DCBOOKS
Malayalam News Literature Website

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അപലപനീയം: ബെന്യാമിന്‍

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങിയതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അപലപനീയമെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. അപരനെ അംഗീകരിക്കാന്‍ മടിക്കുന്നതാണ് ഫാസിസമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ പ്രതിഷേധവും ഈ രീതിയിലെ വിലയിരുത്താന്‍ കഴിയുകയുള്ളൂവെന്നും ബെന്യാമിന്‍ പറഞ്ഞു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ എല്ലായിടത്തുമെന്നപോലെ ജീര്‍ണ്ണത ക്രൈസ്തവസഭയേയും ബാധിച്ചതായി ബെന്യാമിന്‍ ചൂണ്ടിക്കാട്ടി. കത്തോലിക്കാ സഭ ഒരു കന്യാസ്ത്രീയേയും അവരുടെ പുസ്തകത്തേയും പേടിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സഭയില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമങ്ങള്‍ ശക്തമാകുന്നതില്‍ മാര്‍പ്പാപ്പ വരെ ക്ഷമ പറഞ്ഞു. കേരളത്തിലെ കുറച്ചുപേര്‍ മാത്രം ഇതെല്ലാം കള്ളമാണെന്നും ഇവിടെയൊന്നും സംഭവിക്കുന്നില്ലെന്നും പറയുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്നും ബെന്യാമിന്‍ പരിപാടിയില്‍ പറഞ്ഞു.

ആരെയും അപമാനിക്കലല്ല, മഠങ്ങള്‍ക്കുള്ളില്‍ അടഞ്ഞുപോയ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് തന്റെ പുസ്തകമെന്ന് ലൂസി കളപ്പുര മറുപടിപ്രസംഗത്തില്‍ പറഞ്ഞു. അനുഭവങ്ങള്‍ തുറന്നുപറയുകയോ പുസ്തകമാക്കുകയോ ചെയ്താല്‍ അവരെ അംഗീകരിക്കുന്ന സമൂഹം സൃഷ്ടിക്കപ്പെടണം. സ്ത്രീകള്‍ നാടിന്റെ സമ്പത്താണെന്നും സ്ത്രീകള്‍ക്കായുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ വനിതാമതില്‍ കൊണ്ട് അവസാനിക്കരുതെന്നും ലൂസി കളപ്പുര ആവശ്യപ്പെട്ടു. സ്ത്രീകളെ ബഹുമാനിക്കുന്ന സംസ്‌കാരം കേരളത്തില്‍ രൂപപ്പെടണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ സംവിധായിക വിധു വിന്‍സെന്റ്, അഡ്വ.എം.എസ്.സജി, എം.കെ.രാമദാസ് എന്നിവരും പങ്കെടുത്തു.

Comments are closed.