DCBOOKS
Malayalam News Literature Website

ഇരുട്ടുകയറിയ ഇടനാഴികളിലേക്ക് പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികള്‍!

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണന്‍ (1915 ജൂണ്‍ 8- 1979 ജൂലൈ 10).അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. പ്രകൃതിസ്‌നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

25ലേറെ കഥാസമാഹാരങ്ങള്‍ രചിച്ചിട്ടുള്ള ഉറൂബ് എന്ന പി.സി കുട്ടികൃഷ്ണന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും എന്നീ നോവലുകളാണ് ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. മലയാള ചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നീലക്കുയില്‍ എന്ന ചലച്ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ഉറൂബായിരുന്നു. രാരിച്ചന്‍ എന്ന പൗരന്‍ , നായര് പിടിച്ച പുലിവാല്, മിണ്ടാപ്പെണ്ണ്, കുരുക്ഷേത്രം, ഉമ്മാച്ചു, അണിയറ എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്.

സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ് വരച്ചിട്ടത്. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചുവിന്റെ കഥ പറയുന്ന ഈ നോവല്‍ ഏറെ വായിക്കപ്പെട്ട ഒരു കൃതി കൂടിയാണ്.

മലയാള നോവല്‍ സാഹിത്യത്തില്‍ നൂതനമായൊരു ഭാഷയും സൗന്ദര്യവും സൃഷ്ടിച്ച കൃതിയാണ് ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും. 1920കളിലെ ഖിലാഫത്ത് പ്രസ്ഥാനം, മലബാര്‍ കലാപം, ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് മുന്നേറ്റം, രണ്ടാം ലോകമഹായുദ്ധം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രാഷ്ടീയ സാമൂഹിക കുടുംബ ബന്ധങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ മലബാറിനെ കേന്ദ്രമാക്കി നിരവധി ജീവിതങ്ങളിലൂടെ അവതരിപ്പിച്ച നോവല്‍ അരനൂറ്റാണ്ടിലധികമായി മലയാള സാഹിത്യാകാശത്തില്‍ ഭാവസൗന്ദര്യത്തിന്റെ വിസ്മയങ്ങള്‍ തീര്‍ത്തു നില്‍ക്കുകയാണ്.

ഉറൂബിന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.