DCBOOKS
Malayalam News Literature Website

പ്രകൃതിയുടെയും പെണ്ണിന്റെയും രാഷ്ട്രീയം പറയുന്ന ബുധിനി

സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന് രഞ്ജിത്ത് ജി.കാഞ്ഞിരത്തില്‍ എഴുതിയ വായനാനുഭവം

ബുധിനി ബുധിനി മെയ്ജാന്‍…സാന്താള്‍ വര്‍ഗക്കാരിയായ ഒരു പെണ്‍കുട്ടിയാണ്. നമുക്കറിയാം സാന്താളുകളെ. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യര്‍. ഒരു മണ്ണിരക്കും തനിക്കും ഒരേ അവകാശമാണു ഭൂമിയില്‍ എന്നുറക്കെ പാടുന്നവര്‍. ബംഗാള്‍,ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന രാജ്മഹല്‍കുന്നുകളുടെ മടിത്തട്ടില്‍ അവര്‍ ജീവിക്കുന്നു. 1855-ല്‍ പ്രകൃതിചൂഷണത്തിന് മുതിര്‍ന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ സാന്താളുകള്‍ നടത്തിയ സായുധസമരം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇവിടെ സ്വതന്ത്ര ഇന്ത്യയിലും സമാന സാഹചര്യമുണ്ടാകുന്നു. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന ദാമോദര്‍ നദിയില്‍ അണകെട്ടി വിവിധോദ്ദേശ്യ പദ്ധതി നിര്‍മിക്കാന്‍ ദാമോദര്‍ വാലി കോര്‍പ്പറേഷന്‍ എന്ന സംവിധാനം രൂപീകൃതമാകുന്നു. രാജ്യം അതിന്റെ വ്യവസായവല്‍ക്കരണത്തിന്റെയും വികസനത്തിന്റെയും രഥമുരുട്ടാന്‍ തുടങ്ങുകയായിരുന്നു. ദാമോദര്‍ നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും തങ്ങളുടെ വിശ്വാസങ്ങളുടെ ഭാഗമായ പ്രകൃതി നശിക്കുകയും ചെയ്യുമ്പോള്‍ സാന്താളുകള്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്നു .

ഒടുവില്‍ ഡിവിസി ദാമോദര്‍ വാലി കോര്‍പറേഷന്‍ പാഞ്ചേത്ത് ഡാം സാക്ഷാത്കരിക്കുന്നു. ആ ഡാമിന്റെ ഉദ്ഘാടനത്തിനെത്തുന്ന ജവഹര്‍ലാല്‍ നെഹ്‌റു, ബുധിനി എന്ന സാന്താളിപെണ്‍കുട്ടിയെക്കൊണ്ട് ആ പ്രക്രിയ നിര്‍വഹിപ്പിക്കുന്നു. ഡിവിസിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സ്വീകരണത്തിന്റെ ഭാഗമായി ബുധിനി ഹാരാര്‍പ്പണം നടത്തുന്നുണ്ട്. ഏതാനും നിമിഷങ്ങള്‍ കൊണ്ട് ആ കൊച്ചുപെണ്‍കുട്ടി ഇന്ത്യയോളം വളര്‍ന്നു.

