DCBOOKS
Malayalam News Literature Website

ബുദ്ധപഥം : ഷിനിലാലിന്റെ പുതിയ പഥങ്ങൾ

വി. ഷിനിലാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ബുദ്ധപഥ- ത്തിന് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം

നിരവധി സങ്കീർണമായ ജൈവപ്രവർത്തനങ്ങളുടെ അവസാനമാണ് ഒരു പൂ വിരിയുന്നത്
അതിനെക്കുറിച്ച്‌ അറിയുന്നില്ല എന്നതത്രേ ചെടിയുടെ മഹത്ത്വം ‘ഉടൽ ഭൗതീകം ‘ വി.ഷിനിലാലിന്റെ നോവലിലെ വരികൾ ആണ്. ആ വരികൾ മനസ്സിൽ സൂക്ഷിച്ചു മനോഹരമായ പതിനേഴ് കഥകളുടെ പൂക്കാലം വി. ഷിനിലാലിൻ്റെ തൂലികയിൽ വിരിഞ്ഞു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമായ ബുദ്ധപഥം. ആമുഖത്തിൽ ഷിനിലാൽ വായനക്കാരോട് പറയുന്നു. നിർണ്ണായക സന്ദർഭങ്ങളിൽ എന്നെ സഹായിച്ചിട്ടുള്ളത് കഥാപാത്രങ്ങളാണ്.
ഒരധോലോകവും പുറത്തേക്ക് തലനീട്ടുന്ന സന്ദർഭങ്ങളിലാണ് ഞാൻ എഴുതുന്നത്.
അപ്പൂപ്പന്റെ കഥകൾ കേട്ടു എഴുത്തു തുടങ്ങിയ ഷിനിലാൽ വായനക്കാരുടെ മുമ്പിൽ വ്യത്യസ്തമായ അനുഭവങ്ങൾ തരുന്ന കഥകൾകൊണ്ടു കഥാ സാഹിത്യത്തിന് പുതുഭാഷ നൽകിയിരിക്കുന്നു.

കഥാസമാഹരത്തിൻ്റെ ടൈറ്റിലായ ബുദ്ധപഥത്തിലൂടെയാണ് വായനക്കാരെ വായനയിലേക്ക് ക്ഷണിക്കുന്നത്.
വലിയൊരു കെട്ടിടത്തിൻ്റെ രണ്ടുനിലകളിൽ മുപ്പത് സന്യാസിമാരും മുപ്പത് ഗുണ്ടകളും താമസിച്ചിരുന്നു അവരിലേക്കും ഒരു പൂച്ചയിലൂടെയും കഥയിലേക്ക് ഇറങ്ങാൻ നമ്മളെ സ്വാഗതം ചെയ്യുന്നു.
എല്ലാ മതങ്ങളെയും കുറിച്ച് വിശദമായി പഠിച്ച ശേഷം ബുദ്ധമത സംഹിതകളിൽ ആകൃഷ്ടരായി സംഘജീവിതം നയിച്ച ബുദ്ധ സന്യാസിമാരിലൂടെ വേറിട്ട സഞ്ചാര പഥങ്ങളുടെ ‘ബുദ്ധപഥം’ . മനുഷ്യൻ എന്ന് വച്ചാൽ ശരീരം മാത്രമല്ല മനസ്സും കൂടിയാണ് ശരീരം പോലെതന്നെ മനസ്സും ശക്തിയുള്ളതാക്കണം അതിന് ധ്യാനിക്കണം സംഘം എന്നത് അധികാരം ആണ് അധികാരം എന്നാൽ കൃത്യമായും അതിനുള്ളിൽ ആക്രമണം നടന്നിരിക്കുന്നു എന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നു. കഥയിലെ സന്യാസിയും,ഗുണ്ടകളും, ഷിനിലാലിൻ്റെ സഞ്ചാരപഥങ്ങളിലൂടെ പോകുമ്പോൾ മനസിൽ തട്ടിയ രചന കൊണ്ട് മനുഷ്യ ജീവിതം സങ്കീർണ്ണമായ സമൂഹത്തിലെ അവസ്ഥയിൽ കഥാവായനയിലൂടെ പരമാനന്ദത്താൽ നമ്മുടെ കണ്ണുകൾ തുടിക്കുമ്പോൾ മനസ്സിൽ സംഘം ശരണം ഉരുവിടുന്ന കഥാ ശില്പം.

