DCBOOKS
Malayalam News Literature Website

തിരഞ്ഞെടുപ്പാണ് സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അടയാളപ്പെടുത്തുന്നതെന്ന് പല അടരുകളിലൂടെ ഓര്‍മ്മിപ്പിക്കുന്ന കഥകളുമായി ബുദ്ധപഥം

buddhapathamവി ഷിനിലാലിന്റെ ബുദ്ധപഥം എന്ന കഥയ്ക്ക് ശ്യാം ശ്രീനിവാസ് എഴുതിയ വായനാനുഭവം

ഒരിക്കല്‍ കടലിലെ ഒരു കുഞ്ഞു മീന്‍ അമ്മയോട് ചോദിച്ചു:

‘ അമ്മേ, എന്താണീ സമുദ്രം?’

‘ കുഞ്ഞേ, നീ സമുദ്രത്തിലാണ് ജനിച്ചത്. സമുദ്രത്തിലാണ് ജീവിക്കുന്നത്. സമുദ്രത്തില്‍ തന്നെ മരിക്കുകയും ചെയ്യും. നിന്റെയുള്ളില്‍ സമുദ്രമുണ്ട്. പുറമേയും സമുദ്രമുണ്ട്. നിന്റെ ശരീരം തന്നെ സമുദ്രമാണ്. ‘

‘ പക്ഷേ എനിക്കത് കാണാന്‍ കഴിയുന്നില്ലല്ലോ.!? ‘

‘ അത് കാണെണമെന്നുണ്ടെങ്കില്‍ നീ സമുദ്രത്തിന് പുറത്തു പോകണം. ‘

‘ അങ്ങനെ പുറത്തു പോയാല്‍ ഞാന്‍ മരിച്ചു പോകില്ലേ.!?’

‘ അങ്ങനെയെങ്കില്‍ സമുദ്രം എന്തെന്നറിയാനുള്ള നിന്റെ ആശ ഉപേക്ഷിക്കൂ. ‘

ഇതൊരു സെന്‍കഥയാണ്. എന്നാല്‍ ഈ കഥയിലെ കുഞ്ഞുമീന്‍ മരണഭയത്തെ അവഗണിച്ച്, ‘സമുദ്രത്തെ അറിയല്‍’ എന്ന കൊടും തൃഷ്ണ അടക്കാനാകാതെ, കടലിനെ ഉപേക്ഷിച്ച് കരയിലേക്ക് കയറി വരുകയും മരണത്തെ അതിജീവിച്ച്, അനാദിയായ കടലിന്റെ (കരയുടേയും!) സ്വത്വം തേടിയലയുകയും ചെയ്താലോ ? അത്തരമൊരു പരംപൊരുളന്വേഷണത്തിനുള്ള പരിശ്രമമാണ് വി. ഷിനിലാലിന്റെ കഥകളില്‍ കാണാനാവുക. മുന്‍ ചൊന്ന സെന്‍ കഥയിലെന്ന പോലെ തിരഞ്ഞെടുപ്പാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അടയാളപ്പെടുത്തുന്നതെന്ന് പല അടരുകളിലൂടെ ഓര്‍മ്മിപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റെ ‘ബുദ്ധപഥം‘ എന്ന കഥാസമാഹാരത്തിലുള്ളത്.

നിഷ്പക്ഷതയേയോ, സുരക്ഷയേയോ ശരണം പ്രാപിച്ചു കൊണ്ട് തിരഞ്ഞെടുപ്പിന്റെ മുഹൂര്‍ത്തങ്ങളെ ഒഴിവാക്കുകയാണ് ഇന്നിന്റെ ഏറ്റവും വലിയ അപകടം. സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം ഒഴിവാക്കി മറ്റുള്ളവരുടെ തിരഞ്ഞെടുപ്പിന്റെ കരാഗൃഹം സ്വയം വരിക്കുന്നതിന്റെ മൂഢതയെ, ഒരു പക്ഷേ ഭീകരതയെ വാച്യമായും അതിലേറെ വ്യംഗ്യമായും വരച്ചിടുന്ന, ഗഹനമായ വായന ആവശ്യപ്പെടുന്ന കഥകളുടെ സമാഹാരമാണ് ‘ബുദ്ധപഥം‘.

