DCBOOKS
Malayalam News Literature Website

സാഗരങ്ങളെ പാടിയുണര്‍ത്തിയ ബോംബെ രവി വിടപറഞ്ഞിട്ട് 9 വര്‍ഷം

മലയാളത്തിലുള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും മികച്ച ഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീത സംവിധായകനായിരുന്നു ബോംബെ രവി. മെലഡിയുടെ ഭാവാത്മകതകൊണ്ട് ആസ്വാദകനെ കോരിത്തരിപ്പിക്കുന്നതായിരുന്നു അദ്ദേഹം ഈണം പകര്‍ന്ന ഗാനങ്ങളൊക്കെയും.

1926 മാര്‍ച്ച് മൂന്നിന് ഡല്‍യിലായിരുന്നു ബോംബെ രവിയെന്ന രവിശങ്കര്‍ ശര്‍മ്മയുടെ ജനനം. രവിയുടെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായിരുന്ന ഹേമന്ത് കുമാര്‍ 1952ല്‍ ഇദ്ദേഹത്തെ ആനന്ദ് മഠ് എന്ന സിനിമയില്‍, ‘വന്ദേമാതരം’ ഗാനത്തിന്റെ പിന്നണി പാട്ടുകാരില്‍ ഒരാളായി തിരഞ്ഞെടുത്തു. പിന്നീട് നാഗിന്‍ എന്ന സിനിമയില്‍ ഹാര്‍മോണിയം വായിച്ച രവി സംഗീത വിസ്മയം സൃഷ്ടിച്ചു. 1954ല്‍ വചന്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാനത്തില്‍ അരങ്ങേറ്റം നടത്തിയത്. ഘരാനാ, ഖാണ്ഡന്‍ എന്നീ ചിത്രങ്ങളിലെ സംഗീതം യഥാക്രമം 1961ലെയും 1965ലെയും ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് നേടി കൊടുത്തു. 1984ല്‍ തവൈഫ് എന്ന ഹിന്ദി ചിത്രത്തില്‍ മഹേന്ദ്ര കപൂര്‍ പാടിയ ‘യേ ഖുദായേ പാക് യേ റബ്ഉള്‍കരീം’ എന്ന ഗാനത്തിന് രവി ഈണം പകര്‍ന്നു.

1986ലാണ് ‘ബോംബെ രവി’ എന്ന പേരില്‍ ഇദ്ദേഹം മലയാള ചലച്ചിത്രരംഗത്ത് കടന്നു വരുന്നത്. രവിയുടെ ഗാനങ്ങളുടെ ഒരു ആരാധകനായിരുന്ന സംവിധായകന്‍ ഹരിഹരനും പ്രശസ്ത എഴുത്തുകാരനായ എം.ടിയും മുംബൈയിലെത്തി നടത്തിയ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹം നഖക്ഷതങ്ങള്‍ (1986) എന്ന ചിത്രത്തിലെ ‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ എന്ന ഗാനത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ഗാനത്തിന് കെ.എസ്. ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

ചിത്രയെ മൂന്നാമത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയതും രവിയുടെ തന്നെ സംഗീതമായിരുന്നു. വൈശാലി (1988) എന്ന ചിത്രത്തിലെ ‘ഇന്ദു പുഷ്പം ചൂടി നില്‍ക്കും രാത്രി’ എന്ന ഗാനമായിരുന്നു അത്. 2005ല്‍ പുറത്തിറങ്ങിയ മയൂഖമാണ് ബോംബെ രവി ഈണം പകര്‍ന്ന അവസാന മലയാള ചലച്ചിത്രം.

ഗുജറാത്ത്, കേരള സംസ്ഥാന അവാര്‍ഡുകളടക്കം ഇരുപതിലേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബോംബെ രവിയെ രാഷ്ട്രം 1971ല്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

ചൌദുവിന്‍ കാ..ചാന്ദ് ഹൊ… പ്രണയോന്മാദത്തിന്റെ നിലാവ് പരന്നൊഴുകുന്ന ഈ ഗാനം ഉള്‍ടെ ഈ പ്രതിഭ തീര്‍ത്ത നിരവധി ഈണങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല സാഗരങ്ങളെ പാടിയുണര്‍ത്തിയ ബോംബെ രവിയെന്ന ആ മഹാവിസ്മയത്തെ. 2012 മാര്‍ച്ച് ഏഴിന് മുംബൈയില്‍വെച്ച് അദ്ദേഹം അന്തരിച്ചു.

Comments are closed.