എന്നാല്‍ അവളുടെ ജീവിതം അവിടെ കീഴ്‌മേല്‍ മറിയുകയായിരുന്നു. ഭാരതപ്രധാനമന്ത്രിയെങ്കിലും സാന്താളുകളെ സംബന്ധിച്ച് അന്യഗോത്രക്കാരനാണ് നെഹ്‌റു. അങ്ങിനെ ഒരാളെ ഹാരമണിയിച്ച ബുധിനി അയാളെ വിവാഹം കഴിക്കുകയാണ് ചെയ്തത് എന്നായിരുന്നു നാട്ടുക്കൂട്ടത്തിന്റെ വ്യാഖ്യാനം. അവള്‍ക്കു ഗ്രാമവും സമുദായവും ഭ്രഷ്ട് കല്‍പ്പിക്കുന്നു. ഒരു പേപ്പട്ടിയെ വേട്ടയാടുന്നത് പോലെ അവരവളെ വേട്ടയാടി. സ്വതന്ത്ര ഭാരതത്തിന്റെ ഊര്‍ജ്ജാവശ്യങ്ങളുടെ സിംഹഭാഗവും നിറവേറ്റിയ ഒരു പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ച ബുധിനി, പണ്ഡിറ്റ് നെഹ്രുവിന്റെ ഗോത്രവധുവെന്ന് വിശേഷിപ്പിക്കപ്പെട്ട ബുധിനി, അതിനും മുന്‍പ് ദാമോദര്‍ താഴ്‌വരയില്‍ പ്രകൃതിയോടിണങ്ങി ജീവിച്ച ബുധിനി തന്റെ ഗ്രാമത്തില്‍ നിന്നും തുരത്തി ഓടിക്കപെട്ടു.

ഇതാണ് ബുധിനി എന്ന നോവലിന്റെ കഥാതന്തുവും ആഖ്യാന പരിസരവും. എന്നാല്‍ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സാറാ ജോസഫ് നമ്മെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലെത്തിക്കുന്നു. ഭക്രാനംഗല്‍ ഡാമിന്റെ നിര്‍മ്മാണോദ്ഘാടനം നടക്കുമ്പോഴാണ് ‘ അണക്കെട്ടുകള്‍ വന്‍ പദ്ധതികള്‍ ആണിനി ഇന്ത്യയുടെ മഹാക്ഷേത്രങ്ങളെന്നു നെഹ്‌റു പറഞ്ഞത്. അദ്ദേഹത്തിന്റെ ആ പ്രസ്താവനയുടെ ആശയവും പരപ്പും വളരെ വളരെ വലുതായിരുന്നു. അതാണ് ഈ ഈ നോവലിനെ മുന്നോട്ടു നയിക്കുന്നത്.

മഹാത്മാഗാന്ധിയുടെ ബ്രഹ്മചര്യ പരീക്ഷണങ്ങളില്‍ പങ്കാളികളായിരുന്ന കുട്ടികളാണ് ആഭയും മനുവും. അത്തരം പരീക്ഷണങ്ങളില്‍ ഗാന്ധിക്കുണ്ടായ വികാര വിചാരങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അതിലൊക്കെ ഭാഗഭാക്കായപ്പോള്‍ ആ കൊച്ചുപെണ്കുട്ടികള്‍ക്ക് എന്ത് തോന്നി ക്കാണും എന്നുള്ള കാതലായ ചോദ്യമുയര്‍ത്തിക്കൊണ്ട് ‘ആഭയോടും മനുവോടും ചോദിച്ചിരുന്നുവോ….?’ എന്ന തലക്കെട്ടില്‍ സാറാ ജോസഫ് എഴുതിയ ലേഖനം വായിച്ചത് ഏതാണ്ട് പത്തുകൊല്ലം മുന്‍പാണ്. യുദ്ധത്തിലും ലൈംഗികതയിലും വികസനത്തിലും രാഷ്ട്രീയത്തിലും പങ്കെടുക്കുന്ന സ്ത്രീകളുടെ അഭിപ്രായം ചോദിക്കുന്ന പതിവില്ലായ്മ ഒരു അസമത്വമാണെന്നും സാമാന്യ നീതിയുടെ നിഷേധമാണെന്നും ചൂണ്ടിക്കാണിക്കുകയായിരുന്നു സാറാ ടീച്ചര്‍ ചെയ്തത്, അവിടെ നിന്നും ബുധിനി എന്ന നോവലിലെത്തുമ്പോള്‍ തന്റെ ചോദ്യങ്ങള്‍ കൃത്യമായ രൂപഭദ്രതയോടെ തികഞ്ഞ കയ്യടക്കത്തോടെ കുത്തിക്കയറുന്ന ശൂലത്തിന്റെ മൂര്‍ച്ചയോടെ അനുവാചകരിലേക്കു തൊടുത്തു വിടുകയാണ് സാറാ ടീച്ചര്‍. രാഷ്ട്ര നിര്മാണമെന്ന പ്രതീക്ഷാ നിര്‍ഭരമായ പ്രക്രിയയില്‍ നഷ്ടങ്ങള്‍ മാത്രം അനുഭവിക്കുന്ന സാമാന്യജനത്തിന്റെ പൊള്ളുന്ന ജീവിതമുണ്ടതില്‍. കുടിയൊഴിക്കപ്പെടുന്ന കുടുംബങ്ങളുടെ വേദനയുണ്ടിതില്‍. അണക്കെട്ടുകളുടെ നിര്‍മ്മിതിക്ക് വേണ്ടി ജലസമാധിയടയേണ്ടി വരുന്ന കാനനങ്ങളുടെയും ജനപഥങ്ങളുടെയും ഗദ്ഗദമുണ്ടതില്‍.