ചരിത്രപരീക്ഷയിലെ ചോദ്യമായ എഷ്യൻ രാജ്യത്തിന് മുന്നിൽ ആദ്യമായ് കീഴടങ്ങിയ യുദ്ധം? ഉത്തരം: കുളച്ചൽ യുദ്ധം കഥയുടെ പേരും ‘കുളച്ചൽ യുദ്ധം ‘.ചരിത്രപരീക്ഷയുടെ ചിന്തയിൽ അവനൊരു കുഴിയുണ്ടാക്കി അവന്റെ മനസ്സിൽ കുളച്ചൽ യുദ്ധം നേരിൽ കണ്ടു .ചരിത്രത്തിൽ ആരും കാണാത്ത ഒരു പാളി അവൻ ഉത്തര കടലാസിൽ പകർത്തിയെഴുതി. എഴുതപ്പെട്ട ചരിത്രത്തിലെങ്ങും അടയാളപ്പെടുതാത്ത കിടന്ന ഒരു ഇരുണ്ട ഇതിഹാസം നമ്മുടെ മുമ്പിൽ ഉത്തര കടലാസിലൂടെ കാണുമ്പോൾ കുളച്ചൽ യുദ്ധം ചരിത്ര താളുകളിലെ ത്രസിക്കുന്ന അധ്യായമാണ്. അതുപോലെ കഥയും മനസ്സിൽ ത്രസിപ്പിക്കുന്ന തൃപ്തിട്ടുള്ള ഒരു വായന കൊണ്ട് ആഹ്ലാദ വിസ്മയങ്ങളിൽ കൊണ്ടെത്തിച്ചിരിക്കുന്നു.

‘വേടൻതൊടി’ എന്ന കഥയിലെ രേവതിയുടെ താമസിച്ചുള്ള ഗർഭത്തെ നമ്മൾ ആഘോഷം ആകുമ്പോൾ ഇന്നലകളുടെയും ഇന്നിന്റെയും ഒരു കൂടിച്ചേരലിൽ പുഷ്പിക്കന്ന മകന്റെ വേട്ടക്കാരനെപ്പോലുള്ള ശബ്ദം അദിയരിയോ … ഇദിയരിയോ കേൾക്കുമ്പോൾ നമ്മൾ നമ്മളല്ലെന്ന് ഒരു തോന്നൽ ആ തോന്നലുകൾ നമ്മുടെ ഉള്ളിൽ ചിന്തകളുടയോ ചിരിയുടെയോ സങ്കടത്തിൻ്റെയോ വിത്തുകൾ വിതക്കുന്നു .ഈ കഥ നമ്മളെ ജീവിതത്തോട് ചേർത്ത് നിർത്തുന്നു.

‘മധ്യേ’ എന്ന കഥയിൽ ഒരു കിണറിന്റെ ആഴത്തിലേക്ക് ഒരു യാത്ര .വായനയിൽ കിണർ കുഴിച്ചു പോകുന്നതു പോലെ .നമ്മുടെ മനസ്സിൽ കിണറിനകത്തെന്നു ഒരു തോന്നൽ ആ തോന്നൽ കഥയുടെ അഗാധതയിലെ മാസ്മരികതയിൽ നമ്മളെ കൊണ്ടു പോയി കിണറിനുള്ളിൽ പാറ ഒന്നുമില്ലാതെ ശുദ്ധമായ വെളളം കണ്ടു കൊണ്ടുള്ള വായാനാ അനുഭവം.