ബുദ്ധപഥം’ എന്ന കഥയിലെ അജാത വിജൃംഭിതനെന്ന സന്യാസിയും സെമ്പായി ജാക്കിയെന്ന ഗുണ്ടാതലവനും ധ്യാനത്തിന്റേയും ഹിംസയുടേയും ദ്വന്ദ്വ ധ്രുവങ്ങളില്‍ നിന്ന് ജീവിതത്തിലെ തിരഞ്ഞെടുപ്പുകളുടെ അസ്തിത്വത്തെ അന്വേഷിക്കുന്നുണ്ട്. ‘ മനുഷ്യാവസ്ഥയുടെ ഉത്തരവാദിത്വം മനുഷ്യന്റേതു തന്നെ’ യെന്ന സാര്‍ത്രിന്റെ (Choice is a world without God) പ്രശസ്ത നിരീക്ഷണത്തെ പോലും അപനിര്‍മ്മിക്കാനുതകുന്നതാണ് ഈ കഥ നല്‍കുന്ന ഇതര പാഠങ്ങള്‍. എന്നാല്‍, ‘മധ്യേ’, ‘വേടന്‍ തൊടി’, ‘ഏഴു വളവുകള്‍’ എന്നീ കഥകള്‍, ‘മാറ്റാനാകാത്ത നിയതിയുടെ തിരഞ്ഞെടുപ്പിന്റെ ഒരു മുഹൂര്‍ത്തം വ്യക്തിക്ക് സിദ്ധിക്കുമെന്നും അത്തരം മുഹൂര്‍ത്തങ്ങളില്‍ നിന്ന് മനുഷ്യന് ഒഴിഞ്ഞുമാറാനാവില്ലെ’ന്നുമുള്ള കീര്‍ക്കഗാറിന്റെ (The Individual and the Crowd) സിദ്ധാന്തത്തെ ശരിവെയ്ക്കുന്നുമുണ്ട്. പ്രതീക്ഷ, സ്വപ്നം എന്നീ പരികല്പനകളെ വര്‍ഗ്ഗബോധാധിഷ്ഠിതമായൊരു ലോക വ്യവസ്ഥയില്‍ നിന്നുകൊണ്ട് അപഗ്രഥിക്കുകയാണ് ഈ കഥകള്‍. മറ്റുള്ളവരുടെ തിരഞ്ഞെടുപ്പിന്റെ ഇരകളാകേണ്ടി വരുന്നവരുടെ ചരിത്രാതീതമായ നിലവിളികളാണ് ‘അഭി കിത്‌നാ ദൂര്‍ ബാക്കി ഹെ’, ‘ചൂണ്ട’, ‘വടുകന്റെ പാട്ട് ‘ എന്നീ കഥകളില്‍ കേള്‍ക്കാനാകുന്നത്. ചെവി തുളയ്ക്കുന്ന ആ രോദനങ്ങളില്‍ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല.

