DCBOOKS
Malayalam News Literature Website

മിന്നല്‍ കഥകളുടെ വെളിച്ചം

കാഴ്ചകളുടെയും മനനത്തിന്റെയും കഥകളാണ് പി.കെ.പാറക്കടവിന്റെ കഥാലോകം. വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്ഠയും അടയാളപ്പെടുത്തുന്ന കഥകള്‍ വഴി തെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ മിന്നല്‍ കഥകളില്‍ പ്രണയത്തിന്റെ രക്ത ധമനികളും വിരഹത്തിന്റെ കനല്‍പ്പാടുകളുമുണ്ട്. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലുകളും സൂക്ഷ്മമായി അനുഭവപ്പെടുത്തുന്നു.

അന്വേഷണത്തിന്മേലുള്ള ഊന്നല്‍ , കഥയുടെ ജൈവ സ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ പാറക്കടവിന്റെ കഥയില്‍ പുതുകാലത്തിന്റെ ഉപ സംസ്‌കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇത് മുന്നോട്ട് വെച്ച സങ്കല്‍പങ്ങളും ഈ കഥാകാരന്റെ രചനകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ് പാറക്കടവ് കഥ പറയുന്നത്. എഴുത്തുകാരന്‍, ജീവിതഗന്ധി, ബുദ്ധന്‍, ആധാര്‍, ജന്മദിനം തുടങ്ങിയ കഥകളില്‍ കണ്ടെടുപ്പിന്റെ മുഴക്കവും സൗന്ദര്യവും സ്വാഭാവികം. കഥ ജീവിത യാഥാര്‍ത്ഥ്യത്തെ സഹജവും ചൈതന്യ പൂര്‍ണവുമായ ഊഷ്മള വികാരത്തോടെ പ്രതിഫലിപ്പിക്കുന്നു. അത് ജീവിതത്തിന്റെ നേര്‍ക്കുള്ള പ്രത്യര്‍പ്പണമായി മാറ്റിയെടുക്കുകയാണ്. ജീവിതഗന്ധി എന്ന കഥയില്‍ പാറക്കടവ് എഴുതി: ‘ അകം നൊന്ത് അകം. വെന്ത് അയാള്‍ കഥയെഴുതിത്തീര്‍ത്തു. അവള്‍ക്ക് കഥ വായിച്ചു കേള്‍പ്പിച്ച് അയാള്‍ ചോദിച്ചു. ‘ ജീവിതഗന്ധിയല്ലേ?’മൂക്ക് പൊത്തി അവള്‍ പറഞ്ഞു: ‘ പിന്നെ? ജീവിതം വല്ലാതെ മണക്കുന്നു ‘ സ്‌നേഹ ത്തിന്റേയും ആര്‍ദ്രതയുടെയും ആത്മീയതയുടെയും മൂല്യത്തെ പുനര്‍നിര്‍ണയിക്കുന്നതോടൊപ്പം സാമൂഹികവും സാമ്പത്തികവും രാഷ്ടീയവുമായ കാഴ്ചയുടെ പ്രതലവും മലയാള കഥയില്‍ ഇഴ ചേര്‍ത്ത എഴുത്തുകാരുടെ നിരയിലാണ് പാറക്കടവിന്റെ ഇടം.

പാറക്കടവിന്റെ രചനകള്‍ ചാട്ടുളി പോലെ വായനക്കാരന്റെ മനസ്സില്‍ ആഞ്ഞു പതിക്കുന്നു. അവ ഓര്‍ക്കാപ്പുറത്ത് പൊട്ടുന്ന അമിട്ടുകളാണ്. ജീവിതത്തിന്റെ സമസ്ത തലങ്ങളിലേക്കും യഥേഷ്ടം വ്യാപരിക്കുന്ന കഥാകൃത്ത് ജീവിതത്തെ അതിസൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നു. ഗ്രാമീണത്തനിമയോടൊപ്പം കറുത്ത ഫലിതവും ഈ കഥാകാരന്റെ ആവിഷ്‌കാരതലത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളുടെ നിരര്‍ത്ഥകതയും അന്യതാ ബോധവും പ്രശ്‌നങ്ങളുടെ നൈതികതയില്‍ തൊട്ടു കൊണ്ട് സജീവമായി ചര്‍ച്ച ചെയ്യുന്ന പി.കെ. പാറക്കടവിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ‘മിന്നല്‍ കഥകള്‍’.

പി.കെ. പാറക്കടവിന്റെ ‘മിന്നല്‍ കഥകള്‍’ എന്ന കഥാസമാഹാരത്തിന് കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എഴുതിയ വായനാനുഭവം.

Comments are closed.