ബുള്ളറ്റ് കണ്ടുപിടിച്ചത്‌ റേഞ്ചർ വേലുപിള്ളക്ക് വേണ്ടിയാണ് ആ വേലുപ്പിള്ളയുടെ ഡും പട പട ഡും പട പട ബുള്ളറ്റിന്റെ ശബ്ദവും രായമ്മയുടെ തെറിയും ഉള്ള ‘കാക്കാലസദ്യ ‘എന്ന കഥ ഒരു വെള്ളിത്തിരയിൽ കാണുന്നതുപോലെ വെള്ളിത്തിരയേയും വിസ്മയിപ്പിക്കുന്ന രചനാ രീതി.സ്വാതന്ത്ര്യം ഒരിക്കലും മരിക്കില്ല. അത് സ്വപ്നത്തിൽ ജീവിച്ചുകൊണ്ടേയിരിക്കും അങ്ങനെയുള്ള സ്വപ്നത്തിൽ കൂടി വായനക്കാരന്റെ ഉള്ളിൽ നിന്ന് സ്വാതന്ത്യം ജീവിച്ചോ മറിച്ചോഎന്ന മറുപടിയുമായി’ സ്വാതന്ത്യം’ എന്ന കഥ. ‘ചൂണ്ട ‘എന്ന കഥയിലെ അച്ഛന്റയെയും മകന്റെയും ചൂണ്ടയിടിൽ നിന്ന്‌ നമ്മൾ ചൂണ്ടയിടീലിന്റെ പാഠവും അച്ഛന്റെ വാക്കുകളിലൂടെ ചൂണ്ട നമ്മളെ ബഹുദൂരം മുന്നിൽ അല്ലെങ്കിൽആഴത്തിൽ കൊണ്ടു പോയി നിർത്തുന്നു .ആ വാക്യം നമ്മുടെ മനസ്സിൽ ആഴത്തിൽ പറഞ്ഞുറപ്പിക്കുമ്പോൾ സ്നേഹ സമ്പന്നനായ ഒരു അച്ഛന്റെ രൂപം നമ്മുടെ മനസ്സിൽ തെളിയുബോൾ. ഇര കോർത്ത അസംഖ്യം ചൂണ്ടകൾ ഹൃദയത്തിൽ തുളച്ചുകയറുന്നതു പോലെയുള്ള രചന.

Textനെടുമങ്ങാട്ടെ കുത്തിയോട്ടം അയ്യന്റെ ഓർമകളിലൂടെ കാലം കൊണ്ട് അയ്യൻ്റെ മുതുക് കുനിഞ്ഞ് വളഞ്ഞു ശബ്ദം വിറച്ചു ആ അയ്യൻ്റെ പടതുള്ളൽ ‘കാലുകൾ ‘എന്ന കഥയിലെ വായനയിൽ ഒരു കോമാളിക്കളി മാത്രം ആകുമ്പോൾ അമ്മമാർ കുട്ടികളെ വിളിച്ചുണർത്തി പുറത്തേക്ക്‌ വിരൽ ചൂണ്ടുമ്പോൾ ആ വിരൽ വായനക്കാരുടെയും നേർക്കാകുമ്പോൾ നമ്മുടെ സമൂഹത്തിൽ നടക്കുന്ന യാഥാർത്ഥ്യങ്ങൾ മനസ്സിൽ ഓർമ്മ വരുമ്പോൾ മനസ്സ് വിങ്ങി ഒരു തേങ്ങലാകും. നമ്മളും ജീവിതത്തിൽ കാലത്തിൻ്റെ അടയാളപ്പെടുത്തുന്നതിൽ പുതുകാലത്തും ഒരു കോമാളിയല്ലേ ?എന്ന്‌ വായനക്കാരെ ഓർമ്മപ്പെടുത്തുന്നു.

ഒരു ചെടിയേക്കാൾ വലിയതൊന്നുമല്ല മനുഷ്യൻ. ചെടി ചലിക്കുന്നില്ല മനുഷ്യൻ വൃഥാ ചലിച്ചു കൊണ്ടിരിക്കുന്നു മരത്തോട് ചേരുന്നതിന് മുമ്പ് അലൈമാൻ മറച്ചു വച്ച ഡയറി ആ ഡയറിയിലെ കുറുപ്പുമായി മച്ചിപ്ലാവ്.
അമ്മ നട്ട പ്ലാവ് വളർന്നപ്പോൾ അത് മച്ചി പ്ലാവ് ആണെന്ന് അറിഞ്ഞിട്ടും അയാളുടെ കൂടപിറപ്പായി . അമൈലാൻ്റെ ജീവിതത്തിലേക്ക് നമ്മൾ അത്ഭുതത്തോട് നോക്കി പോകും. പ്രകൃതി സ്നേഹം എത്രമാത്രം മനസ്സിൽ സൂക്ഷിച്ചു കഥയിലെ വിത്തു മുളപ്പിച്ച് ഒരു വലിയ വ്യക്ഷമാക്കിയ രചനയുടെ ആനന്ദാനുഭൂതിയിൽ കഥയിലൂടെ ഡമരുവും കാവിയും ജടയുമായി പവ്വതി ബാവൂളിൻ്റെ ബാവുൾ ഗാനം പോലെ മനോഹരമായ കഥ . കാറ്റ് വീശി മഴപെയ്‌തു നിശ്ചലമായിരിക്കുന്നതിൻ്റെ ആനന്ദാനുഭൂതിയിൽ.