സത്യം പുറത്തു നിന്ന് വ്യക്തിയിലേക്കു വരുന്നതല്ല. അതെല്ലായ്‌പ്പോഴും വ്യക്തിയില്‍ അന്തര്‍ലീനമാണെന്നും, ആ വിശ്വാസ വിശുദ്ധിയെ മുറുകെ പിടിച്ച് ധീരമായെടുക്കുന്ന തിരഞ്ഞെടുപ്പുകളിലാണ് വ്യക്തിയുടെ ക്ഷണികാസ്തിത്വം പോലും നിത്യതയിലും ഏകകാലികതയിലും എത്തുന്നതെന്നുള്ള പാഠാന്തരങ്ങളാണ് ‘കാക്കാല സദ്യ’ യിലും ‘കുളച്ചല്‍ യുദ്ധ’ ത്തിലും ‘സ്പര്‍ശ’ ത്തിലും കാണാനാകുന്നത്. ഒപ്പം, ഭാഷാപരവും ആഖ്യാനപരവുമായ അന്തരം ഈ കഥകള്‍ ഒരാള്‍ എഴുതിയതാണോ എന്ന് നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യും. പ്രമേയത്തിന്റെ സ്വഭാവമാകണം ഭാഷയുടെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്ന് കൃത്യമായി പറയുന്ന ഒരെഴുത്തുകാരനെ അയാളുടെ ഭാഷാവൈവിധ്യഭാവനകളെ, നമുക്ക് ഓരോ കഥയിലും ആസ്വദിക്കാനാകും. എഴുത്തുകാരന് സ്ഥിരശൈലി’ ഉണ്ടെന്നോ വേണമെന്നോ ഉള്ള ശാഠ്യത്തെയാണ് ഈ ഭാഷാ തിരഞ്ഞെടുപ്പ് തകര്‍ത്തെറിയുന്നത്. ലളിതമെങ്കിലും മുഴക്കമുള്ള അഗാധമായ ആ ഭാഷ വായനക്കാരന്റെ ബഹുമുഖ അനുഭൂതികളിലൂടെ ആത്മാവിനെ സ്പര്‍ശിക്കുക തന്നെ ചെയ്യുമെന്ന് ‘മൈക്രോ ഗ്രീന്‍’ എന്ന കഥയിലെ ജൈവ ഭാഷ നമ്മെ വീണ്ടും ബോധ്യപ്പെടുത്തുന്നുണ്ട്. ലാളിത്യം, പ്രകൃത്യാത്മകത, ഋജുത്വം, അഗാധത എന്നിവയാണ് സെന്നിസ്റ്റ് സൗന്ദര്യ ശാസ്ത്രം (zennist Aesthetics) ഒരു കലയുടെ ഗുണവിശേഷങ്ങളായി പരിഗണിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ‘ബുദ്ധ പഥ‘ ത്തിലെ എല്ലാ കഥകളിലും ഒരു സെന്നിസ്റ്റ് (ഷിനിലാലിസ്റ്റ്!) ലാവണ്യം ദര്‍ശിക്കാനാവും.

ദൈനംദിന വ്യവഹാരങ്ങളിലെ താല്പര്യങ്ങളെയല്ല ഇവിടെ തിരഞ്ഞെടുപ്പ് എന്ന സംജ്ഞ കൊണ്ട് ഞാനുദ്ദേശിക്കുന്നത്, മറിച്ച് അതൊരു നൈതിക പ്രക്രിയയാണ്. അവിടെയാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ സ്വത്വം നിര്‍ണ്ണയിക്കപ്പെടുന്നത്. അസ്തിത്വം (existence), സത്തക്കു (essence) മുമ്പേ നില നില്‍ക്കുന്നതും അവിടെത്തന്നെ. അനന്തവിഭവ സാധ്യതകള്‍ മനുഷ്യനെ ആന്തരികമായും ബാഹ്യമായും വലയം ചെയ്യുന്നുണ്ടെങ്കിലും അവന്റെ ജീവിതം പരിമിതവും ക്ലേശകരവും ദു:ഖപര്യവസാനിയുമാണെന്നും അവ ശൂന്യതയിലാരംഭിച്ച് അവിടെത്തന്നെ ഒടുങ്ങുന്നതാണെന്നും ഈ കഥകള്‍ നമ്മെ ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു. തിരഞ്ഞെടുപ്പുകളില്‍ ഒരു സമൂഹജീവിയെന്ന നിലയ്ക്ക് ഒരു വ്യക്തിക്ക് തന്നോടു മാത്രമല്ല, മറ്റു മനുഷ്യരോടും ഉത്തരവാദിത്വമുണ്ട്. സ്വന്തം തിരഞ്ഞെടുപ്പിന്റെ അസംബന്ധത്തെ (absurdity) തിരിച്ചറിയുമ്പോഴാണ് സ്വന്തം മൂല്യം മനുഷ്യന്‍ തിരിച്ചറിയുന്നതെന്ന് കമ്യൂ പറയുന്നുണ്ട്. അപ്പോള്‍ മാത്രമേ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം കൊണ്ട് അസംബന്ധതയെ നമുക്ക് ചെറുക്കാനാകൂ. അത്തരമൊരു ചെറുത്തുനില്പിന് നമ്മെ പ്രേരിപ്പിക്കുന്നുണ്ട് ‘ബുദ്ധ പഥ‘ത്തിലെ ഓരോ കഥയും.

Comments are closed.