ ഊരുവിലക്ക്; സാറാ ജോസഫിന്റെ നായിക ബുധിനി വിടവാങ്ങി

സാറാ ജോസഫിന്റെ  ബുധിനിയിലെ കഥാപാത്രമായ ‘ബുധിനി‘ വിടവാങ്ങി. രാഷ്ട്രനിര്‍മ്മാണത്തിന്റെ പേരില്‍ പിഴുതെറിയപ്പെട്ട, താഴേക്കിടയിലുള്ള സമൂഹത്തിന്റെ പ്രതിനിധിയാണ് ബുധിനി. ബുധിനിയുടെയും ഒപ്പം സാന്താള്‍ വര്‍ഗ്ഗത്തിന്റെയും കഥയാണ് സാറാ ജോസഫ് നോവലിലൂടെ പറയുന്നത്.

ദാമോദര്‍വാലി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അണിയിച്ച ഒരു ഹാരം ബുധിനിയുടെ ജീവിതത്തെത്തന്നെ തകര്‍ത്തെറിയുന്നു. നെഹ്റുവിനെ മാലയിട്ടുസ്വീകരിച്ചതിന്റെ പേരില്‍ ഗോത്രം ബുധിനിയെ ഊരുവിലക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് സാന്താള്‍ ഗോത്രത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിന്റെയും ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെയും പരിസ്ഥിതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെയും അവസ്ഥകള്‍ ചിത്രീകരിക്കുന്നത്.

തന്റേതല്ലാത്ത തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടുന്നത് എങ്ങനെ എന്ന് ഒരു പെണ്ണിനെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ഇന്ന്, പരിഷ്‌കൃതമെന്ന് പറയുന്ന കാലത്തും പലതിനായി പലവുരു ദൃശ്യവും അദൃശ്യവുമായ വിലക്കുകളുടെ നടുവില്‍ ചോദ്യം ചെയ്യപ്പെട്ടും ശിക്ഷയനുഭവിച്ചും തീരുന്നവര്‍ക്കിടയിലേക്കാണ് സാറാ ജോസഫിന്റെ ബുധിനി എത്തിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുഖ്യധാരയില്‍ നിന്ന് കഴിവതും ഒറ്റപ്പെട്ട്, തങ്ങളുടേതായ നീതി നിയമങ്ങള്‍ പാലിച്ചു ജീവിക്കുന്ന ഒരു സമൂഹത്തിലെ, യുവതിയെന്ന് വിളിക്കാന്‍ പോലും പ്രായമാവാത്ത ഒരു പതിനഞ്ചുകാരിയുടെ ഒറ്റപ്പെടലിന്റെയും ചെറുത്തു നില്‍പ്പിന്റെയും കഥ. സാന്താള്‍ എന്നാല്‍ ശാന്തമായ ആത്മാവ് പക്ഷേ ആ ശാന്തമായ ആത്മാവുള്ള ഒരാള്‍ അശാന്തമായി ഒരു ജന്മം മുഴുവന്‍ ഓടുകയാണ്. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷകരാകുന്ന കഥകളുടെ ചോരപ്പാടുകള്‍ കൊണ്ട് വല്ലാതെ കറുത്ത് പോയൊരു ചരിത്രം കൂടി നമ്മുടെ സ്വാതന്ത്ര്യത്തിനുണ്ടെന്ന്, മറന്നു പോവരുതെന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ബുധിനി എന്ന നോവല്‍.

Comments are closed.