അമ്മയും അച്ഛനും ഇല്ലാതാവുമ്പോഴാണ് വിശാലമായ ഈ പ്രപഞ്ചത്തിൽ നമ്മൾ ഒറ്റപ്പെട്ടവരാവുന്നത് എന്ന സന്ദേശമായി ഒരു ട്രെയിൻ യാത്ര .ട്രെയിൻ യാത്ര ജീവിതത്തിന്റെ ഒരു ഭാഗമായി കാണുന്ന കഥാകൃത്തിൻ്റെ അനുഭവത്തിൽ നിന്ന് മുള പൊട്ടിവന്ന കഥ സ്നേഹത്തിന്റെയും വറ്റാത്ത നന്മയുടെയും വിശാല ലോകം നമ്മുക്ക് മുന്നിൽ തുറന്നിട്ട് കൊണ്ട്‌’അയാളുംഞാനും ‘ എന്നകഥ വായനയുടെ ഹരിത സ്‌മൃതയിലേക്കു കൊണ്ടുപോകുന്നു.

സാർ ഭൂമി തുടങ്ങിയതിന്റെഅന്നാണോ കലണ്ടർ ഉണ്ടാക്കിയത് ഇന്ന് ഒരു പക്ഷെ ചൊവ്വാഴ്ച ആണെങ്കിലോ?ഈ ചോദ്യത്തിന് മുമ്പിൽ നമ്മൾ പകച്ചു പോകുംഞായറോ,തിങ്കളോ,മറ്റേതെങ്കിലും ഒരു ദിവസത്തിന്റെ ഭാഗമോ ആയ ഈ നിമിഷം എന്തുരസം. ഷിനിലാലിന്റെ ഉള്ളിൽ രൂപം കൊണ്ട ഇരുൾ ആ ഇരുളിലിനെ പ്രസവിക്കുന്ന മഹാതമസ്സിൽ പ്രകാശമയമാക്കിയ കഥയാണ് സമയരഥം. ഫ്ലാറ്റിൽ ഞാൻ ഒറ്റക്കാണ് ഞാൻ വരട്ടെ? ഞാൻ നിന്നെ വിളിച്ച് വരുത്തിയത് എന്തിനാണെന്ന് അറിയാമോ?ആ അറിവുകൾ ഗൂഗിൾ മാപ്പ് പ്രകാരം ‘ഏഴ് വളവുകൾ ‘എന്ന കഥാവായന നമ്മുടെ മനസ്സിൽ കൂടി സഞ്ചരിക്കുമ്പോൾ കൊല്ലപ്പെട്ടവരൊന്നും ഒരിക്കലും ഭൂമി വിട്ട് പോകില്ല എന്ന എഴുത്തിൽ
നമ്മളെ നിശബ്ദരാക്കുന്ന എഴുത്ത് . ആൾ പോക്കമുള്ള നിലകണ്ണാടിക്കു മുന്നിൽ സ്ത്രീയുടെ നിൽപ്പ്..സ്പർശനമേൽക്കാത്ത ഉടൽ അനാഥമായ ഒരു ദ്വീപാണ്.സ്ത്രീസ്വത്വദർശനത്തിൻ്റെ അനുഭവങ്ങളെയും വികാരങ്ങളെയൂം
ആ വിഷ്കാരത്തിൻ്റെയും ദർശനത്തിന്റെയും ഭാവുകത്വം ഉൾക്കൊണ്ട് മനസ്സിൽ സ്പർശിക്കുന്ന കഥ ‘സ്പർഷം’.

ഓരോ കഥയിലേയും സന്ദേശങ്ങൾ മറക്കാൻ പറ്റാത്ത കഥകളാക്കുന്നു.
വ്യക്തമായസാമൂഹ്യദർശനത്തിലും രാഷ്ട്രീയ ബോധത്തിലും നിലയുറപ്പിച്ചു മുന്നേറുന്ന കഥകൾ.
അമ്മയുടെയും അമ്മുമ്മയുടെയും കഥ പറച്ചിൽ കേട്ടുകൊണ്ട് കുട്ടി അവരുടെ കൂടെ ഒരു യാത്ര ‘അഭി കിത് നാ ദൂർ ഹെ? ‘എന്ന കഥയിലൂടെ. മനുഷ്യരുടെ മനസ്സിൽ എവിടെ ജീവിച്ചാലും അവരുടെ ഉള്ളിൽ ജനിച്ച നഗരവും ഗ്രാമങ്ങളും ഉണ്ട്.പുതിയ കാലഘട്ടത്തിലെ പലായനം മനുഷ്യാവസ്ഥയുടെ സംഗീർണ്ണമായ ചിതറിയജീവിതങ്ങളെ ഹൃദയത്തിൽ തറച്ചു കേറുന്ന രചന.