അടിമുടിയൊരു രാഷ്ട്രീയ നോവലാണ് ബുധിനി. വികസനവും രാഷ്ട്രീ നിര്‍മ്മാണവും വഴിയാധാരമാക്കിയ മനുഷ്യരുടെ വിഹ്വലതകളാണിതിന്റെ നാരായ വേര്. ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലെ അത്യുന്നതനായ ഒരു വ്യക്തിയുടെ പേര് ചേര്‍ത്ത് അറിയപ്പെട്ടിട്ടുപോലും വേട്ടയാടപ്പെട്ട സ്ത്രീത്വമാണിതിന്റെ കാതല്‍. വ്യവസായ വത്കരണത്തിന്റെ കൊലക്കളങ്ങളില്‍ ഹോമിക്കപ്പെട്ട ബാല്യങ്ങളുടെ വേദനയാണിതിന്റെ ആത്മാവ്. ഓരോ പേജുകളും മറിക്കുമ്പോള്‍ ഋതുക്കളുടെ കാഠിന്യവും പാഞ്ചേത് ഡാമിന്റെ ആഴവും ദാമോദര്‍ നദിയിലെ സ്ഫടിക സമാന ജലത്തിന്റെ തണുപ്പും കല്‍ക്കരിഖനിയിലെ പൊള്ളുന്ന ഭൂമിയില്‍ നഗ്‌നപാദരായി ജോലിചെയ്യാണ്ടി വന്ന കുഞ്ഞുങ്ങള്‍ അനുഭവിച്ച താപവും കുടിയിറക്കപ്പെട്ടവന്റെ മനസ്സിലെ ഗ്രീഷ്മവും നമുക്കറിയാന്‍ പറ്റും. അപ്പോള്‍ കയ്യിലിരിക്കുന്ന പുസ്തകം പൊള്ളും, ഒപ്പം അനുവാചകന്റെ മനസ്സും.

ഭാരതമെന്ന വിശാലമായ കാന്‍വാസില്‍ മലയാളത്തിലെഴുതപ്പെട്ട നോവലുകള്‍ കുറവാണ്. അതുകൊണ്ടു തന്നെ ബുധിനി എന്ന പുസ്തകം കേരളവും ഒരുവേള ഇന്ത്യയും കടന്നു വളരുന്നുണ്ട്, വായിച്ചു പുസ്തകം മടക്കുമ്പോള്‍ വിശ്വപൗരനായ പണ്ഡിറ്റ് നെഹ്രുവിനൊപ്പം പകച്ച മുഖവുമായി നില്‍ക്കുന്ന ആ കൊച്ചു പെണ്‍കുട്ടിയും ജീവിതത്തില്‍ അവളനുഭവിച്ച ദുരിതങ്ങളും നമ്മുടെ മനസ്സില്‍ ബാക്കിയാകുന്നു.

ഡി സി ബുക്‌സ് വെബ് പോര്‍ട്ടലിന്റെ വായനാനിരൂപണ മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നത്.

Comments are closed.