മരണത്തോളമെത്തുന്ന നിശ്ശബ്ദതയെ തകർത്തു കൊണ്ട്‌ ഒരു നായയുടെ കുര ആ കുരയുടെ അർത്ഥം എന്താണന്നറിയാമോ ?ആ കുരയുടെ അർത്ഥം മൈക്യോ ഗ്രീൻ എന്ന കഥാ വായനയിലൂടെ വായനസുഖം ഉള്ള രചനയിലേക്ക് നമ്മളെ കൂട്ടികൊണ്ടു പോകുമ്പോൾ തികച്ചും അപരിചിതമായ പ്രദേശത്ത് തികച്ചും അപരിചിതരായ മനുഷ്യർക്കൊപ്പം മരവിക്കുന്ന തണുപ്പ് അനുഭൂതിയുടേതല്ല ഭീതിയുടേത് കഥ നമ്മളെ ജീവിതത്തോട് ചേർത്ത് നിർത്തുന്നു. ഡ്രൈവറുടെ പാട്ടുകേട്ട് ഒരുയാത്ര ‘വടുകൻ്റെ പാട്ട്’ എന്ന കഥയിലൂടെ ഈ യാത്രയുംജീവിതങ്ങളും അത്ര പെട്ടെന്ന് നമ്മൾ മറക്കില്ല സൂഷ്മ നിരീക്ഷണങ്ങളോടുള്ള കഥകൾ ജീവിത കഥയുടെ പുതുപരീക്ഷണങ്ങൾ ആണ് കഥാസാഹിത്യ ത്തിൽ പുതിയൊരു വസന്തകാലം സൃഷ്ടിച്ചിരിക്കുന്നു. ഒരിക്കൽ ഒരു ബസ് എന്ന കഥയിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമായും കണ്ട് ബസ്സിൽ സൈഡ് സീറ്റിൽ കാഴ്ചകളും കണ്ട് ഒരു യാത്ര .വിദൂരസ്ഥലമായ രണ്ട് നഗരങ്ങളിൽ ഇരുന്ന് ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ആ രണ്ട് മനുഷ്യർ ദീർഘമായി ഒന്നു നിശ്വസിച്ചു ആ നിശ്വാസം നമ്മളിലേക്കും പടരുമ്പോൾ.വിചിത്രമായ ആഖ്യാനശൈലികൊണ്ട് കഥകളുടെ ശില്പസൗധത്തിലേക്ക് കുട്ടിക്കൊണ്ട് പോകുന്നു.കഥയെഴുതിൽ വിത്യസ്തമായ ജീവിതങ്ങളും സംഭാഷണങ്ങളും സമകാല രാഷ്ട്രീയ സാമൂഹ്യ അവസ്ഥകളെ ആത്മാർഥതയോട് നമ്മുടെ മുന്നിൽ തുറന്ന് വച്ചിരിക്കുന്നു.

ഓരോ കഥകളും ഗൗതമ ബുദ്ധൻ്റെ ഓരോ സന്ദേശങ്ങൾ പോലെ മനസ്സിൽ തട്ടുന്ന രചനകൾ.
ജീവൻ വച്ച കഥകൾ നമ്മളോട് സംസാരിക്കുന്ന പച്ചയായ ജീവിതങ്ങൾ ആണ്. വായനക്കാരുടെ ഹൃദയത്തിൽ തുളച്ചു കയറുന്ന മാന്ത്രിക വിദ്യ എല്ലാ കഥകളിലും ഉണ്ട്. ബുദ്ധപഥം മലയാള സാഹിത്യത്തിന്റെ കഥാ ഭൂമികയിൽഒരു സുവർണ
കാലഘട്ടം തന്നെയാണ് തീർത്തിരിക്കുന്നത്.ഇനിയും കഥയുടെ ഒരുപാട് വസന്തകാലം ആ തൂലികയിൽ നിന്ന്‌ വിരിയട്ടെ ഹൃദയം നിറഞ്ഞ ആശംസകൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.